ക്യാപ്റ്റൻ ലക്ഷ്മി ഇന്ദിര പാണ്ഡെ

43

✒ Joyson Devasy

“ക്യാപ്റ്റൻ ലക്ഷ്മി ഇന്ദിര പാണ്ഡെ”

സുഭാഷ് ചന്ദ്രബോസ് എന്ന ഇന്ത്യയുടെ വീരസിംഹം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ആർമിയിലെ വനിതകളുടെ സേനാദളമായ ഝാൻസി റാണി റജിമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു പോരാളിയായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി ഇന്ദിര പാണ്ഡെ. 1930 ൽ ഇന്നത്തെ ബർമ്മയിലെ റങ്കൂണിൽ ജനിച്ച ലക്ഷ്മി ചെറുപ്പകാലം മുതല്ക്കേ സ്വതന്ത്ര ഇന്ത്യ സ്വാപ്നം കണ്ടു ജീവിക്കുന്ന അനേകം ദേശാഭിമാനികളിൽ ഒരാളായിരുന്നു. രാഷ്ട്ര സേവനം മഹനീയമെന്ന് അടിയുറച്ച് വിശ്വാസിച്ച ലക്ഷ്മി നാട്ടിലെങ്ങും നടക്കുന്ന സ്വാതന്ത്രസമര പരിപാടികളിൽ നിറഞ്ഞ സാനിധ്യമായിരുന്നു. പ്രസംഗങ്ങളും, റാലികളും, പ്രവർത്തനങ്ങളും ഒന്നുവിടാതെ കണ്ടിരുന്ന ലക്ഷ്മി ഒരിക്കൽ തനിക്കും തന്റെ നാടിന്റെ സ്വാതന്ത്ര പോരാട്ടത്തിൽ അണിച്ചേരണം എന്ന തന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ചു.

ഒറീസ്സയിൽ നിന്നും ബർമ്മയിലേക്ക് റെയിൽ ജോലി നിർമ്മാണവുമായി ബ്രിട്ടീഷുകാർ കൊണ്ടുപോയ അനേകം തൊഴിലാളികളിൽ ഒന്നായിരുന്നു ലക്ഷ്മിയുടെ വീട്ടുകാരും. നേരത്തെ തന്നെ INA യിൽ അംഗമായിരുന്ന ലക്ഷ്മിയുടെ പിതാവ് ലക്ഷ്മിയെ ഒട്ടും നിരുത്‌സാഹപ്പെടുത്തിയില്ല. അങ്ങനെ ഒരു ദിവസം റങ്കൂണിൽ നടന്ന ബ്രിട്ടീഷ് പോരാട്ടത്തിൽ ലക്ഷ്മിക്കു തന്റെ വീട്ടുകാരെ നഷ്ടമായി. ഇതിനെ തുടർന്ന് പ്രതികാരദാഹിയായ ലക്ഷ്മി തന്റെ നാട്ടിൽ വെച്ചു നടന്ന INA യുടെ ചടങ്ങിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ക്ഷണം സ്വീകരിച്ചു താനും ഈ സ്വാതന്ത്ര സമര പോരാട്ടത്തിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നു എന്നു ബോസിനോട് പറഞ്ഞു. ഇതു കേവലം14 വയസ്സുള്ള ഒരു ബാലികയുടെ വെറും വാക്കല്ല, മറിച്ചു തന്റെ രാഷ്ട്രത്തിന്റെ മോചനത്തിനായി ജ്വാലിക്കുന്ന അഗ്നി ഹ്യദയത്തിൽ സൂഷിക്കുന്ന ഒരു വീര പുത്രിയുടെ നിശ്ചയമാണെന്ന് മനസിലാക്കിയ ബോസ് ലക്ഷ്മിയെ ഇന്ത്യയുടെ മഹാ സൈന്യത്തിൽ ചേർത്തു.

റങ്കൂണിലും, ബംഗ്ലാളിലും നടന്ന ഒരുപാട് പ്രവർത്തനങ്ങളിൽ ലക്ഷ്മി ഇന്ദിര പങ്കെടുത്തു. കടുത്ത ബോംബിങ്ങിനെ തുടർന്ന് പിൻവാങ്ങിയ സൈന്യം കടുത്ത യാഥനകൾ അനുഭവിച്ചാണ് ഓരോ ചുവടും വെച്ചത്. ഭക്ഷണവും വെള്ളവും തീർന്ന ഞങ്ങൾ പച്ചയിലകളും, വേരുകളും ചവച്ചരച്ച് വിഴുങ്ങിയാണ് വിശപ്പടക്കിയതെന്ന് ലക്ഷ്മി പിന്നീട് പറയുകയുണ്ടായി. അവസാന നാളുകളിൽ സിങ്കപ്പൂരിൽ വെച്ചു തടവിലാക്കിയ ലക്ഷ്‌മി ഇന്ദിരയെ ബ്രിട്ടീഷ് ഗവൺമെന്റ് വധശിക്ഷയ്ക്കു വിധിച്ചു.
പക്ഷേ 16 വയസു മാത്രം പ്രായമുള്ളതിനാൽ ലക്ഷ്മിയെ കുറച്ചുകാലം തടവിലിട്ടതിനു ശേക്ഷം വിട്ടയക്കുവാൻ ബ്രിട്ടീഷ് കോടതി വിധിച്ചു. ബർമ്മയിലെത്തിയ ലക്ഷ്മി തന്റെ ബന്ധുക്കളെല്ലാം മരണപ്പെട്ടുവെന്ന് മനസ്സിലാക്കുകയും തിരിച്ചു ഒറീസ്സയിലേക്ക് പോവുകയും ശിഷ്ടകാലം അവിടെ ജീവിക്കുകയും ചെയ്തു. INA യിൽ ചേർന്ന ഏക ഒറീസ്സ വനിതയാണ് ലക്ഷ്മി ഇന്ദിര പാണ്ഡെ.

സ്വാതന്ത്ര സമര സേനാനികൾക്കായി നല്കിയിരുന്ന പെൻഷൻ തനിക്കു വേണ്ടെന്നും, താൻ പോരാടിയതിനുള്ള ഫലം തനിക്കു ലഭിച്ചുവെന്നും ലക്ഷ്മി ഇന്ത്യൻ സെൻട്രൽ ഗവൺമെന്റിനെ അറിയിക്കുകയുണ്ടായി. വളരെയധികം ദാരിദ്രത്തിൽ കഴിഞ്ഞിട്ടും, 2008 ൽ മരിക്കുന്നത് വരെ ഒരു രൂപ പെൻഷൻ പോലും ലക്ഷ്മി ഇന്ദിര കൈപ്പറ്റിയില്ല. രാഷ്ട്രത്തിലെ സ്വാതന്ത്ര സമര സേനാനികൾക്കായി നൽകുന്ന പരമോന്നത ബഹുമദിയായ “രാഷ്ട്രീയ സ്വാതന്ത്ര സൈനീക സമ്മാൻ” നൽകി ഇന്ത്യാ മഹാരാജ്യം ആദരിച്ച ലക്ഷ്മി ഇന്ദിര പാണ്ഡെ, അസുഖങ്ങളെ തുടർന്ന് 2008 ഒക്ടോബർ 7 നു AIIMS ആശുപത്രിയിൽ വെച്ചു മരിച്ചു. ശേഷം ഭൗതീക ശരീരം എല്ലാ ബഹുമാനത്തോടെയും കൂടെയാണ് ഒറീസ്സ ഗവൺമെന്റ് സംസ്ക്കരിച്ചത്. ഇന്നത്തെ ഒറീസ്സയിലെ ജേപ്പൂരിൽ ലക്ഷ്മി ഇന്ദിര പാണ്ഡെയുടെ ഒരു പ്രതിമ സ്ഥാപിക്കുവാനും ഒറീസ്സ ഗവൺമെന്റ് തീരുമാനമെടുത്തിട്ടുണ്ട്…

ലക്ഷ്മിയെപ്പോലെ ഒരുപാട് ദേശാഭിമാനികൾ തങ്ങളുടെ ജീവിതം മറന്നു പോരാടി നേടി നൽകിയ സ്വാതന്ത്രമാണ് ഇന്നു നമ്മൾ അനുഭവിക്കുന്നത്. ഇവർ പകർന്നു നൽകിയ ആവേശം എന്നും സിരകളിൽ സൂക്ഷിച്ചു രാഷ്ട്രത്തിനായി നമുക്ക് ഒരുമിച്ചു ഒരെ മനസ്സോടെ നിലകൊള്ളാം. ഇന്ത്യയുടെ എല്ലാ ദേശസ്നേഹികൾക്കും സ്വാതന്ത്ര ദിനാശംസകൾ.