ഭക്ഷണത്തിലെ കൊഴുപ്പല്ല, കാർബോഹൈഡ്രേറ്റ് ആണ് വില്ലനെന്ന സത്യം ഇപ്പോഴും മറച്ചുവെക്കുന്നു

1149

Radhakrishnan Kalathil 

“നാം പാരമ്പര്യ ഭക്ഷണരീതിയിൽ നിന്നും വ്യതിചലിച്ചതും പാശ്ചാത്യ ഭക്ഷ്യവിഭവങ്ങളുടെ പിറകെപ്പോയതും ആണ് ഇന്ന് കേരളത്തിൽ ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കാൻ കാരണമായത്”. ഏറെക്കുറെ നമ്മുടെ എല്ലാ ആരോഗ്യവിദഗ്ധരും പ്രസംഗികരും പൊതുവേദികളിൽ വച്ച് അവർത്തിച്ചു കൊണ്ടിരിക്കാറുള്ള സ്ഥിരം പല്ലവിയാണ്. അതായത് നമ്മുടെ എല്ലാ പാരമ്പര്യഭക്ഷണപദാർത്ഥങ്ങളും മികച്ചതാണെന്നും അതേസമയം പാശ്ചാത്യ ഭക്ഷണങ്ങൾ ഗുണമില്ലാത്തതും ആണെന്ന് വിവക്ഷ. വെറും അർദ്ധവിജ്ഞാനം വച്ചുകൊണ്ടുള്ള സ്ഥിരം വാക് കസർത്ത് എന്നതിൽക്കവിഞ്ഞ ഒരു പ്രാധാന്യവും ഇത്തരം പ്രസ്താവനകൾക്ക് ഉണ്ട് എന്ന് തോന്നുന്നില്ല .

മലയാളികൾ അവരുടെ പാരമ്പര്യ തൊഴിലുകളിൽ നിന്ന് വിട്ടകന്നതാണ് കാരണമെന്നു വേണമെങ്കിൽ പറയാം .മെയ്യനങ്ങുന്ന ജോലിയല്ല ഇപ്പോൾ അധികം പേർക്കും. അതിനനുസരിച്ച് ഭക്ഷണരീതി ചിട്ടപ്പെടുത്തിയിട്ടില്ല .കാലത്തു മുതൽ വൈകുവോളം കംപ്യൂട്ടറിനു മുന്നിലിരുന്നു പണിയെടുക്കുന്നവനും മൂന്നോ അതിലധികമോ നേരം ചോറും കപ്പയും പുട്ടും കടലയും പഴം പൊരിയും ഉണ്ടപ്പൊരിയും ഒക്കെ വാരിവലിച്ചു കയറ്റി വയറിനകത്തും പുറത്തും ഒക്കെ കൊഴുപ്പ് അടിഞ്ഞുകൂടി പ്രശ്നം ഉണ്ടാവുന്നു എന്നത് തന്നെ കാരണം .

പാശ്ചാത്യ ഭക്ഷണങ്ങൾക്ക് നമ്മൾ കരുതുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഒന്നുമില്ല .പലതും ലീഫീ വെജിറ്റബിൾ സും ഗ്രീൻ വെജിറ്റബിൾസും ചീസും ഒക്കെ ക്കൊണ്ട് ടോപ്പിംഗ് ചെയ്തവയായിരിക്കും. ബ്രെഡുകൾ ഫെർമെൻറ് ചെയ്ത് അംനജാംശം കുറച്ചിട്ടുണ്ടാവും . ചിക്കൻ ,ചീസ് ,ബട്ടർ ,കോഴിമുട്ട ,ക്രീം തുടങ്ങിയവയൊന്നും കൊളെസ്റ്ററോൾ ഉണ്ടാക്കുന്നതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ഭക്ഷണപദാർത്ഥങ്ങളല്ല . അതേ സമയം നമ്മൾ കൂടുതലായി കഴിക്കുന്ന കഞ്ഞിയും ചോറും കപ്പപ്പുഴുക്കും പൊറാട്ടയും ചപ്പാത്തിയും ഉണ്ടപ്പൊരിയും ഉണ്ണിയപ്പവും എല്ലാം വെറും കാർബോഹൈഡ്രേറ്റ് നിറഞ്ഞ ജങ്ക് ഫുഡ്‌ ഇനങ്ങളണ് താനും .