പറുദീസയിലെ സൗഭാഗ്യങ്ങളേക്കാൾ, മനുഷ്യൻ ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു

0
80

ഇന്നസെന്റ് (കാൻസർ വാർഡിലെ ചിരി )

ക്രിസ്ത്യാനിയായ ഒരാളുടെ മരണവീട്ടിൽ ഒരിക്കൽ ക്യാൻസർ ബാധിതരായ ഞാനും ആലീസും ഒരുമിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ വന്ന് പ്രാർത്ഥന തുടങ്ങി.
“ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടു കൂടി പറുദീസയിലായിരിക്കും. ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു”
പ്രാർത്ഥന കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു.തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി ഇരുന്നു. പരേതന്റെ മുന്നിൽ വച്ച്‌ പുരോഹിതൻ ചെയ്ത പ്രാർഥനയിൽ എനിക്കെന്തോ പന്തികേടു തോന്നി. യാത്രയ്ക്കിടയിൽ സെബസ്ത്യാനോസ്‌ പുണ്യാളന്റെ കപ്പേളയുടെ മുന്നിലെത്തി. ഞാനാ കപ്പേളയിലേക്ക്‌ നോക്കി നന്നായി ഒന്ന് കൊഞ്ഞനം കുത്തിക്കാണിച്ചു.ആലീസിന്‌ ഒന്നും മനസ്സിലായില്ല. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു:
“നിങ്ങൾ എന്താ ഈ കാണിക്കുന്നത്‌?”
ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു.ഞാൻ ആലീസിനോട്‌ പറഞ്ഞു:
“നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന… ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്ന് ആലീസേ, അല്ലെങ്കിൽത്തന്നെ എനിക്ക്‌ ക്യാൻസറാണ്‌. ഇനി ദൈവത്തിന്‌ എന്നോട്‌ ഇഷ്ടം കൂടുകയും കൂടി ചെയ്താൽ എന്താവും അവസ്ഥ… നമ്മളോട്‌ ദൈവത്തിന്‌ കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ….”
അത്‌ കേട്ട്‌ ആലീസ്‌ എന്റെ കണ്ണിലേക്കു തന്നെ നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു.അപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതിനെ നോക്കി ആലീസും കൊഞ്ഞനം കുത്തുന്നു.അത്‌ കണ്ടപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി.
മരണശേഷം പറുദീസയിൽ നമ്മളെ എത്രയോ സൗഭാഗ്യങ്ങൾ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു. പറുദീസയേക്കാളേറെ ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു.

സന്ദർഭോചിതമായ ഒരു വീഡിയോ