എന്താണ് എയർപാർക്ക് ? കലിഫോർണിയയിലെ കാമറൂൺ എയർപാർക്കിന്റെ പ്രത്യേകത എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

നമ്മുടെ നാട്ടില്‍ തീര്‍ത്തും അപരിചിതമായ വാക്കുകളിലൊന്നാണ് എയര്‍ പാര്‍ക്കുകള്‍ അഥവാ ഫ്ലൈ-ഇൻ കമ്മ്യൂണിറ്റികള്‍.എയർ പാർക്കുകളുടെ ഉത്ഭവം രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഒരു പ്രധാന ശക്തിയായിരുന്നു അമേരിക്ക. 1939 നും 1946 നും ഇടയിൽ അമേരിക്കയിൽ പൈലറ്റുമാരുടെ എണ്ണം 34,000 ൽ നിന്ന് 4,00,000 ആയി ഉയർന്നിരുന്നു. എന്നാൽ യുദ്ധശേഷം, അമേരിക്കയിൽ ധാരാളം എയർഫീൽഡുകൾ ഉപയോഗശൂന്യമായി തീർന്നു. പൈലറ്റുമാരുടെ ജോലിയും പോയി. അതിനാൽ നിർജ്ജീവമായി കിടന്ന സൈനിക സ്ട്രിപ്പുകൾ ഉപയോഗിക്കുന്നതിനും വിരമിച്ച യുദ്ധ പൈലറ്റുമാരെ പാർപ്പിക്കുന്നതിനും രാജ്യത്തുടനീളം റെസിഡൻഷ്യൽ എയർപാർക്കുകൾ നിർമ്മിക്കാൻ സിവിൽ എയറോനോട്ടിക്സ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചു. അങ്ങനെയാണ് ഫ്ലൈ-ഇൻ കമ്മ്യൂണിറ്റികൾ ആരംഭിക്കുന്നത് .

കലിഫോർണിയയിലെ കാമറൂൺ എയർപാർക്ക് എന്ന നഗരത്തിന് മറ്റുള്ളവയിൽ നിന്ന് ഒരു പ്രത്യേകത ഉണ്ട്.ഈ നഗരത്തിൽ സ്വന്തമായി ചെറുവിമാനങ്ങൾ ഇല്ലാത്ത വീടുകൾ ഇല്ല. വീടുകളുടെയും , റസിഡൻഷ്യൽ ഏരിയയുടെയും റോഡുകളുടേയുമെല്ലാം രൂപകൽപന തന്നെ വിമാനങ്ങളെ മനസ്സിൽവച്ചുകൊണ്ടാണ്.വ്യോമയാന മേഖലയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരാണ് പട്ടണത്തിൽ ജീവിക്കുന്നവർ അത്രയും.സാധാരണ റസിഡൻഷ്യൽ ഏരിയകളിലെ വീടുകൾക്കുമുന്നിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് പോലെ ഇവിടുത്തെ ഓരോ വീട്ടുമുറ്റത്തും വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. ചില വീടുകളിൽ വിമാനങ്ങൾക്ക് ഉള്ള ഹാങ്ങറുകളുമുണ്ട്. വിമാനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമൊരുക്കുകയാണ് ഈ ഹാംഗറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.ടിക്ടോക് വിഡിയോകളിലൂടെയാണ് എയർ പാർക്കിലെ വ്യത്യസ്തമായ ജീവിതത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്.

ചെറുവിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാനും , ലാൻഡ് ചെയ്യാനും സാധിക്കുന്ന വിധത്തിൽ വീതിയേറിയ രീതിയിലാണ് പട്ടണത്തിലെ വഴികളുടെ നിർമ്മാണം . ഒരേ സമയം റോഡിലൂടെ കാറും , വിമാനവും കടന്നുപോകുന്ന കാഴ്ച ഇവിടെ കാണാനാവും. വിമാനങ്ങളുടെ ചിറകുകൾ തട്ടാതിരിക്കാനായി പട്ടണത്തിലെ വഴികളിലെ സൈൻ ബോർഡുകളും ലെറ്റർ ബോക്സുകളും എല്ലാം പരമാവധി താഴ്ത്തിയാണ് സ്ഥാപിച്ചിരിക്കുന്നത്. സ്ട്രീറ്റുകളുടെ പേരുകൾ പോലും വ്യോമയാനവുമായി ബന്ധപ്പെട്ടവയാണ്.
വിമാനങ്ങളുള്ള താമസക്കാർക്ക് റിമോട്ടുകൾ സ്വന്തമായിട്ടുണ്ട്. അത് വിമാനത്താവളത്തിലേക്കുള്ള ഇലക്ട്രിക് ഗേറ്റുകൾ തുറക്കാനും ഇഷ്ടാനുസരണം പോകാനും വരാനും അവരെ അനുവദിക്കുന്നു. ഇവിടെ ജീവിക്കുന്നവരിൽ ഏറിയപങ്കും പൈലറ്റുമാർ ആയതിനാൽ സമീപത്തുള്ള എയർപോർട്ടുകളിലേയ്ക്ക് ജോലിക്കായി പോകുന്നതിനാണ് ഇവർ വിമാനങ്ങൾ ഉപയോഗിക്കുന്നത്. പ്രൈവറ്റ് റസിഡൻഷ്യൽ എയർപാർക്കായ ഇവിടത്തെ പ്രോപർട്ടി അനുവാദം കൂടാതെ പുറത്തു നിന്നുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കില്ല. കാമറൂൺ എയർപാർക്കിലെ താമസക്കാർ ക്ഷണിക്കുന്നവർക്കു മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

സ്വകാര്യ ജെറ്റുകൾ മുതൽ ചരിത്രത്തിന്റെ ഭാഗമായ വിമാനങ്ങൾ വരെ 650 എയർ പ്ലെയിനുകളാണ് ഇവിടെയുള്ളത്. കാമറൂൺ എയർപാർക്കിൽ ഏകദേശം 1,300 വീടുകളാണുള്ളത് . ഏകദേശം 5,000 ആളുകൾ താമസിക്കുന്നു. എയർപ്ലെയിൻ നിർത്തിയിടാൻ 700 ഹാംഗറുകളും ഇവിടെയുണ്ട്. പൈലറ്റുമാരെ കൂടാതെ വിവിധ പ്രഫഷനുകളിൽ ഏർപ്പെട്ടിരിക്കുന്നവരും ഇവിടത്തെ വീടുകളിലുണ്ട് . ഇത്തരം വിമാനങ്ങൾക്കായി ആവശ്യമുള്ള ജെറ്റ് ഫ്യുവൽ ബിസിനസും ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ലാഭകരമായി നടക്കുന്നു.
ലോകത്ത് 630-ലധികം റെസിഡൻഷ്യൽ എയർപാർക്കുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു .അതിൽ 610-ലധികം എയർപാർക്കുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രമാണുള്ളത് .കാലിഫോര്‍ണിയയിലെ തന്നെ ഫ്രെസ്‌നോയിലുള്ള സിയറ സ്കൈ പാർക്ക് ആണ് രാജ്യത്തെ ആദ്യത്തെ എയർപാർക്ക്. 1946 ല്‍ ആയിരുന്നു ഇത് സ്ഥാപിതമായത് .കാമറൂണ്‍ എയര്‍പാര്‍ക്ക് പോലെ ഫ്‌ലോറിഡയിലും മറ്റൊരു എയര്‍പാര്‍ട്ട് ഉണ്ട്. സ്പ്രൂസ് ക്രീക്ക് എന്നാണ് ഈ എയര്‍പാര്‍ക്ക് അറിയപ്പെടുന്നത്

 

You May Also Like

കായിക താരങ്ങളുടെ കൈയ്യിലെ സ്ക്രീനില്ലാത്ത റിസ്റ്റ് ബാന്‍ഡ് കൊണ്ടുള്ള ഉപകാരമെന്ത് ?

നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്ല. സമയമറിയിക്കൽ ഇല്ല. ടൈമറുകളില്ല, കോണ്ടാക്ട്‌ലെസ് പേമെന്റ് സംവിധാനമില്ല, മൈന്‍ഡ്ഫുള്‍നെസ് റിമൈന്‍ഡറുകളില്ല…എന്നിട്ടും ഇത് കായികതാരങ്ങൾ…

ഇന്ത്യൻ രാഷ്ട്രപതിമാരും അവരുടെ അധികാരങ്ങളും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പാർലമെന്റിലെയും, സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രപതിയുടെ താമസസ്ഥലമാണ് രാഷ്ട്രപതി ഭവൻ

വിമാനത്തിൽ അവസാനമായി യാത്രക്കാരെ സ്വീകരിച്ചത് മാത്രമേ വെസ്‌നയ്‌ക്ക് ഓർമയുണ്ടായിരുന്നുള്ളു പിന്നെ 33,333 അടി താഴേയ്ക്ക്, എന്നിട്ടും രക്ഷപെട്ടു

ഏറ്റവും ഉയരത്തിൽ നിന്നും പാരച്യൂട്ടിന്റെ പോലും സഹായമില്ലാതെ താഴേക്ക് പതിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന ഗിന്നസ് റെക്കാഡ്…

ചന്ദ്രനിൽ കുഴിമാടം ഉണ്ടാക്കി സംസ്കരിച്ച മനുഷ്യൻ ആര് ?

ചന്ദ്രനിൽ കുഴിമാടം ഉണ്ടാക്കി സംസ്കരിച്ച മനുഷ്യൻ ആര് ? അറിവ് തേടുന്ന പാവം പ്രവാസി ശീതയുദ്ധകാലത്ത്…