4564 കോടി രൂപയുടെ നഷ്ടം ആണ് ബൈജൂസ് ആപിന് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ജീവനക്കാർക്ക് വിശദീകരണക്കത്തയച്ചിരിക്കുകയാണ് ബൈജു രവീന്ദ്രൻ. 2021 സാമ്പത്തിക വർഷം ബൈജൂസ് 4564 കോടി രൂപയുടെ നഷ്ടം ആണ് റിപ്പോർട് ചെയ്തത്. ഒരു വർഷം വൈകിയാണ് പ്രവർത്തനഫലം കമ്പനി പുറത്തുവിട്ടത്. വരുമാനം 2428 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം (2021–22) വരുമാനം 10,000 കോടിയെങ്കിലുമുണ്ടാകുമെന്നും കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും സ്ഥാപകനും സിഇഒയുമായ മലയാളി ബൈജു രവീന്ദ്രൻ പറഞ്ഞു. എന്താണ് സത്യത്തിൽ ബൈജൂസ് ആപ്പിന്റെ പ്രശ്നം ? അനുഭവസ്ഥർ തുറന്നെഴുതുന്നു.
Sreejith Sreekumar
ബൈജൂസ് പ്രശ്നത്തിലാണ് എന്നാണ് വാർത്തകൾ.
ഒരു സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ഏതൊരു ബിസിനസ്സും പൊളിയുക എന്നത് സങ്കടമുള്ള കാര്യമാണ്. ഒരുപാട് പേരുടെ ജോലി ഉൾപ്പടെ പലതരം നഷ്ടങ്ങൾ അതുകൊണ്ടുണ്ടാവും. ബൈജൂസ് എന്ന edutech ബിസിനസ്സ് നോക്കിയാൽ രണ്ടു മൂന്ന് കാര്യങ്ങൾ അവർക്ക് വിനയായി എന്ന് തോന്നുന്നു.
ഒന്ന്, അവരുടെ വളരെ അഗ്രസ്സീവ് ആയ വളർച്ചക്കുള്ള ആഗ്രഹം. ലോകത്തെ ഏറ്റവും വലിയ എഡ്യൂക്കേഷൻ ബിസിനസ്സ് ആവനാണെന്നുതോന്നുന്നു കഴിഞ്ഞ രണ്ടു കൊല്ലത്തിൽ ഒരുപാട് കമ്പനികളെ അവർ വാങ്ങി. അതിനു വേണ്ട പല റൌണ്ട് ഫണ്ടിങ്ങുകൾ നടത്തി.
രണ്ട്, കോവിഡിന് ശേഷം നടക്കുന്ന ഒരു മാർക്കറ്റ് കറക്ഷൻ. അവർ ചിന്തിച്ചത് ഇനിയങ്ങോട്ട് വിദ്യാഭ്യാസം കൂടുതൽ ഓൺലൈൻ മാത്രം ആവും എന്നതാണെന്ന് തോന്നുന്നു. അതിനനുസരിച്ചു നടത്തിയ പല നീക്കങ്ങളും/ ഓവർ വാല്യൂ കൊടുത്തുള്ള മറ്റു കമ്പനികളെ വാങ്ങിക്കലുകളും, മാർക്കറ്റിംഗിന് ചിലവാക്കിയ അതിഭീമമായ തുകയും അവർക്കിപ്പോൾ വിനയായി എന്നാണ് തോന്നുന്നത്. ആകാശ് ഓഫ്‌ലൈൻ ട്യൂഷൻ സെന്റർ വാങ്ങലൊക്കെ ഓവർ റേറ്റഡ് ആയിരുന്നു എന്ന് തോന്നുന്നു.
മൂന്ന്, വളരെ അഗ്രസ്സീവ് ആയ മാർക്കറ്റിങ്. ആദ്യമൊക്കെ രക്ഷിതാക്കളെ ചാക്കിലാക്കാൻ പറ്റിയെങ്കിലും ഇതൊരു മാജിക് പിൽ അല്ല എന്നത് രക്ഷിതാക്കളും, കുട്ടികളും മനസ്സിലാക്കി എന്ന് തോന്നുന്നു. രക്ഷിതാക്കൾ പലരും മുഴുവൻ വിവരങ്ങൾ നോക്കാതെയാണ് അവരുടെ പ്ലാനുകളിൽ ചേർന്നത്. അതോടെ അവിടെയും, പുതിയ കസ്റ്റമർ, റീഫണ്ട്, കസ്റ്റമർ സർവീസ് തുടങ്ങിയ പല മേഖലയിൽ അടി കിട്ടി തുടങ്ങി.
അവരുടെ അക്കൗണ്ടിങ്ങിൽ എൻട്രികൾ രേഖപ്പെടുത്തുന്ന രീതികളിൽ അവരും അവരുടെ അക്കൗണ്ടിങ് ഓഡിറ്റർ ആയ Deloitte തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം ഇതുവരെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവുചിലവ് പബ്ലിഷ് ചെയ്യാൻ പറ്റിയിട്ടില്ല.അതും ഒരു വലിയ പ്രശ്നമായി ഇപ്പൊ അവർക്കു മുന്നിലുണ്ട്. അത് ഇനിയും കിട്ടാനുള്ള ഇൻവെസ്റ്റ്മെന്റിനെ ബാധിക്കുകയും ചെയ്യും.
എന്തായാലും ഉയരത്തിൽ നിന്നും ഒരാൾ/ ഒരു ബിസിനസ്സ് വീണു കിടക്കുമ്പോൾ ചിരിക്കുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല. നമ്മൾക്ക് അതാണ് കൂടുതൽ ശീലവും എളുപ്പവുമെങ്കിലും.പക്ഷെ ബൈജൂസ് ഒരു പാഠം കൂടിയാണ് ഒരു ബിസിനസ്സ് എങ്ങനെയൊക്കെ വളരാം/ വളർത്താം എന്നതും, അതിലെ പാളിച്ചകൾ എങ്ങനെയൊക്കെ അതിനെ എളുപ്പത്തിൽ തളർത്തും എന്നതും. ആ ബ്രാൻഡിന് വലിയ ഇമേജ് നഷ്ട്ടം ഉണ്ടായിട്ടുണ്ട്. കാത്തിരുന്നു കാണേണ്ടത് അവർ എങ്ങനെ ഇത് മറികടക്കും, എങ്ങനെ ഈ ബിസിനസ്സിനെ ശരിയാക്കും എന്നതാണ്. ഒരു കറക്ഷൻ നടത്തി തിരിച്ചുവരാൻ അവർക്ക് കഴിയട്ടെ. അതൊരു പ്രചോദനമാവും ബിസിനസ്സിൽ തിരിച്ചടികൾ നേരിടുന്ന പല സംരംഭകർക്കും.
***
Shareef Sagar
ഒരിക്കൽ കോഴിക്കോട് ഹൈലൈറ്റ് മാളിൽ പോയപ്പോൾ രണ്ടു ചെറുപ്പക്കാർ വന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൾക്ക് ബൈജൂസ് ആപ്പ് സജസ്റ്റ് ചെയ്തു.ഫോൺ നമ്പർ കൊടുത്തതോടെ വിളിയോട് വിളിയായി.
അവർക്കറിയേണ്ടത് വീട്ടിലേക്കുള്ള വഴിയാണ്. ഡെമോ കാണിക്കാൻ വരണമത്രേ. പലതവണ വിളി വന്നപ്പോഴേ ഉടായിപ്പ് മണത്തു. വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞു. ഒരു ഉല്പന്നം എങ്ങനെയാണ് വിറ്റഴിക്കേണ്ടത് എന്നത് സംബന്ധിച്ച് സാമാന്യ ധാരണ പോലുമില്ലാത്ത ഒരാളാണ് ഈ ബൈജുച്ചേട്ടനെന്ന് മനസ്സിലായി.
ഉപഭോക്താവ് ഇപ്പോൾ പഴയ ഉപഭോക്താവല്ല. ഭിമൻ പരസ്യങ്ങൾ കണ്ടാൽ തന്നെ അയാൾക്ക് മനസ്സിലാകും, ഈ പരസ്യക്കാശ് കൂടി താൻ തന്നെ കൊടുക്കണമെന്ന്. തന്ത്രങ്ങളിറക്കി വിറ്റഴിക്കുന്ന രീതി കണ്ടാലറിയാം, സംഗതി വിറ്റാൽ പോകാത്ത മൊതലാണെന്ന്.
.
ആപ്പെടുത്തവരിൽ പലരും ആപ്പിലായെങ്കിലും പത്രങ്ങളിലോ ചാനലിലോ വാർത്ത വന്നില്ല.
സകല പത്രങ്ങൾക്കും ജാക്കറ്റ് പരസ്യമാണ്. ചാനലുകൾക്കും ചാകര തന്നെ. വാർത്ത മുങ്ങാൻ അത് മതി.
എന്നാൽ സോഷ്യൽ മീഡിയയുടെ കാലമാണ്. പെട്ടുപോയതിന്റെ കഥകൾ അനുഭവസ്ഥർ എഴുതിത്തുടങ്ങി.
കോടതികളിൽ കേസുകളായി. പണം പോക്കറ്റിലായതോടെ ബൈജു ഉപഭോക്താവിനോട് പോടാ പുല്ലേ എന്ന് പറഞ്ഞു. ബൈജൂസ് പൊളിയാൻ കാരണം ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിച്ചത് കിട്ടിയില്ല എന്നത് തന്നെ.
പ്രൊഡക്ട് ക്വാളിറ്റിയിലും സർവ്വീസിലും ശ്രദ്ധിക്കാതെ മാർക്കറ്റിങ്ങിൽ മാത്രമാണ് തലകുത്തിമറിഞ്ഞത്.
അമിത ജോലിഭാരം കൊണ്ട് ജീവനക്കാരും പെട്ടുപോയതിനാൽ ഉപഭോക്താക്കളും കമ്പനിയെ പ്രാകിക്കൊണ്ടിരുന്നു. ആളുകൾക്ക് വേണ്ടാത്ത ഒരു വസ്തു എത്ര മാർക്കറ്റിങ് തന്ത്രമുണ്ടായാലും വിറ്റുപോകില്ലെന്ന സാമാന്യബോധം ഉടമക്കുണ്ടായില്ല. ആളുകൾക്ക് വേണ്ടതാണെങ്കിൽ ഉപഭോക്താവ് തേടി വരും. വലിയ മാർക്കറ്റിങ് വേണമെന്ന് നിർബന്ധമില്ല. എല്ലാവരും ഓൺലൈനിൽ ഇരുന്ന കോവിഡ് കാലത്ത് ബൈജൂസ് രണ്ടായിരം കോടി ലാഭവും നാലായിരം കോടി നഷ്ടവുമുണ്ടാക്കി. ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം പൊളിയുന്നു എന്നാണ് വാർത്തകൾ. ഉപഭോക്താക്കളെ പരിഗണിക്കാത്ത അത്യാർത്തിക്കാരായ ബിസിനസ്സുകാർക്ക് പാഠമാണിത്.
***
Deepak JP
സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.കുറ്റം പറച്ചിൽ അല്ല, ബൈജൂസ് ആപ്പിൽ പെട്ടുപോയ ഒരു രക്ഷിതാവിൻറെ രോദനം.
മുൻകൂട്ടി appointment വാങ്ങി marketing executive വീട്ടിൽ വരും .വികസിത രാജ്യങ്ങൾ പിന്തുടരുന്ന സ്മാർട്ട് ക്ലാസുകളെകുറിച്ചും നമ്മുടെ പഠന രീതികളുടെ അശാസ്ത്രീയതയെക്കുറിച്ചും, പുസ്തകം വെച്ചുള്ള പഠനം എത്ര അപരിഷ്കൃതം ആണെന്നും വളരെ വിശ്വസനീയമായ രീതിയിൽ നമ്മളോട് സംസാരിക്കും .
നമ്മുടെ മക്കളുടെ IQ നമ്മുടെ മുന്നിൽ വച്ച് പരീക്ഷിക്കും .ബാഹുബലി സിനിമയിൽ ബാഹുബലിയും ദേവസേനയും പന്നിയെ കൊല്ലാൻ ഉപയോഗിച്ച അമ്പുകളുടെ നിറമെന്താണ് എന്ന് ചോദിക്കും.
കുട്ടികൾ പിങ്ക് നീല എന്ന് ഉത്തരം പറയും.
” കൃത്യം ആണ്, കണ്ടോ വിഷ്വലുകൾ അവരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. അതുകൊണ്ടാണ് അവർക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞത് അതുപോലെ visual ൻറെ അനന്ത സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ആണ് ബൈജൂസ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പറയും. സാധാരണ മലയാളം മീഡിയമോ സ്റ്റേറ്റ് സിലബസോ ഫോളോ ചെയ്യുന്ന കുട്ടികൾക്ക് അവരുടെ ബൈജൂസ് സ്മാർട്ട് ക്ലാസ് ഫോളോ ചെയ്യാൻ കഴിയുമോ എന്ന് പോലും നോക്കാതെ ആപ്ലിക്കേഷൻ പർച്ചേസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ആയി പിന്നെ.
മനോഹരമായ ഒരു ടാബ് കയ്യിൽ കിട്ടും എന്ന് അറിയുന്നതോടുകൂടി കുട്ടികൾ വീഴും .അവർ ഒരു ഐക്യൂ ടെസ്റ്റ് നടത്തി കുട്ടിക്ക് 100 ൽ 98 മാർക്ക് നൽകും .ഈ കുട്ടിക്ക് ബൈജൂസ് ഫോളോ ചെയ്യാനുള്ള എല്ലാ മിടുക്കും ഉണ്ടെന്ന് അഭിനന്ദിക്കും .അങ്ങനെ പലതും പറഞ്ഞ് നമ്മളെക്കൊണ്ട് പർച്ചേസ് ചെയ്യിക്കും. ഒന്നും രണ്ടും കുട്ടികളുണ്ടെങ്കിൽ പിന്നെ പറയണ്ട .
പല കടലാസുകൾ സൈൻ ചെയ്തു കൊടുക്കുമ്പോൾ പലതും നമ്മൾ വായിക്കില്ല.15 ദിവസം കഴിഞ്ഞാൽ ക്യാൻസലേഷൻ സാധ്യമല്ല എന്ന കാര്യം പലരും പറയില്ല.ഒടുവിൽ കുട്ടിക്ക് ബൈജുസും സ്കൂളിലെ പഠിപ്പും രണ്ടും മുന്നോട്ടു കൊണ്ടുപോകാൻ ആവാതെ ബൈജൂസ് നിർത്തി കളയാം എന്ന് തീരുമാനിച്ചു പോയാൽ ബ്ലേഡ് കമ്പനിയിൽ നിന്നും പണം വായ്പ എടുത്തതിനേക്കാൾ മോശമായിട്ടാണ് പിന്നീട് ഫൈനാൻസ് ടീമിൽ നിന്നും നിരന്തരം കോളുകൾ വരിക.അന്ന് ആദ്യമായി വീട്ടിൽ വന്ന ആ സൗമ്യനായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവനെ നമ്മൾ സ്മരിച്ചുപോകും.മോഹൻലാൽ ആണ് ഇതിൻറെ പരസ്യം പറയുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .
NB:
ഈ പറഞ്ഞതൊക്കെ എന്നെപ്പോലെ, സാധാരണ പഠനനിലവാരം ഉള്ള കുട്ടികളുള്ള സാധാരണ രക്ഷിതാക്കളുടെ ശ്രദ്ധക്ക് മാത്രം ആണ് .അല്ലാത്തവരുടെ കാര്യം എനിക്കറിയില്ല
***
Sujith Kumar
കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് വിളിച്ചിരുന്നു. ബൈജൂസ് ആപ്പ് ടാബ്‌ലറ്റിന്റെ ലോക്ക് മറന്നുപോയി, അത് റീസെറ്റ് ചെയ്യാനുള്ള വഴികൾ ചോദിച്ചുകൊണ്ട്. വഴികൾ പറഞ്ഞു കൊടുത്തതിനു ശേഷം ഈ ആപ്പിനെക്കുറിച്ചുള്ള ആത്മാർത്ഥമായ അഭിപ്രായം പറയാൻ പറഞ്ഞപ്പോൾ സുഹൃത്ത് അനുഭവം തുറന്ന് പറഞ്ഞു..
അപ്പുറത്തെ വീട്ടിലും ബൈജു ഉണ്ട്. ഇപ്പുറത്തെ വീട്ടിലും ബൈജു ഉണ്ട് എന്നതുപോലെയുള്ള കാരണങ്ങളാൽ മേൽ കീഴ് നോട്ടമില്ലാതെ മക്കളുടെയും ഭാര്യയുടെയും നിർബന്ധപ്രകാരം എടുത്തപോയി. ആദ്യമൊക്കെ വലിയ ഉത്സാഹമായിരുന്നെങ്കിലും ഇപ്പോൾ പിള്ളേർ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞ് നോക്കുന്നെ ഇല്ലത്രേ . നാലു വർഷത്തേയ്ക്ക് ആണ് സബ്സ്ക്രിപ്ഷൻ എടുത്തത്. റീഫണ്ട് എന്ന ഒപ്ഷനേ ഇല്ല. ബാങ്ക് വഴി ലോൺ ആയാണ് എടുത്തത്. അറുപതിനായിരമോ എഴുപതിനായിരമോ മറ്റോ ആയി. കാശ് പോയതിന്റെ വേദന ഉള്ളിൽ ഒതുക്കി ഇതുപോലെ പല സുഹൃത്തുക്കളും ആപ്പിൽ ആയിട്ടുണ്ട്. അതുകൊണ്ട് പ്രിയ സുഹൃത്തുക്കളേ കാശു ലാഭവും ഡിസ്കൗണ്ടും മോഹിച്ച് ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്ത് കാശു കളയാതിരിക്കുക. എല്ലാ കുട്ടികളുടെയും താല്പര്യങ്ങൾ ഒരുപോലെ ആയിരിക്കണം എന്നില്ല. അതിനാൽ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ വീഴാതെ ഹ്രസ്വകാല സബ്സ്ക്രിപ്ഷൻ ഒപ്ഷനുകൾ പരീക്ഷിച്ച് ഗുണം ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം മുന്നോട്ട് പോവുക. പതിനഞ്ചു ദിവസത്തെ മണി ബാക്ക് ഗ്യാരണ്ടി ഗിമ്മിക്കുകളിൽ വീഴാതിരിക്കുക. പതിനഞ്ചു ദിവസം കൊണ്ട് ഒരു തരത്തിലും കുട്ടികളുടെ അഭിരുചി അളക്കാൻ പറ്റില്ല.
സ്വന്തമായി ഇന്റർനെറ്റിൽ സേർച്ച് ചെയ്ത് യൂടൂബ് വീഡിയോകളിലൂടെയും മറ്റും സംശയങ്ങൾ തീർക്കുന്ന കുട്ടികൾക്ക് ഇതിന്റെ ആവശ്യമില്ലെങ്കിലും അവരുടെ സമയം ലാഭിക്കാൻ ഒരു പക്ഷേ ബൈജൂസ് ആപ്പിനു കഴിഞ്ഞേക്കാം എങ്കിലും എല്ലാവരുടേയും കാര്യത്തിൽ അത്തരം ഒരു ഗുണം കിട്ടി എന്നു വരില്ല.
****
*അഡ്വ.Mഷാനവാസ്*
*
ഏതാണ്ട് രണ്ട് വർഷങ്ങൾക്കു മുമ്പ്….മൂത്ത മകൾ എട്ടാം ക്ലാസിലെത്തിയിരിക്കുന്നു.അവളെ എങ്ങനേലും കലക്ടറാക്കണം…പെട്ടെന്നു കലക്ടറാവാൻ എന്താ വഴി. ഭാര്യ യൂ ട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും പരതലോട് പരതൽ…അപ്പോഴാണ് ഫെയ്സ് ബുക്ക് ഭാര്യക്ക് ബൈജുവിനെ പരിചയപ്പെടുത്തിയത്.
പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. മൊബെലിൽ ഒറ്റക്കുത്ത് !!അതോടെ ബൈജു ചേട്ടൻ്റെ ചങ്ങാതിമാർ വിളി തുടങ്ങി. വിളിയോട് വിളി.വിളി അധികമായപ്പോൾ വക്കീലായ ഭാര്യക്കൊരു സംശയം. വിൽക്കാൻ പറ്റാത്ത സാധനങ്ങളാണല്ലോ നിർബന്ധിച്ച് വാങ്ങിപ്പിക്കുന്നത്.അവസാനം മാന്യനായ ഒരു എക്സിക്യൂട്ടിവിൻ്റെ വിളിയിൽ ഭാര്യ വീണു.മേഡം, നിങ്ങളാദ്യം ആപ്പൊന്ന് ഡൗൺലോഡ് ചെയ്യൂ. പതിനഞ്ചു ദിവസം ഫ്രീയായി ഉപയോഗിച്ച ശേഷം വേണ്ടെങ്കിൽ ഒഴിവാക്കാമല്ലോ.
വാങ്ങണമെങ്കിൽ എത്ര ചെലവാകും?
ഭാര്യ ചോദിച്ചു.
അത് വളരെ ചെറിയ തുകയാണ് മാഡം. വെറും 29000/- രൂപ മാത്രം !!!
ഇരുപത്തൊമ്പതിനായിരം എന്നെ സംബന്ധിച്ച് വലിയ തുകയാണ്…
അത് ഒന്നിച്ചടക്കണ്ട മാഡം.പലിശയില്ലാത്ത തവണകളായി അടച്ചാൽ മതി !
മാസം, ഏതെങ്കിലും സാധനങ്ങർ ഫൈനാൻസ് ഉപയോഗിച്ച് വാങ്ങിയിട്ടുണ്ടോ?
ബജാജ് ഫിനാൻസിൽ നിന്നും ടി വി യും ലാപ്പ്ടോപ്പും മറ്റെന്തൊക്കെയോ വാങ്ങിയിട്ടുണ്ട്.
ഭാര്യ പറഞ്ഞു.
എന്നാ ശരി മാഡം.
ഞങ്ങളുടെ ഡെമോ കണ്ടിട്ട് അഭിപ്രായം അറിയിക്കൂ. നിങ്ങളുടെ മകൾക്ക് തീർച്ചയായും ഇഷ്ടപ്പെടും !!
അങ്ങിനെ ഡെമോ ഡൗൺലോഡ് ചെയ്തു.
പക്ഷേ കലക്ടറാവാൻ പോണ മോൾക്ക് സാധനം ഇഷ്ടപ്പെട്ടില്ല. കൂടാതെ മോള് പഠിക്കുന്ന lCSE സിലബസ്സിൽ ബൈജുവിന് വല്യ ഗ്രാഹ്യമില്ലെന്നും മനസ്സിലായി.
ഉടൻ വിളിച്ചു, എകസിക്യൂട്ടീവിനെ !!
അയാളോട് കാര്യങ്ങൾ പറഞ്ഞു.ഓനാരാ മോൻ.. കസ്റ്റമറ് കയ്യീന്ന് പോവ്വാണെന്ന് കണ്ടപ്പോൾ അവൻ അടുത്ത തന്ത്രം പ്രയോഗിച്ചു.
മേഡം, ഞാൻ നിങ്ങൾക്ക് പുതിയ ഇംപ്രൂവ്ഡ് വേർഷൻ അയച്ചു തരാം. അതെന്തായാലും നിങ്ങൾക്ക് ഇഷ്ടപ്പെടും. പുതിയ വേർഷനിൽ എല്ലാ സിലബസും ഉൾപ്പെടുത്തിയിട്ടുണ്ട് !!
എന്നാ ശരി.. നിങ്ങൾ ലിങ്ക് അയക്കൂ .ഭാര്യ പറഞ്ഞു.
ഈ ലിങ്ക് അയക്കുന്നതിന് മുമ്പ് മാഡത്തിന് ഒരു മെസേജ് വരും. ആ മെസേജിലെ നമ്പർ ഒന്നു പറഞ്ഞു തന്നാൽ മതി. അപ്പോ തന്നെ ലിങ്ക് ഷെയർ ചെയ്യാം.
അങ്ങനെ മെസേജിലെ അക്കങ്ങൾ പറഞ്ഞു കൊടുത്തതോടെ പുത്തൻ പുതിയ ബൈജു ഫോണിൽ മുഖം കാണിച്ച് അജ്ഞകൾക്കായി കാത്തു നിന്നു..
പുതിയ ബൈജുവിനെ മോൾ മുഴുവനായി പരിശോധിച്ചു. കാര്യങ്ങൾ പഴയ പോലെ തന്നെ… പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.. ത്രന്നെ…
പക്ഷേ പുതിയൊരു അത്ഭുതം കൂടി സംഭവിച്ചു !!!കൊറിയറുകാരൻ വലിയൊരു പൊതിയുമായി വീട്ടിൽ വന്നു.നോക്കുമ്പോൾ ബൈജുവിൻ്റെ ആപ്പ് !!!
വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നു വന്നപ്പോൾ ഹാളിൽ കിടക്കുന്ന പൊതിയെ പറ്റി അന്വേഷിച്ചു.ഏയ് ,ഞാൻ ഇത് ഓർഡറൊന്നും ചെയ്തിട്ടില്ല.
അവർക്കെന്തോ തെറ്റുപറ്റിയതാവും. ഭാര്യ പറഞ്ഞു.നിന്നോടാരാ ഇത് വാങ്ങാൻ പറഞ്ഞത്. നാളെത്തന്നെ ഫ്രം അഡ്രസ്സിലേക്ക് തിരിച്ച് കൊറിയർ ചെയ്തോ..
നീ ഇതിന് വല്ല പൈസയും കൊടുത്തിരുന്നോ…
ഇല്ല.
എന്നാപ്പിന്നെ വേഗം തിരിച്ചയച്ചാ മതി .
ശരി… നാളെത്തന്നെ സാധനം തിരിച്ചയക്കാം എന്ന്
ഭാര്യ സമ്മതിച്ചു.
അങ്ങിനെ പിറ്റെ ദിവസം മാഡം ഭാര്യ എക്സിക്യുട്ടീവിനെ വിളിച്ചു കാര്യം പറഞ്ഞു.
ഏത് അഡ്രസ്സിലാണ് തിരിച്ചയക്കേണ്ടത്
ഭാര്യ ചോദിച്ചു.
അതോടെ അയാളിലെ കീചകനുണർന്നു.
നിങ്ങൾ ഓർഡർ ചെയ്തതിനനുസരിച്ചല്ലേ കൊറിയൻ അയച്ചത്.നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും ഇവിടെ റെക്കോർഡഡ് ആണ്.ഇതു കേട്ട ഭാര്യക്ക് ചൂടായി.
പത്തു പതിനഞ്ച് കൊല്ലം ക്രിമിനൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വക്കീലിനെയാണോ നീ പേടിപ്പിക്കുന്നത്. താനയച്ചു തന്ന സാധനങ്ങൾ കൊറിയർ വഴി തിരിച്ചയക്കാമെന്ന് പറഞ്ഞത് എൻ്റെ നല്ല മനസ്സ് കൊണ്ടാ.ഇനി നിനക്ക് നിൻ്റെ സാധനം എൻ്റെ വീട്ടിൽ വന്ന് എടുത്തോണ്ടു പോവാം.
എന്നും പറഞ്ഞ് ഭാര്യ ഫോൺ കട്ട് ചെയ്തു.അങ്ങനെ ആ എപ്പിസോഡ് അവസാനിച്ചു….
ബൈജുവിൻ്റെ സാധനങ്ങൾ തിരിച്ചെടുക്കാൻ ബൈജുവോ കൂട്ടുകാരോ വന്നില്ലെന്ന് മാത്രമല്ല ആരും അന്വേഷിച്ചത് കൂടിയില്ല.
അങ്ങനെ ആ കവർ അലമാരമായുടെ മുകളിൽ നിത്യ നിദ്രയിലായി.കോടികളുടെ ബിസിനസ്സ് നടത്തുന്ന ആളുകളല്ലേ, അവർക്കിതൊക്കെ നിസാരമായിരിക്കും. എന്ന് ഒരു വേള ഞാനും മനസ്സിലുറപ്പിച്ചു.മാസങ്ങൾ കടന്നു പോയി.പണത്തിന് അത്യാവശ്വങ്ങൾ കൂടി വന്നതോടെ ഭാര്യയുടെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിലെ മിനിമം ബാലൻസ് നെല്ലിപ്പടി കണ്ടു തുടങ്ങി.പഞ്ചാബ് നാഷണൽ ബാങ്കിനപറ്റി ഈ അവസരത്തിൻ പറയാ തിരിക്കുക വയ്യ.
അവരിപ്പോഴും നെടുങ്ങാടി ബാങ്കിൻ്റേയും അപ്പു നെടുങ്ങാടി യുടെയും മധുര സ്മരണകളിലാണ്. ആധുനിക സൗകര്യങ്ങളൊന്നുമില്ല.
ബാങ്ക് വീട്ടിൽ നിന്നും പോണ വഴിക്കാണെന്നതു മാത്രമാണ് ഏക സൗകര്യം.അക്കൗണ്ടിൽ ബാലൻസ് കുറഞ്ഞപ്പോഴാണ് ഭാര്യ ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ മാസവും 2500 രൂപ വീതം ബജാജ് ഫിനാൻസ് എക്കൗണ്ടിൽ നിന്ന് കഴിഞ്ഞ 11 മാസമായി കൊണ്ടു പോവുന്നുണ്ട്. ഞാൻ ബജാബിൽ നിന്ന് ലോണൊന്നുമെടുത്തിട്ടില്ലല്ലോ?!!!
ഭാര്യക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.അവസാനം ബബാജ് ഫിനാൻസിലേക്ക് വിളിച്ചു.അപ്പോഴാണ് ബൈജു ഓളെ പറ്റിച്ച കാര്യം ഓൾക്ക് മനസ്സിലായത് !!
അതോടെ എന്നെ വിളിച്ച് കാര്യം പറഞ്ഞു.ഞാനും ഭാര്യയും കൂടി ബജാബിൻ്റെ അഡ്രസ്സ് തപ്പിപ്പാടിച്ചു. ഇഗ്ലീഷ് പള്ളിയിലാണ് മെയ്ൻ ഓഫീസ്.അവിടേക്ക് കയറിച്ചെന്നു..ഒരു ഉത്സവത്തിനുള്ള ആൾ കെട്ടിക്കിടക്കുന്നു. ഓഫീസിൻ്റെ മുറ്റത്തു നിറയെ ബൈക്കിൻ കൂട്ടങ്ങൾ.എല്ലാ കോർപ്പറേറ്റ് ഓഫീസും പോലെ പുറത്ത് ഒരു റിസപ്ഷനിഷ്റ്റ്മാത്രം.ഞാൻ കാര്യം പറഞ്ഞു.അപ്പോയ്ൻറ്മെൻ്റിന് ടോക്കൺ എടുത്ത് വെയ്റ്റ് ചെയ്യണമത്രേ!!
എൻ്റെ പണം ബാങ്കിൽ നിന്നെടുക്കാൻ നിങ്ങൾക്ക് ടോക്കൻ്റെ ആവശ്യമില്ലായിരുന്നല്ലോ ??ഞങ്ങളുടെ സ്വരം കടുത്തതോടെ വലിയ സാറ് പുറത്ത് വന്നു. അദ്ധേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അവർ ഭാര്യയുടെ പേരിൽ 30,000/- രൂപ ലോൺ സംഖ്യ ബൈജുവിന് നൽകിയിട്ടുണ്ടത്രേ !!അതിന് ഭാര്യ ഒരു കടലാസിലും ഒപ്പിട്ടിട്ടില്ലല്ലോ ?ഞാൻ ചോദിച്ചു.ഭാര്യയുടെ ഫോണിലേക്ക് ഒരു OTP നമ്പ്ര് അയച്ചിരുന്നെന്നും അത് കൺഫേം ചെയ്തിൻ്റെ അടിസ്ഥാനത്തിലാണ് ലോൺ പാസാക്കിയതെന്നും അയാൾ പറഞ്ഞു.ഈ കാര്യത്തിൽ ഞങ്ങൾക്ക് ഇവിടെ നിന്നും ഒന്നും ചെയ്യാൻ പറ്റില്ല.വീണ്ടും ബൈജുവിൽ വിളിച്ചു.
യാതൊരു മറുപടിയുമില്ല.യാതൊരു ഉപകാരവുമില്ലാതെ മുപ്പതിനായിരം രൂപ സ്വാഹ.ഇതാണ് വേണ്ടാത്ത കാര്യങ്ങൾ ചെയ്യരുതെന്ന് പറയുന്നത്. ഞാൻ ഭാര്യയെ ചീത്ത പറഞ്ഞു.ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഉറപ്പിക്കണം..നേരേ നടക്കാവ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. പക്ഷേ വലിയ ഫലം കണ്ടില്ല.ബജാജുകാരൻ ഹാജരായി അവരുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ബൈജുവോ ചേട്ടന്മാരോ വന്നതുമില്ല.ബൈജുവിനെ കിട്ടാതെ പണി നടക്കില്ല എന്ന് സർക്കിൾ ഇൻസ്പെക്ടർ തീർത്തു പറഞ്ഞു.
ബൈജുവിൻ്റെ ആരേലും കിട്ടിയാൽ പോരെ?
ഞാൻ ചോദിച്ചു.
മതി… ഇൻസ്പെക്ടർ ഉറപ്പു നൽകി.
അത് ഞാൻ ശരിയാക്കാം..!
എങ്ങനെ ആളെ കൊണ്ടുവരും
സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ ഭാര്യ ചോദിച്ചു.
അതിനാക്കെ വഴിയുണ്ട്.
ഞാൻ ബൈജുവിൻ്റെ ആപ്പിൽ കയറി മോന് വേണ്ടി ഒരു അപ്പോയ്ന്മെൻ്റ് ബുക്ക് ചെയ്തു.അവരാ ചൂണ്ടയിൽ കൊത്തി. നിരന്തര സംഭാഷണങ്ങൾ മാർക്കറ്റിംഗ് തന്ത്രങ്ങൾ. അവസാനം മോന് ഡെമോ കാണിക്കാൻ ബൈജുവിൻ്റ ബന്ധു വൈകിട്ട് 3.30ന് ഓഫീസിൽ വരാമെന്നേറ്റു.ഈ കാര്യങ്ങൾ ഞങ്ങൾ പോലീസിലറിയിച്ചു.
ആൾ എത്തിയാൽ അറിയിക്കണമെന്നും പോലീസ് ജീപ്പിൽ ആളെ സ്റ്റേഷനിലേക്ക് കൊണ്ടുവരാമെന്നും തീരുമാനിച്ചു.അങ്ങിനെ ആളെത്തി. സുമുഖൻ, സുന്ദരൻ, എൻ്റെ ഭാഷയിൽ അറവു മാട്.പുറത്ത് നല്ല മഴയുണ്ട്..ആളെത്തിയ കാര്യം പോലീസിൽ വിളിച്ചു പറഞ്ഞു. പോലീസ് ജീപ്പ് പുറപ്പെട്ടു. ഒരു പതിനഞ്ചു മിനിറ്റ് ഇയാളെ ഓഫീസിൽ പിടിച്ചിരുത്തണം.എങ്ങാനും അയാൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ പിടിച്ചു വെക്കാൻ ആൾക്കാരേയും ഞാൻ നേരത്തേ ഏർപ്പാട് ചെയ്തിരുന്നു.
മോൻ എവിടെ?
വന്നയാൾ ചോദിച്ചു.
മോൻ്റെ ക്ലാസ് കഴിഞ്ഞ് ഇപ്പോ എത്തും.കൂടിയാൽ പത്തു മിനിറ്റ്.
ഓകെ സർ !
അതിനിടെ ഞാൻ അയാളുടെ വിത്തും വേരും മനസ്സിലാക്കി.
ആൾ പഞ്ചപാവമാണ്. പക്ഷേ എന്തു ചെയ്യാം..
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്നാണല്ലോ.
അതിനിടെ ഞാൻ ഒരു രസികൻ ചോദ്യം ചോദിച്ചു.. ഇത്രേം വല്ല്യ മൾട്ടി നാഷണൽ കമ്പനിക്ക് ആരെങ്കിലും ബൈജൂന്ന് പേരിടാമോ..
അത് അയാൾക്കും രസിച്ചു.
പുള്ളിക്കാരൻ്റെ പേര് തന്നല്ലേ കമ്പനിക്ക്..?
എന്നാലും ഇത്ര വലിയ ഒരു മനുഷ്യന് ബൈജൂന്ന് പേരിട്ട മാതാപിതാക്കളെ സമ്മതിക്കണം.
സംഭാഷണം നീണ്ടു പോകവെ മകനെത്തി (പോലീസ്).
എക്സിക്യുട്ടീവിന് ഒന്നും മനസ്സിലായില്ല.
യൂണിഫോമണിഞ്ഞ പോലീസുകാനെ കണ്ട അയാൾ എന്നോട് ചോദിച്ചു.
എന്താ സംഭവം?
നിങ്ങൾ എൻ്റെ കൂടെ വരണം .
പോലീസുകാരൻ അയാളോട് പറഞ്ഞു.
വരാം സർ അയാൾ സമ്മതിച്ചു.
അങ്ങനെ മുമ്പിൽ പോലീസ് ജീപ്പും പിന്നിൽ എൻ്റെ കാറും പോലീസ് സ്റ്റേഷനിലെത്തി.പോലീസുകാരൻ കാര്യങ്ങൾ ചോദിക്കുമ്പോഴേക്കും ബൈജുവിൻ്റ മൂത്ത ചേട്ടന്മാർ സ്റ്റേഷനിലെത്തി..ഒരു മാതിരി മുടിയും വസ്ത്രങ്ങളും ധരിച്ച രണ്ടു മൂന്നെണ്ണം. ആളുകളുടെ ധനം കഴിച്ചാണോന്നറിയില്ല, അവരുടെ ശരീരത്തിന് നല്ല മുഴുപ്പും മിനുപ്പുമായിരുന്നു.ആദ്യം കുറച്ച് ന്യായീകരണങ്ങൾ നിരത്തിയെങ്കിലും അധികം വാദിച്ചില്ല.
കാരണം പോലീസിൻ്റെ ഇടപെടൽ അത്ര ശക്തമായിരുന്നു. ബൈജുവിൻ്റെ ആപ്പ് വാങ്ങി ആപ്പിലായ പല ഉദ്യോഗസ്ഥരും ആ കൂട്ടത്തിലുണ്ടായിരുന്നു.
അവസാനം തീരുമാനത്തിലെത്തി.മുപ്പതിനായിരം രൂപ അപ്പോ തന്നെ ബൈജു ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.ബജാജിനുള്ള ഒരടവ് കൂടി ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് കുറവ് ചെയ്യും.ഹാവൂ..നഷ്ടപ്പെട്ടെന്നു കരുതിയ പണം തിരികെ കിട്ടിയിരിക്കുന്നു.കൊറിയറിൽ വന്ന ബാഗ് വീട്ടിലുണ്ട്. തിരിച്ചെടുക്കാൻ ആളെ അയച്ചാൽ മതി. ഞാൻ പറഞ്ഞു.അത് തിരികെ വേണ്ട .നിങ്ങളെടുത്തോളൂ.ബൈജുവിൻ്റെ ചേട്ടൻ ഭവ്യതയോടെ പറഞ്ഞു.
ശരി..തട്ടിപ്പിന് എന്തെങ്കിലുമൊരു ലാഭം വേണ്ടേ? !!പോലീസുകാരോട് നന്ദി പറഞ്ഞ് സ്റ്റേഷനു പുറത്തിറങ്ങി.പിന്നീടൊരിക്കലും ഭാര്യ ഒരു ആപ്പിലും പെട്ടില്ല. മകൾ ഒരു ആപ്പിൻ്റേയും സഹായമില്ലാതെ പത്താം ക്ലാസിൽ ഉന്നത വിജയം നേടുകയും ചെയ്തു. അല്ലേലും ആപ്പ് പോയിട്ട് ട്യൂഷൻ പോലും നമ്മൾക്ക് കിട്ടിയിട്ടില്ല. പിന്നാ… അവൻ്റൊരു കോപ്പ്…!🙋
(ശുഭം)
****
Arshad Vm
ഈ സ്റ്റാർട്ട്അപ്പിന്റെ മൂല്യം 1,20,832.47 കോടിയിലെത്തി എന്നതാണ് പുതിയ വാർത്ത. ശ്രദ്ധയില്‍ പെട്ട മൂന്നു കാര്യങ്ങളുണ്ട്, ഒന്ന്, നാല് വര്‍ഷം മുന്‍പ് മക്കള്‍ക്ക് വേണ്ടി ബൈജൂസ് ആപ്പ് എടുത്തിരുന്നു. അതിലെ ക്വിസ് പ്രോഗ്രാം ഉറക്കമൊഴിച്ച് രണ്ടുപേരുംകൂടി രണ്ടാഴ്ച ഉപയോഗിച്ചു. ലോകത്തിലെ മുക്കിലും മൂലയിൽ നിന്നുമുള്ള കുട്ടികളോടൊപ്പം ക്വിസ്സിൽ പങ്കെടുക്കുക എന്നത് തുടക്കത്തിൽ അത്യുത്സാഹമായിരുന്നു. എന്നാൽ രക്ഷിതാക്കൾ മക്കളുടെ പിന്നാലെ നടന്നാലല്ലാതെ ഏതെങ്കിലും കുട്ടികള്‍ നീണ്ട ഒരു വർഷത്തേക്ക് ബൈജൂസ് ആപ്പ് തുടര്‍ച്ചയായി ഉപയോഗിക്കുമെന്ന് തോന്നുന്നില്ല. 35,000 രൂപ ഒരു കുട്ടിക്ക് പറഞ്ഞത് നെഗോഷിയേഷൻ ചെയ്തപ്പോൾ 16,500 രൂപയ്ക്ക് കിട്ടിയിരുന്നു (ഇത്രയും ഡിസ്‌കൗണ്ട് ഇപ്പോൾ കിട്ടാറില്ല എന്നതാണ് പുതിയ വിവരം). ഡിസ്‌കൗണ്ടോടെ എനിക്ക് കിട്ടിയതും ഡിസ്‌കൗണ്ട് ഇല്ലാതെ എന്റെ സുഹൃത്ത് എടുത്ത ആപ്പും തമ്മിൽ സസൂക്ഷ്മം പരിശോധിച്ചിട്ടും യാതൊരു വ്യത്യാസവും കണ്ടില്ല. എന്റെ മക്കൾക്ക് തുടക്കത്തില്‍ രണ്ടു മാസങ്ങളില്‍ വലിയ ആവേശമുണ്ടായിരുന്നു. ബാക്കിയുള്ള പത്ത് മാസങ്ങൾ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാൻ മാത്രം ഞാൻ ബഹളം വെയ്ക്കുമ്പോൾ എടുത്തു നോക്കിയിട്ടുണ്ട്. മാത്‍സ് ടീച്ചറായ എന്റെ കെട്ട്യോൾ മക്കളുടെ കൂടെ കണ്ണിലെണ്ണയൊഴിച്ച് കൂടെ ഇരിക്കാത്ത സ്വഭാവമായത് കൊണ്ട് ആദ്യത്തെ ആഴ്ച്ചയിൽ തന്നെ പറഞ്ഞിരുന്നു ഇത് തുടർന്ന് പോകില്ല എന്ന്.
രണ്ട്, താരതമ്യേന ബൈജൂസ് നല്‍കുന്ന സേവനവും ഇതേ സേവനം നൽകുന്ന മറ്റു മാര്‍ഗങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ ചെലവേറിയതാണ്. അതിനു മാത്രം എന്തെങ്കിലും എക്സ്ട്രാ ടെക്നോളജി ബൈജൂസ് ആപ്പ് നല്‍കുന്നുണ്ടെന്ന് തോന്നിയിട്ടില്ല. റിവിഷൻ ചെയ്യാൻ ടെക്‌നോളജിയെ കുറിച്ച് താൽപര്യമുള്ള രക്ഷിതാക്കൾ കൂടെയുണ്ടെങ്കിൽ സ്‌കൂളിന് ശേഷം ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ട്യൂഷന് പോകുന്നതിനേക്കാൾ ബൈജൂസ് ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. അതായത് മക്കളുടെ കൂടെ കൂട്ടിനിരിക്കുന്ന രക്ഷിതാക്കളല്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല.
മൂന്ന്, നിരന്തരം ആയിരക്കണക്കിന് കോടിയുടെ സാമ്പത്തിക വളര്‍ച്ച ബൈജൂസ് ആപ്പിൽ കാണിക്കുന്നുണ്ട്. ഇതൊരു ഹൈപ്പ് ആകാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇതൊരു ഊതി വീര്‍പ്പിച്ചു കൊണ്ടിരിക്കുന്ന ബലൂണായിരിക്കാനും സാധ്യതയുണ്ട്. എന്തായാലും ബൈജൂസ് ആപ്പ് പബ്ലിക് ഷെയർ മാർക്കറ്റിൽ ലഭ്യമാകുക ഏപ്രിൽ 2023 ന് മുൻപായിരിക്കും എന്നതാണ് ഏറ്റവും പുതിയ വിവരം. നിലവിൽ പ്രൈവറ്റ് മുതലാളിമാരും കൺവെർട്ടബിൾ ഡിബഞ്ചേഴ്‌സ് വഴിയുമാണ് നിക്ഷേപ തുക വളരുന്നത്. പബ്ലിക്കിന്റെ കാശ് പോകാൻ സമയമായിട്ടില്ല. മൊത്തത്തിൽ പറഞ്ഞാൽ കുട്ടികൾക്ക് പാഠങ്ങൾ എളുപ്പത്തിൽ മനസ്സിലാകാൻ നിരവധി ചെപ്പടിവിദ്യകൾ ബൈജൂസ് ആപ്പിലുണ്ട്.
***
K A Mohiyadeen Ka
(പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക)
ഞാൻ പെട്ട ചതിയിൽ നിങ്ങൾ വീഴാതിരിക്കട്ടെ.
ഇത് എൻെറ അനുഭവമാണ് . ഇനി ആരും ഈ ചതിയിൽ പെടാതിരിക്കട്ടെ. അതിനായി ഈ കുറിപ്പ് അല്പം വലുതായാലും, എല്ലാവരും വായിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക.
മനോരമ പത്രത്തിൽ വന്ന ഒരു ഫുൾ പേജ് പരസ്യമാണ് ഈ ഒരു കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത് .
2018 മെയ് മാസത്തിലാണ് ഞാൻ ഹൗസ് ഡ്രൈവറായി കുവൈറ്റിലേക്ക് ജോലിയ്ക്ക് പോവുന്നത്. അപ്പോൾ എൻെറ കയ്യിലുള്ള ടച്ച് ഫോൺ ഞാൻ കൊണ്ടു പോന്നു. വീട്ടിൽ ഉണ്ടായിരുന്നത് ഒരു പഴയ നോക്കിയയുടെ കീപാഡ് ഫോണായിരുന്നു . ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ വീട്ടീൽ ഒരു ഫോൺ വാങ്ങി. വീട്ടുകാരുടെ അശ്രദ്ധ മൂലമോ മറ്റോ, 8-ാം ക്ലാസ്സിൽ പഠിക്കുന്ന എൻെറ മകൻ ആ ഫോണിൽ പഠനസഹായത്തിനായി “ബൈജൂസ് ” ആപ്പ് ഡൗൺലോട് ചെയ്തു . അത് ഒരു ട്രൈലർ വെർഷൻ ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും എന്നെ വിളിച്ച് പറഞ്ഞു ബൈജൂസിൽ നിന്നും വിളിച്ചിരുന്നു അവർ മകനെ ടെസ്റ്റ് ചെയ്യാൻ വരുമെന്നും, എൻെറ നന്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിക്കുമെന്നും പറഞ്ഞു. എനിക്കാണെങ്ങിൽ ഒന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചത് ആരാണ് ഈ ബൈജൂസ് അവർ എന്തിനാണ് 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ടെസ്റ്റ് ചൊയ്യുന്നത് . ഭാര്യ പറഞ്ഞത് അവർ വിളിക്കും അപ്പോൾ എല്ലാം വിശദമായി പറയും. ഭർത്താവിനോട് ചോദിക്കാതെ പറ്റില്ലാന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു.
കൂറേ കഴിഞ്ഞ് എനിക്ക് ഒരു വാട്സാപ്പ് കോൾ വന്നു. ആദ്യം തന്നെ പറഞ്ഞു ഞാൻ ഷെറിൻ, ബൈജൂസിൽ നിന്നാണ് .
ഞാൻ – ഒകെ
ഷെറിൻ ബൈജൂസ് – നിങ്ങളുടെ കുട്ടിയെ ഒന്ന് ടെസ്റ്റ് ചെയ്യണം.
ഞാൻ- ആരാണ് , എന്താണ് ഈ ബൈജൂസ് ? എന്തിനാണ് എൻെറ കുട്ടിയെ നിങ്ങൾ ടെസ്റ്റ് ചെയ്യുന്നത് ?
ഷെറിൻ – ബൈജൂസ് ഒരു എജുകേഷൻ ട്യൂഷൻApp company . നിങ്ങളുടെ കുട്ടി ട്രൈലർ വെർഷൻ ഉപയോഗിച്ചിരുന്നു. അതിൽ അവൻ നല്ല പെർഫോമൻസ് കാഴ്ച്ച വെച്ചിട്ടുണ്ട് . അതാണ് ടെസ്റ്റ് ചെയ്യുന്നത് .
ഞാൻ- അങ്ങിനെ ഒരാപ്പിനെ പറ്റി എനിക്ക് അറിവില്ല. ഞാൻ വാങ്ങി കൊടുത്തിട്ടുമില്ല.
ഷെറിൻ – അത് നെറ്റിൽ നിന്നും ഇൻസ്റ്റാൾ ചെയ്തതാണ് .
ഞാൻ -ഈ ടെസ്റ്റ് ചെയ്യുന്നതിന് എന്താണ് ഞാൻ ചെയ്യേണ്ടത് ? അതുകൊണ്ടുള്ള ഗുണം?
ഷെറിൻ- നിങ്ങൾ ടെസ്റ്റിൻെറ കാര്യം കുട്ടിയെ അറിയിക്കരുത് . അവൻ 80%മാർക്ക് വാങ്ങിയാൽ ഞങ്ങൾ സ്കോളർഷിപ്പ് കൊടുക്കും. അത് ടാലൻറ്റ് ആയിട്ടുള്ള കുട്ടികൾക്കെ കൊടുക്കുകയുള്ളൂ.
കുട്ടിയുടെ പഠനകാര്യമായതിനാൽ ഞാനും സമ്മതിച്ചു.
പിറ്റേദിവസം വൈകീട്ട് രണ്ട് പേർ( ഒന്ന് ഷെറിൻ തൃപ്പൂണിതുറ ഉള്ളയാളാണ് ) വീട്ടിൽ വന്ന് കുട്ടിയോട് കുറെ ചോദ്യങ്ങൾ ചോദിച്ചു. അത് കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞൂ . നിങ്ങളുടെ കുട്ടി നല്ല കഴിവുള്ള കുട്ടിയാണ് . അതുകൊണ്ട് സ്കോളഷിപ്പ് കിട്ടും എങ്ങിനെ എന്ന ചോദ്യത്തിന് അവർ പറഞ്ഞത് “ബൈജൂസ് ആപ്പ് ഉപയോഗിക്കുക ഒരു വർഷത്തേക്ക് 33000രുപ വരും. നിങ്ങൾ സ്കോളർ ഷിപ്പ് കിട്ടിയത് കൊണ്ട് 3 വർഷത്തേക്ക് നാല് വിഷയങ്ങൾ (8,9,10 എന്നീ ക്ലാസ്സുകളിലെ ബയോളജീ, ഫിസിക്ക്സ് ,കെമെസ്ട്രി , മാക്സ്) 45,000/= രുപ വരുകയുള്ളു,” അത് വേണ്ട എന്ന എൻെറ മറുപടിക്ക് അവർ പറഞ്ഞത് . നിങ്ങൾ ഈ പൈസ ഒരു വർഷം കൊണ്ട് അടച്ചാൽ മതി , ഒരു ടാബ് തരും അപ്പോൾ 4500 രുപ കൊടുക്കണം ബാക്കി മാസം 3375/=രൂപ വെച്ച് അടച്ചാൽ മതി. എന്താ ഇതിൻെറ ഗുണം എന്ന എൻെറ ചോദ്യത്തിന് തന്ന മറുപടി . ടാബിൽ സിലബസ് ഉണ്ടാകും , കുട്ടിക്ക് രസകരമായി പഠിക്കാം, ഒരു ടീച്ചർ രാവിലെ 8 മണിമുതൽ രാത്രി 8 വരെ കുട്ടിയോടൊപ്പം ഒാൺ ലൈനിൽ ഉണ്ടാവും എന്ത് സംശയവും കുട്ടിക്ക് ചോദിക്കാം അപ്പോൾ തന്നെ ടീച്ചർ അത് തീർത്ത് കൊടുക്കും, പിന്നെ ഇത് ഉപയോഗിച്ചിട്ട് നിങ്ങൾക്ക് പറ്റുന്നില്ലെങ്ങിൽ 15 ദിവസിത്തിനകം ക്യാൻസൽ ചെയ്താൽ 100% റീഫണ്ട് നൽകും , അതിന് ശേഷമാണെങ്കിൽ അടച്ച ക്യാഷ് പോകും.
ആലോജിച്ചിട്ട് പറയാം എന്ന എൻെറ മറുപടിക്ക് അവർ പറഞ്ഞത് , അത് പറ്റില്ല ഇപ്പോൾ തന്നെ പറയണം . കാരണം ഞങ്ങൾ അല്ല ഒാൺലൈനിൽ സാറൻ മാരുണ്ട് , അവർ നോക്കി കൊണ്ടിരിക്കുകയാണ് . നിങ്ങൾ മറ്റ് കുട്ടികളോട് ചോദിക്കിനാണെങ്കിൽ ചിലപ്പോർ അവർക്ക് ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ കുട്ടിക്ക് കഴിയും .അത് പോലെ തിരിച്ചും. മാത്രമല്ല ഇന്ന് തന്നെ പറഞ്ഞാലെ ഈ സ്കീമിൽ പൊടുത്താൻ പറ്റുകയുള്ളു . അല്ലെങ്ങിൽ സാധാ സ്കീം അതായത് ഒരുവർഷത്തേക്ക് 33000 രുപ. വീണ്ടും പറഞ്ഞു നിങ്ങൾക്ക് എപ്പോൾ വേണ്ടെങ്ങിലും ക്യാൻസൽ ചെയ്യാമല്ലൊ പിന്നെന്താ കുഴപ്പം . എന്തായാലും എൻെറ സമയക്കുറവുമൂലവും, മകൻെറ ആവശ്യാർത്ഥവും, അവരുടെ വാക്ക് കേട്ട് (കുട്ടിയുടെ പഠിപ്പിന് വേണ്ടിയാണ്ണെല്ലോ എന്ന ചിന്തയിൽ) അതിന് സമ്മതിച്ചു. വൈഫിൻെറ ബാങ്ക് ടീറ്റയിൽ കൊടുത്തപ്പോൾ അതിൽ മിനിമ്മം ബാലൻസെ ഉള്ളൂ അതുകൊണ്ട് പറ്റില്ലാനും വേറെ അകൗണ്ട് നന്പർ കൊടുക്കാനും ആവശ്യപ്പെട്ടു. ഞാൻ കുവൈറ്റിലായത് കൊണ്ട് എൻെറ നന്പറും പറ്റില്ലാന്ന് പറഞ്ഞപ്പോൾ എൻെറ സുഹ്യത്ത് പട്ടത്ത് ഹമീദ്ക്കയോട് കാര്യം അവതരിപ്പിച്ചു. അദ്ദോഹം ഒരു കുട്ടിയുടെ പഠനകാര്യമല്ലെ എന്ന് പറഞ്ഞ് അദ്ദേഹത്തിൻെറ അകൗണ്ട് നന്പർനൽകി. കാര്യങ്ങൾ ഒകെയായി .
ടാബ് വന്നു . (അകൗണ്ട് ശരിയാകാഞ്ഞത് കൊണ്ട്. ടാബിൻെറ 4500 രൂപ നൽകിയത് ഷെറിൻ ആണ്. അത് കൊറിയർ ബോയിയുടെ കയ്യിൽ കൊടുത്താൽ മതി എന്ന് പറഞ്ഞത് അനുസരിച്ച് നമ്മൾ കൊടുത്തു)ടാബ് ഒാൺ ചെയ്തപ്പോൾ ഒാൺ ആകുന്നില്ല. പിന്നെ വിളിച്ച് പറഞ്ഞ് ഒരാൾ വന്ന് കുറേ നേരും പണിത് നോക്കി . ശരിയായില്ല . തിരിച്ചു കോണ്ട് പോയി . ഒരാഴ്ച്ച കഴിഞ്ഞ് വേറെ ടാബ് വന്നു . കുട്ടി പഠനവും തുടങ്ങി . പറഞ്ഞ പോലെ ക്യത്യമായി കാര്യങ്ങൾ മുന്നോട്ട് പോവുന്നു. ഒരു പയ്യനാണ് വിളിച്ചാൽ ഫോൺ എടുക്കുന്നത് . എന്ത് ചോദിച്ചാലും ക്യത്യമായി മറുപടിയും കിട്ടുന്നുണ്ട് .അവർ തന്നെ ഇടക്ക് നമ്മളെ വിളിക്കുന്നുമുണ്ട് . നമുക്ക് സന്തോഷമായി. മക്കളുടെ ഭാവിക്ക് വേണ്ടിയാണെല്ലൊ നമ്മൾ കഷ്ഠപ്പെടുന്നത് .അങ്ങിനെ അവർ പറഞ്ഞ 15 ദിവസം കഴിഞ്ഞു . ടീച്ചർമാറി. ഒരു ലേഡി വന്നു, അവർ കുട്ടിയോട് സംസാരിക്കുന്നത് തന്നെ ഭയങ്കര സ്റ്റയിലിൽ ആണ് . മാത്രമല്ല എന്ത് ചോദിച്ചാലും കുട്ടിയോട് ദേഷ്യപ്പെട്ട് അത് നീ നെറ്റിൽ നോക്കി പഠിക്കാൻ പറയും. ഇതിനിടെ ആദ്ധ്യത്തെ മെമ്മറി കാർഡ് മാറി. മറ്റൊന്ന് വന്നു. അതിൽ ബുക്കിലുള്ള സിലബസ് ഒന്നും ഇല്ല. അത് കുട്ടി പറഞ്ഞപ്പോഴും നെറ്റിൽ നോക്കി പഠിക്കാൻ മറുപടി കിട്ടൂം. ഇത് കോട്ട് മോൻ ചോദിച്ചൂ. മാഡം, അങ്ങിനെ നെറ്റിൽ നോക്കി പഠിക്കാനാണെങ്കിൽ എൻെറ വാപ്പ 45000 രൂപ ചിലവാക്കേണ്ട ആവശ്യമുണ്ടോ? നീ വെറുതെ പ്രശ്നമുണ്ടാക്കല്ലെ എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. മോൻ ഷെറിനെ വിളിച്ച് പരാതി പറഞ്ഞപ്പോൾ അവർ അങ്ങിനെ പറയാൻ പാടില്ലാല്ലോ, സംശയങ്ങൾ അവർ തീർത്ത് തരണമല്ലോ? ഞാൻ കംബ്ലയിൻറ്റ് ചെയ്യാം എന്നും പറഞ്ഞു. പിന്നെ ഷെറിൻ വിളിച്ച് പറഞ്ഞു ഞാൻ കംബ്ലയിൻറ്റ് മെയിൽ ചെയ്തിട്ടുണ്ട് . അവർ വിളിക്കും നിങ്ങൾ ഒട്ടും വിട്ട് കോടുക്കാതെ ശക്തമായി തന്നെ സംസാരിക്കുക എന്നും പറഞ്ഞു. അവർ വിളിച്ചില്ല .
ഞാൻ ഹമീദിക്കാനോട് പറഞ്ഞ് വിളിപ്പിച്ചു . മറ്റോരു ലേഡി ഫോൺ എടുത്തു. ഹമീദ്ക്ക കാര്യങ്ങൾ അവതരിപ്പിച്ചു. വളരെ മാന്യമായി അവരും സംസാരിച്ചു. മെമ്മറികാർഡിൻെറ കാര്യം പറഞ്ഞപ്പോൾ ടാബ് ഒാണാക്കാനും എന്നിട്ട് അവർ പറയുന്നത് പോലെ ചെയ്യാനും പറഞ്ഞു. ശരിയായില്ല . മെമ്മറി മാറിപോയി മാറ്റിത്തരാം എന്ന മറുപടി കിട്ടി. ടീച്ചറുടെ കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോൾ രെജിസ്റ്റർ ചെയ്യാം നാളെ വൈകീട്ട് ടീച്ചർ വിളിക്കും എന്നായിരുന്നു മറുപടി. അപ്പോൾ കുട്ടി പഠിച്ച് കൊണ്ടിരിക്കുന്പോൾ സംശയം വന്നാൽ നെറ്റിൽ നോക്കി പഠിക്കാൻ പറഞ്ഞാൽ ശരിയാകില്ലെല്ലോ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങൾ രെജിസ്റ്റർ ചെയ്യുക 3 ദിവസത്തിനുള്ളിൽ നിങ്ങളെ വിളിക്കും എന്നാണ് . ഇങ്ങനെ അല്ലാല്ലോ ആദ്ദ്യം പറഞ്ഞത് . മാത്രമല്ല ഒരു പോഷൻ പഠിച്ച് കൊണ്ടിരിക്കുന്പോൾ കുട്ടിക്ക് വരുന്ന സംശയം തീർക്കാൻ മൂന്ന് ദിവസം കാത്തിരിക്കുക ഇത് എവിടെത്തെ രീതിയാണ് ?അപ്പോൾ ബാക്കി പഠിക്കുന്നത് എങ്ങിനെ ? എന്ന ചോദ്യത്തിനും നെറ്റ് നോക്കി പഠിക്കാൻ മറുപടി വന്നു. ഇങ്ങിനെയാണെങ്ങിൽ ഞങ്ങൽക്ക് താല്പര്യമില്ല ക്യാൻസൽ ചെയ്യുക എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലാന്ന് മറുപടി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഞാൻ അന്വോഷിക്കട്ടെ എനിക്ക് അറിയില്ല എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി.
മാസങ്ങൾ കടന്ന് പോയി. മെമ്മറികാർഡ് വന്നു. ഒരു പയ്യൻ ഫോൺ ചെയ്തു . ഞാനാണ് ഇനി മകൻെറ സാറ് എന്നും, കുറച്ചായി ടാബ് ഉപയോഗിക്കാത്തത് എന്താണെന്നും ചോദിച്ചപ്പോൾ കാര്യങ്ങൾ വിശദമാക്കി.മെമ്മറി ഇപ്പോഴാണ് കിട്ടിയത് എന്നും പറഞ്ഞൂ. കുറച്ച് ദിവസം നല്ലപോലെ കാര്യങ്ങൾ നീങ്ങി. പിന്നെ പിന്നെ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല. ഇങ്ങോട്ട് ഒട്ട് വിളിക്കുന്നുമില്ല. അങ്ങിനെ ആഴ്ചകൾക്ക് ശേഷം വിളിച്ചപ്പോൾ കിട്ടി. നമ്മൾ അവരുടെ സർവീസിൽ ത്യപ്തരല്ല അത് ഒഴിവാക്കി തരാൻ ആവശ്യപ്പെട്ടൂ.പഴയ മറുപടി എനിക്ക് അറിയില്ല ഞാൻ അന്വോഷിച്ചിട്ട് പറയാം. ഇതിനിടെ മകൻെറ ക്യസ്തുമസ് പരിക്ഷ കഴിഞ്ഞൂ. ഒാണ പരീക്ഷക്കും അതിന് മുന്പും (അന്ന് ബൈജൂസ് ഒന്നും ഇല്ല) തനിയെ പഠിച്ച് എല്ലാ വിഷയത്തിനും തെറ്റില്ലാത്ത മാർക്കോടെ പാസായിരുന്ന കുട്ടി 4,5,7,9 മാർക്കുകളിലേക്ക് ചുരുങ്ങി. ടീർച്ചർമാർ വരെ എന്നെ ഫോണിൽ വിളിച്ച് വഴക്ക് പറയാൻ തുടങ്ങി. ബൈജൂസിൽ വിളിച്ച് ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടു, മോനോട് ടാബ് ഇനി ഒാണാക്കരുത് എന്നും ഞാൻ ആവശ്യപ്പെട്ടു. ജനുവരി വരെ 5 മാസം ഒരു മുടക്കവും കൂടാതെ 3375രുപ വെച്ച് ഞാൻ അടച്ചു. അവർ പറഞ്ഞത് ക്യാൻസൽ ചെയ്യാൻ പറ്റില്ല നിങ്ങളോട് അങ്ങിനെ പറഞ്ഞതിന് എന്താണ് തെളിവ് എന്നും നിങ്ങൾ ചെയ്യാൻ പറ്റുന്നത് പോലെ ചെയ്യ്തു കൊള്ളുക എന്ന മോശമായ രീതിയിലാണ് അവർ പ്രതികരിച്ചത് . പിന്നീട് ബൈജൂസോ ഷെറിനോ ഫോൺ എടുത്തിട്ടില്ല. ഒന്നര മാസം തുടർച്ചയായി ശ്രമിച്ചിട്ടും
ആരും ഫോൺ എടുത്തിട്ടില്ല, ഞാൻ പറഞ്ഞത് അനുസരിച്ച് ഹമീദ്ക്ക ബാങ്കിൽ പോയി മാനേജറോട് സംസാരിച്ച് ഒരു റികോസ്റ്റ് എഴുതി കൊടുത്തു.
ഫെബ്രുവരി 9-ാം തിയ്യതി അവർക്ക് പൈസ കട്ട് ചെയ്യാൻ കഴിഞ്ഞില്ല. നമ്മൾ ക്യാൻസൽ ചെയ്യാൻ പറഞ്ഞ് ബൈജൂസിന് മെയിലും അയച്ചിട്ടുണ്ട് . അപ്പോൾ മുതൽ ദിവസം 6,7 തവണ കാഷ് അടച്ചില്ലാന്ന് പറഞ്ഞ് വിളിക്കുന്നു. ഇപ്പോൾ അവരുടെ ഫോൺ വർക്ക് ചെയ്യുന്നുണ്ട് .നമ്മൾ ഒരു ഒന്നര മാസം വിളിച്ചപ്പോഴൊന്നും ആരും ഫോൺ എടുക്കില്ലായിരുന്നു. അതിന് മറുപടിയും പറഞ്ഞ് കൊണ്ടിരിക്കുന്നു, ഞങ്ങൾ നിങ്ങളുടെ സർവീസിൽ ത്യപ്തരല്ല, എല്ലാ കാര്യങ്ങളും ഒാരോ പ്രാവശ്യം വിളിക്കുന്നവരോടും വിശദീകരിക്കും. അവർ പറയുന്നത് അത് ഞങ്ങൾക്ക് അറിയില്ല ഞങ്ങൾക്ക് പൈസ കിട്ടിയാൽ മതി എന്നാണ് . ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ പൈസ അടക്കില്ല. ഇപ്പോൾ ബൈജൂസും ഇല്ല ഒന്നും ഇല്ല മാർച്ചിൽ എഴുതിയ പരീക്ഷകൾക്ക് തരക്കേടില്ലാത്ത മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് ടീച്ചറും അറിയിച്ചു.
അന്വോഷിച്ചപ്പോൾ ഇത് എടുത്ത 4,5 കുട്ടികളെ കിട്ടി അവരുടെ അവസ്ഥ ഇതു തന്നെ അവർ ഉപയോഗിക്കുന്നില്ല പൈസ അടച്ചു കൊണ്ടിരിക്കുന്നു, ഒരുപാട് ഇനിയും എഴുതാനുണ്ട് .
***
Kiran Thomas
എനിക്കൊരു ദിവസം ബൈജൂസ് ആപ്പില്‍ നിന്ന് ഒരു കോള്‍ വന്നു , എന്റെ മകള്‍ അവരുടെ ഏതോ ടെസ്റ്റ് എഴുതിയെന്നും അതില്‍ നിന്നും അവളെ അടുത്ത ലെവലിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതിനാല്‍ അടുത്ത റൌഡ് ഇവല്യുവേഷനായി അവരുടെ പ്രതിനിധി ബാഗ്ലൂരില്‍ നിന്നും വീട്ടിലേക്ക് വരുന്നുണ്ടെന്നും അറിയിച്ചു.മാതാപിതാക്കള്‍ക്ക് ഒപ്പമിരുന്നുള്ള അഭിമുഖമാണ് അടുത്തത്. അതും കൂടി പാസായാല്‍ ബൈജൂസ് ആപ്പ് വക സ്കോളര്‍ഷിപ്പിനവള്‍ അര്‍ഹയാകുമെന്നും പറഞ്ഞു
ഇവരെയും കാത്ത് പറഞ്ഞ സമയവും കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വെയിറ്റ് ചെയ്ത ശേഷം ഞാന്‍ പുറത്തേക്ക് പോയപ്പോള്‍ അവര്‍ എത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഫോണ്‍ വന്നു. 2000 രൂപ അവര്‍ ചോദിക്കുന്നു ഇപ്പോള്‍ തന്നെ കൊടുക്കണം അവളുടെ കൈയ്യില്‍ ആകെ 1000 രൂപയെ ഉള്ളൂന്നൊക്കെ പറഞ്ഞു. എന്താ സംഗതിന്ന് ചോദിച്ചപ്പോള്‍ സ്കോളര്‍ഷിപ്പെന്ന് പറഞ്ഞാല്‍ 60000 രൂപയുടെ ബൈജൂസ് ആപ്പിന്റെ സേവനങ്ങള്‍ക്ക് എന്തോ റിഡക്ഷന്‍ കൊടുക്കുന്നതാണത്രെ ഇപ്പോള്‍ തന്നെ 2000 രൂപയടച്ച് രജിസ്റ്റര്‍ ചെയ്യണം ബാക്കി 10000 രൂപ ഉടന്‍ അടക്കണം അപ്പോള്‍ അവര്‍ ടാബില്‍ ആപ്പ് ഒക്കെ ലോഡ് ചെയ്ത് തരും ഒരുമാസം ഇവാല്യുവേറ്റ് ചെയ്തിട്ടാകും സ്കോളര്‍ഷിപ്പ് തരിക എന്നൊക്കെപ്പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ നമുക്കും പിന്മാറാം പണം തിരികെ തരുമെന്നും പറഞ്ഞു.ആപ്പ് നല്ലതാണോ മോശമാണോ എന്നൊന്നും എനിക്കറിയില്ലെങ്കിലും ഇത്തരം അഗ്രസീവ് മാര്‍ക്കറ്റിങ്ങ് ഇറിറ്റേറ്റഡായി തോന്നിയതിനാല്‍ ഞാന്‍ സ്കോളര്‍ഷിപ്പ് വേണ്ടാന്ന് പറഞ്ഞു.
ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ബൈജൂസ് ആപ്പിന്റെ പരസ്യമാണ് യൂടുബിലും ഗെയിമിലും ഒക്കെ ബൈജൂസ് അപ്പ് മയം . സംഗതി നല്ലതായിരിക്കാം പക്ഷെ സ്കൂള്‍ വിദ്യാഭ്യാസ സഹായമൊക്കെ ഇങ്ങനെ വലിയ വിലയില്‍ അഗ്രസീവ് മാര്‍ക്കറ്റ് ചെയ്യുന്നതില്‍ എനിക്കെന്തൊ ഒരു എത്തിക്കല്‍ ഇഷ്യു തോന്നുന്നു .പ്രത്യേകിച്ച് ഖാന്‍ അക്കാഡമി ഒക്കെ ഒരു അഞ്ച് കൊല്ലത്തില്‍ അധികമായി ഉപയോഗിക്കുന്ന ആളെന്ന് നിലയില്‍ ബൈജൂസ് ആപ്പ് പോലെ ഉള്ള സേവനങ്ങള്‍ ഫ്രീ പ്ലാറ്റ് ഫോമില്‍ എല്ലാവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യുന്ന രീതിയില്‍ വേണമെന്നാണ് എന്റെ ആഗ്രഹം. സര്‍ക്കാരിന് പണമില്ലെങ്കില്‍ കമ്പനികളുടെ CSR ഫണ്ടുകളൊക്കെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഇത്തരം വാല്യു അഡീഷന്‍ സൌജന്യമായി കൊടുക്കുന്ന സംവിധാനം ഉണ്ടാകണമെന്നാണ് എന്റെ സ്വപ്നം .
***
6 വയസ്സുള്ള കുട്ടിക്ക് 60000 രൂപയുടെ ആപ്പ്.. ക്യാൻവാസിംഗ് അതിന്റെ ഏറ്റവും ഭീതിജനകമായ അവസ്ഥയിൽ.. ബൈജൂസ് ആപ്പിന്റെ കാര്യത്തിൽ സമാനമായ സംഭങ്ങൾ മുമ്പും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പലരോടും അതുപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പലപ്പോഴും പറഞ്ഞതുമാണ്.. എന്നിട്ടും ബോധം വരാത്തവർ ഇത് വായിക്കുക..
Nisha Subramanyan എഴുതുന്നു..
Byju’s app തട്ടിപ്പ്ന്റെ ക്യാൻവാസിംഗ് ആണോ?
ലോക്ക് ഡൌൺ സമയത്തും Byju’s learning app – Avanse വഴി EMI പലിശ പിരിക്കയാണോ? 🔪
ഇതിലെ ചില വീഡിയോകൾ ചെറിയ കുഞ്ഞുങ്ങളെ സംബന്ധിച്ചു ഭയപ്പെടുത്തുന്നതല്ലേ?
നിഷ സുബ്രമണ്യൻ എഴുതുന്നു.സമാന മായ അനുഭവം നിങ്ങൾക്കും ഉണ്ടങ്കിൽ പറയുക.
Typhoid പിടിച്ചു ബാംഗ്ലൂർ നിന്നും വണ്ടി കയറി കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വിശ്രമിക്കാൻ എത്തിയതായിരുന്നു ഞാൻ. മിനിട്ടുകൾ ഇടവിട്ടുള്ള നാട്ടിലെ മലയാളം ചാനലിൽ വരുന്ന biju’s app ന്റെ പരസ്യം കണ്ട് അതെന്താണെന്നു അറിയാനുള്ള താല്പപര്യം കാരണം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ എനിക്ക് maths പഠിക്കണം, അമ്മേ അമ്മേടെ ഫോണിൽ ഈ app downlord ചെയ്തുതാ അമ്മേ ! പരസ്യത്തിൽ കാണുന്ന പോലെ വേഗം എനിക്കും ആൻസർ പറയണം ഒന്നാം ക്ലാസ്സ് കാരന്റെ ആവേശം അത്ര തന്നെ. ഇത് കുഞ്ഞിന് ആവശ്യം ഇല്ലന്നുപറഞ്ഞിട്ടും കുട്ടിയുടെ ക്യുരിയോസിറ്റി app ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു, app ഫ്രീ ആണ് ആർക്കും ഇൻസ്റ്റാൾ ചെയ്യാം നിങ്ങളിൽ പലരും അത് ചെയ്തിട്ടും ഉണ്ടാകും, അതിലെ 4 th std മുതൽ question എല്ലാം ഗെയിം പോലെ ആൻസർ ചെയ്തു. ഇനി മതി അൺ ഇൻസ്റ്റാൾ ചെയ്യാം എന്ന് പറഞ്ഞു ഒഴിവാക്കി. മാത്രവുമല്ല ഈ ആപ്പ് നാലാം ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് ഉള്ളതാണ് എന്ന് അതിൽ സൂചിപ്പിച്ചിരുന്നു.
അതിനു ശേഷം biju’s app ൽ നിന്നാണെന്നും പറഞ്ഞു നിരന്തരം കാളുകൾ വന്നുകൊണ്ടിരുന്നു, കുട്ടി വെറും ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് എന്നും അവന് അത് ആവശ്യം ഇല്ലന്നും പറഞ്ഞൊഴിഞ്ഞു, ഞാൻ ഇവിടെ അല്ല താമസം ഉടനെ ബാംഗ്ലൂർ തിരിച്ചു പോകും അവിടെ ആണ് മോന്റെ സ്കൂൾ, സുഖമില്ലാതെ വന്നതാണെന്നും ഒക്കെ പറഞ്ഞിട്ടും, നാലാം ക്ലാസ്സ് മുതൽ കൊടുത്തു തുടങ്ങുന്ന ആപ്പ് ഒന്നാം ക്ലാസ്സ് കാരനെ പരിചയപ്പെടുത്താൻ വീട്ടിൽ വന്നോട്ടെ എന്ന് ചോദിച്ചു നിരന്തരം വിളിയായി. വേണ്ടാന്ന് എത്ര പറഞ്ഞിട്ടും ഒരു 5 മിനുട്ട് ഫ്രീ ആകുമോ mam ഇത് വാങ്ങേണ്ട, ഞാൻ ഒന്ന് വന്ന് ഡെമോ app പരിചയപെടുത്തട്ടെ മോൻ 1st std അല്ലെ അവർ ഇത് എങ്ങനെ ഇഷ്ട്ട പെടുന്നു എന്ന് നോക്കട്ടെ. എന്നൊക്കെ ആയി- ഫ്രീ demo അല്ലെ വന്നിട്ട് പോട്ടെ എന്നെ ഞാൻ കരുതിയുള്ളൂ. *
ഒരു കാറിൽ വന്നിറങ്ങിയ അവർ ഒരു ടാബിൽ കാർട്ടൂൺ വീഡിയോ ഓൺ ആക്കി വേഗം മോന്റെ കയ്യിൽ കൊടുത്തു, വേഗം ആൻസർ ചെയ്തു തിരിച്ചു കൊടുത്തകുട്ടിയുടെ മുന്നിൽ വച്ച് ,കണ്ടോ mam നിങ്ങളുടെ മകൻ മിടുക്കൻ ആണ് സാധാരണ കുട്ടികൾ ഈ പ്രായത്തിൽ ഇതിനോക്കെ 70%സ്കോർ ചെയ്യുള്ളു, നിങ്ങളുടെ മകൻ വിചാരിക്കാത്ത രീതിയിൽ ബ്രില്ലിയൻറ് ആണ് 100% അതും ഉയർന്ന ക്ലാസ്സിലെ ചോദ്യങ്ങൾക്കു ആൻസർ ചെയ്തിരിക്കുന്നു. നിങ്ങൾ ഇതുപോലെ ഒരു brilliant മകനെ കിട്ടിയതിൽ ലക്കി ആണ്, ഞാൻ 2nd ക്ലാസ്സിന്റെ ചോദ്യങ്ങൾ ആണ് കൊടുത്തത്, 6 വയസ്സുള്ള കുട്ടിയോട് ആയി പിന്നെ ക്യാൻവാസിംഗ് മോന് ഇത് ഇഷ്ട്ട പെട്ടല്ലേ മോൻ ഇനി ഇതിൽ നോക്കി പഠിക്കാം, ഇതിൽ ടീച്ചർ ഉണ്ട്, നല്ല കാർട്ടൂൺസ് ഉണ്ട്. ശരി എക്സിക്യൂട്ടീവ് ആയി app ക്യാൻവാസ് ചെയ്യാൻ വന്ന സുമുഖൻ ഒന്ന് പോയി തന്നെങ്കിൽ ഒന്ന് ഭക്ഷണം കഴിച്ചു ഉറങ്ങാമായിരുന്നു എന്ന് എന്റെ മനസ്സിൽ. *
മണി 2 1/2പിഎം ആയിട്ടും ക്യാൻവാസ് ചെയ്തു തീർന്നില്ല പോകുന്ന ലക്ഷണം ഇല്ല, എനിക്ക് ആണെങ്കിൽ ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നുവന്ന ക്ഷീണം.എങ്ങനെ എങ്കിലും ഇത് അടിച്ചേൽപ്പിച്ചിട്ടേ പോകു എന്ന മട്ടിൽ mam 60, 000 രൂപ ആണ് വില ഇന്ന് വാങ്ങിയാൽ മാമിനു ഓഫർ ഉണ്ട് ഒരു വർഷത്തേക്ക് 30,300 ആകുന്നുള്ളു. പിന്നീട് വാങ്ങാൻ ആണെങ്കിൽ 60, 000 ആണ്, ചിലപ്പോൾ അതിലും കൂടും. വർഷത്തിൽ 80, 000 rs യോളം സ്കൂൾ ഫീസ് കൊടുക്കുന്നുണ്ട് പുറമെ പുതിയ ഒരു ചിലവിനു താല്പര്യം ഇല്ല, സംസാരിക്കാനും വയ്യ എനിക്ക് ക്ഷീണം ഉണ്ട് എന്ന് ശഠിച്ചു പറഞ്ഞിട്ടും പോകാൻ ഒട്ടും കൂട്ടാക്കാതെ mam ന്റെ address എന്താ?
Mail id എന്താണ്? ഇതൊക്കെ ചോദിച്ചു തുടങ്ങി*
ഞാൻ ഇത് വാങ്ങാൻ പോണില്ലെന്നും ഇത്രേം തുക അടച്ച് 6 വയസ്സ് ഉള്ള കുട്ടിക്ക് ഇത് വാങ്ങേണ്ട ആവശ്യം എനിക്കില്ല എന്ന് ഞാൻ , മാസം തോറും ചെറിയ തുക അടച്ചാൽ മതി, അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ നിങ്ങടെ ബാങ്കിൽ നിന്നും അത് മാസം തോറും ഡിഡക്റ്റ് ആയിക്കൊള്ളും ഇതുകൊണ്ട് നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും വരില്ല, മാസം തോറും അടക്കാൻ അക്കൗണ്ടിൽ ചിലപ്പോൾ cash ഇല്ലെങ്കിലോ? എന്ന എന്റെ ചോദ്യത്തിന് “അയ്യോ mam” എന്ന് പറഞ്ഞു കൊണ്ട് നിങ്ങള്ക്ക് വിശ്വസിക്കാം mam, mam അഥവാ ഒരു മാസം പേയ്‌മെന്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല byju’s company അതിനു വേണ്ടി ബാങ്കിൽ interest അടക്കുന്നുണ്ട് നിങ്ങളുടെ കയ്യിൽ നിന്നും ഈ പൈസ അല്ലാതെ ഒരു രൂപ പോലും mam ന് അധികം വരുത്തില്ല, mam ഏതായാലും ഞാൻ mam ന്റെ ഡീറ്റെയിൽസ് ഒക്കെ വാങ്ങി വെക്കാം.
വേണമെങ്കിൽ പിന്നെ പറഞ്ഞാൽ മതി, അതുകഴിഞ്ഞാൽ എങ്കിലും വീട്ടിൽ നിന്നും പോകുമെന്ന് കരുതി ഡീറ്റെയിൽസ് കൊടുത്തു ഞാൻ പറഞ്ഞു എനിക്ക് വേണമെങ്കിൽ ഞാൻ അവിടെ അന്വേഷിച്ചോളാം എന്ന് പറഞ്ഞിട്ടും, അയ്യോ mam വാങ്ങുന്നെങ്കിൽ എന്റെ കയ്യിന്നു വാങ്ങണം ഈ date തന്നെ വെക്കണം, ഞാൻ ആണ് ഇവിടെ വന്ന് ഡെമോ കാണിച്ചത്, ഇനി ഞാൻ ആണ് ഇത് പ്രൊവൈഡ് ചെയ്യേണ്ടത് mam ഇപ്പൊ ഏതായാലും ഇപ്പോ ഒരു 3,300 രൂപ മാത്രം അടച്ചാൽ മതി Tab വീട്ടിൽ അയച്ചു തരാൻ ഉള്ള down പേയ്‌മെന്റ് ആണ് , ഞാൻ cash കൊടുത്തില്ല ക്യാൻവാസ് ചെയ്തു തല വേദന കൂടി തല്ക്കാലം പോയിക്കിട്ടാൻ വേണ്ടി എന്റെ google pay error ആണ്, work ആകുന്നില്ല, net work ഇല്ല എന്നൊക്കെ പറഞ്ഞു. പിന്നീട് എപ്പോഴെങ്കിലും വേണ്ടി വന്നാൽ എന്ന് പറഞ്ഞുകൊണ്ട് എന്റെ കയ്യിൽ നിന്നും ആദ്യം അഡ്രസ്, പിന്നെ പാൻ കാർഡ് ന്റെ ഫോട്ടോ , പുള്ളി ചെയ്യാൻ പോകുന്നത് എന്താണെന്നു പറയുന്നില്ല … അക്കൗണ്ട് ഡീറ്റെയിൽസ്, ഒക്കെ വാങ്ങി അവസാനം ചെക്ക് ചോദിച്ചു. “കുരുക്ക് കൂടി വരിക ആണ് ” ഞാൻ ചെക്ക് കൊടുത്തില്ല , പിന്നീട് വേണമെങ്കിൽ ഈ ഡീറ്റെയിൽസ് മതിയാകും…. ബാക്കി ഡീറ്റെയിൽസ് ഒക്കെ ആയി കക്ഷി സ്ഥലം വിട്ടു. എനിക്ക് അകെ ടെൻഷൻ ആയി.
ഏതായാലും ജോയിൻ ആകണമെങ്കിൽ കയ്യിൽ കാശ് ആയിട്ട് 3, 300 രൂപ കൊടുക്കണമല്ലോ എനിക്ക് അത് വേണ്ട അത് കൊണ്ട് cash കൊടുത്തിട്ടില്ല.
ഞാൻ ബാംഗ്ലൂർ തിരിച്ചെത്തി വീണ്ടും നിരന്തരം വിളി തുടങ്ങി എനിക്ക് ഇവിടെ എത്തിയ ശേഷം ചില തിരക്കുകൾ ഉണ്ട് ഇതൊന്നും വാങ്ങാൻ പറ്റില്ല പിന്നീട് ആകട്ടെ എന്ന് പറഞ്ഞിട്ടും, നിരന്തരം ഫോൺ, whats app ചെയ്തു. join ചെയ്യുമ്പോൾകൊടുക്കേണ്ട 3, 300 രൂപ account ലേക്ക് ട്രാൻസ്ഫർ ചെയ്യാൻ അവശ്യ പെട്ടുകൊണ്ടിരുന്നു. ഇത് അടച്ചാലേ mam ന് Tab, ബുക്ക് ഒക്കെ അയച്ചു തരാൻ പറ്റുള്ളൂ (അടച്ചാലല്ലേ ഈ പാക്ക് വീട്ടിൽ വന്ന് ഇത് ബുദ്ധിമുട്ട് ആവുള്ളു അടച്ചു ഇത് വാങ്ങി വച്ചാൽ മാസം തോറും cash അടക്കണം ഒന്നാം ക്ലാസ്സ് കാരന് സ്കൂൾ ഫീസ് ന് മേലെ ഇതിനും കൂടി 30, 000 രൂപ കൊടുക്കാൻ കഴിയില്ല ) അതിനു മുൻപ് എന്റെ കയ്യിൽ നിന്നും തൽക്കാലത്തേക്ക് എന്ന് പറഞ്ഞ് വാങ്ങിയ ഡീറ്റെയിൽസ്, അക്കൗണ്ട് ഡീറ്റെയിൽസ് ഒക്കെ അവർ ബാങ്ക് മായി ലിങ്ക് ചെയ്തു. ഒഴിവാക്കാൻ ഞാൻ എന്റെ കയ്യിൽ കാശ് ഇല്ലെന്നു പറഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും…
ഒരു ദിവസം വൈകിട്ട് വീട്ടിൽ എത്തിയപ്പോ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും അവിടെ ഉള്ള ചേച്ചി എന്നെ വിളിച്ചിട്ട് നിഷയ്ക്ക് ഒരു കൊറിയർ ഉണ്ടെന്നു പറഞ്ഞു. നോക്കിയപ്പോൾ byju’s ന്റെ വലിയ ഒരു കിറ്റ്. കുട്ടിയെ കാണിക്കാതെ ഇത് തിരിച്ചു അയക്കാൻ വേണ്ടി ആ വീട്ടിൽ തന്നെ സൂക്ഷിച്ചു വെച്ചു. എനിക്ക് ഇത് റിട്ടേൺ ചെയ്യണം ഞാൻ cash അടക്കാതെ ആണ് എനിക്ക് ഇത് അവർ അയച്ചിരിക്കുന്നത് എന്ന് പറഞ്ഞ് എക്സിക്യൂട്ടീവ് നെ വിളിച്ചു, അപ്പോൾ അയാൾ ഇനി ഇത് cancel ചെയ്യാൻ പറ്റില്ല, (എല്ലാവരോടും ഇവർ വീടുകളിൽ വന്ന് പറയുന്നു എപ്പോ വേണമെങ്കിലും cancel ചെയ്യാം, cancel ചെയ്യാൻ അവശ്യ പെടുമ്പോൾ ഇനി പറ്റില്ല എന്നും മറുപടി). 15 ദിവത്തിനുള്ളിൽ cancel ചെയ്യാൻ കഴിയും എന്ന് എന്നോട് അപ്പൊ പറഞ്ഞില്ല, payment ഡിഡക്റ്റ് ആയില്ലെങ്കിൽ അധികം പൈസ ഈടാക്കും എന്ന് അപ്പോഴും പറഞ്ഞില്ല, എക്സിക്യൂട്ടീവ് – ഞാൻ details എല്ലാം അയച്ചു കഴിഞ്ഞു, ഞാൻ പറഞ്ഞു – നിങ്ങളോടല്ലേ പറഞ്ഞത് എനിക്ക് വേണമെങ്കിൽ ബാംഗ്ലൂർ ബ്രാഞ്ചിൽന്ന് വാങ്ങിക്കോളാം എന്ന്, അത് സാരമില്ല mam mam ന്റെ കയ്യിൽ ഉള്ളപ്പോൾ തന്നാൽ മതി,’ cash കൊടുക്കാതെ ‘അതെന്തു വ്യവസ്ഥ എനിക്ക് സംശയം ആയി.
രണ്ട് ദിവസം കഴിഞ്ഞു installation team വിളി തുടങ്ങി നിങ്ങൾ വാങ്ങി വെച്ചിരിക്കുന്ന app ഓപ്പൺ ചയ്യു എന്ന് പറഞ്ഞുകൊണ്ട്, അത് ഓപ്പൺ ചെയ്യുന്നില്ല തിരിച്ചു അയക്കണം, ഞാൻ cash കൊടുത്തിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഓപ്പൺ ചെയ്യാതെ എങ്ങനെ ആണ് തിരിച്ചു അയക്കുന്നത്. ഓപ്പൺ ചെയ്തിട്ട് cancel ചെയ്താൽ മതി, അവരോടു ക്യാൻസൽ ചെയ്യുന്നതിനെ കുറച്ചു പറയുമ്പോൾ ഞങ്ങൾ ക്യാന്സലേഷൻ tram അല്ല ഇതായിരുന്നു മറുപടി, അതിനെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല, കുട്ടിക്ക് ഇഷ്ട്ടം ആയില്ല എങ്കിൽ നിങ്ങൾ അത് കംപ്ലയിന്റ് പറയൂ, ഞാൻ just ഇൻസ്റ്റാൾ ചെയ്യുന്ന വിവരങ്ങൾ പറഞ്ഞ് തരാനാണ് വിളിക്കുന്നത്. നിങ്ങൾ അത് ഓപ്പൺ ചെയ്യൂ നിരവധി തവണ അവരും വിളിച്ചു mentor team. അങ്ങനെ ഒരു ദിവസം ഓപ്പൺ ചെയ്തു ഒരു വിധത്തിലും അത് തുടർന്ന് ഓപ്പൺ ചെയ്തു നോക്കാനും, കൂടെ ഇരുത്തി വീഡിയോ കാണിച്ചു കൊടുത്തു പഠിപ്പിക്കാനും ഉള്ള സമയം ഇല്ലാതിരുന്ന ഞാൻ സ്കൂളിൽ നിന്നും 3.30 ന് കുട്ടിയെ കൂട്ടി നേരെ business സ്ഥലത്തേക്ക് പോകുന്ന കുട്ടിയും ഞാനും രാത്രി 8 മണിക്ക് തിരിച്ചു വീട്ടിൽ എത്തി എന്റർടൈമെന്റ് ചെയ്തു അതിലുള്ളത് എന്താണെന്നു നോക്കിയില്ല പിന്നീട്, mentor പല തവണ വിളിക്കുമ്പോൾ ആണ് ഒരുതവണ എങ്കിലും ഞാൻ അപ്പോയ്ന്റ്മെന്റ് ടൈം fix ചെയ്തു മറുപടി കൊടുത്തിരുന്നതും. (അപ്പോഴേക്കും 15 ദിവസം കഴിയാറായി, വേണ്ടങ്കിൽ അതിനുള്ളിൽ തിരിച്ചു അയക്കണം എന്ന് അവരും പറഞ്ഞില്ല, ) അത് അപ്പോഴാണ് ഓപ്പൺ ചെയ്യാറുള്ളതും, english lesson ലുള്ള ഒരു വീഡിയോ കുട്ടികളെ ഭയപ്പെടുത്തുന്നതും, ഭയാനകവുമായ ചില കാർട്ടൂൺ ക്യാരക്ടർസ് ആണ്, ഇത് കണ്ടു പേടിച്ച ഒന്നാം ക്ലാസ്സ് കാരൻ ഇപ്പോൾ അത് ഓപ്പൺ ചെയ്യാൻ തന്നെ കൂട്ടാക്കുന്നില്ല. Nick ജൂനിയർ കണ്ടാൽ പേടി ആവില്ല അമ്മേ ഇതിന്റെ ശബ്ദം പേടി ആവുന്നു ഞെട്ടലോടെ ഓടി വന്ന് എന്നോട് പറഞ്ഞു. ഉപയോഗിച്ച് കൊണ്ടിരുന്നപ്പോൾ ഒച്ചത്തിൽ ഉള്ള കുഞ്ഞിന്റെ പേടിച്ച ശബ്ദം കേട്ടതും ഓർക്കുന്നു.
അവധി ദിവസം tv കാണാൻ സമയം ചിലവഴിച്ചാൽ പോലും byju’s ഓപ്പൺ ചെയ്യാൻ താല്പര്യം കാണിക്കാത്ത 6 വയസ്സ് കാരന് ഞാൻ മാനസിക സമ്മർദ്ദം ആണ് ബെജുസ് വഴി കൊടുക്കുന്നത് എന്ന് മനസിലായി . കളിക്കാൻ ആരും കൂട്ടില്ലാത്ത, രാത്രി വീട്ടിൽ വന്ന് കയറുന്ന അവന് അവധി സമയത്തു ഒരു സഹായം ആയിക്കോട്ടെ ഇത് എന്ന് cancel ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ പിന്നീട് വിചാരിച്ചു പോയി.
ഇപ്പൊ ഈ ലോകം മുഴുവൻ corona പീരീഡ് ൽ ഇരിക്കുമ്പോൾ പുതിയ പ്രശ്നം ഇത് EMI പ്രോസസ്സ് ആണ്, ഈ മാസത്തെ EMI നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ടെക്നിക്കൽ പ്രശ്നം കാരണം ഓട്ടോമാറ്റിക് dedect നടന്നിട്ടില്ല . cash ഞങ്ങൾ തരുന്ന അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണം, അടച്ചില്ലെങ്കില് interest എടുക്കും, ഞാൻ കേട്ടു ഞെട്ടി ഇതും കൊണ്ട് വീട്ടിൽ വന്ന ചെറുപ്പക്കാരൻ extra പേയ്‌മെന്റ് നെ കുറിച്ചോ, ഇതൊരു EMI processes ആണെന്നോ പറഞ്ഞിട്ടില്ല, ക്യാൻസൽ ചെയ്യണം എന്ന് അന്ന് അവശ്യ പെട്ടപ്പോൾ ഇനി പറ്റില്ല എന്നാണ് പറഞ്ഞത്. ഇതിൽ പെട്ട് പോയെന്നുള്ളതാണ് സത്യം. ഇപ്പോൾ കൊറോണ സമയം ബിസിനസ് ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ കാർക്കശ്യം കാണിച്ചു ദിവസവും ഫോൺ ചെയ്തു മാനസീക സമ്മർദ്ദം ഏൽപ്പിച്ചു പലിശയും ചേർത്തു കാശ് പിടിച്ചു വാങ്ങാൻ നോക്കുക ആണ് BYju’ app ചെയ്യുന്നത്. ഇങ്ങനെ ആയിരിക്കണം കോടികളുടെ ആസ്തിയിലേക്കു എത്തിയതും, ഇതിനു മുൻപ് ‘ biju prathapan ‘ ഇതിനെ കുറിച്ച് അവർക്കുണ്ടായ മോശം അനുഭവം പോസ്റ്റ് ചെയ്തതായും കണ്ണിൽ പെട്ടിട്ടുണ്ട്.
ശരിക്കും വീടുകൾ തോറും കയറി ഇറങ്ങി ക്യാൻവാസ് ചെയ്തു അടിച്ചേൽപ്പിക്കുന്ന ‘ എക്സിക്യൂട്ടീവ് ‘ ന് പോലും ഈ സത്യം അറിയില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. വീട്ടിൽ വന്ന എക്സിക്യൂട്ടീവ് എനിക്ക് ഒന്നും അറിയില്ലാരുന്നു എന്ന് വെക്തമായി വീണ്ടും വീണ്ടും പറയുന്ന call റെക്കോർഡ് എല്ലാം ഫോണിലും ഡ്രൈവിലും ഭദ്രമാണ്.
വീട്ടിൽ വന്ന ആളിന് ഇതിന്റെ പേയ്‌മെന്റ് രീതികളെ കുറിച്ച് വ്യക്തമാക്കിതരാനുള്ള ബാധ്യത ഇല്ലേ? അത് ആയാൾ ചെയ്തിട്ടില്ല, ഒരു മാസം അക്കൗണ്ട്ൽ cash ഇല്ലങ്കിൽ എന്താകും എന്ന് ചോദിച്ചതിന് ‘അയ്യോ mam ‘ നിങ്ങള്ക്ക് ഒരു രൂപ പോലും എക്സ്ട്രാ വരുന്നില്ല അങ്ങനെ അടക്കാൻ വൈകിയാൽ അത് കമ്പനി തന്നെ ആണ് അടക്കുന്നത് എന്ന്പറഞ്ഞ് എന്നെ ധരിപ്പിച്ച എക്സിക്യൂട്ടീവ് നെ വിളിച്ചു ബാങ്കിൽ നിന്നും വിളിച്ച കാര്യം അറിയിച്ചപ്പോൾ അങ്ങനെ ഒന്നുമില്ല mam, അങ്ങനെ പലിശ എടുക്കില്ല mam നെ ആരാ വിളിച്ചത് അവരോടു എന്നെ വിളിക്കാൻ പറ അല്ലങ്കിൽ ആ number തരൂ ഞാൻ അവരെ വിളിച്ചു പറഞ്ഞോളും call റെക്കോർഡ്, screen ഉൾപ്പെടെ അയച്ചു കൊടുത്തു മെയിൽ അയച്ചോളാം ഇനി ആരും വിളിച്ചു ശല്യം ചെയ്യാതെ നോക്കിക്കൊള്ളാം, കമ്പനിക്ക് മെയിൽ അയക്കുന്നുണ്ട് എന്ന് ഒക്കെ പറഞ്ഞിട്ട്. ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ മുതൽ അവർ നോക്കിക്കോളാം എന്ന് എന്നോട് ഫോൺ ചെയ്തു പറഞ്ഞു ” പൊട്ടൻ കളിക്കുന്ന മട്ടിൽ. ഇപ്പോൾ പറയുന്നു സത്യമായിട്ടും എനിക്ക് ഇതിനെ കുറിച്ച് അറിയില്ലാരുന്നു mam കമ്പനി അടക്കുന്നത് എന്നാണ് ഞാനും കരുതിയത്.” അതുകൊണ്ട് ആണ് കമ്പനി അടക്കുന്നു എന്ന് ഞാൻ പറഞ്ഞത്, എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല അങ്ങനെ പറഞ്ഞാൽ പിന്നെ ഇത് ആരും വാങ്ങിക്കില്ലല്ലോ അല്ലെ എന്ന് ചോദിച്ചപ്പോൾ, ആരും പേയ്‌മെന്റ് മുടക്കുന്നില്ലല്ലോ അത് കൊണ്ട് ആണ് അത് പറയാതെ ഇരുന്നത്, എത്രയും വേഗം cancel ചെയ്തു സാധനം തിരിച്ചു കൊടുക്കണം എന്നായി. പുസ്തകം, tab ഒക്കെ പൊടിപിടിച്ചു മൂലയ്ക്ക് ഇരിപ്പുണ്ട്, മാസം തോറും കട്ട് ചെയ്ത amount 2, 450 രൂപ പോകട്ടെ ഇനിയും ഈ cash അടക്കാൻ വയ്യ, tvm ഓഫീസിൽ അറിയിച്ചപ്പോൾ അവിടുന്നുള്ള മറുപടി ഇത് എസ്‌സിക്യൂട്ടീവിനു ആണ് പ്രശ്നം ആകുക എന്നറിഞ്ഞു, ഇത്രെയും ക്യാൻവാസിംഗ് നടത്തി മാർക്കറ്റിംഗ് ടെക്‌നിക്കു നടത്തി നിയമ വശങ്ങൾ മറച്ചു പിടിച്ചാണ് ബെജുസ് ആപ്പ് എക്സിക്യൂട്ടീവ് വഴി ഈ ആപ്പ് മാർക്കറ്റ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായി. പോരാത്തതിന് lock down സമയത്തു കഴിഞ്ഞ 2 ആഴ്ച ആയി EMI interest ഓർമ്മിപ്പിച്ചു കാളുകൾ, ഒരു ഒന്നാം ക്ലാസ്സു കാരനെ വെറുതെ വിടാത്ത ഇവർ high സ്കൂൾ കാരെ എങ്ങനെ deal ചെയ്തിട്ടുണ്ടാകാം, ഇനി എക്സിക്യൂട്ടീവ് നെ സേവ് ചെയ്യാൻ നിക്കാതെ എത്രയും വേഗം പബ്ലിക് നോട് ഇത് അറിയിക്കണം എന്നതായിരുന്നു എന്റെ ഉദ്ദേശം എനിക്ക് പറ്റിയ അമളി കുഞ്ഞുങ്ങളുടെ പ്രേരണയും മോഹൻലാലിനെ പോലെ ഉള്ള നമ്മുടെ പ്രീയപ്പെട്ട താരത്തിന്റെ പരസ്യവും കണ്ടു നിങ്ങളും byju’s ന്റെ ഇരകൾ ആകാതിരിക്കട്ടെ.
***