‘അപ്പൊ ക്ലച്ച് ഇടുമ്പം ഗിയർ അമർത്തണമല്ലേ? അയ്യോ അങ്ങനെയല്ല ദേ ഇങ്ങനെ’ ⭐
👉കാർ ഓടിക്കാൻ തുടങ്ങിയാൽ പിന്നെ ഗിയറിൽ കാണിക്കാത്ത അഭ്യാസമില്ല. ചിലർ വലിച്ചുപറിച്ചെടുക്കും, ചിലർ താളമിടും, മറ്റുചിലർ ഉടുമ്പ് പിടിച്ചപോലെ പിടിവിടുകയേയില്ല. ആവശ്യം കഴിഞ്ഞാൽ വെറുതെ വിടേണ്ട ഒരു പാവമാണ് ഗിയർ. അധികം ദ്രോഹിച്ചാൽ കാർ ഉടമയുടെ പോക്കറ്റിനു തന്നെ ദോഷം. വളരെ സങ്കീർണമായ യന്ത്രഭാഗങ്ങളുടെ അങ്ങേയറ്റം മാത്രമാണ് ഡ്രൈവർ കാബിനിലുള്ള ഗിയർ നോബ്. അതിനാൽ അവിടെ ചെയ്യുന ഏത് അനാരോഗ്യകര പ്രവർത്തനവും ,വണ്ടിയുടെ ഗിയർബോക്സിനെ ആകമാനം ബാധിക്കും.
📌ട്രാഫിക്കിൽ അധിക നേരം നിർത്തിയിടേണ്ടി വരുമ്പോൾ വാഹനം ന്യൂട്രലിൽ ഇടുക. ഫസ്റ്റ് ഗിയറിൽ ഇട്ട് ക്ലച്ച് ഏറെ നേരം ചവിട്ടിപ്പിടിച്ചാൽ അതു ക്ലച്ച് ബെയറിങ്ങിനെ ദോഷകരമായി ബാധിക്കും.
📌ഇറക്കത്തിൽ കാറിന്റെ എൻജിൻ ഓഫ് ചെയ്ത് ന്യൂട്രലിൽ ഇട്ട് ഓടിച്ച് ഇന്ധനം ലാഭിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. എൻജിൻ ഓഫ് ആകുന്നതോടെ ഓയിലിന്റെ ഒഴുക്ക് നിലയ്ക്കുകയും, എൻജിൻ ഘടകങ്ങളുടെ ലൂബ്രിക്കേഷൻ നേരേചൊവ്വേ നടക്കാതെ വരികയും ചെയ്യുന്നു. ഇത് എൻജിൻ ഘടകങ്ങൾക്ക് കേടുവരുത്തും. ഇന്ധനത്തിൽ ലാഭിച്ചതിനേക്കാൾ തുക സർവീസ് സെന്ററിൽ കൊടുക്കേണ്ടി വരും.
📌കാർ സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയർ ഇടുന്നതിനു മുൻപ് ഉയർന്ന തോതിൽ ഇരപ്പിക്കുന്നതും നല്ല ശീലമല്ല. ഇത് കാറിന്റെ ആന്തരികാവയവങ്ങൾ തമ്മിൽ ഉരസുന്നതിനും, അതിലൂടെ എൻജിൻ ഭാഗങ്ങൾ കേടുവരുന്നതിനും ഇടയാക്കും.
📌കാർ നിർത്താൻ ഒരുങ്ങുന്നതിനു മുൻപ് ഗിയർ ന്യൂട്രലിലേക്ക് ഇടുന്നതും ഗിയർ ബോക്‌സിന് ദോഷകരമാണ്. മെല്ലെ ബ്രേക്ക് ഉപയോഗിച്ച് ക്രമാനുഗതമായി ഗിയർ താഴ്ത്തി മാത്രമേ വാഹനം നിർത്തി ന്യൂട്രലിൽ ഇടാവൂ.
📌ഗിയർ മാറ്റിയ ശേഷവും ലിവറിൽ കൈ താങ്ങി വയ്ക്കുന്നത് പലർക്കും ശീലമാണ്. ചെറിയ മർദം പോലും താങ്ങാനാവുന്നതല്ല ഗിയർബോകസ എന്നു മനസിലാക്കണം. നിങ്ങളുടെ കയ്യുടെ മർദം ഗിയർബോക്‌സിനെ ബാധിക്കും.
📌ഗിയർ മാറ്റിയ ശേഷം കാൽ ക്ലച്ചിൽ വെറുതെ വയ്ക്കുന്നതും നല്ലതല്ല. ക്ലച്ച് കേബിൾ അതിവേഗം തേഞ്ഞുതീരുന്നതിനും ഇന്ധനനഷ്ടത്തിനും ഇതു കാരണമാകും.
📌ഗിയർ–ക്ലച്ച് സ്പെയർ പാർട്സും അറ്റകുറ്റപ്പണിയും കാര്യമായ പണച്ചെലവുള്ളതാണെന്ന് ഓർക്കുക.
**
വാഹനമോടിക്കുമ്പോള്‍ ഇങ്ങനെ ചെയ്യരുത്⭐
👉ഒരോ ആളുകളും വാഹനം ഓടിക്കുന്നത് ഓരോ രീതിയിലാണ്. ചിലർ റാഷ് ഡ്രൈവിങ്ങിന്റെ ആളുകളാണെങ്കിൽ, മാന്യമായി വാഹനം ഓടിക്കുന്നവരായിരിക്കും ചിലർ. ഇവർ എല്ലാവരും ചെയ്യുന്ന എന്നാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം.
📌കൈകൾക്കു വിശ്രമം ഗിയർലിവറിൽ!:
ഉപയോഗിക്കുമ്പോഴല്ലാതെ ഗിയർ ലിവറിൽ കൈവെച്ച് വാഹനമോടിക്കുന്നത് കൈകൾക്ക് ആയാസം നൽകുമെങ്കിലും അപകടകരമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ രണ്ടു തരം അപകടമാണുണ്ടാവുക. ഒന്നാമതായി സ്റ്റിയറിങ്ങിലെ നിയന്ത്രണം കുറയുന്നു. രണ്ടാമതായി ഗിയർ ലിവറുകൾക്ക് തേയ്മാനം സംഭവിക്കാനും ഇടയുണ്ട്.
📌കാർ ഗിയറിൽ നിർത്തുന്നത്:
ട്രാഫിക് സിഗ്‌നലുകളിൽ ക്ലച്ച് അമർത്തി ഫസ്റ്റ് ഗിയറിൽ വാഹനം നിർത്തുന്നവരാണ് അധികവും. എളുപ്പത്തിൽ വാഹനമെടുത്തു പോകാൻ ഇതു സഹായിക്കുമെന്നതു ശരിയാണ്. പക്ഷേ ഇതോടൊപ്പം അപകടസാധ്യതയും കൂടുതലാണ്. അറിയാതെ പോലും ക്ലച്ചിൽ നിന്നു കാലെടുത്താല്‍ അപകടമുണ്ടാകാമെന്നോർക്കുക. വാഹനം നിർത്തിയാൽ ന്യൂട്രൽ തിരഞ്ഞെടുത്ത് ഹാൻഡ് ബ്രേക്ക് വലിയ്ക്കുന്നതിലൂടെ ഈ അപകടസാധ്യത ഒഴിവാക്കാനാകും.
📌ഹാഫ് ക്ലച്ച് ഉപയോഗിക്കുക:
കയറ്റം കയറുമ്പോൾ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഫീച്ചർ ഇല്ലെങ്കിൽ ക്ലച്ചുപയോഗിച്ചു കാർ പിന്നോട്ടുരുളാതെ നിയന്ത്രിക്കാനാകും. ഡ്രൈവിങ്ങിൽ ദീർഘകാല പരിചയ സമ്പത്തുള്ളവർക്കു മാത്രമേ ഇതു സാധിക്കു. ചെറിയൊരു കൈയബദ്ധം അപകടം ക്ഷണിച്ചു വരുത്തിയേക്കാം.
അതേ സമയം ക്ലച്ചിൽ വാഹനം സ്ഥിരമായി നിർത്തുന്നത് വാഹനത്തിനു കേടുപാടുകൾ വരുത്തും. അതിനാൽ കയറ്റങ്ങളിൽ വാഹനം നിയന്ത്രിക്കുന്നതിന് ഹാൻഡ് ബ്രേക്ക് പകരമായി ഉപയോഗിക്കുന്നത് അപകടസാധ്യതയും വാഹനത്തി നുണ്ടാകാവുന്ന കേടുപാടുകളും കുറയ്ക്കും.
📌കൂടുതൽ കരുത്ത് ആവശ്യമുള്ളപ്പോൾ ഗിയർ താഴ്ത്തുക:
മികച്ച ഇന്ധനക്ഷമതയും, വേഗതയും ലഭിക്കുന്നത് വാഹനം ടോപ് ഗിയറിൽ ഓടിക്കുമ്പോഴാണ്. ടോപ് ഗിയറിൽ എന്‍ജിൻ അധികമായി ചൂടാകുന്നില്ലെന്നതും ശരിയാണ്. എന്നിരുന്നാലും എപ്പോഴും ടോപ് ഗിയർ ഉപയോഗിക്കാനാവില്ല അല്ലെങ്കില്‍ ഉപയോഗിക്കുന്നത് നന്നല്ല. കുറഞ്ഞ ആർപിഎമ്മിലും മികച്ച ടോർക്ക് നൽകുന്നവയാണ് പ്രത്യേകിച്ചും ഡീസൽ എൻജിനുകൾ. ഡൗൺ ഗിയറുകളിൽ ആക്സിലറേറ്ററിൽ അധികം കാലമർത്താതെ വാഹനം സുരക്ഷിതമായി ഓടിക്കാനാകും. അധികമായി കാലമർത്തുന്നതും പെട്ടെന്ന് ഗിയർ മാറ്റുന്നതും വാഹനത്തിന് ഗുണം ചെയ്യില്ലെന്നു ചുരുക്കം.
📌ക്ലച്ച് പെഡലിൽ കാൽ വെയ്ക്കരുത്:
ക്ലച്ചിൽ കാൽ വച്ച് വാഹനമോടിക്കുന്നവർ കുറവല്ല. അനാവശ്യമായി ക്ലച്ച് പെഡലിൽ കാൽ വയ്ക്കുന്നത് ശരിയായ പ്രവണതയല്ല. ഇങ്ങനെ ചെയ്യുന്നത് അറിയാതെ ക്ലച്ചമർത്തുന്നതിനു കാരണമായേക്കാം. ഇത് ക്ലച്ചിനും, ക്ലച്ച് ത്രോഔട്ട് ബെയറിങ്ങിനും തേയ്മാനം വരുത്തിയേക്കാം.
**
നിങ്ങളുടെ വാഹനം സുരക്ഷിതമോ?⭐
👉ആധുനിക വാഹനങ്ങൾ സുന്ദരം മാത്രമല്ല, സുരക്ഷിതവുമാണ്. പരമ്പരാഗത ഓട്ടമൊബീൽ എൻജിനീയറിങ്ങിലേക്ക് ഇലക്ട്രോണിക്സിന്റെ സാധ്യതകൾ കൂട്ടായെത്തുന്നതോടെയാണ് ഈ സുരക്ഷിതത്വം ഇവയ്ക്കു ലഭിക്കുന്നത്. യാത്രികനു സുരക്ഷയേകുന്ന ചില സാങ്കേതിക വിദ്യകൾ എന്തെന്നു മനസ്സിലാക്കാം.
📌റോൾ സ്റ്റെബിലിറ്റി കൺട്രോൾ:
നേരെയുള്ള റോഡുകളിൽ അടിച്ചു പറത്തി പോകുമ്പോൾ പെട്ടെന്ന് ഒരു വളവ്. വളയാനുള്ള വാഹനത്തിന്റെ ത്വരയ്ക്കു നേരെ എതിര്‍രീതിയിൽ ഒരു ഊർജം വാഹനത്തിലേക്കു പ്രയോഗിക്കപ്പെടും. ഇതു മൂലം ഒരു വശത്തെ ടയറുകൾക്കു റോഡുമായുള്ള ബന്ധം വിട്ട് പൊങ്ങുകയും ചില സാഹചര്യങ്ങളിൽ വണ്ടി തകിടം മറിഞ്ഞു വീഴുകയും ചെയ്യും. (റോൾ ഓവർ). ആളപായമുണ്ടാക്കുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും ഇത്തരം മറിച്ചില്‍ മൂലം സംഭവിക്കുന്നതാണ്.
ഇവയെ ചെറുക്കാൻ പല സാങ്കേതികവിദ്യകൾ ഓട്ടമൊബീൽ എൻജിനീയർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ പെട്ട ഒന്നാണ് റോൾ സ്റ്റെബിലിറ്റി കൺട്രോൾ അഥവാ ആർഎസ് സി. ഇത്തരം വാഹനങ്ങളില്‍ ഒരു റോൾ സെൻസർ ഉണ്ടായിരിക്കും. കാറിനു വശങ്ങളിലേക്കു സംഭവിക്കുന്ന ചെരിവു സംബന്ധിച്ച വിവരം ഇലക്ട്രോണിക്സ് കൺട്രോൾ യൂണിറ്റിലേക്ക് അയ യ്ക്കും. എന്തെങ്കിലും പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ സംവിധാനം എൻജിന്റെ ടോർക്ക് കുറയ്ക്കുകയും ,ചെറു തായി ബ്രേക്ക് കൊടുക്കുകയും ചെയ്യും. ഗുരുത്വകേന്ദ്രം ഉയർന്നു നിൽക്കുന്ന എസ് യുവികൾ മുതലായ വാഹനങ്ങളിൽ വലിയ സുരക്ഷയാണ് ഈ സംവിധാനം നൽകുന്നത്.
📌കോർണറിങ് ബ്രേക്ക് കൺട്രോൾ:
എബിഎസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) ഒരു പടി കൂടി കടന്നതാണ് കോർണറിങ് ബ്രേക്കിങ് സിസ്റ്റം. ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെൻസ് കാറുകളിലാണ് ഇത് ആദ്യം എത്തിയത്. വളവുകളിലെ പ്രശ്നം തന്നെയാണ് ഈ സംവിധാനവും പരിഹരിക്കുന്നത്. നല്ല സ്പീഡിൽ വന്നു വളയവേ ബ്രേക്ക് ചവിട്ടിയാൽ വളയുന്ന വശത്തുള്ള വീലുകൾക്കു റോഡുമായുള്ള ബന്ധം കുറയും.
ഇതു മൂലം നേരെ എതിര്‍ഭാഗത്തുള്ള വീലുകളിൽ ഉയർന്ന സമ്മർദം അനുഭവപ്പെടുകയും കാർ റോഡിൽ നിന്നു തെന്നി (സ്കിഡ്) അപകടം സംഭവിക്കുകയും ചെയ്യും.ഇതിനെ ചെറുക്കാനാണ് കോർണറിങ് ബ്രേക്ക് കൺട്രോൾ ഉപയോഗിക്കുന്നത്. വളയുന്ന സമയത്ത് ബ്രേക്ക് ചവിട്ടുമ്പോൾ ഇരുവശങ്ങളിലെ വീലുകളിൽ അനുഭവപ്പെടുന്ന സമ്മർദം ക്രമീകരിച്ചു സ്കിഡിങ് ഒഴിവാക്കാൻ ഈ സംവിധാ നം സഹായിക്കും. സാധാരണ എബിഎസ് സംവിധാനം നൽകുന്നതിനപ്പുറമുള്ള സുരക്ഷയാണ് ഇതു മൂലം സാധ്യമാ കുന്നത്.
📌ട്രാക്ഷൻ കൺട്രോൾ സിസ്റ്റം:
വാഹനാപകടങ്ങളിൽ നല്ലൊരു ശതമാനവും സ്റ്റിയറിങ് ചെയ്യുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതു മൂലം സംഭവിക്കു ന്നതാണ്. ഇതിനൊരു പരിഹാരമാണ് ഇഎസ്പി. ഇതോടനു ബന്ധിച്ചുള്ള ഇലക്ട്രോണിക് സംവിധാനം ഡ്രൈവർക്കു യഥാർഥത്തിൽ പോകേണ്ട ദിശയും നിലവിൽ പോകുന്ന ദിശയും വിലയിരുത്തിക്കൊണ്ടിരിക്കും.
എപ്പോഴെങ്കിലും സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നി യാൽ വേണ്ടവിധത്തിൽ ചക്രങ്ങളിൽ ബ്രേക്ക് അമർത്തി വണ്ടിയുടെ നിയന്ത്രണം വീണ്ടെടുക്കാൻ ഡ്രൈവറെ സഹായിക്കും. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം കൂടി ഇതിനൊപ്പം ചേരുന്ന തോടെ ഇഎസ്പി എന്ന പേരിൽ സംവിധാനം കൂടുതൽ കുറ്റമറ്റതാകും.
📌ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം: വാഹനങ്ങളിൽ കൃത്യമായ ടയർ പ്രഷർ നിലനിർത്തേണ്ട തിന്റെ ആവശ്യകത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ടയറിന്റെ സമ്മർദവും, സുരക്ഷയും തമ്മിൽ വലിയ ബന്ധമുണ്ട്. ടയറിലെ സമ്മർദത്തെപ്പറ്റി വ്യക്തമായ വിവരം ഡ്രൈവർക്കു നൽകുക എന്ന ദൗത്യമാണു ടയർ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്) നിർവഹിക്കുന്നത്. ഇതുമൂലം വലിയ സ്പീഡില്‍ പോകുമ്പോൾ ഉണ്ടാകുന്ന ടയർപൊട്ടൽ (ബ്ലോ ഔട്ട്) ഒഴിവാക്കാം, കൂടാതെ മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഉറപ്പാക്കാം.
ഇന്‍ഡയറക്ട്, ഡയറക്ട് എന്നീ മോണിറ്ററിങ് സംവിധാന ങ്ങൾ ഉണ്ടെങ്കിലും ഡയറക്ട് ഗണത്തിലുള്ളവയാണ് ഇപ്പോഴത്തെ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കു ന്നത്. സെൻസറിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വിലയിരു ത്തിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
**
വാഹനത്തിലെ എസി ഓണാക്കുന്നതിനു മുമ്പ് ⭐
👉വേനൽകാലം വരവറിയിച്ചു കഴിഞ്ഞു. വാഹനങ്ങളിൽ എസിയുടെ ആവശ്യം ഏറ്റവും കൂടുതൽ വേണ്ടിവരുന്ന കാലമാണിത്. തണുപ്പ് മാറി അന്തരീക്ഷം ചൂടുപിടിക്കുമ്പോഴാണ് എസിയെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ സ്ഥിരമായി എസി ഇട്ട് വാഹനമോടിക്കുന്ന ആളാണെങ്കിലും, ചൂടുള്ളപ്പോൾ മാത്രം എസി ഓണാക്കുന്ന ആളാണെങ്കിലും കൃത്യമായ പരിപാലനവും, ശരിയായ ഉപയോഗവും ആണെങ്കിൽ മാത്രമേ എസി കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ. അതിനായി ഇതാ കുറച്ചു ടിപ്പുകൾ.
📌ആരോഗ്യപരിപാലനം നമ്മളെപ്പോലെ തന്നെ യന്ത്രങ്ങൾക്കും ആവശ്യമാണ്. 25,000-30,000 കിലോമീറ്റർ കൂടുമ്പോൾ എസി തീർച്ചയായും സർവീസ് ചെയ്യുക.
📌വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെൻസർ എസിയുടെ പെർഫോമെൻസിനെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നിൽ പൊട്ടലോ മറ്റോ ഉണ്ടോ എന്നു പരിശോധിക്കുകയും വേണം.
📌എൻജിൻ സ്റ്റാർട്ടാക്കിയതിനുശേഷം മാത്രം എസി ഓണാക്കുക.അതുപോലെ തന്നെ എസി ഓഫാക്കിയതിനു ശേഷം മാത്രം എൻജിൻ നിർത്തുക.
📌വെയിലത്തു പാർക്കു ചെയ്ത വാഹനം എടുക്കുമ്പോൾ കയറിയ ഉടനെ തന്നെ എസി ഇടരുത്. എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാൻ അനുവദിക്കുക. എസി ഒറ്റയടിക്കു മാക്സിമത്തിൽ ഇടരുത്. ക്രമേണ മാത്രം കൂട്ടുക.
📌എസി കാറാണെങ്കിൽ കഴിവതും എസിയിട്ടു തന്നെ ഓടിക്കാൻ ശ്രമിക്കുക. ഇതു വണ്ടിക്കകത്തെ പൊടി ശല്യം കുറയ്ക്കാനും ഉപയോഗിക്കാതെയിരുന്നിട്ട് പൈപ്പ് ജോയിന്റുകളിലെ ഓ റിങ്ങുകൾ ഡ്രൈയാകുന്നതു തടയാനും സഹായിക്കും.
📌എസി യൂണിറ്റിലെ ചലിക്കുന്ന യന്ത്ര ഘടകങ്ങളുള്ളത് കംപ്രസറിലാണ്. ഗ്യാസ് ലീക്ക് സംഭവിച്ചാൽ അതിനൊപ്പം കംപ്രസർ ഓയിൽ കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.അതുകൊണ്ട് ഗ്യാസ് റീഫിൽ ചെയ്യുമ്പോൾ ഈ കുറവു കൃത്യമായ അനുപാതത്തിൽ തന്നെ പരിഹരിക്കാൻ ശ്രദ്ധിക്കണം.
📌കാറ്റിൽ ലവണസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ എസി കണ്ടെൻസറിന്റെ ഫിൽട്ടറിനൊക്കെ ദ്രവീകരണം വഴി വളരെ വേഗം നാശം വരാം. ഇതിന്റെ തുടക്കമായി ചെറിയ ചില സുഷിരങ്ങൾ പൈപ്പുകളിലും ,ഫിൽസിലും പ്രത്യക്ഷപ്പെടുകയും ഇതുവഴി പതിയെ ഗ്യാസ് ചോർന്നു പോകുകയും ചെയ്യും.
📌എസിയെ ബാധിക്കുന്ന മറ്റൊരു പ്രശ്നം വണ്ടിക്കകത്തെ പൊടിയാണ്. മഴയും, വെയിലും മാറി മാറി വരുന്ന സമയത്ത് ഈ ശല്യം കൂടുതലായിരിക്കും. എസി കാറുകൾ വിൻഡോകൾ തുറന്നിട്ട് നോൺ എസിയായി ഉപയോഗിക്കുമ്പോഴും വണ്ടിക്കകത്തേക്കു പൊടിയടിച്ചു കയറുന്നു. ഇവ ഇവാപ്പറേറ്റിലേക്ക് ഇൻടേക്ക് ചെയ്യപ്പെടുകയും പ്രശ്നമാകുകയും ചെയ്യും.
📌ചില കാറുകളിൽ എസി ഇടുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറില്ലേ? ഇത് ഇവാപ്പറേറ്ററിൽ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സാന്നിധ്യം മൂലമാണ്.ഇവാപ്പറേറ്റർ അഥവാ കൂളിങ് കോയിൽ അഴിച്ചെടുത്തു ക്ലീൻ ചെയ്താൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. കഴിവതും 30,000-50,000 കിലോമീറ്റർ റേഞ്ചിൽ അല്ലെങ്കിൽ രണ്ടുവർഷത്തിലൊരിക്കൽ ക്ലീൻ ചെയ്യണം.
ഇപ്പോഴത്തെ പ്രീമിയം ക്ലാസ് വണ്ടികളിൽ ഈ പ്രശ്നം പരിഹരിക്കാനായി ഒരു ഫിൽട്ടർ ഉപയോഗിക്കുന്നുണ്ട്. 10,000-15,000 കിലോമീറ്റർ കൂടുമ്പോൾ ഇതു മാറ്റാൻ മറക്കരുത്. ഇവാപ്പറേറ്റിൽ പറ്റേണ്ട പൊടിയും, മറ്റു പാഴ്‌വസ്തുക്കളും ഒരു പരിധിവരെ ഈ ഫിൽട്ടർ തടഞ്ഞു നിർത്തുന്നു.
📌ഫ്രഷ് എയർ കേബിളും, ഹീറ്റ് എയർ കേബിളും ശരിയായ രീതിയിലാണോ ക്രമീകരിച്ചു വച്ചിരിക്കുന്നതെന്നു പരിശോധിക്കു. ഇവ തെറ്റായാണ് ഇരിക്കുന്നതെങ്കിൽ തണുത്ത വായുവും ചൂടുവായുവും ഇടകലരാൻ ഇടയാകും.
📌എസി പ്രവർത്തിക്കുന്നില്ല, കേടായി എന്നു പറഞ്ഞ് മെക്കാനിക്കിന്റെ അടുത്തേക്കു പായുന്നതിന് മുമ്പ് ഫ്യൂസ് ബോക്സ് തുറന്ന് എസിയുടെ ഫ്യൂസ് ഒന്നു നോക്കുക. ഫ്യൂസ് പോയാൽ എസി പ്രവർത്തിക്കില്ല.
📌വണ്ടിക്കുള്ളിൽ തണുപ്പില്ലെന്ന പരാതിയുമായി സർവീസ് സെന്ററുകളെ സമീപിക്കും മുൻപ് എസിയുടെ ഫ്രഷ് എയർ ഇൻടേക്ക് തുറന്നു വച്ചിരിക്കുകയാണോയെന്നു പരിശോധിക്കണം.
📌ഫുൾസ്പീഡിൽ ഇട്ടാലും ഇവാപ്പറേറ്റിൽ നിന്നുള്ള എയർത്രോ കുറവാണെങ്കിൽ ഫിൽട്ടർ ബ്ലോക്കോ ഇവാപ്പറേറ്ററിൽ മാലിന്യം അടിഞ്ഞു കൂടിയതോ ആകും കാരണം. ഈ പ്രശ്നം പരിഹരിച്ച ശേഷം എസി പ്രവർത്തിപ്പിക്കുകയാവും ഉചിതം. ഇവാപ്പറേറ്ററിൽ നിന്നോ കംപ്രസറിൽ നിന്നോ അസാധാരണ ശബ്ദം ഉയർന്നാൽ എസി ഓഫാക്കിയ ശേഷം എത്രയും വേഗം സർവീസ് തേടുക.
📌വാഹനത്തിന്റെ ഡ്രൈവ് ബൽറ്റിന്റെ മുറുക്കം പരിശോധിക്കുക. അയഞ്ഞതാണെങ്കിൽ സ്ലിപ്പായി പോകാൻ ഇടയുണ്ട്. ഓവർ മുറുക്കമാണെങ്കിൽ അത് എസി കംപ്രസറിന്റെ മാഗ്‌നെറ്റിക് ക്ലച്ചിന്റെ തകരാറിനു കാരണമാകും.
📌എൽഎസിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ കനം കുറഞ്ഞ അലൂമിനിയം പൈപ്പുകളും, ഫിൽസുകളുമാണ് ഇപ്പോൾ ഓട്ടമൊബീൽ എസികളിൽ ഉപയോഗിക്കുന്നത്. എൻജിൻ റൂമിലെ ചെറിയ ചെറിയ വൈബ്രേഷനുകൾ വരെ എത്ര ഭംഗിയായി ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഈ പൈപ്പുകളിൽ തേയ്മാനം വഴി ലീക്ക് ഉണ്ടാകും.
📌സർവീസിന്റെ സമയത്ത് മെക്കാനിക്കിനോട് എസി വെന്റിനകത്തെ താപനില പരിശോധിക്കാൻ പറയുക. താപനില 4-10 ഡിഗ്രിക്കിടയിലല്ല നിൽക്കുന്നതെങ്കിൽ എസിയുടെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്നു അനുമാനിക്കാം.
📌ഇന്റീരിയർ കറുപ്പു നിറത്തിലാണെങ്കിൽ, കറുത്ത ലെതർ സീറ്റാണെങ്കിൽ സീറ്റ് വെള്ള തുണിയുപയോഗിച്ചു മറയ്ക്കുക. വെയിലത്തു പാർക്കു ചെയ്യുകയാണെങ്കിൽ ഉള്ളിലെ ചൂടു കുറയ്ക്കാൻ ഇതുമൂലം കഴിയും.
📌കഴിവതും കാർ തണലത്തു പാർക്കു ചെയ്യുക. കവർ ഉപയോഗിച്ചു മൂടിയിടുന്നതു വളരെ ഉത്തമം. സൂര്യപ്രകാശത്തെ റിഫ്ളക്ട് ചെയ്യുന്ന കവർ ഉപയോഗിക്കുക.
**
എല്ലാ കാറിലുമുണ്ടാകും ഈ ഫീച്ചറുകൾ⭐
👉ചിലപ്പോഴൊക്കെ വാഹനം വാങ്ങി വർഷങ്ങൾ കഴിഞ്ഞായിരിക്കും അതിലെ ചില ഫീച്ചറുകളെപ്പറ്റി ആളുകൾ അറിയുക. വാഹനത്തപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങളെല്ലാം അറിയാമെങ്കിലും എല്ലാവർക്കും എല്ലാ വിവരങ്ങളും അറിയണമെന്നില്ല അല്ലെങ്കിൽ ശ്രദ്ധിക്കണമെന്നില്ല. സ്വന്തം വാഹനത്തില്‍ ഒളിച്ചിരിക്കുന്ന ഡീഫോഗര്‍, ആന്റി ഗ്ലെയര്‍ റിയര്‍വ്യൂ മിറര്‍, ഹെഡ് ലാംപ് അഡ്‌ജെസ്റ്റര്‍ തുടങ്ങിയ എല്ലാ വാഹനത്തിലുമുള്ള, എല്ലാവര്‍ക്കും അറിയാത്ത ഫീച്ചറുകളെക്കുറിച്ചറിയാം.
📌ചൈൽഡ് ലോക്ക്:
കുട്ടികളുമായുള്ള യാത്രയിൽ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറാണ് ചൈൽഡ് ലോക്ക്. ഈ ലോക്ക് ഓൺ ആക്കിയാൽ കുട്ടികൾ കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചാലും തുറക്കില്ല. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി ടാക്സികളിൽ നിന്ന് ഈ ലോക്ക് നീക്കം ചെയ്യണം എന്ന് നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാര്‍.
📌ചില്ലിലെ ഈർപ്പം വേഗം കളയാൻ:
മഴക്കാലത്ത് കാറിന്റെ പിന്നിലേയും, മുന്നിലേയും ഗ്ലാസുകളില്‍ എളുപ്പത്തില്‍ ഈര്‍പ്പം പിടിക്കും. ചിലപ്പോഴൊക്കെ ആളുകള്‍ കൈ അല്ലെങ്കില്‍ തുണി ഉപയോഗിച്ച് തുടയ്ക്കുകയാണ് ചെയ്യുന്നത് എന്നാല്‍ എസി ഡീഫോഗര്‍ ഉപയോഗിച്ച് ഇവ എളുപ്പം കളയാന്‍ സാധിക്കും. പിൻ ഗ്ലാസിലെ ഡീഫോഗറിന് പ്രത്യേകം സ്വിച്ചുണ്ടെങ്കിലും മുൻ ഗ്ലാസിലെ ഈർപ്പം കളയാൻ എസിയുടെ എയർഫ്ലോ സ്വിച്ച് ചില്ലിലേയ്ക്ക് ആക്കി വെയ്ക്കണം.
📌ഇന്ധനടാങ്ക് ഏതുവശത്താണെന്ന് അറിയാന്‍:
ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പിലെത്തുമ്പോഴായിരിക്കും ഏതു സൈഡിലാണ് ഫ്യുവല്‍ നിറയ്‌ക്കേണ്ടത് എന്നു നോക്കുക. ആദ്യമായിട്ട് ഓടിക്കുന്ന വാഹനമാണെങ്കില്‍ പറയുകയേ വേണ്ട. ചിലപ്പോള്‍ ചിലരെല്ലാം പുറത്തിറങ്ങി നോക്കാറുമുണ്ട്. എന്നാല്‍ വാഹനത്തിന് പുറത്തിറങ്ങാതെ ഫ്യുവല്‍ ടാങ്കിന്റെ ലിഡ് എവിടെയാണെന്ന് അറിയാന്‍ സാധിക്കും. മീറ്റര്‍ കണ്‍സോളിലെ ഫ്യുവല്‍ മീറ്ററില്‍ ഏതു സൈഡിലാണ് ഇന്ധനം നിറയ്‌ക്കേണ്ടതെന്ന് മാര്‍ക്ക് ചെയ്തിട്ടുണ്ടാകും.
📌ആന്റി ഗ്ലയര്‍ മിറര്‍:
രാത്രികാലങ്ങളില്‍ മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ പ്രകാശം മാത്രമല്ല ചിലപ്പോഴൊക്കെ പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചവും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചം വാഹനത്തിന്റെ അകത്തുള്ള കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ തീവ്രത കുറയ്ക്കാനും മാർഗമുണ്ട്. ചിലകാറുകളില്‍ ഓട്ടമാറ്റിക്ക് ആന്റി ഗ്ലയര്‍ മിററാണെങ്കില്‍ ബഡ്ജറ്റ് കാറുകളില്‍ അത് മാനുവലാണ്. മിററിന്റെ അടിയില്‍ നീണ്ടു നില്‍ക്കുന്ന ലിവര്‍ തിരിച്ചാല്‍ മിറർ ആന്റി ഗ്ലയർ മോഡിലേയ്ക്ക് മാറുകയും പ്രകാശത്തിന്റെ തീവ്രത കുറയും ചെയ്യും.
📌ഹെഡ്‌ലൈറ്റ് പൊസിഷനിങ്:
ഒട്ടുമിക്ക പുതുതലമുറ വാഹനങ്ങളിലും കാണുന്ന ഫീച്ചറാണിത്. ഡ്രൈവറുടെ ആവശ്യത്തിന് അനുസരിച്ച് ഹെഡ്‌ലൈറ്റിന്റെ പ്രകാശം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. ഡാഷ് ബോര്‍ഡിലെ ഒരു റോട്ടറി സ്വിച്ചിലൂടെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
📌ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റ്:
ബജറ്റ് കാറുകളിൽ കാണാറില്ലെങ്കിലും പുതു തലമുറ കാറുകളിലെ ഒട്ടുമിക്ക മോഡലുകളിലും ഈ ഫീച്ചർ കാണും. ഉയരം കുറഞ്ഞ യാത്രക്കാർക്കും സുരക്ഷിതമായി സൗകര്യമായി സീറ്റ് ബെൽറ്റ് ധരിക്കാനാണ് ഈ ഫീച്ചർ നൽകിയിരിക്കുന്നത്.
📌തനിയെ മടങ്ങുന്ന മിറർ:
എല്ലാവാഹനങ്ങളിലുമില്ലെങ്കിലും ഉള്ളിൽ നിന്നും സ്വിച്ചുപയോഗിച്ചു മടക്കാവുന്ന മിററുകൾ ചില വാഹനങ്ങളിലുണ്ട്. അത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കു ചിലപ്പോൾ അതിനെക്കുറിച്ചു ധാരണ ഉണ്ടായിരിക്കണമെന്നില്ല.
📌ആന്റി പിഞ്ച് വിന്റോ:
വൺ ടച്ച് അപ് ആന്റ് ഡൗൺ പവർ വിന്റോകളിൽ കാണുന്ന ഫീച്ചറാണ് ആന്റീ പിഞ്ച്. പവർ വിന്റോ സ്വിച്ച് ഒരുപ്രാവശ്യം അമർത്തിയാൽ മുകളിലേയ്ക്ക് വരുന്ന വിന്റോയുടെ ഇടയിൽ കൈയോ മറ്റു പ്രതിബന്ധങ്ങളോ വന്നാൽ അത് തനിയെ നിൽക്കും. ഒരു സുരക്ഷാ ക്രമീകരണം എന്ന നിലയിലാണ് ഈ ഫീച്ചർ വാഹനങ്ങളിൽ നൽകുന്നത്.