ഇത്രയും ധൈര്യം ഞാൻ എൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, ആരാണീ ചാൾസ് ശോഭ് രാജ്?

0
362

സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ തിലകൻ അവതരിപ്പിക്കുന്ന അധോലോക കഥാപാത്രമായ ദാമോദർജി മോഹൻലാൽ കഥാപാത്രത്തോട് ഇങ്ങനെ പറയുന്നുണ്ട്
ഇത്രയും ധൈര്യം ഞാൻ എൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. നിനക്ക് എവിടുന്ന് കിട്ടി കുട്ടി ഈ ധൈര്യം?

ആരാണീ ചാൾസ് ശോഭ് രാജ്?

എഴുപതുകളുടെ തുടക്കത്തിൽ ലോകത്തെ തന്നെ വിറപ്പിച്ച ഒരു സീരിയൽ കില്ലർ. മാധ്യമങ്ങൾ ഏറ്റെടുത്ത ക്ലാസ്സിക്‌ ക്രിമിനൽ. ഏതാണ്ട് ഇരുപതോളം കൊലപാതകങ്ങൾ അതിക്രൂരമായി നടത്തിയിട്ടും, ചുറ്റും ചോരമണം പരന്നിട്ടും ഇയാളെ സ്നേഹിക്കാൻ പെണ്ണുങ്ങളുടെ ഒരു കൂട്ടം തന്നെ എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോഴും നേപ്പാളിലെ ജയിലിൽ കഴിയുന്ന ഇയാളുടെ മോചനവും കാത്തു വരണമാല്യവുമായി ഒരു പെൺകുട്ടി ജയിലിനു പുറത്തു കാത്തു നിൽക്കുന്നുണ്ട് ഇയാളെ ജീവിത പങ്കാളിയാക്കാൻ. നിഹിത ബിസ്വാസ്. 2008ൽ കല്യാണം കഴിഞ്ഞെങ്കിലും ഇവർ ഇതുവരെ ഒരുമിച്ചിട്ടില്ല. അതാണ് ചാൾസ് ശോഭ് രാജ് അഥവാ ദി സെർപെന്റ്.

Charles Sobhraj's Victims Weren't Exactly Random1944ഏപ്രിൽ ആറാം തിയ്യതി വിയറ്റ്‌നാമിലെ സൈഗോൺ എന്ന സിറ്റിയിൽ ഇന്ത്യൻ പിതാവിനും സുന്ദരിയായ വിയറ്റ്‌നാം മാതാവിനും പിറന്ന പുത്രനായിരുന്നു ഹോട്ചന്ദ് ഭവാനി ഗുരുമുഖ് ചാൾസ് ശോഭ് രാജ് എന്ന ഫ്രഞ്ച് സീരിയൽ കില്ലർ. വിവാഹത്തിന് മുൻപേ പിറന്ന പുത്രനായത് കൊണ്ടു അച്ഛന് മകനെ തീരെ താത്പര്യം ഇല്ലായിരുന്നു. അച്ഛന്റെ അവഗണന ആകണം ഇയാളെ ഇങ്ങനെ ആക്കിയത്. ആരും കുറ്റവാളിയായി ജനിക്കുന്നില്ലല്ലോ? സാഹചര്യങ്ങളാണല്ലോ മനുഷ്യനെ നല്ലവനും, കുറ്റവാളിയുമൊക്കെ ആക്കുന്നത്. എന്നാൽ ഇയാളുടെ കാര്യത്തിൽ അച്ഛന്റെ അവഗണന ഒക്കെ ഉണ്ടെങ്കിലും അമ്മക്ക് ശോഭ് രാജിന്റെ കാര്യത്തിൽ വലിയ കാര്യമായിരുന്നു. അവർ അവനെ ഒരു ഫ്രഞ്ച് ബോർഡിങ്‌ സ്കൂളിൽ ഹോസ്റ്റലിൽ ആക്കി. ഒരു ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനെ അമ്മ പിന്നീട് വിവാഹം ചെയ്തു. രണ്ടാനച്ഛൻ ശോഭ് രാജിനെ കാര്യമായി തന്നെ നോക്കിയെങ്കിലും ഇടയ്ക്കിടെ സ്വന്തം അച്ഛനെ കാണാൻ ഓടി പോകുന്നത് ഇയാൾ പതിവാക്കി. വേറെ കല്യാണം കഴിച്ച സ്വന്തം അച്ഛനാകട്ടെ ഇയാളെ എപ്പോഴും ഒഴിവാക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. അമ്മയുടെയും, രണ്ടാനച്ഛന്റെയും കൂടെ പാരീസിലേക്ക് പോയ ചാൾസ് ചെറുപ്പത്തിലേ തന്നെ കുറ്റവാസന പ്രകടിപ്പിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കാർ മോഷണവും, ചെറിയ ചെറിയ തട്ടിപ്പുകളും ഇയാൾ പതിവാക്കി. അമ്മക്ക് മറ്റൊരു പുത്രൻ ജനിച്ചപ്പോൾ തന്നോടുള്ള സ്നേഹം കുറഞ്ഞു എന്ന കാരണത്താൽ ഇയാൾ വളരെ ദുഖിതനും അതോടു കൂടി കുറ്റവാസന കൂടുതൽ ഉള്ള ആളുമായി മാറി. അതൊരു സീരിയൽ കില്ലറിന്റെ ജനനം ആയിരുന്നു. ലോകത്തെ തന്നെ ഞെട്ടി വിറപ്പിച്ച ക്രൂരനായ ഒരു സുന്ദരൻ കൊലയാളി.
യുവാവായ ചാൾസ് ശോഭ് രാജ് ഒരു ഫ്രഞ്ച് യുവതിയായ ചന്ദൽ കംപൈഗ്നോൻ നെ കണ്ടു മുട്ടുന്നതോടെ ചാൾസിന്റെ ജീവിതത്തിലെ പ്രണയ ജീവിതം തുടങ്ങുകയായി. അവരെ കല്യാണം കഴിക്കാൻ തീരുമാനിച്ച അന്ന് തന്നെ ചാൾസിനെ ഫ്രഞ്ച് പോലീസ് ഒരു കാർ മോഷണകേസിൽ അറസ്റ്റ് ചെയ്യുകയാണ്. ഭാര്യയാകാൻ പോകുന്ന അവരോടു ഇനി ഞാനൊരു തെറ്റും ചെയ്യില്ല എന്ന് പറഞ്ഞ ചാൾസ്, ജയിൽ മോചിതനായ ഉടനെ അവരെ വിവാഹവും കഴിക്കുന്നു. എന്നാൽ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ചെറിയ മോഷണമല്ല വലിയ വലിയ കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവിലേക്കാണ് അയാൾ എത്തിയത്. അതൊരു തുടക്കം മാത്രമായിരുന്നു.

Who is Charles Sobhraj? - Binge Watch Newsകാർ മോഷണങ്ങൾ മാത്രമല്ല പലവിധ മോഷണങ്ങളും ചാൾസ് ശോഭ് രാജ് ഈയവസരത്തിൽ നടത്തി വന്നു. ഫ്രാൻ‌സിൽ നിന്നും ഭാര്യയുമൊത്തു ഏഷ്യയിലേക്ക് യാത്ര ചെയ്തു. ടൂറിസ്റ്റുകളെയാണ് കൂടുതലായും ഇയാൾ മോഷണത്തിന് ഇരയാക്കിയിരുന്നത്. അവരുടെ പാസ്സ്പോർട്ടുകളും കൈക്കലാക്കും. പിന്നീട് ഈ പാസ്സ്പോർട്ടുകൾ വച്ചാണ് യാത്ര. അതിനാൽ ഇയാളുടെ യഥാർത്ഥ പേരോ ഐഡന്റിറ്റിയൊ ആർക്കും അറിയില്ലായിരുന്നു.

ഒടുവിൽ എഴുപതുകളുടെ മധ്യത്തിൽ അയാൾ ഇന്ത്യയിലുമെത്തി. അച്ഛന്റെ നാടായ ബോംബെയിൽ തന്നെയാണ് ആദ്യമെത്തിയത്. അവിടെ അശോക ഹോട്ടലിൽ താമസിക്കുമ്പോൾ ഇയാൾ അതിന് താഴെയുള്ള ഒരു ജ്വല്ലറിയിൽ മോഷണശ്രമം നടത്തി. ഇതിൽ ഇയാൾ ഇന്ത്യൻ പോലീസിന്റെ പിടിയിലായി. എന്നാൽ ജയിലിൽ രോഗം അഭിനയിച്ചു ഇയാൾ ജയിൽ ചാടി. വീണ്ടും പോലീസിന്റെ വലയിൽ പെട്ടു. ഇത്തവണ ഭാര്യയുടെ സഹായത്തോടെ ഇയാൾ ഹോസ്പിറ്റലിലെ ഗാർഡിനെ മയക്കി വീണ്ടും ജയിൽ ചാടി ടർക്കിയിലേക്ക് കടന്നു. ഇതിനിടെ ഇയാളുടെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. അവർ മകളെയും കൊണ്ടു ഫ്രാൻസിലേക്ക് തിരിച്ചു പോയി. ടർക്കിയിലും, സിങ്കപ്പൂരിലുമെല്ലാം മോഷണ പരമ്പര തുടങ്ങിയതിനു ശേഷം ഇയാൾ തായ്‌ലണ്ടിലേക്ക് താമസം മാറ്റി. അതിന് മുൻപ് ഒരു ഡച്ച് കപ്പിൾസിനെ ഇയാൾ സാമ്പത്തികമായി സഹായിച്ചു. അവരെ ബാംഗ്ഗോക്കിലേക്ക് ക്ഷണിക്കുകയും ചെയ്തു. തായ്‌ലൻഡിൽ വച്ചു മാരീ ആൻഡ്രി ലെറ്ക്ലാർക്ക് എന്ന സുന്ദരിയെ പരിചയപെട്ടു. പെണ്ണുങ്ങളെ മയക്കുന്നതിൽ ഒരു പ്രത്യേക കഴിവുണ്ട് ഇയാൾക്ക്. ഇയാളെ പരിചയപെട്ടു ജീവനോടെ രക്ഷപെട്ട സ്ത്രീകൾ പറയുന്നത് നമുക്ക് എന്താണ് ആവശ്യം എന്നത് നമ്മളറിയാതെ തന്നെ അയാൾ മനസ്സിലാക്കി ചെയ്യും എന്നതാണ്. ഇയാൾ പരിചയപ്പെട്ട മാരി ആൻഡ്രീ അത്തരത്തിൽ ഒരു ബ്രേക്ക്‌ അപ്പ്‌ കഴിഞ്ഞു വിഷമിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു. അവർക്കേറ്റവും ഇഷ്ടപെട്ട ഒരു പട്ടിക്കുട്ടിയെ അവളുടെ പൈസ കൊണ്ടു തന്നെ അവൾക്കു സമ്മാനിച്ചു അയാൾ അവളുടെ ഹൃദയം കീഴടക്കി. ചാൾസ്ന്റെ കടുത്ത ആരാധികയായി അവൾ മാറി. പിന്നീട് നടന്ന എല്ലാ കൊലപാതകങ്ങളിലും അവളും മൂകസാക്ഷിയായിരുന്നു.

1975ലാണ് ചാൾസ് ആദ്യത്തെ കൊലപാതകം നടത്തുന്നത്. കാനഡയിൽ നിന്നും നേപ്പാളിലേക്ക് ബുദ്ധ സന്യാസിനി ആകാൻ പുറപ്പെട്ട തെരേസ എന്ന ഒരു സ്ത്രീയായിരുന്നു അത്. സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ജീവിതത്തിലെ സുഖങ്ങൾ ആസ്വദിക്കണം എന്ന അവരുടെ തോന്നലാണ് അവരുടെ മരണത്തിൽ കലാശിച്ചത്. ഒരു നൈറ്റ്‌ ക്ലബ്ബിൽ പോകണമെന്ന അവരുടെ ആവശ്യം ചാൾസ് നടത്തുകയായിരുന്നു. ആ സമയത്തു ചാൾസിന് ഒരു പങ്കാളി കൂടി കിട്ടിയിരുന്നു. അജയ് ചൗധരി എന്ന ഒരു ഇന്ത്യക്കാരൻ ആയിരുന്നു ആ ക്രിമിനൽ പങ്കാളി. നൈറ്റ്‌ ക്ലബ്ബിൽ വച്ചു അവരറിയാതെ അവരുടെ കുടിക്കാനുള്ള പാനീയത്തിൽ അയാൾ മയക്കു മരുന്നു വലിയ അളവിൽ കലർത്തി. അവശയായ അവരെ പൂളിൽ ഇടുകയായിരുന്നു ഇവർ ചെയ്തത്. അക്കാലത്തു ഹിപ്പി ട്രെൻഡ് ഏഷ്യയാകെ പടർന്നു പിടിച്ച കാലമായിരുന്നു. ഏതോ ഒരു ടൂറിസ്റ്റ് മയക്കു മരുന്ന് കൂടുതലായി കഴിച്ചു നീന്താൻ ശ്രമിച്ചു മുങ്ങി മരിച്ചു എന്ന് മാത്രമേ പോലീസുകാർക്ക് തോന്നിയുള്ളൂ. ഒരു പൂക്കളുള്ള ബിക്കിനിയാണു മൃതദേഹം ധരിച്ചിരുന്നത്.

പിന്നീടങ്ങോട്ട് വേറെയും ഇരകൾ ബിക്കിനി തന്നെയാണ് ധരിച്ചിരുന്നത് അതിനാലാണ് ബിക്കിനി കില്ലർ എന്ന പേര് കിട്ടിയത്. എന്നും ടൂറിസ്റ്റുകളുടെ സ്വപ്ന കേന്ദ്രമായ പട്ടായയിലാണ് ഇത് സംഭവിച്ചത്. അതവർക്ക് പുത്തരിയല്ലാത്തതു കൊണ്ടു. അതത്ര ശ്രദ്ധ നേടിയില്ല. ബുദ്ധ സന്യാസി മഠത്തിലേക്കു അവർ എടുത്തു വച്ചിരുന്ന യാത്ര ചെക്കുകൾ അവരുടെ തന്നെ പാസ്പോർട്ട്‌ മോഷ്ടിച്ചു ഭാര്യയെ കൊണ്ട് അന്ന് തന്നെ അയാൾ മാറ്റിച്ചു. അയാളോടുള്ള അന്ധമായ പ്രണയം മൂലം അവൾ എല്ലാം ചെയ്യുകയായിരുന്നു. എന്നാൽ പിന്നീടങ്ങോട്ടുള്ള കൊലപാതക പരമ്പരയുടെ ആദ്യ കണ്ണി മാത്രമായിരുന്നു അത്.

അതിസമർത്ഥനായ കൊലയാളി ആയിരുന്നു ചാൾസ് ശോഭ് രാജ്.1975ൽ ഒരു ഡച്ച് പങ്കാളികളെ ശോഭ് രാജ് സാമ്പത്തികമായി സഹായിക്കുകയും ബാങ്കോക്കിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹെങ്ക് ബിന്റാഞ്ഞ അയാളുടെ ഗേൾ ഫ്രണ്ട് കോൺലൈ ഹേംകേർ ഇവരായിരുന്നു ആ ഹത ഭാഗ്യർ. ഇയാളുടെ ഗൂഢഉദ്ദേശങ്ങൾ ഒന്നും അറിയാതെ അവർ ബാങ്കോക്കിലേക്ക് വരികയും ചെയ്‌തു. എയർപോർട്ടിൽ ഇവരെ കാത്തു ശോഭ് രാജിന്റെ ക്രിമിനൽ പങ്കാളി കാത്തു നിന്നിരുന്നു. വളരെ സ്നേഹത്തോടെയാണ് ഇവരെ ബാങ്കൊക്കിലെ ശോഭ് രാജിന്റെ കുപ്രസിദ്ധമായ കെനിറ്റ് ഹൗസിലേക്ക് കൂട്ടി കൊണ്ടു പോയത്. അവിടെ ഇതുപോലെയുള്ള അനേകം ടൂറിസ്റ്റുകളെ ഇയാൾ താമസിപ്പിച്ചിരുന്നു. അതിനാൽ അവർക്കും സംശയം ഒന്നും തോന്നിയില്ല.
എന്നാൽ അവരറിയാതെ അവരുടെ മദ്യത്തിൽ ചേർത്ത മരുന്ന് കഴിച്ചു അവർ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി. അവരുടെ അസുഖം വയറിന്റെ അസ്വസ്ഥതകളാണെന്നു തെറ്റിദ്ധരിപ്പിച്ചു ഇയാൾ മറു മരുന്ന് കൊടുക്കും. എന്നാൽ അത് അതിലും വലിയ വിഷമാകും. പക്ഷേ അവരെ വലിയ വാത്സല്യത്തിൽ ശുശ്രൂഷിക്കുന്നതും ഇയാളും ഭാര്യയും ചേർന്നാണ്. അതിനാൽ തങ്ങളുടെ അസുഖത്തിന് പിന്നിൽ ഇവരാണെന്നു അവർ ചിന്തിക്കുന്നത് പോലുമില്ല. ഈ ഡച്ച് പങ്കാളികളെ ഇത് പോലെ ശർദ്ധിച്ചു അവശരായപ്പോൾ കാറിൽ കയറ്റി കൊണ്ടുപോയി രണ്ടാളുടെയും ദേഹത്ത് ഗസോലിൻ ഒഴിച്ചു ജീവനോടെ തന്നെ കത്തിക്കുകയായിരുന്നു. അവരുടെ കത്തിക്കരിഞ്ഞ മൃതദ്ദേഹങ്ങൾ പിന്നീട് കണ്ടെടുത്തു. എന്നാൽ ഇവർ ആരാണെന്ന കാര്യത്തിൽ ഒരു വിവരവും ലഭിച്ചില്ല. കാരണം ഇവരുടെ പാസ്സ്പോർട്ടുകളും മറ്റ് ഐഡന്റിറ്റികളും ശോഭ് രാജ് കൈക്കലാക്കിയിരുന്നു. എന്നാൽ ഇവരെ കാണാനില്ല എന്ന് കാണിച്ചു ഡച്ച് എംബസിയിൽ കിട്ടിയ ഒരു പരാതി, അത് കണ്ടുപിടിക്കാൻ സ്വന്തം ജീവൻ പോലും പണയം വച്ചു ഇറങ്ങിയ ഒരു ഉദ്യോഗസ്ഥൻ ഹെർമൻ നിപ്പെൻബെർഗ്, അയാളുടെ ഭാര്യ അങ്കേൽ, ശോഭ് രാജിന്റെ അയല്പക്കക്കാരി നദീൻ അവരുടെ ഭർത്താവ് റെമി ഇവരുടെ പരിശ്രമങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഒരു കേസുകളും തെളിയില്ലായിരുന്നു. സ്വന്തം ജോലി, ജീവൻ എല്ലാം അപകടത്തിലാക്കി എങ്കിലും നിപ്പെൻ ബെർഗ് എന്ന ഉദ്യോഗസ്ഥൻ ഈ ഡച്ച് ദമ്പതികളുടെ മാത്രമല്ല മറ്റ് കൊലപാതകങ്ങൾ കൂടി വെളിച്ചത്തു കൊണ്ടുവന്നു. അതിന് തക്ക ശിക്ഷ അയാൾക്ക്‌ ലഭിച്ചില്ല എന്ന് തന്നെ പറയാം. കാരണം ശോഭ് രാജിന്റെ പണവും, സ്വാധീനവും അത്രക്കും വലുതായിരുന്നു.

ഇതിനിടെ കപ്പൽ ജോലിക്കായി പുറപ്പെട്ട ഫ്രാൻ‌സിൽ നിന്നുള്ള ഡോമിനിക് എന്ന ചെറുപ്പക്കാരനെയും ഇയാൾ തന്റെ അപാർട്മെന്റിലേക്കു കൂട്ടി കൊണ്ടുവന്നു. ഇയാൾക്കും വിഷം നൽകി വയറിനു അസുഖം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവന്നു വീണ്ടും മയക്കു മരുന്നും വിഷവും കലർത്തി രോഗിയാക്കി നിർത്തി. സത്യത്തിൽ ഇയാൾ മാത്രമാണ് കൊലപാതകത്തിൽ നിന്നു രക്ഷപെട്ടത്. അതും തലനാരിഴയ്ക്ക്. അസുഖം ബാധിച്ചു കിടക്കുമ്പോൾ അപാർട്മെന്റിൽ പലരും വരുന്നതും പിന്നീട് ഇവർ അപ്രത്യക്ഷമാകുന്നതും ഇയാളുടെ ശ്രദ്ധയിൽ പെട്ടു. എന്താണ് ഇവിടെ വരുന്ന ആളുകൾ എല്ലാവർക്കും അസുഖം വരുന്നത് എന്നും ഇയാൾ ചിന്തിച്ചു. തനിക്ക് നൽകിയ മരുന്ന് അവർ വളർത്തുന്ന കുരങ്ങൻ കഴിച്ചു ചത്തപ്പോഴാണ് ഇയാൾ ശരിക്കും ഭയപ്പെട്ടു തുടങ്ങിയത്. പക്ഷേ അയാളുടെ പാസ്സ്പോർട്ടും മറ്റും ശോഭ് രാജ് ആദ്യമേ കൈക്കലാക്കിയിരുന്നു.അങ്ങിനെയാണ് രക്ഷക്കായി ഇയാൾ തൊട്ടടുത്ത അപാർട്മെന്റിലെ നദീൻ, റെമി ദമ്പതികളോട് സഹായം ആവശ്യപ്പെടുന്നത്. ചാൾസും ഭാര്യയും, അജയ് ചൗധരി എന്ന സഹായിയും പുറത്തു പോയ സമയത്തു ആയിരുന്നു അത്. അവർ അപാർട്മെന്റ് മുഴുവൻ അരിച്ചു പെറുക്കിയപ്പോൾ പലരുടെയും പാസ്സ്പോർട്ടുകളും, മറ്റ് സ്വകാര്യ വസ്തുക്കളും അവിടെ കണ്ടു. പക്ഷേ ആ ആളുകളൊക്കെ അപ്രത്യക്ഷരായിരുന്നു. വിസ കഴിഞ്ഞ ഡോമിനിക്കിനെ നദീംനും ഭർത്താവും കൂടി മരിച്ച ഒരാളുടെ വിസയുമെടുത്തു വിമാന ടിക്കറ്റുമെടുത്തു പറഞ്ഞു വിടുന്നു. എയർപോർട്ടിൽ ചാൾസ് ഉണ്ടായിരുന്നെങ്കിലും അയാൾ ഡോമിനിക്കിനെ കാണുന്നില്ല. അങ്ങനെ അയാൾ രക്ഷപെട്ടു ഫ്രാൻസിൽ അച്ഛനുമമ്മക്കും ഒപ്പം എത്തിച്ചേരുന്നു. ഇപ്പോഴും ജീവനോടെ ഫ്രാൻ‌സിലുള്ള അയാൾക്ക് തന്റെ അന്നത്തെ ജീവിതം ഓർക്കാൻപോലും ഭയമാണ്.

പിന്നീട് ചാൾസിന്റെ വലയിൽ പെട്ട ആളാണ് വിതാലി ഹക്കിം. ഒരു ഡ്രഗ് ഏജന്റായ ഇയാളും ചാൾസിന്റെ അതിഥിയായിരുന്നു. ഇയാളുടെയും കത്തിക്കരിഞ്ഞ മൃതദേഹം പട്ടായ റിസോർട്ടിന്റെ അടുത്ത് നിന്ന് പിന്നീട് കണ്ടെടുത്തു. ഇദ്ദേഹം എല്ലാ മയക്കുമരുന്ന് ഇടപാടുകളും നിർത്തി ഭാര്യയോടും മകളോടുമൊപ്പം നല്ലൊരു ജീവിതം നയിക്കാൻ തീരുമാനിച്ചിരുന്നു. ഇതാണ് ഇയാൾ കൊല്ലപ്പെടാൻ കാരണം.ഇയാളുടെ ഭാര്യ ചാർമയിൻ കാരോ ഇയാളെ തേടി ചാൾസിന് അടുത്തെത്തി. തന്റെ ഭർത്താവിനെ കാണാനില്ലെന്നും, ഇവിടെയുണ്ടെന്നു തനിക്ക് കത്തയച്ചെന്നും അവർ പറഞ്ഞു. അവരുടെ മൃതദ്ദേഹവും കത്തിക്കരിഞ്ഞ നിലയിൽ പിന്നീട് കണ്ടെത്തി. അവരും തെരെസയെ പോലെ പൂക്കളുള്ള ബിക്കിനി ആയിരുന്നു ധരിച്ചിരുന്നത്. ബിക്കിനി കില്ലർ എന്ന വിളിപ്പേര് ഉറപ്പിക്കാൻ ഇതും ഒരു കാരണമായി.

ഡച്ച് ദമ്പതികളുടെ പാസ്പോർട്ട്‌ ഉപയോഗിച്ച് ശോഭ് രാജും ഭാര്യയും നേപ്പാളിലേക്ക് പറന്നു. അവിടെയും രണ്ട് കൊലകൾ നടത്തി. ഡിസംബർ,21നും 22നും മാത്രമേ അവർ നേപ്പാളിൽ ഉണ്ടായിട്ടുള്ളൂ. പക്ഷേ രണ്ട് പേരുടെ മൃതദ്ദേഹങ്ങൾ പിന്നീട് നേപ്പാൾ പോലീസ് കണ്ടെടുത്തു. കാനഡക്കാരനായ ലോറൻറ് കാരിയും അമേരിക്കാകാരനായ ക്രോണി ബ്രോൻസിച് എന്നിവരായിരുന്നു അത്. പിന്നീട് ഇവരുടെ പാസ്സ്പോർട്ടിൽ ആയിരുന്നു ചാൾസിന്റെ യാത്ര. കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി പോലീസിന് കിട്ടാത്തതുകൊണ്ടും. മറ്റൊരു ഐഡന്റിറ്റി ആയി തെറ്റിദ്ധരിക്കപ്പെട്ടത് കൊണ്ടും അവരുടെ കൊലപാതകത്തിന്റെ അന്വേഷണം കുറെ വൈകി. ഇതിനിടയിൽ ചാൾസും ഭാര്യയും തായ്‌ലണ്ടിലേക്ക് തിരിച്ചെത്തി. എന്നാൽ അവിടെ തന്റെ അയല്പക്കകാരായ ദാമ്പതിമാർ നദീംനും, റെമിയും തങ്ങളെ സംശയിക്കുന്നുണ്ടെന്നും ഡോമിനിക്കിനെ കാണാനില്ലാത്തതും. അയാളെ രക്ഷപെടാൻ ഇവർ സഹായിച്ചോ എന്നുള്ളതും ചാൾസിനെ പരിഭ്രാന്തനാക്കി.
ചാൾസിന്റെ അടുത്ത ലക്ഷ്യം വാരണാസി ആയിരുന്നു. അവിടെയെത്തി ഒരു ഇസ്രായേലി പണ്ഡിതൻ അവോമി ജേക്കബിനെ കൊലപെടുത്തിയ ശേഷം തിരിച്ചു സിങ്കപ്പൂരിലേക്കും അവിടെനിന്നു തായ്‌ലണ്ടിലേക്കും ജേക്കബിന്റെ പാസ്സ്പോർട്ടിൽ യാത്ര ചെയ്തു. ഇതിനിടെ ഡച്ച് എംബസിയിലെ ഉദ്യോഗസ്ഥനായ നിപ്പെൻബെർഗും, ഭാര്യയും ശോഭ് രാജിന്റെ അയല്പക്കകാരായ ദമ്പതികളുടെ സഹായത്തോടെ കുറെ തെളിവുകൾ ലോക്കൽ പോലീസിന് കൈമാറിയിരുന്നു. നാലു പേരുടെയും ജീവൻ വച്ചുള്ള ഒരു കളി തന്നെയായിരുന്നു അത്. പലവട്ടം അത് നിപ്പെൻ ബെർഗിന്റെ ജോലിയെ തന്നെ ബാധിച്ചു. നദീനിന്റെ ജീവൻ പല സമയത്തും അപകടത്തിലായിരുന്നു. പലപ്പോഴും തലനാരിഴയ്ക്ക് അവർ രക്ഷപെട്ടു.
ഇവരുടെ പരാതിയിൽ തായ്‌ലൻഡ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തെങ്കിലും, തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. സത്യത്തിൽ കൈകൂലി കൊടുത്താണ് അവർ രക്ഷപെട്ടത്. ടൂറിസ്റ്റുകൾ കൊല്ലപ്പെടുന്നു എന്ന വാർത്ത തങ്ങളുടെ പ്രധാന വരുമാനമായ ടൂറിസംത്തെ ബാധിക്കുമെന്നും അവർ ഭയപ്പെട്ടു.

ചാൾസ് നേരെ പോയത് മലേഷ്യയിലേക്കാണ്. അവിടെക്ക് ഭാര്യയും തന്റെ ക്രിമിനൽ പങ്കാളി അജയ് ചൗധരിയും കൂടെ ഉണ്ടായിരുന്നു. ഭാര്യ അവിടെ ഒരു ദമ്പതികളെ പരിചയപെട്ടു. അവർക്കു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് മനസ്സിലാക്കിയ ഭാര്യ, അവരുടെ കയ്യിലുള്ള റൂബി വിൽക്കാൻ ചാൾസിനോട് ആവശ്യപെട്ടു. എന്നാൽ ആ റൂബി ഒറിജിനൽ അല്ലെന്നും അതിന് വില ലഭിക്കില്ല എന്നും അവരെ പറഞ്ഞു മനസ്സിലാക്കിയ ചാൾസ് അവർക്കു മൗണ്ടൈൻ കാണാൻ അയാൾ സഹായിക്കാമെന്നേറ്റു. അജയും, ചാൾസും കൂടെ അവരെ കൂട്ടിക്കൊണ്ടുപോയി മയക്കി കൊലപെടുത്തി. ആ സംഭവത്തോട് കൂടി ഭാര്യ ചാൾസിനെ ഭയപ്പെടാൻ തുടങ്ങി. അജയിനും ആ സമയത്തു ഒരു പ്രണയം തുടങ്ങിയിരുന്നു. എന്നാൽ ചാൾസ് അതും തകർത്തു. അജയും, ചാൾസിന്റെ ഭാര്യയും തമ്മിലുള്ള നിരന്തര വഴക്കും ചാൾസിനെ പ്രതിരോധത്തിലാക്കി. പാരിസിൽ നിന്നും നല്ലൊരു വില്പന ഈ റുബിക്ക് ലഭിച്ചു. അതോടുകൂടി അജയിനെ ഇല്ലാതാക്കാൻ ചാൾസ് തീരുമാനിച്ചു. അജയിനെ കൊലപെടുത്തിയോ എന്ന് ഇപ്പോഴും അറിയില്ല. അതിന് ശേഷം അജയിനെ ആരും കണ്ടിട്ടില്ല. പിന്നീടൊരിക്കൽ പശ്ചിമ ജർമനിയിൽ ഇയാളെ കണ്ടെന്നു ആരോ പറഞ്ഞെങ്കിലും അതിന് സ്ഥിതീകരണം ഉണ്ടായില്ല. അജയ് ചൗധരിക്ക് എന്ത് പറ്റിയെന്നു ഇന്നും ദുരൂഹമായി തുടരുന്നു.
പാരീസിൽ എത്തിയ ചാൾസിന് രത്‌നങ്ങൾ വിൽക്കാൻ സാധിച്ചില്ല. അയാളുടെയും ഭാര്യയുടെയും വാർത്തകൾ ഇതിനോടകം എല്ലായിടത്തും വന്നു തുടങ്ങി. അവിടെ വച്ചു ചാൾസ് തന്റെ ആദ്യ ഭാര്യ ചന്ദലിനെയും മകൾ മധുവിനെയും കണ്ടു. അവർ വേറെ കല്യാണം കഴിച്ചിരുന്നു. അവിടെനിന്നും മുങ്ങിയ ചാൾസും ഭാര്യയും തമ്മിൽ പിന്നീടുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. പക്ഷേ കൂട്ട് പ്രതിയായി തന്റെയും ചിത്രം വരുന്നതുകൊണ്ട് അവർക്കു കൂടെപോകാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. അവർ ഇന്ത്യയിലെത്തി.

ഇവിടെ വച്ചു രണ്ട് സ്ത്രീകളുമായി ചേർന്നു ചാൾസ് ഒരു ക്രിമിനൽ സംഘം രൂപീകരിച്ചു. ഒരു ഫ്രഞ്ച് വിദ്യാർത്ഥിനികളുടെ ടൂർ സംഘത്തെ മുഴുവൻ വിഷം കൊടുത്ത കുറ്റത്തിന് ശോഭ് രാജ് പിടിക്കപ്പെട്ടു. കൂടെ ഭാര്യയും. ഭാര്യ എല്ലാ കുറ്റവും പോലീസിനോട് ഏറ്റു പറഞ്ഞു. ആ സമയത്തു അവർക്കു കാൻസർ സ്ഥിതീകരിച്ചു. മാപ്പ് സാക്ഷിയായ അവർ തിരികെ നാട്ടിലേക്കു പോയി. പിന്നെ അവിടെ വച്ചു കാൻസർ മൂർച്ഛിച്ചു മരണപെട്ടു.

ആ കേസിൽ ചാൾസ് 20 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടു.എന്നാൽ ജയിലിനുള്ളിൽ ചാൾസ് കിരീടം വെക്കാത്ത രാജാവ് തന്നെയായിരുന്നു. തിഹാർ ജയിൽ അക്കാലത്തു ഭരിച്ചിരുന്നത് ചാൾസ് ആയിരുന്നു എന്ന് പറയാം. എല്ലാ സൗകര്യങ്ങളും അയാൾക്ക്‌ അവിടെ ലഭിച്ചിരുന്നു. അക്കാലത്തു പല പത്ര മാധ്യമങ്ങളും ഇയാളുടെ ഇന്റർവ്യൂ എടുത്തും,സാമർഥ്യം വാഴ്ത്തിപാടിയും അയാളെ ഒരു സെലിബ്രിറ്റി ആക്കി മാറ്റിയിരുന്നു. ജയിലിലും ഇയാളെ കാണാൻ വരുന്ന സന്ദർശകർക്കു ഒരു നിയന്ത്രണവും ഇല്ലായിരുന്നു. മദ്യവും, മയക്കുമരുന്നും ഇഷ്ടം പോലെ കൈമാറ്റം ചെയ്യപ്പെട്ടു. സംബാദിച്ച പൈസ മുഴുവൻ ജയിലിലെ ആഡംബരത്തിനായി അയാൾക്ക്‌ ഉപയോഗിക്കാൻ കഴിഞ്ഞു. അക്കാലത്തു ഒരു ജയിലർ ആകാൻ ഡെപ്യൂട്ടേഷനിൽ എത്തിയ ഒരാൾക്ക് ഇവിടെ ഒഴിവില്ല എന്ന് പറഞ്ഞു ജയിൽ ഐ ജി തിരിച്ചു വിറ്റപ്പോൾ, അയാളെ ഒരു രക്ഷകനായി അവിടെത്തന്നെ നിയമിക്കാൻ ചാൾസ് സഹായിച്ചു എന്ന് അയാൾ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അത്രയും അധികാരം ജയിലിന്റെ ഇടനാഴികളിൽ അയാൾക്ക്‌ ഉണ്ടായിരുന്നു.

ഒരു ദിവസം അയാളെ കാണാൻ വന്ന ഒരാൾ വിതരണം ചെയ്ത മധുരപലഹാരങ്ങൾ കഴിച്ചു ജയിലുള്ളവർ മുഴുവൻ മയങ്ങി വീണ സമയത്തു ചാൾസ് വളരെ കൂളായി ജയിലിൽ നിന്നിറങ്ങി പോയി. ഇന്ത്യൻ പോലീസ് ചരിത്രത്തിലെ നാണം കെട്ട ഒരു ദിവസമായിരുന്നു അത്. പോലീസുകാർ അഭിമാനം രക്ഷിക്കാൻ ഇയാളെ തേടി ലോകം മുഴുവൻ തിരഞ്ഞു. അതിനായി അവർ പ്രൈവറ്റ് ഡിക്ടറ്റീവ്സിനെ വരെ ഏർപ്പെടുത്തി. അത്തരമൊരു ഡീറ്റെക്റ്റീവ് ഇയാളെ മാർകെറ്റിൽ വച്ചു കാണുകയും ഇയാളെ പിന്തുടർന്ന് പോലീസിനെ അറിയിച്ചു അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇത്രയും സമർത്യമുള്ള ഒരാൾ പോലീസിന്റെ മൂക്കിന്റെ താഴെ തന്നെ ഒളിച്ചിരുന്നോ? എന്ന സംശയത്തിന് കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യയിലെ ശിക്ഷ കഴിഞ്ഞാൽ ഉടനെ ഇയാളെ തായ്‌ലൻഡിന് കൈമാറണം. അവിടെ ഇയാളെ കാത്തിരിക്കുന്നത് വധശിക്ഷയാണ്. അതിനാൽ ഇന്ത്യയിലെ ശിക്ഷ നീട്ടികിട്ടാൻ ചാൾസ് തന്നെ നടത്തിയ നാടകമാണ് ഈ ജയിൽ ചാടലും പിന്നീടുള്ള പിടികൊടുക്കലും. അയാൾ വിചാരിച്ച പോലെത്തന്നെ പത്തു വർഷത്തേക്ക് കൂടി കോടതി ഇയാളെ ശിക്ഷിച്ചു.
ഇന്ത്യയിലെ എല്ലാ ശിക്ഷയും കഴിഞ്ഞു ഇന്ത്യ ഇയാളെ ഫ്രാൻസിലേക്ക് തിരിച്ചയച്ചു. അവിടെ വച്ചു ഇയാളുടെ ഒരു പാട് ഇന്റർവ്യൂ കളും സിനിമകളും കരാർ ചെയ്യപ്പെട്ടു. ഒരു ഇന്റർവ്യൂവിന് വരെ 20ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. സിനിമകൾക്കെല്ലാം ഇയാൾ നല്ല തുക പ്രൊഡ്യൂസർ മാരിൽ നിന്നും ഈടാക്കി. നിലവിൽ ഫ്രാൻ‌സിൽ ഇയാൾക്കെതിരെ കുറ്റമൊന്നും ഇല്ലാത്തതിനാൽ ഇയാൾ അവിടെ സ്വാതന്ത്ര്യത്തോടെ തന്നെ ജീവിച്ചു.

എന്നാൽ 2003ൽ ഇയാൾ നേപ്പാളിലേക്ക് തിരിച്ചു വന്നു. മിനറൽ വാട്ടറിന്റെ ബിസിനസ്‌ തുടങ്ങാനാണ് വന്നത് എന്നറിയപ്പെടുന്നു എങ്കിലും നേപ്പാൾ പോലിസ് രണ്ട് കൊലപാതക കേസിൽ അന്വേഷിക്കുന്ന ഇയാൾ എന്തിന് ഇങ്ങോട്ട് വന്നു എന്നുള്ളത് ഇന്നും ദുരൂഹമാണ്. നെഗറ്റീവ് ആയാലും എന്നും ന്യൂസിൽ നിറഞ്ഞു നിൽക്കണമെന്ന ഇയാളുടെ ആഗ്രഹമാണോ അതോ തന്റെ സാമർഥ്യത്തിൽ ഇയാൾക്കുണ്ടായിരുന്ന ആത്മവിശ്വാസ കൂടുതൽ ആണോ എന്നറിയില്ല അയാളെ അവിടെ എത്തിച്ചത്. എന്തായാലും പോലീസ് അറെസ്റ്റ്‌ ചെയ്തു ഇയാളെ ജീവപര്യന്തം ശിക്ഷിച്ചു. ഇവിടെ അയാളുടെ വക്കീലായിരുന്ന സ്ത്രീയുടെ മകളായ നിഹിത ബിശ്വസിനു ഇയാളോട് പ്രണയം തോന്നിയതും, ജയിലിലെത്തി വിവാഹം കഴിച്ചതുമെല്ലാം ചരിത്രം. എന്നാൽ ഇയാളുടെ മോചനത്തിനായി അവർക്കു ഇനിയും കാത്തിരിക്കണം. ഇതിനിടെ ചാൾസിന്റെ കല്യാണം കഴിഞ്ഞെന്ന വാർത്ത നേപ്പാൾ അധികൃതർ നിഷേധിക്കുന്നു.ബഡാ ദശമി എന്ന അവിടത്തെ ഉത്സവത്തിന് ടിക്ക (കുങ്കുമം ചാർത്തൽ )മാത്രമാണ് നടന്നത് എന്നാണ് അവരുടെ വാദം. അത് ചെറിയവർ മുതിർന്നവർക്ക് കുങ്കുമം ചാർത്തുന്ന ചടങ്ങു മാത്രമാണെന്നും അവർ അവകാശപ്പെടുന്നു.

അതിനിടെ ചാൾസ് ശോഭ് രാജിന് പല തവണ ഹൃദയ ശസ്തക്രിയ നടന്നു. ആദ്യത്തെ തവണ ശസ്തക്രിയ നടക്കുമ്പോൾ “എനിക്ക് ജീവിക്കണം, എന്നെ രക്ഷപ്പെടുത്തണം” എന്ന് അയാൾ പറഞ്ഞത് ഇനിയും ജീവിക്കണമെന്ന അയാളുടെ അതിയായ ആഗ്രഹമാണ് സൂചിപ്പിക്കുന്നത്. പലതവണ ഹൃദയ ശസ്തക്രിയ വേണ്ടി വന്ന ഇയാളുടെ ആരോഗ്യ നില ഇന്ന് വളരെ മോശമാണ്. എന്നാലും മനോധൈര്യം ഒന്ന് കൊണ്ടു മാത്രം ഈ കൊടും ക്രിമിനൽ ഇന്നും ജീവിക്കുന്നു. ഇപ്പോഴും മാധ്യമ പ്രവർത്തകരുടെ “എന്തിന് ഇത്രയും കൊലപാതകങ്ങൾ “എന്ന ചോദ്യത്തിന് അയാൾക്ക്‌ ഒരു മറുപടിയെ ഉള്ളൂ.”ഞാൻ നല്ലവരെ ആരെയും കൊന്നിട്ടില്ല “എന്ന്. അതിനിടെ താൻ ആരെയും കൊന്നിട്ടില്ലെന്നും തന്നെ ഒരു സീരിയൽ കില്ലർ ആയി ചിത്രീകരിക്കരുത് എന്നും അയാൾ കോടതിയോട് ആവശ്യപെട്ടെങ്കിലും കോടതി അത് തള്ളി കളഞ്ഞു. ആർക്കറിയാം അയാളുടെ മനസ്സിൽ എന്താണെന്നു?കാത്തിരുന്നു തന്നെ കാണാം.