അറിവ് തേടുന്ന പാവം പ്രവാസി
ബിബിസിയുടെ ഉടമ ആരാണ് ?⭐
👉 യുണൈറ്റഡ് കിംഗ്‌ഡത്തിലെ രാജകീയ ചാർട്ടറിന് കീഴിൽ, പൊതു ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയാണ് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ) . യുണൈറ്റഡ് കിംഗ്ഡത്തിലെ ടെലിവിഷൻ രംഗത്ത് അതിന്റെ തുടക്കം മുതൽ 1954 വരെയും റേഡിയോ പ്രക്ഷേപണ രംഗത്ത് 1972 വരെയും ബിബിസിഎതിരാളികളില്ലാതെ വാഴുകയായിരുന്നു. 1922-ൽ ഒരു സ്വകാര്യ കോർപ്പറേഷൻ എന്ന നിലയിലാണ് ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി ആരംഭിച്ചത്. ബ്രിട്ടനിലെ ആളുകൾക്കു മാത്രമേ ഇതിലെ സ്റ്റോക്ക് സ്വന്തമാക്കാനാകൂ. ഒരു പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1925-ൽ കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെട്ടു, 1927-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്ന പബ്ലിക് കോർപ്പറേഷൻ നിലവിൽ വന്നു. ആത്യന്തികമായി പാർലമെന്റിനോട് ഉത്തരവാദിത്തമുണ്ടെങ്കിലും, ബിബിസിക്ക് അതിന്റെ പ്രവർത്തനങ്ങളിൽ ഏതാണ്ട് പൂർണ സ്വാതന്ത്ര്യം ഉണ്ട്.
ബ്രിട്ടീഷ് രാജാവാണ് ബിബിസി ട്രസ്റ്റിലെ അംഗങ്ങളെ നിയമിക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ട്രസ്റ്റ് ചെയർമാന്റെ നേതൃത്വത്തിലുള്ള 12 പേരുള്ള ഒരു സ്വതന്ത്ര പാനലാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ബിബിസി തങ്ങളുടെ സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും 1946-ൽ പുനരാരംഭിച്ചു. 1964-ൽ BBC അതിന്റെ രണ്ടാമത്തെ ചാനൽ ആരംഭിച്ചു, 1967-ൽ യൂറോപ്പിലെ ആദ്യത്തെ കളർ ടെലിവിഷൻ സേവനം ആരംഭിച്ചു. 1954-ലെ ടെലിവിഷൻ നിയമം വരെ യുണൈറ്റഡ് കിംഗ്ഡത്തിലെ ടെലിവിഷൻ സേവനത്തിൽ ബിബിസി അവരുടെ കുത്തക നിലനിർത്തി.
1955-ൽ ഇൻഡിപെൻഡന്റ് ടെലിവിഷൻ അതോറിറ്റി (പിന്നീട് ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻസ് ) ഒരു വാണിജ്യ ചാനൽ സ്ഥാപിച്ചു. 1982-ൽ ബ്രിട്ടനിൽ രണ്ടാമത്തെ വാണിജ്യ ചാനലും സംപ്രേക്ഷണം ആരംഭിച്ചു. 1970-കളുടെ തുടക്കത്തിൽ പ്രാദേശിക വാണിജ്യ പ്രക്ഷേപണം അനുവദിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചതോടെ റേഡിയോ പ്രക്ഷേപണ രംഗത്തും ബിബിസിയുടെ കുത്തക ഇല്ലാതായി.
1932-ൽ എംപയർ സർവീസ് എന്ന പേരിൽ ബിബിസി ആഗോള തലത്തിൽ സർവീസ് ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഏകദേശം 120 ദശലക്ഷം ആളുകളിലേയ്ക്ക് 40-ലധികം ഭാഷകളിൽ ബിബിസി വാർത്തകളെത്തി. വേൾഡ് സർവീസ് ടെലിവിഷൻ 1991-ൽ പ്രക്ഷേപണം ആരംഭിച്ചു. 1997-ൽ ബിബിസി ന്യൂസ് 24 എന്ന പേരിൽ 24 മണിക്കൂർ വാർത്താ ചാനൽ നിലവിൽ വന്നു. ടെലിവിഷൻ പ്രോഗ്രാമിംഗിന്റെ അന്താരാഷ്ട്ര സിൻഡിക്കേഷനിൽ ബിബിസിയും ഭാഗമാണ്.ഓൾ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്റ് സ്മോൾ, ഡോക്‌ടർ ഹൂ, മിസ്റ്റർ ബീൻ, അപ്പ്സ്റ്റെയേഴ്സ്, ഡൗൺസ്റ്റേയേഴ്സ് തുടങ്ങിയ പരമ്പരകൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പബ്ലിക് ബ്രോഡ്‌കാസ്റ്റിംഗ് സേവനത്തിലൂടെ സംപ്രേഷണം ചെയ്തിട്ടുണ്ട്. ബ്രിട്ടാനിക്കയുടെ ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച് യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രക്ഷേപണത്തിന്റെ എല്ലാ മേഖലയിലും ബിബിസിക്ക് കുത്തക ഉണ്ടായിരുന്നു.
1922 മുതൽ 1927 വരെ ജോൺ റീത്ത് (പിന്നീട് ലോർഡ് റീത്ത് എന്നറിയപ്പെട്ട) ബിബിസിയുടെ ജനറൽ മാനേജരും 1927 മുതൽ 1938 വരെ ഡയറക്ടർ ജനറലും കോർപ്പറേഷന്റെ ആദ്യകാലത്തെ സുപ്രധാന വ്യക്തിയുമായിരുന്നു.1936-ൽ, ലോകത്തിലെ ആദ്യത്തെ റെഗുലർ ടെലിവിഷൻ സേവനത്തിന്റെ വികസനത്തിനും ബ്രിട്ടീഷ് ദ്വീപുകളിലുടനീളം റേഡിയോ പ്രക്ഷേപണത്തിന്റെ വികസനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. പൊതുസേവന സംപ്രേക്ഷണം എന്ന അദ്ദേഹത്തിന്റെ ആശയം യുണൈറ്റഡ് കിംഗ്ഡത്തിൽ വിജയിക്കുകയും മറ്റ് പല രാജ്യങ്ങളും അതിൽ നിന്നും പ്രചോദം ഉൾക്കൊള്ളുകയും ചെയ്തു.
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്. കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്. പാർട്ട് ടൈം, ഫ്ലെക്സിബിൾ, ഫിക്സഡ്-കോൺട്രാക്ട് സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്.
ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്. വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം. ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു. 2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ പ്രക്ഷേപണം ചെയ്യുകയും അറബി, പേർഷ്യൻ ഭാഷകളിൽ സമഗ്രമായ ടിവി, റേഡിയോ, ഓൺലൈൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബിബിസി വേൾഡ് സർവീസിന് ധനസഹായം നൽകി വരുന്നു.
ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്‌കാരം കമ്പനിക്ക് ലഭിച്ചു.
പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു. “ദി ബീബ്”, “ആന്റി”, അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർത്ത് (“ആന്റി ബീബ്” അല്ലെങ്കിൽ “ആന്റി ബി”) എന്നും ബിബിസി പ്രാദേശികമായി അറിയപ്പെടാറുണ്ട്.
ഭരണവും കോർപ്പറേറ്റ് ഘടനയും
നേരിട്ടുള്ള സർക്കാർ ഇടപെടലിൽ നിന്ന് വിഭിന്നമായ ഒരു നിയമ പരമായ കോർപ്പറേഷനാണ് ബിബിസി, അതിന്റെ പ്രവർത്തനങ്ങൾ 2017 ഏപ്രിൽ മുതൽ ബിബിസി ബോർഡ് മേൽനോട്ടം വഹിക്കുകയും ഓഫ്‌കോം നിയന്ത്രിക്കുകയും ചെയ്യുന്നു. സർ ഡേവിഡ് ക്ലെമന്റിയാണ് നിലവിലെ ചെയർമാൻ.
നിലവിലെ ചാർട്ടർ റോയൽ 2017 ജനുവരി 1 മുതൽ പ്രാബല്യത്തിൽ ഉണ്ട് .2026 ഡിസംബർ 31 വരെ അതിന് കാലാവധിയുണ്ട്. 2017 ലെ ചാർട്ടർ ബിബിസി ട്രസ്റ്റിനെ നിർത്തലാക്കുകയും പകരം ഭരണം ബിബിസി ബോർഡിനും, ബാഹ്യ നിയന്ത്രണം ഓഫ്‌കോമിനു നൽകുകയും ചെയ്തു. റോയൽ ചാർട്ടറിന് കീഴിൽ, ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ബിബിസി ഒരു ലൈസൻസ് നേടണം. ഈ ലൈസൻസിനൊപ്പം ബിബിസിയെ പ്രക്ഷേപണം ചെയ്യാൻ അനുവദിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുന്ന ഒരു കരാറുമുണ്ട്.
ബിബിസി ബോർഡ് രൂപീകരിച്ചത് 2017 ഏപ്രിലിലാണ്. മുൻ ഭരണസമിതിയായ ബിബിസി ട്രസ്റ്റിന് പകരമായാണ് ഇത് രൂപീകരിച്ചത്.
⚡കോർപ്പറേഷന്റെ പ്രവർത്തനത്തിനായുള്ള മാർഗരേഖ രൂപീകരിക്കുക,
⚡ബിബിസി എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രകടനം വിലയിരുത്തുക,
⚡ഡയറക്ടർ ജനറലിനെ നിയമിക്കുക എന്നിവ ബിബിസി ബോർഡ് ആണ് നിർവഹിക്കുന്നത്.
ബിബിസിയുടെ നിയന്ത്രണം ഇപ്പോൾ ഓഫ്‌കോമിന്റെ ഉത്തരവാദിത്തമാണ്. ബോർഡിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നു.
പ്രക്ഷേപണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ബിബിസിയുടെ മുതിർന്ന മാനേജർമാർ ഉൾപ്പെടുന്ന ഈ കമ്മിറ്റി മാസത്തിലൊരിക്കൽ യോഗം ചേരുന്നു. കൂടാതെ ബോർഡ് നിശ്ചയിച്ച ഒരു ചട്ടക്കൂടിനുള്ളിൽ പ്രവർത്തന മാനേജ്മെൻറിനും സേവനങ്ങൾ വിതരണം ചെയ്യുന്നതിനും ഉത്തരവാദിത്തമുണ്ട്. ഡയറക്ടർ ജനറൽ ആണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ.