പേരിനൊപ്പം ജാതിവാൽ ചേർത്തുനടക്കുന്ന വങ്കന്മാർ വായിക്കാൻ

38

പേരിനൊപ്പം ജാതിവാൽ ചേർത്തുനടക്കുന്ന വങ്കന്മാർ വായിക്കാൻ

പൊതുസ്ഥലത്ത് കാലിന്മേല്‍ കാല്‍ കയറ്റിവെച്ചതിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ മൂന്ന് ദലിതരെയാണ് കൊലപ്പെടുത്തിയത്. ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. ഉന്നത ജാതിയില്‍പെട്ടവരാണ് ദലിതരെ കൊലപ്പെടുത്തിയിരിക്കുന്നത്. മേയ് 26 നാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. തൈവെന്തിരന്‍, പ്രഭാകരന്‍ എന്നിവര്‍ കുറുപ്പുസ്വാമി അമ്പലത്തിനു മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരുന്നു. ഇതുകണ്ട ഉന്നത ജാതിയില്‍പെട്ടവര്‍ തങ്ങളോട് മര്യാദകേട് കാണിച്ചു എന്നു പറഞ്ഞ് രണ്ടു പേരെയും അപമാനിച്ചു. ഇതിന്റെ പേരില്‍ പരസ്പരം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പിന്നീടത് ജാതിപ്രശ്‌നമായി മാറുകയുമായിരുന്നു.

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനേക്കാൾ ഉന്നതനാവുന്നത് തന്റെ ജന്മം കൊണ്ടല്ല, തന്റെ പ്രവൃത്തി കൊണ്ടാണ്! നിങ്ങളുടെ ജാതിപ്പേര് പറഞ്ഞുനടക്കുന്നത് നിങ്ങൾക്ക് അഭിമാനമായിരിക്കാം. പക്ഷേ ഈ ജാതികളുടെ ഒക്കെ പിന്നാമ്പുറം പരിശോധിച്ചാൽ അതിൽ അഭിമാനിക്കാൻ യാതൊന്നുമില്ലെന്നു മാത്രമല്ല, ലജ്ജിക്കൻ ഒട്ടേറെ വസ്തുതകൾ ഉണ്ടു താനും. ഇന്ന് സമൂഹത്തിൽ നില നിൽക്കുന്ന അസമത്വങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത് ജാതിയും പണസ്വാധീനങ്ങളുമാണ്. അതിൽ തന്നെ ജാതിയാണ് എറ്റവും വലിയ വിപത്ത്.
നൂറ്റാണ്ടുകളായ് നിലനിൽക്കുന്ന ജാതി വ്യവസ്ഥ ഇല്ലായ്മ ചെയ്യുവാൻ നമ്മൾ എന്തു ചെയ്യുന്നു ? ജാതി ഇന്ത്യൻ സമൂഹത്തിൽ പച്ച പരമാർത്ഥമാണ്. സർവ്വത്ര മേഖലകളിലും എന്നു പറഞ്ഞാൽ തൂണിലും തുരുമ്പിലും ശ്വാസനിശ്വാസങ്ങളിൽപോലും അതിന്‍റെ മേൽക്കോയ്മയും അടയാളങ്ങളും പതിപ്പിച്ചിരിക്കുന്നു.

സവർണ്ണ ജാതികളെ സംബന്ധിച്ച് അവന്‍റെ “ജാതി” മേൽക്കോയ്മയുടെയും ശ്രേഷ്ഠതയുടെയും ചിഹ്നമാകുമ്പോള്‍, ദലിതരെ സംബന്ധിച്ച് “ജാതി” ഒരു വിഴുപ്പ് ഭാണ്ഡമാകുന്നു. ജനനം മുതൽ മരണം വരെ അവർ ചുമക്കേണ്ടി വരുന്നു. അച്ഛൻ മകളെ കൊലപ്പെടുത്തുന്നത്, അമ്മായിയച്ഛൻ മരുമകനെ കൊലപ്പെടുത്തുന്നത്, ദമ്പതികളെ ചുട്ടെരിക്കുന്നത്.. ഇതൊന്നും വ്യക്തിപരമായ സ്വാർത്ഥതകൾ മാത്രമല്ല. നമുക്കും അതിൽ പങ്കുണ്ട്. പേരിനു പിന്നിൽ ജാതി ചേർക്കുന്നവരും അവരറിയാതെതന്നെ അവരുടേതായ ഒരു സംഭാവന ഇതിലേക്ക് നൽകുന്നുണ്ട്. ആദ്യം തൂത്തെറിയേണ്ടത് ജാതിയെയാണ്.. മനുഷ്യർക്ക്‌ ജീവിക്കാൻ ഒരു ജാതിയേ വേണ്ടൂ.. അത് മാനവികതയാണ്.