ജാതി എന്നത് പറമ്പിൽ നിൽക്കുന്ന ഒരു മരം മാത്രമല്ലേയെന്നു പറയുന്നവർ ഇത് വായിച്ചിരിക്കണം

110

Soumya Vinesh

സ്കൂൾ കാലഘട്ടത്തിൽ വേനലവധിക്ക് അമ്മയുടെ വീട്ടിൽ പോയി നിൽക്കുകയെന്നുള്ള കലാപരിപാടി മറ്റെല്ലാ കുട്ടികളെയും പോലെ ഞങ്ങൾക്കും ണ്ടായിരുന്നു. അമ്മമ്മയുടെ വാലിൽ തൂങ്ങി നടക്കലാണ് പ്രധാന പണി .അമ്മമ്മ അവിടത്തെ നായൻമാരുടെ വീടായ മനക്കലേക്ക് തുണിയലക്കാൻ പോവുമ്പൊ ഞാനും കൂടെ പോവും. അവിടന്ന് കിട്ടാവുന്ന പലഹാരം കഥാപ്പുസ്തകങ്ങൾ, മാങ്ങ പിന്നെ എല്ലാറ്റിനും ഉപരിയായി ടീവി കാണൽ ( നിലത്തിരുന്നിട്ട് ട്ടാ) ഇതൊക്കെയാണ് ഉദ്ദേശലക്ഷ്യങ്ങൾ. അമ്മമ്മ അവിടെ ഉള്ള സ്ത്രീകളെ തമ്പ്രാട്ടീന്ന് വിളിച്ചു. ഞാൻ എന്നതിന് പകരം അമ്മമ്മ അടിയൻ എന്ന് പറഞ്ഞു.

അവിടെയുള്ള എത് പ്രായക്കാരും അമ്മമ്മയെ പേര് വിളിച്ചു. ഇതേതാ കുട്ടീന്ന് എന്നെ ചൂണ്ടി ചോദ്യം വരുമ്പൊ അവർ നിസ്സാരതയോടെ പറയും അതാ മണ്ണാരോടത്തെ മുണ്ടന്റെ പേരക്കുട്വാന്ന്, അത് കേക്കുമ്പൊന്റെ സാറേ… അപകർഷത ഉള്ളിൽ നിറയും..ആ ഒരു കോംപ്ലക്സ് ഇന്നും ഉണ്ട് ഉള്ളിൽ… ദളിത എന്ന ഐഡൻറിറ്റി മറച്ചു വക്കാനാണ് എപ്പഴും ശ്രമിച്ചത്. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ജാതിബോധം ഉള്ള ഒരു സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന് തിരിച്ചറിവ് ഉള്ളത് കൊണ്ടാവാം. കുറച്ച് നിറം ഉള്ളത് കൊണ്ട് ഓ എസ് സി ആയിരുന്നോ കണ്ടാ പറയില്ലാട്ടോ എന്ന പറച്ചിലുകൾ ( നിറം ഇന്നതായിരിക്കും എന്ന് മുൻവിധി ഉള്ളതാണല്ലോ ) … ജാതി പറഞ്ഞുള്ള തമാശകൾ എന്റെ മുന്നിൽ നിന്ന് പറയുമ്പൊ മറുത്തൊന്നും പറയാനാവാതെ ഇളിഭ്യച്ചിരി ചിരിച്ച് നിന്നത് .നിങ്ങളേതാ ജാതി എന്ന ഡയറക്ട് ചോദ്യം വരുമ്പൊ ജാതി മതം അങ്ങനെ ഒക്കെ ഉണ്ടോ എന്നൊരു മറു ചോദ്യം ഇട്ട് വഴുതുന്നത്.

ഈ ഫീലിംഗ്സ് ഒക്കെ നിങ്ങൾക്ക് മനസ്സിലാവുവോ ? എന്നാണ് നിങ്ങൾ ഞങ്ങളെ നിങ്ങൾക്കൊപ്പം ചേർത്ത് നിർത്താൻ പോവുന്നത് ? എന്നാണ് ഞങ്ങൾ നിങ്ങൾക്ക് തുല്യരാവാൻ പോവുന്നത് ? എന്നാണ് ഞാൻ ഒരു ദളിതനാണ് എന്ന് അഭിമാനത്തോടെ പറയാനുള്ള സാഹചര്യം നിങ്ങൾ ഒരുക്കി തരുന്നത് ? എന്നിട്ട് റിസർവേഷൻ ഒഴിവാക്കുന്നതല്ലേ അതിന്റെ ഒരിത് ? അല്ലേ ? ഉവ്വോ ? റിസർവേഷൻ വിരോധികളോടാണ് കേട്ടോ. റിസർവേഷൻ ഉണ്ടായിട്ട് ഇങ്ങനെ അപ്പൊ ഇല്ലെങ്കിലത്തെ അവസ്ഥ ഞങ്ങൾ ബാക്ക് ടു അടിയൻ നിങ്ങൾ ബാക്ക് ടു തമ്പ്രാൻ. ദദല്ലേ ങ്ങള് സ്വപ്നം കാണണ കിണാശേരി? അല്ലേ? ല്ലേ?