Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് )

അന്റാർട്ടിക്കയിൽ പത്തേക്കർ സ്ഥലം സൗജന്യമായി തരാം അവിടെ പോയി സ്ഥിരതാമസമാക്കാമോ എന്നൊരു ഓഫർ ലഭിച്ചാൽ നമ്മളിൽ എത്ര പേർ സ്വീകരിക്കും? ഏകദേശം ഇതിനു സമാനമായ ഒരു ഓഫർ 1969 ൽ കേന്ദ്ര സർക്കാരിന്റെ വകയായി കുറേ പേർക്ക് ലഭിച്ചു. അന്റാർട്ടിക്കയിലേക്കല്ല ആൻഡമാൻ നിക്കൊബാർ ദ്വീപ് സമൂഹങ്ങളിൽ ഏറ്റവും തെക്കു ഭാഗത്തായി കിടക്കുന്ന ഇന്ത്യയുടെ തെക്കേ അതിർത്തി ആയ ഇന്ദിരാ പോയന്റ് എന്നറിയപ്പെടുന്ന ഭാഗം ഉൾക്കൊള്ളുന്ന കാംബൽ ബേ എന്ന ദ്വീപിലേക്ക് കുടിയേറാനാണ്‌ അന്നത്തെ പട്ടാളക്കാർക്ക് ഓഫർ ലഭിച്ചത്. സ്വാതന്ത്ര്യാനന്തരം ആൻഡമാൻ ദ്വീപ സമൂഹങ്ങളിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാനായി കുടിയേറ്റത്തിനു സർക്കാർ പല കാലഘട്ടങ്ങളിലായി വലിയ പ്രോത്സാഹനം നൽകിയിരുന്നു. പക്ഷേ അതെല്ലാം പ്രധാനമായും താരതമ്യേന കപ്പൽ ഗതാഗത സൗകര്യങ്ങൾ കൂടുതലായി ഉള്ള ദ്വീപുകളിലേക്കാണ്‌ കുടിയേറ്റം കൂടുതലായും ഉണ്ടായത്. ഏറ്റവും തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നതും അതേ സമയം തന്ത്രപ്രധാനമായ കപ്പൽ ചാലിനോട് ചേർന്നു കിടക്കുന്നതും ഇന്ത്യയേക്കാൾ തൊട്ടടുത്തായി ഇന്തോനേഷ്യയും മ്യാൻമാറുമൊക്കെ ആയതിനാൽ കാംബൽ ബേ എന്ന ദ്വീപിനെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റങ്ങൾ തടഞ്ഞ് ഇന്ത്യക്കാരെക്കൊണ്ട് നിറയ്ക്കേണ്ടത് ദേശീയ താല്പര്യങ്ങളുടെ ഭാഗവുമായിരുന്നു. ആ സാഹചര്യത്തിൽ നറുക്ക് വീണത് പട്ടാളക്കാർക്കാണ്‌. ഇവിടെ പട്ടാളക്കാർക്കു മുന്നിൽ എന്തുകൊണ്ട് ഇങ്ങനെ ഒരു അപ്പക്കഷണം എറിഞ്ഞു കൊടുത്തു എന്നതിനു പിറകിൽ വ്യക്തമായ കാരണങ്ങളുണ്ട്.

ഇതര ആൻഡമാൻ- നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ നിന്നും വ്യത്സ്തമായി യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒരിടമായിരുന്നു കാംബൽ ബേ. അവിടേയ്ക്ക് സാധാരണക്കാരായ ജനങ്ങളെ കുടിയേറ്റി പാർപ്പിച്ചാൽ അവർക്ക് അവിടത്തെ സാഹചര്യങ്ങളുമായി ചേർന്നു പോകാൻ ഒരിക്കലും കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ അതി കഠിനമായ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ പരിശീലനം ലഭിച്ച പട്ടാളക്കാർക്ക് നറുക്ക് വീണു. 1969 ൽ 330 വിമുക്ത ഭടന്മാർ കാംബൽ ബേയിലേക്ക് സർക്കാരിന്റെ പത്തേക്കർ ഭൂമിയും സ്വീകരിച്ച് കുടിയേറി. അതിൽ പഞ്ചാബിയും ഹരിയാനക്കാരും ബംഗാളിയും തെലുങ്കനും തമിഴനും മലയാളിയുമൊക്കെ ഉണ്ടായിരുന്നു. അങ്ങനെ കാംബൽ ബേ സർക്കാർ വിഭാവനം ചെയ്തതുപോലെത്തന്നെയുള്ള ഒരു മിനി ഇന്ത്യ ആയി മാറി.

അന്ന് അവർ ചെയ്തത് ഒരു ത്യാഗമാണെന്ന് അവർ തന്നെ പറയുമെന്ന് തോന്നുന്നില്ല കാരണം സ്വന്തം നാട്ടിൽ കാര്യമായ സ്വത്ത് വകകളൊന്നും ഇല്ലാത്ത സാമ്പത്തികമായും സാമൂഹികമായും വളരെ താഴെത്തട്ടിൽ ഉള്ളവരായിരുന്നു. ഇവിടെ സർക്കാരിനും വിമുക്ത ഭടന്മാർക്കും ഒരു പോലെ ഗുണം ചെയ്ത ഒരു പദ്ധതി ആയാണ്‌ അതുകൊണ്ട് തന്നെ ആ കുടിയേറ്റത്തെ വിലയിരുത്തുന്നത്. 1969 ൽ നിന്നും ഇന്ത്യ ബഹുദൂരം മുന്നോട്ട് പോയി. പക്ഷേ കാംപൽ ബേക്കാരുടെ ജീവിതം പിറകോട്ടാണ്‌ പോയത്. നൽകിയ വാഗ്ദാനങ്ങളിൽ പലതും ലംഘിക്കപ്പെട്ടു. അന്ന് കാമ്പൽ ബേയിലേക്ക് കുടിയേറിയവർ ഒരിക്കലും അറിഞ്ഞിരുന്നില്ല തങ്ങൾ എരിചട്ടിയിൽ നിന്നും വറചട്ടിയിലേക്കാണ്‌ പോകുന്നതെന്ന്. 2004 ൽ സുനാമിത്തിരകൾ ആഞ്ഞടിച്ചപ്പോൾ അവർക്ക് നഷ്ടമായത് അതുവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സർവ്വവുമായിരുന്നു. അപ്പോഴാണ്‌ പുറം ലോകത്തെപ്പോലെ കാംപൽ ബേക്കാരും അറിയുന്നത് കാംപൽ ബേ ഉൾപ്പെടുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ സമൂഹങ്ങൾ സ്ഥിതി ചെയ്യുന്നത് ലോകത്ത് ഏറ്റവും അപകടകരമായ ഭൂകമ്പ സാദ്ധ്യതാ മേഖലയിലാണെന്നത്.

മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി കാംപൽ ബേയിൽ സുനാമി പുനരധിവാസ പ്രവർത്തനങ്ങൽ ഒച്ചിഴയുന്ന വേഗത്തിലാണ്‌ മുന്നോട്ട് പോയത്. സുനാമിക്ക് ശേഷം ആറും ഏഴും വർഷങ്ങൾ ആളുകൾ താൽക്കാലിക ടിൻ ഷേഡ്ഡുകളിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. സുനാമി കഴിഞ്ഞ് പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യ 2ജി യിൽ നിന്നും 5ജിയിലേക്ക് കുതിക്കുമ്പോഴും കാമ്പൽ ബേക്കാരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പുറം ലോകവുമായി ആകെയുള്ല ബന്ധം ആഴ്ച്ചയിൽ ഒരിക്കൽ പോർട്ട്‌ ബ്ലെയറിൽ നിന്നും വന്നു പോകുന്ന കപ്പൽ ആണ്‌. കാംപൽ ബേയിൽ നിന്നും പോർട്ട്‌ ബ്ലെയറിലേക്ക് എത്താൻ കപ്പലിൽ 2 ദിവസം എടുക്കും. അടുത്തത് പവൻ ഹാൻസിന്റെ ഡെയിലി ഹെലിക്കോപ്റ്റർ സർവീസ് ആണ്‌. ദ്വീപ് വാസികൾക്കായി സബ്സിഡി നിരക്കിൽ 4500-5000 രൂപ വരും ഒരു വശത്തേക്കുള്ള യാത്രയ്ക്ക്. വളരെ അത്യാവശ്യ യാത്രകൾക്കും മെഡിക്കൽ എമർജൻസി ആവശ്യങ്ങൾക്കും മാത്രമാണ്‌ ദ്വീപ് നിവാസികൾ ഇവ ഉപയോഗപ്പെടുത്തുന്നത്. അയ്യായിരത്തിനടുത്ത് ആളുകൾ മാത്രം അധിവസിക്കുന്ന ഒരു മിനി ഇന്ത്യ ആയ ഈ ദ്വീപിൽ വിദ്യാഭ്യാസ -വിനോദ സൗകര്യങ്ങളൊക്കെ വളരെ പരിമിതമാണ്‌. ഉന്നത പഠനത്തിനായി പുറത്തു പോകുന്ന പുതു തലമുറയിൽ പെട്ടവർ ആരും തിരിച്ച് ദ്വീപിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ല.

മൊബൈൽ നെറ്റ്‌‌വർക് വല്ലപ്പോഴും വന്നു പോകുന്നതാണെങ്കിലും ഡി ടി എച് വഴി എല്ലാവർക്കും സാറ്റലൈറ്റ് ചാനലുകൾ ലഭ്യമാണ്‌. ടെലിവിഷൻ ആണ്‌ ദ്വീപ് നിവാസികളുടെ പ്രധാന വൺ വേ കമ്യൂണിക്കേഷൻ മാധ്യമം. ഒറ്റപ്പെടലിന്റെയും അവഗണനയുടെയും മുറിവുകളിൽ ഉപ്പ് പുരട്ടുന്നതുപോലെയുള്ള അനുഭവങ്ങളാണ്‌ ഈ ചാനലുകൾ ദ്വീപ് നിവാസികൾക്ക് സമ്മാനിക്കുന്നത്. എങ്കിലും തങ്ങളുടെ മാവും എന്നെങ്കിലുമൊരിക്കൽ പൂക്കുമെന്ന പ്രതീക്ഷകളാണ്‌ അവരെ മുന്നോട്ട് നയിക്കുന്നത്. 1969 ൽ കുടിയേറിയ കുടുംബങ്ങളിൽ കുറേ അധികം പേർ തിരിച്ച് സ്വന്തം നാടുകളിലേക്ക് തന്നെ മടങ്ങി. അതോടൊപ്പം പുതു തലമുറയിൽ പെട്ടവരിൽ നല്ലൊരു ശതമാനവും ദ്വീപിൽ താമസിക്കാൻ ഇഷ്ടപ്പെടൂന്നില്ല. ടൂറിസം പദ്ധതികൾ പ്രധാനമായും പോർട്ട് ബ്ലെയറിനെ ചുറ്റിപ്പറ്റി ആൻഡമാനിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഗ്രേറ്റ് നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ ടൂറിസത്തിന്റെ മണം പോലും അടിക്കുന്നില്ല. ഒരു പദ്ധതികളും ആ വഴിക്ക് വെളിച്ചം കാണുന്നുമില്ല. കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് കുറേ ദ്വീപ് നിവാസികൾ മെയിൻ ലാൻഡിൽ പുനരധിവാസ സഹായം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയുണ്ടായി. പക്ഷേ അതിനെ സർക്കാർ ശക്തമായി എതിർക്കുകയും ആരെയും നിർബന്ധിച്ച് കൊണ്ടുപോയതല്ലാത്തതിനാൽ സർക്കാരിന്് അത്തരത്തിൽ യാതൊരു വിധ ബാദ്ധ്യതകളും ഇല്ലെന്ന് വാദിക്കുകയും ചെയ്തു. നിയമപരമായി അത് ശരിയായതിനാൽ കോടതി കേസ് തള്ളി. പക്ഷേ അതിൽ ധാർമികതയുടെ അംശം ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു നിമിഷത്തേക്കെങ്കിലും ശിരസ്സ് കുനിക്കേണ്ടി വരും.ഈ കഴിഞ്ഞ ആൻഡമാൻ യാത്രയിലാണ്‌ കാംപൽ ബേയെക്കുറിച്ച് കൂടുതലായി അറിഞ്ഞത്. ഇനി ഒരു ആൻഡമാൻ യാത്ര ഉണ്ടായാൽ കാംപൽ ബേ കൂടി ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്.

You May Also Like

കൂടുണ്ടാക്കി അടയിരിക്കാൻ വേണ്ടി മാത്രം ഭൂമിയില്‍ കാലു കുത്തുന്ന നിര്‍ത്താതെ പറന്നു ലോക റെക്കോഡ് കരസ്ഥമാക്കിയ പക്ഷി ഏത്?

കൂടുണ്ടാക്കി അടയിരിക്കാൻ വേണ്ടി മാത്രം ഭൂമിയില്‍ കാലു കുത്തുന്ന നിര്‍ത്താതെ പറന്നു ലോക റെക്കോഡ് കരസ്ഥമാക്കിയ…

ഗണപതിവട്ടം സുൽത്താൻ ബത്തേരി ആയതെങ്ങനെ ?

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു. ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്

ഇന്‍വെര്‍ട്ടര്‍ എസിയും നോണ്‍ ഇന്‍വെര്‍ട്ടര്‍ എസിയും തമ്മിലുളള വ്യത്യാസങ്ങള്‍ എന്തെല്ലാം?

സാധാരണ എസിയേക്കാള്‍ ഇന്‍വെര്‍ട്ടര്‍ എസി മികച്ചതാവുന്നതിന് പല കാരണങ്ങളുണ്ട്

ചൂട് കാലത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ തീ പിടിക്കുമോ ?

ചൂട് കാലത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ തീ പിടിക്കുമോ? അറിവ് തേടുന്ന പാവം…