തോളിനൊരു ചെരിവുണ്ട് എന്ന് പരിഹസിക്കപ്പെട്ടപ്പോൾ ചരിവ് നികത്താൻ അയാൾ ശ്രമിച്ചോ ? നമ്മൾ എന്താണോ അങ്ങനെ തന്നെ പ്രത്യക്ഷപ്പെടുക ആരുടെമുന്നിലും

0
320

ഡോക്ടർ സതീഷ് കുമാറിൻ്റെ എക്കാലവും പ്രസക്തമായ പോസ്റ്റ്

റിമി ടോമിയുടെ ആരംഭകാലത്ത്‌ ആരെങ്കിലുമൊക്കെ അവരോട്‌ പറഞ്ഞിട്ടുണ്ടാകില്ലേ കുറച്ചുകൂടി ഗൗരവം വേണം ,ഇങ്ങനെ അന്തംവിട്ട്‌ ചിരിക്കരുത്‌‌ ,സംസാരിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ വേണം എന്നൊക്കെ. സിനിമാമോഹവുമായി നടക്കുന്ന മോഹൻലാലിനോട്‌ അന്ന് ഒരാളെങ്കിലും പറഞ്ഞിട്ടുണ്ടാവില്ലേ നിന്റെ തോളിനൊരു ചെരിവുണ്ട്‌, നിൽക്കുമ്പോൾ നേരെ നിൽക്കാൻ ശ്രമിക്കണമെന്ന് ? പരുഷ(പുരുഷ) ശബ്ദമാണ്‌ എന്ന് ഉഷാ ഉതുപ്പിനോട്‌, കുറച്ചുകൂടെ ഫ്ലെക്സിബിൾ ആവണമെന്ന്, മമ്മൂട്ടിയോട് ‌ചിരിച്ചുകൊണ്ട്‌ സംസാരിക്കണമെന്ന്, പിണറായി വിജയനോട്‌ ,മുടി കൊഴിയുകയാണല്ലോ എന്ന് ഫഹദ്‌ ഫാസിലിനോട്‌ ഒക്കെ ആളുകൾ പറഞ്ഞു കാണില്ലേ?

ചിലപ്പോഴെങ്കിലുമൊക്കെ അത്‌ ശരിയാണല്ലോ എന്ന് അവർക്ക്‌ തോന്നുകയും അങ്ങനെയല്ലായിരുന്നുവെങ്കിൽ എന്ന് അവർ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടാവില്ലേ? ഉണ്ടാവണം , നാട്ട്‌ നടപ്പനുസരിച്ച്‌ അതിനേ തരമുള്ളൂ. ആളുകൾക്ക്‌ ഇഷ്ടമുള്ളത്‌ എന്ന ഒരു പൊതു ഫ്രെയിമിൽ നിന്നുകൊണ്ടാണ്‌ നമ്മാൾ പോലും നമുക്ക്‌ മാർക്കിടുന്നത്. ‌അയ്യോ ഞാൻ അങ്ങനെയല്ലല്ലോ എന്ന ഒരു തോന്നലാണ്‌ നമ്മുടെ മനസിൽ ഒരു ആധിയായും അപകർഷതയായും വളരുന്നത് .‌

ഒരു ഫോട്ടോയിലും നിങ്ങൾ ചിരിക്കാത്തത്‌ ചിരിക്കുമ്പോൾ മോണകാണുന്നത്‌ വൃത്തികേടാണ്‌ എന്ന് നിങ്ങൾക്ക്‌ തോന്നിയിട്ടാണ് .‌നിങ്ങൾ ഹൈഹീൽ ചെരുപ്പുകൾ ഉപയോഗിക്കുന്നത്‌ ഉയരക്കുറവ്‌ ഒരഭംഗിയാണ്‌ എന്ന് നിങ്ങൾക്ക്‌ തോന്നിയിട്ടാണ്‌.  ഗ്രൂപ്പ്‌ ഫോട്ടോകളിൽ നിങ്ങൾ മറ്റൊരാൾക്ക്‌ പുറകിലേക്ക്‌ മറയുന്നത്‌ നിങ്ങൾക്ക്‌ തടി കൂടുതലാണ്‌ എന്ന തോന്നൽ കാരണമാണ്‌.
ഫെയർ ആന്റ്‌ ലവ്‌ലി പുരട്ടുന്നത്‌, ടെലഫോൺ ക്യാമറയിലെ ആപ്പുകൾ ഉപയോഗിക്കുന്നത്‌ ഒക്കെ കറുപ്പ്‌ അത്ര നല്ല ഒരു തൊലിനിറമല്ല എന്ന് നിങ്ങൾക്ക്‌ തോന്നിയിട്ടാണ്‌.

ലോകത്തിലെ മുഴുവൻ ബ്യൂട്ടി ക്ലിനിക്കുകളും കോസ്മെറ്റിക്‌ സർജ്ജറികളും , കുറേയൊക്കെ ദന്താശുപത്രികളും പ്രവർത്തിക്കുന്നത്‌ “ഇത്തിരികൂടെ നന്നാവാനുണ്ട്‌ ..” എന്ന് നിങ്ങളേക്കുറിച്ച്‌ നിങ്ങൾക്ക്‌ തന്നെയുള്ള തോന്നലിൽ നിന്നാണ്‌ .ബോഡി ഷെയിമിംഗ്‌ എന്ന ആ വൃത്തികെട്ട സംഗതി ഉണ്ടാകുന്നത്‌ ഈ പൊതുബോധത്തിൽ നിന്നാണ്‌. നമുക്ക്‌ അത്‌ വേദനയായി തോന്നുന്നുണ്ട്‌ എങ്കിൽ നമ്മളും ആ പൊതുബോധത്തെ മനസിൽ മാനിക്കുന്നു എന്നതുകൊണ്ടാണ്‌. അതിൽ നിന്ന് പുറത്ത്‌ കടക്കാൻ കഴിഞ്ഞാൽ അപവാദക്കറകൾ പറ്റാത്ത അസൽ ഒരു ടഫ്‌ലോൺ കോട്ടിന്റെ ആവരണമായി നമുക്ക്‌ ചുറ്റും(നമുക്ക്‌ ഏൽക്കുന്നില്ല എന്നത്‌ കൊണ്ട്‌ അവരെ വെറുതേ വിടരുത്‌ .അത്‌ കൊണ്ട്‌ വേദനിച്ചേക്കാവുന്ന മറ്റ്‌ ദുർബലരെ കരുതി നാം അവനെ/അവളെ ഇനിയൊരിക്കൽകൂടി അത്‌ ആവർത്തിക്കാത്തവിധം നിശബ്ദനാക്കണം)

ഒന്ന് ആലോചിച്ചു നോക്കൂ എത്ര സ്പെഷൽ ആണ്‌ നാം ഒരോരുത്തരും. മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ ആയ കോടാനുകോടി മനുഷ്യരിൽ നിങ്ങളെപ്പോലെ മറ്റൊരാൾ ഉണ്ടോ ?എത്ര ശതകോടി പ്രോബബിലിറ്റിയിൽ വിജയിച്ചാണ്‌ നിങ്ങളുണ്ടായത്‌ എന്ന് ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ?നിങ്ങളുടേ അച്ഛൻ ,അമ്മ, അവരുടെ കൂട്ട്‌, അവരുടെ ഇണചേരലുകൾ, ആ പ്രത്യേകദിവസം ,എന്നത്‌ ഒക്കെ മറന്നേക്കൂ. ഒരു മനുഷ്യന്റെ ഒരു മില്ലി ശുക്ലത്തിൽ നൂറ്‌ മില്ല്യൺ വരെയുണ്ട്‌ ബീജമാത്രകളുടെ എണ്ണം. അപ്പോൾ അതിന്റെ അഞ്ചിരട്ടിയോളം വരുന്ന ബീജങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒന്നാണ്‌ നിങ്ങളുടെ ക്രോമസോമുകൾ കൊണ്ടുവന്നത്‌ എന്ന് മാത്രമോർക്കുക.

ആ ഒന്നല്ലാതെ മറ്റൊരു ബീജമായിരുന്നെങ്കിൽ നിങ്ങളല്ലാതെ മറ്റൊരാളാവും ഉണ്ടായിരുന്നിരിക്കൂക. ഉണ്ടാവാമായിരുന്ന അഞ്ച്മില്ല്യൺ സാധ്യതകളിൽ നിന്ന് ഉണ്ടായി വന്നവനാണ്‌ നിങ്ങൾ എന്ന് സാരം.ആ തിരഞ്ഞെടുപ്പിനോളം വലിയ ഭാഗ്യമുണ്ടോ? നിങ്ങൾ എങ്ങനെയിരിക്കുന്നു എന്നതിനേക്കാൾ എത്രയോ പ്രധാനമാണ്‌ നിങ്ങൾ ഉണ്ടായി എന്നത്‌ എന്ന് ഓർത്തു നോക്കിയിട്ടുണ്ടോ? ഇത്രയും എക്സ്ക്ലൂസിവായി വേറെ എന്തുണ്ട്‌ ഭൂമിയിൽ? ,ആ യുണീക്നസ്‌ അഭിമാനത്തോടെ ആസ്വദിക്കാൻ പഠിച്ചാൽ എല്ലാമായില്ലേ? അവനവനെ കുറച്ചുകൂടി അലങ്കരിക്കുവാൻ ശ്രമിക്കുന്ന മനുഷ്യരെക്കുറിച്ചല്ല ഈ പോസ്റ്റ്‌ എന്ന് പിന്നെയും പറയട്ടെ

ഒരു മൂക്കുത്തിയോ കല്ലുമാലകളോ ഇട്ട്‌ ,മുടിയിഴകളിൽ ഇത്തിരി നിറം കേറ്റി തന്നെ വീണ്ടും അലങ്കരിക്കുന്ന അവളുമാരെപ്പറ്റിയല്ല, ജിമ്മിൽ പോയി സിക്സ്‌ പാക്കുണ്ടാക്കാൻ അദ്ധ്വാനം‌ ചെയ്യുന്ന , താടിയൊക്കെ സെറ്റ്‌ ചെയ്ത്,‌ ജെൽ പുരട്ടി ഒതുക്കിവെക്കുന്ന ,കൈത്തണ്ടയിൽ റ്റാറ്റൂ കുത്തുന്ന അവന്മാരെപ്പറ്റിയോ അല്ല. ആരാന്റെ വാക്കുകൾ കേട്ട്‌ അവനവന്റെ കുറവുകളിൽ സങ്കടപ്പെട്ടിരിക്കുന്ന സാധുക്കൾക്ക്‌ വേണ്ടിയാണ്‌ എന്റെ കുറിപ്പ്‌.

ലോകത്ത്‌ സമാനനായി മറ്റൊരാളില്ലാത്തവിധം നിങ്ങൾ നിങ്ങളായിരിക്കുന്നു എന്നതിൽ അഭിമാനിക്കൂ മറ്റൊരുവനെ അനുകരിക്കാൻ ശ്രമിച്ച്‌ അവഹേളിതരാവാതിരിക്കൂ. ജയറാം പ്രേംനസീറിനെ അനുകരിക്കുന്നത്‌ കണ്ടിട്ടില്ലേ..? അപ്പോൾ നാം ചിരിക്കുകയാണ്‌ ചെയ്യുക ഒരു കലയിൽ അത്‌ നല്ലതാണ്‌ പക്ഷേ നമ്മുടെ ജീവിതം കണ്ട്‌ ആളുകൾ ചിരിക്കാൻ തുടങ്ങുന്നത്‌ അത്ര നന്നാണോ? അതുകൊണ്ട്‌ പ്രിയപ്പെട്ടവരേ നമ്മളായിരിക്കുന്നതിൽ നമ്മൾ ആഹ്ലാദിക്കുക.
”നമ്മളിങ്ങനാണ്‌ ഭായ്‌ “എന്ന് എല്ലാവരുടെ മുന്നിലും ചമയങ്ങൾ അഴിച്ച്‌ വെച്ച്‌ നിൽക്കുക.

May be an image of 1 personഅപരന്റെ മുന്നിൽ, അത്‌ മകനോ , മകളോ ഭാര്യയോ,ഭർത്താവോ ,കാമുകനോ കാമുകിയോ ശത്രുവോ മിത്രമോ,മേലധികാരിയോ സേവകനോ ആരുമാകട്ടെ, നിങ്ങൾ എന്താണോ അങ്ങനെ തന്നെ പ്രത്യക്ഷപ്പെടുക. ആരും കാണാനില്ലെന്ന് ഉറപ്പുള്ളപ്പോൾ നിങ്ങൾ എന്തു ചെയ്യുമോ അതു തന്നെ നിങ്ങൾ ആൾക്കൂട്ടത്തിലും ചെയ്യുക ചുരുങ്ങിയ പക്ഷം അതിന്റെ വിപരീതം അഭിനയിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ചമയങ്ങൾ എന്നത്‌ താങ്ങിനടക്കാൻ പ്രയാസമുള്ള ഒരു ഭാരമാണ്‌‌ ഏത്‌ നിമിഷവും അഴിഞ്ഞ്‌ വീണ്‌ നിങ്ങളെ അപഹാസ്യനാക്കാൻ പ്രാപ്തിയുള്ള ഒരു സാദ്ധ്യതയും.