പൊലീസും, പട്ടാളവും ഇറങ്ങാതെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന നടന്മാരെയും, നടിമാരെയും സംരക്ഷിക്കുന്ന ആൾക്കാർക്ക് പറയുന്ന പേരെന്ത്?

അറിവ് തേടുന്ന പാവം പ്രവാസി

ബോഡിഗാർഡ്, ബൗൺസർ അല്ലെങ്കിൽ ഗുണ്ടകൾ ഈ പേരുകളിൽ ഏതു വേണമെങ്കിലും ഇവരെ വിളിക്കാം. പിടിച്ചു പറിക്കാർ മുതൽ കൊലപ്പുള്ളികൾ വരെ ഇവരിലുണ്ടെന്നു പരമമായ രഹസ്യം. സമാധാനപരമായി ഷൂട്ടിങ് നടക്കണമെങ്കിൽ അൽപം ഗുണ്ടായിസം കാണിച്ചാലെ കേരളത്തിൽ രക്ഷ ഉള്ളു. ആരാധനയും, നോക്കുകൂലിയും, സിനിമയിൽ ചാൻസു തേടിയുള്ള വരവും അടക്കമുള്ള ജനക്കൂട്ടമാണ് ഓരോ ലൊക്കേഷനിലും. ഇവിടെ പൊലീസിനു ചെയ്യാവുന്നതിനു പരിധിയുണ്ട്. മാത്രമല്ല, നാട്ടിലെ ചെറു ഗുണ്ടാസംഘങ്ങൾ പിരിവിനു വരും. ഇവരെ നേരിടാൻ ഒരു വഴിയേ ഉള്ളു. ലൊക്കേഷന്റെ ഭരണം മഫ്തി ഗുണ്ടകൾക്കു കൈമാറുക. അവരാണ് ബൗൺസർമാർ. ബൗൺസർമാർ പൊതുവെ രണ്ടു തരക്കാരുണ്ട്.

സ്വകാര്യ സെക്യൂരിറ്റി എന്ന വിഭാഗത്തിൽ കുറച്ചു പേർ ഔദ്യോഗികമായി രംഗത്തു വരും. നടന്റെ / നടിയുടെ ചുറ്റും ഇവർ ഉണ്ടാകും. ചോദിച്ചാൽ ബോഡിഗാർഡ് എന്നു പറയും. അവർക്കു പിന്നിൽ കുറെ ആൾക്കാർ പരിസരത്തു കാണും. ഡ്രൈവറായും, ഭക്ഷണം കൊണ്ടു വരുന്നവരായും അവരെ കാണാം. ആവശ്യം വന്നാൽ നിരക്കും,വേണ്ടി വന്നാൽ പെരുക്കും.മിക്ക സൂപ്പർസ്റ്റാറുകൾക്കും സ്ഥിരം ബോഡിഗാർഡുണ്ട്. ജപ്പാനിൽ നിന്നു കരാട്ടെപഠിച്ചവരൊന്നുമല്ല.

നാട്ടിൽതന്നെപയറ്റിത്തെളിഞ്ഞവരാണ് അവർ. നായകന്റെ നിഴലായി അവർ നടക്കും. കാറോടിക്കും, പെട്ടിയെടുക്കും, ചായ വാങ്ങി കൊടുക്കും,വേണ്ടി വന്നാൽ വീട്ടിലെ നായയെ വരെ കുളിപ്പിക്കും. ആൾക്കൂട്ടത്തിൽ നിന്നു നല്ലൊരിടി കിട്ടിയാൽ നായകന്റെ രണ്ടു ദിവസം പോകില്ലേ. പഴയ ഗുണ്ടയാണെങ്കിലും താരത്തി നൊപ്പമാകുമ്പോൾ സ്റ്റൈലും, പേരും മാറ്റും. ജീൻസും, ടീഷർട്ടും ഇടും. പേരു ചിലപ്പോൾ ലൊക്കേഷൻ മാനേജർ, അസിസ്റ്റന്റ് എന്നൊക്കെയാകും. ഏതു ലൊക്കേഷനിലും ആദ്യം വേറെ വാഹനത്തിൽ സംഘം എത്തും. ഏരിയ ക്ലിയർ ചെയ്യും. എന്നിട്ടേ താരവും, സംഘവും എത്തുകയുള്ളു. ഇത് പൊതുവെ എളുപ്പമുള്ള പണിയല്ല. അല്പം കഷ്ടപ്പാട് പിടിച്ചതാണ്.ശരീരം നിലനിർത്തുകയാണ് പ്രധാന കാര്യം. ജിംനേഷ്യത്തിൽ സ്ഥിരമായി പോകണം. നല്ല ഭക്ഷണം കഴിക്കണം. ലൊക്കേഷനിൽ ചില്ലറ അടിപിടി ഇല്ലാതെ കാര്യം നടക്കില്ല. നാലടി കൊടുക്കുമ്പോൾ രണ്ടെണ്ണം അവർക്കും കിട്ടും. പക്ഷേ എന്തൊക്കെ ചെയ്താലും പൊലീസിന്റെ മുന്നിൽ അവർ പഴയ ഗുണ്ടയാണ്.

എന്തെങ്കിലും പ്രശ്നമുണ്ടായാൽ പഴയ അടിപിടി കേസിലെ പ്രതിയല്ലേ എന്നാണു മിക്ക പോലീസുകാരും ആദ്യം ചോദിക്കുന്നത്. സ്ക്രീനിനു പിന്നിൽ ഇവർ ജീവിക്കുന്നു. തടിമിടുക്കു മാത്രമാണ് മൂലധനം. താരങ്ങളുടെ തടി കേടാകാതെ സൂക്ഷിക്കുന്നത് ഇവരുടെ തടിക്കു വേണ്ടിയാണ്. സിനിമാ ഫീൽഡിലെ തർക്കവും ,വഴക്കും രൂക്ഷമാകുമ്പോൾ ഇവർക്കു പണി കൂടുന്നു. അതിർത്തിയിലെ യുദ്ധഭീഷണി പോലെ ഇവരുടെ വീട്ടിലും തീ ഉയരുന്നു. അടിപിടി സിനിമയിൽ സ്ഥിരം ചേരുവ ആയപ്പോൾ പല ഗുണ്ടകളും ബൗൺസർമാരായി മാറി. ഇനിയും മാറും. സിനിമയുള്ള കാലത്തോളം.ബൗൺസറാകുക എന്നത് ആർക്കും പറ്റുന്ന കാര്യമല്ല . ലുക്കു വേണം. ചുരുങ്ങിയത് 90 കിലോ തൂക്കം വേണം. നല്ല മസിൽ വോളിയം വേണം. നല്ല സ്ട്രോങ് ബൈസപ്സ് ആയിരിക്കണം. ആറടി പൊക്കം വേണം. മോന്ത കണ്ടാൽ അയ്യോ പാവം എന്നു തോന്നണം. നല്ല പരുക്കൻ ശബ്ദം. ‍ഡാ മാറടാ എന്നു പറഞ്ഞാൽ ആരും മാറണം. നല്ല ചങ്കൂറ്റം വേണം.

തന്തയ്ക്കു വിളിക്കുന്നവന്റെ മോന്തയ്ക്കു പെടയ്ക്കണം. നല്ല അടിയേക്കാൾ വിരട്ടൻ ഡയലോഗ് പറയണം. വിയറ്റ്നാം കോളനിയിലെ റാവുത്തരെ പോലെ ഇരിക്കണം. പിന്നെ ആയുധമൊന്നുമില്ല. ഉള്ളത് നാക്കു മാത്രം.ഈ ഗുണങ്ങളുള്ള ടീമിനെ എവിടെ കിട്ടുമെന്നാകും ചിന്തിക്കണത്.സംശയിക്കേണ്ട ഒന്നു, രണ്ടു കേസുണ്ടെങ്കിൽ ചാൻസ് കൂടും. കാസർകോട് മുതൽ പാറശാല വരെ ലൊക്കേഷനുകളിൽ ഇവരെ കാണാം. പിന്നെ ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവിടത്തെ പിള്ളേരെ ഉൾപ്പെടുത്തും. ശാപ്പാടു കഴിഞ്ഞ് ഏകദേശം 2000 രൂപ ഓരോരുത്തർക്കും കിട്ടും.

You May Also Like

നാസയിൽ ഒരു ജോലി, പുകവലിക്കാത്ത, ഇംഗ്ലീഷ് അറിയുന്ന സന്നദ്ധ സേവകരെ തേടി നാസ

നാസയിൽ ഒരു ജോലി, പുകവലിക്കാത്ത, ഇംഗ്ലീഷ് അറിയുന്ന 4 സന്നദ്ധ സേവകരെ തേടി നാസ നിർണായകമായ…

തൊഴിൽ മേഖലയിൽ വളരെ അധികം പരിചിതമായ ഒരു പദമാണ് ഇന്റേൺഷിപ്പ്, എന്താണ് ഇന്റേൺഷിപ്പ് ?

പ്രൊഫഷണൽ അന്തരീക്ഷത്തിൽ പ്രായോഗിക പരിജ്ഞാനവും, പ്രവൃത്തി പരിചയവും വർദ്ധിപ്പിക്കുന്നു.ഒരു വ്യക്തിയെ ആത്മവിശ്വാസവും, പ്രഗത്ഭനുമായ ഇന്റേൺ ആകാൻ ഇത് സഹായിക്കുന്നു.

നിങ്ങൾക്ക് എങ്ങനെ ഒരു പൈലറ്റ് ആകാം ? അതിനായി കടക്കേണ്ട വലിയ കടമ്പകൾ എന്തൊക്കെ ?

ഇന്ത്യയുടെ വ്യോമയാന മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന…

കേരളത്തിലെ തൊഴിലില്ലായ്മക്ക് ഉത്തരവാദികൾ

ഒന്നാമത്തെ ഉത്തരവാദിത്തം വിദ്യാഭ്യാസത്തിനാണ്. കാര്യങ്ങളെ പ്രായോഗികമായി മനസിലേക്ക് പഠിപ്പിക്കാൻ