Sreekala Prasad

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ച ശിപ്പായിലഹളയ്ക്ക് മാസങ്ങൾക്ക് മുൻപ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ലക്ഷകണക്കിന് ചപ്പാത്തികൾ കൈമാറ്റം ചെയ്യപ്പെട്ട സംഭവമാണ് ചപ്പാത്തി പ്രസ്ഥാനം എന്നറിയപ്പെടുന്നത്. ആരാണ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചതെന്നോ എവിടെയാണ് ഇതിന്റെ ഉത്ഭവമെന്നോ ആർക്കും അറിയില്ല. തനിക്കു കിട്ടുന്ന ചപ്പാത്തിക്കു തുല്യമായി അത്രയും തന്നെ ചപ്പാത്തിയുണ്ടാക്കി മറ്റൊരാള്‍ക്ക് വിതരണം ചെയ്യുക എന്നതായിരുന്നു ആ പരിപാടി. ആരോ തുടങ്ങിവെച്ച ചപ്പാത്തി വിതരണം എന്തോ രഹസ്യ സന്ദേശത്തെ പേറുന്നുണ്ടെന്ന് ബ്രിട്ടീഷുകാർ വിശ്വസിച്ചു.

1857 ൽ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിൽ സംഘർഷങ്ങൾ എക്കാലത്തെയും ഉയർന്നനിലയിലായിരുന്നു. ചൂഷണാത്മക ബ്രിട്ടീഷ് ഭരണത്തിൽ തളർന്നുപോയ ഇന്ത്യക്കാർ നിശബ്ദമായി ഒരു കലാപം ആസൂത്രണം ചെയ്യുകയായിരുന്നു.ആ വർഷം ഫെബ്രുവരിയിൽ ഒരു വിചിത്രമായ കാര്യം സംഭവിക്കാൻ തുടങ്ങി.ആയിരക്കണക്കിന് ചപ്പാത്തികൾ ഇന്ത്യയിലുടനീളമുള്ള വീടുകളിലും പോലീസ് ഔട്ട്‌പോസ്റ്റുകളിലും രാത്രി ഓട്ടക്കാർ വിതരണം ചെയ്തു. ചപ്പാത്തി സ്വീകരിച്ച ആളുകൾ നിശബ്ദമായി കൂടുതൽ ചപ്പാത്തി ഉണ്ടാക്കി അവ കൈമാറും . ഈ നീക്കത്തിന് 90,000 ത്തോളം പോലീസുകാർ പങ്കെടുത്തു,
1857 ഫെബ്രുവരിയിൽ ഇത് ആദ്യം ശ്രദ്ധിച്ചത് മഥുരയിലെ മജിസ്‌ട്രേറ്റ് മാർക്ക് തോൺ‌ഹിൽ ആയിരുന്നു. ഒരു ദിവസം രാവിലെ ഓഫീസിലേക്ക് കടന്നപ്പോൾ 4 ചപ്പാത്തികൾ ഒരു കാവൽക്കാരൻ തന്റെ ഇന്ത്യൻ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കൈമാറിയതായി അറിയിച്ചു.1884-ൽ പ്രസാധനം ചെയ്ത തോൺഹിലിന്റെ സ്വകാര്യ അനുഭവകുറിപ്പുകളിൽ ഇങ്ങിനെ രേഖപെടുത്തുന്നു:

“ഒരാൾ കാട്ടിൽ നിന്നും ഗ്രാമത്തിലെത്തി അവിടെയുള്ള കാവൽക്കാരന് ഒരു ചപ്പാത്തി നല്‌കുകയും, കുറച്ച് ചപ്പാത്തികളുണ്ടാക്കി അടുത്തുള്ള ഗ്രാമങ്ങളിൽ കൈമാറണം എന്നും പറഞ്ഞു പിരിയുന്നു. കാവൽക്കാരൻ ഈ നിർദ്ദേശമനുസരിച്ച് ചപ്പാത്തികളുണ്ടാക്കി തൻറെ തലപ്പാവിൽഒളിപ്പിച്ച് അടുത്തുള്ള ഗ്രാമത്തിൽ കൈമാറുന്നു. ഇങ്ങിനെ നിരവധി ആളുകളുടെ കൈകൾ മറിഞ്ഞു ലക്ഷകണക്കിന് ചപ്പാത്തികൾ ഓരോ ദിവസവും രാത്രി 300-ൽ പരം കിലോമീറ്റർ കൈമാറ്റം ചെയ്യപ്പെടുന്നതായി അറിയാൻ കഴിയുന്നു.”
ഇന്ത്യാക്കാർ എന്തോ നിഗൂഢ നീക്കം നടത്തുകയാണെന്നും ചപ്പാത്തിക്കുള്ളിൽ എന്തെങ്കിലും സന്ദേശങ്ങൾ ഒളിപ്പിച്ചു കടത്തുകയാണെന്നും ബ്രിട്ടീഷുകാർ സംശയിച്ചു. പലയിടത്തും ചപ്പാത്തികൾ പിടികൂടി അന്വേഷണം ആരംഭിച്ചു. എന്നാൽ അവയിൽ നിന്ന് യാതൊരുവിധ കുറിപ്പുകളും കണ്ടെത്താൻ കഴിഞ്ഞില്ല.

ചപ്പാത്തി കൈമാറ്റത്തിലൂടെ എന്താണ് ഇന്ത്യാക്കാർ ഉദ്ദേശിക്കുന്നതെന്ന കാര്യം നിഗൂഢമായി തുടർന്നു. എല്ലാ രാത്രിയിലും ചപ്പാത്തികൾ 300 കിലോമീറ്റർ വരെ സഞ്ചരിക്കുന്നുണ്ടെന്ന് കണ്ടെത്തി – തെക്ക് നർമദ നദി മുതൽ വടക്ക് നേപ്പാളിലെ അതിർത്തി വരെ ഫാറൂഖാബാദ് മുതൽ ഗുഡ്ഗാവ് വരെ, അവധ് മുതൽ രോഹിൽഖണ്ഡ് വഴി ദില്ലി വരെ. വിതരണത്തിന്റെ വേഗത ബ്രിട്ടീഷുകാർക്ക് പ്രത്യേകിച്ചും അസ്വസ്ഥതയുണ്ടാക്കി, കാരണം ഇത് ബ്രിട്ടീഷ് മെയിലിനേക്കാൾ വളരെ വേഗതയുള്ളതായിരുന്നു, ഒരു രാത്രി കൊണ്ട് 100 മുതൽ 200 മൈൽ വരെ സഞ്ചരിക്കുന്ന തായും കണ്ടെത്തി.

പോലീസ് സ്റ്റേഷനുകളിൽ പോലും ചപ്പാത്തികൾ എത്തിയത് ബ്രിട്ടീഷ്കാരെ കൂടുതൽ പരിഭ്രാന്തരാക്കിയെന്ന് 1857 മാർച്ച് 5-ന് പുറത്തിങ്ങിയ ദ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അക്കാലത്തു പ്രചരിച്ച ചപ്പാത്തി പ്രസ്ഥാനം അക്ഷരാര്‍ഥത്തില്‍ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകള്‍ തന്നെ തെളിവ്. 1857 മാർച്ചിൽ ബ്രിട്ടനിലെ തന്റെ സഹോദരിക്ക് ഡോ. ഗിൽബർട്ട് ഹാഡോ എഴുതിയ കത്തിൽ നിന്ന് ഈ അജ്ഞാത പ്രസ്ഥാനത്തെക്കുറിച്ച് ബ്രിട്ടീഷുകാർക്കുള്ള ഭയം വളരെ വ്യക്തമാകുന്നുണ്ട്.

നിലവിൽ ഇന്ത്യയിലുടനീളം വളരെ നിഗൂഢ മായ ഒരു കാര്യം നടക്കുന്നു. ഇതിന്റെ അർത്ഥം ആർക്കും അറിയില്ലെന്ന് തോന്നുന്നു. ഇതിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇന്ത്യൻ പത്രങ്ങളിൽ നിറഞ്ഞിരിക്കുന്നു. അതിനെ ‘ചപ്പാത്തി പ്രസ്ഥാനം’ എന്ന് വിളിക്കുന്നു.”

ഈ വിചിത്രമായ വിതരണത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങൾ ധാരാളം സിദ്ധാന്തങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ചുവെങ്കിലും ചപ്പാത്തികളിൽ ഒരു വാക്കോ അടയാളമോ എഴുതിയിട്ടില്ലാത്തതിനാൽ, പലപ്പോഴും പോലീസ് ചൗക്കിദാർമാരായിരുന്ന ചപ്പാത്തി ഓട്ടക്കാരെ തടയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ അടിസ്ഥാനം കണ്ടെത്താൻ ബ്രിട്ടീഷുകാർക്ക് കഴിയില്ലായിരുന്നു. 1857 ൽ രാജ്യമെമ്പാടും അസ്വാഭാവിക ചപ്പാത്തി ശൃംഖലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്ന ആ വർഷം മെയ് 10 ന് മീററ്റിൽ ആദ്യത്തെ സായുധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ആസൂത്രണം ചെയ്തതായിരുന്നു ചപ്പാത്തികളുടെ പ്രചരണം എന്ന് പരക്കെ വിശ്വസിക്കപ്പെട്ടു.

1857 ലെ കലാപം, അല്ലെങ്കിൽ നമുക്കറിയാവുന്ന ശിപായി കലാപം, ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യയുദ്ധമായിരുന്നു. നമ്മുടെ സൈനികർക്ക് ബ്രിട്ടീഷ് സൈന്യത്തെപ്പോലെ സജ്ജരായിരുന്നില്ല, എന്നിട്ടും അവർ തങ്ങളുടെ എല്ലാ ശക്തിയോടും കൂടി, അടിച്ചമർത്തുന്ന ബ്രിട്ടീഷ് നയങ്ങൾക്കെതിരെ പോരാടി . എന്നാൽ ഇതെല്ലാം എങ്ങനെ ആരംഭിച്ചു? ആശയവിനിമയ രീതികൾ ഇന്നത്തെപ്പോലെവേഗതയില്ലാത്ത ഒരു സമയത്ത് സൈനികർ എങ്ങനെ തന്ത്രം മെനഞ്ഞു?

ഇന്ത്യൻ ചരിത്രത്താളുകളിൽ ഇന്നും കൗതുകം ബാക്കിയാക്കി നിലകൊള്ളുന്ന ചപ്പാത്തി പ്രസ്ഥാനം. നൂറ്റാണ്ടുകളായി ഇന്ത്യ ഭരിക്കുന്ന ബ്രിട്ടീഷുകാർക്കെതിരെ ജീവൻ ത്യജിച്ചും പോരാടണമെന്ന സന്ദേശമാണ് ചപ്പാത്തി പ്രസ്ഥാനത്തിലൂടെ ആഹ്വാനം ചെയ്യപ്പെട്ടതെന്നു കരുതുന്നു. ഹിന്ദുവായാലും മുസ്ലീമായാലും കഴിക്കുന്ന ഭക്ഷണം ഒന്നുതന്നെയാണെന്നും എല്ലാവരുടെയും ചോരയ്ക്ക് ഒരേ നിറമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടണമെന്നുമുള്ള ആഹ്വാനമായും കരുതുന്നു. ബ്രിട്ടീഷുകാർക്ക് ഭക്ഷണം പോലും വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനമായും ഇത് വിലയിരുത്തപ്പെടുന്നു.

You May Also Like

സൗന്ദര്യം കൂട്ടാൻ പുരാതന രാജ്ഞിമാർ ചെയ്തിരുന്ന വിചിത്രമായ ചില കാര്യങ്ങൾ എന്തെല്ലാം ?

സൗന്ദര്യം കൂട്ടാൻ പുരാതന രാജ്ഞിമാർ ചെയ്തിരുന്ന വിചിത്രമായ ചില കാര്യങ്ങൾ എന്തെല്ലാം ? അറിവ് തേടുന്ന…

ബാൻഡ: ജാതിക്കയുടെ രഹസ്യ ദ്വീപ്

അക്കാലത്ത്, ജാതിക്ക സ്വർണ്ണത്തേക്കാൾ വിലയേറിയതായിരുന്നു, കാരണം യൂറോപ്പിലുടനീളം ജനങ്ങളെ പതിവായി കൊന്നൊടുക്കിയിരുന്ന ഭയാനകമായ പ്ലേഗിനുള്ള പ്രതിവിധി ഈ സുഗന്ധവ്യഞ്ജനമാണെന്ന് വിശ്വസിക്കപ്പെട്ടു

എന്താണ് ഗ്രൗണ്ട് സീറോ ? നാഗസാക്കിയിലെ ഗ്രൗണ്ട് സീറോ

അന്തരീക്ഷത്തില്‍ അണുബോംബ്‌ പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശത്തെ സൂചിപ്പിക്കുന്ന വാക്കാണ് ഗ്രൗണ്ട് സീറോ

ഫ്രാന്‍സില്‍ നിന്നും രാജാവിന് വന്നൊരു പാഴ്‌സല്‍ മൈസൂരിന്റെ ചരിത്രത്തെ മാറ്റിമറിച്ചു

നൂറ് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മൈസൂര്‍ സാന്‍ഡല്‍ സോപ്പ് പിറന്ന കഥ ഏറെ പ്രശസ്തമാണ്.