“നാസിവിരുദ്ധനാവാൻ ഒരുവന് ജൂതനാവണമെന്നില്ല”, ചാപ്ലിന്റെ മറുപടിക്കു ഇന്ത്യയിൽ പ്രസക്തിയുണ്ട്

36

തമാശകളുടെ ഉസ്താദാണ് ചാർളീ ചാപ്ലിൻ . മാനവികതയുടെ തോഴൻ. സാക്ഷാൽ ഹിറ്റ്‌ലറെ പോലും പരിഹസിക്കാൻ ധീരത കാട്ടിയ പ്രതിഭ. അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരേട് ആണിത്. വർത്തമാനകാല ഇന്ത്യൻ യഥാർത്ഥങ്ങളുമായി ഇത് പൊരുത്തപ്പെടുന്നതാണ്.

ചാർളി ചാപ്ളിൻ എഴുതിയത് : (കാലം : ഹിറ്റ്ലറുടെ പ്രതാപകാലം):

“ഞാനെന്തു കൊണ്ടാണ് ഇത്ര നാസിവിരുദ്ധനായതെന്ന് ന്യുയോർക്കുകാരനായ ഒരു യുവാവ് എന്നോട് ചോദിച്ചു. നാസികൾ ജനവിരുദ്ധരായതു കൊണ്ടാണെന്ന് ഞാൻ മറുപടി പറഞ്ഞു. പൊടുന്നനെ ഒരു കണ്ടു പിടുത്തം നടത്തുന്നതുപോലെ അയാൾ പറഞ്ഞു : ‘നിങ്ങളൊരു ജൂതനാണല്ലേ? ‘
‘നാസിവിരുദ്ധനാവാൻ ഒരുവന് ജൂതനാവണമെന്നില്ല.’ ഞാൻ പറഞ്ഞു.’അന്തസ്സുള്ള ഒരു സാധാരണ മനുഷ്യജീവിയായാൽ മതി’
അതോടെ വിഷയം അവസാനിച്ചു.

ചാപ്ളിന്റെ ഈ വാചകങ്ങൾ ചില വാക്കുകൾ മാത്രം മാറ്റി എഴുതിയാൽ ഇന്ത്യൻ യാഥാർഥ്യങ്ങൾക്കു ഇണങ്ങും. കാലങ്ങൾക്കു മുൻപ് ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞവാക്കുകൾക്കു എന്നും പ്രസക്തിയുണ്ട്.

എന്‍റെ വിസ്മയ സന്ദര്‍ശനം എന്ന പുസ്തകത്തില്‍, “നിങ്ങള്‍ ബോള്‍ ഷെവിക്കാണോ?”എന്ന ചോദ്യത്തിന് ബദല്‍ ഉത്തരമായി ചാപ്ലിന്‍ പറഞ്ഞ വരികള്‍ ഇപ്രകാരം വായിക്കാം. “ഞാന്‍ ഒര് കലാകാരനാണ്.ജീവിതത്തില്‍ എനിക്ക് താല്പര്യം ഉണ്ട്. ” ജീവിതത്തിന്റെ മുഴുവന്‍ സത്തയും ഈ വരിയില്‍ അന്തര്‍ലീനമാണ്.ജീവിതം ചാപ്ലിനെ അതിന്‍റെ എത്രയോ വിഭിന്ന തലങ്ങളില്‍ എത്തിച്ചു. കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതനായി ചാപ്ലിന്‍ തന്‍റെ ജീവിത നാടകം ആടുകയുണ്ടായി.ജീവിതത്തിന്റെ പരിണാമ സന്ധികളില്‍ ഒരിക്കലും ചാപ്ലിന്‍ പകച്ചുനിന്നില്ല.ഒന്നില്‍ നിന്നു മറ്റൊന്നിലെയ്ക്കുള്ള ഓട്ടമായിരുന്നു ആ ജീവിതം.

1889 ല്‍ ലണ്ടനില്‍ വാല്വര്‍ത്തിലെ ഈസ്റ്റ് ലൈനിലാണ് ഒര് ഏപ്രില്‍ 16 ന് ചാള്‍സ് സ്പെന്‍സര്‍ ചാപ്ലിന്‍ ജനിച്ചത്‌.വരണ്ട ബാല്യം.മദ്യപനായ അച്ഛന്‍.ദാരിദ്രത്തിന്റെ കയത്തില്‍ നിന്നു മക്കളെ -ചാപ്ലിനും ജ്യേഷ്ട്ടന്‍ സിദ്നിയും – കരകയറ്റാന്‍,തുന്നലും,നാടക നടനവുമായി മല്ലടിക്കുന്ന അമ്മ.ഒരു ഔണ്‍സ് ഇറച്ചിയോ,അല്‍പ്പം റൊട്ടിയോ കൊതിച്ച ബാല്യം.അമ്മയുടെ ശബ്ദത്തിന് നേരിട്ട തകരാര് മൂലം വെറും അഞ്ചു വയസ്സുള്ളപ്പോഴാണ് ചാര്‍ളീ ആദ്യം സ്റ്റേജില്‍ കയറുന്നത്.ജാക്ക് ജോണ്‍സ് എന്ന ഗാനമായിരുന്നു ആദ്യമായി ചാര്‍ളീ പാടിയത്.ഗാനം പകുതിയെത്തിയപ്പോള്‍ നാണയത്തുട്ടുകള്‍ വന്നു വീഴാന്‍ ആരംഭിച്ചു.ആ കുഞ്ഞു കണ്ണുകളില്‍ ആദ്യം തെളിഞ്ഞത് ഭക്ഷണം ആയിരുന്നു,നാണയ തുട്ടുകള്‍ പെറുക്കിയെടുത്തു ബാക്കി പാടാം എന്നു മൈക്കിലൂടെ വിളിച്ചു പറഞ്ഞ ചാര്‍ളീ കാണികളില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തി.

അതെ,അതായിരുന്നു ഹാസ്യ സമ്രാട്ടാവാന്‍ വിധിക്കപ്പെട്ട ആ മഹാ നടന്‍റെ തുടക്കം. അച്ഛനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ, ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ വീണു തളര്‍ന്ന ചാര്‍ളീ ചെയ്യാത്ത ജോലികളില്ല.പത്ര എജന്റ്ടുമാരുടെ കീഴിലും,അച്ചടിത്തൊഴിലാളിയായും,ഡോക്റ്ററുടെ പരിചാരകനായും ചാര്‍ളീ ജീവിതം എന്ന പ്രഹേളികയില്‍ വീണു.ചേട്ടന്‍ സിദ്നിയെപ്പോലെയെങ്കിലും ഒര് നടന്‍ എങ്കിലും ആകുവാനാണ് ചാപ്ലിന്‍ കൊതിച്ചത്.അത് സഫലമായത് “ബെഡ് ഫോര്‍ഡ് സ്ട്രീറ്റിലെ ബ്ലാക്ക് മോര്‍ എജെന്‍സിയില്‍ വരിക” എന്നു പറഞ്ഞു ഒര് അഭിനയിക്കാനുള്ള ക്ഷണവുമായി ഒര് കുറിപ്പ് കിട്ടിയപ്പോഴും.

പിന്നെ ചാപ്ലിന്റെ ജൈത്രയാത്രയായിരുന്നു. ഒര് പിടി ചിത്രങ്ങള്‍.ലോക ജനതയ്ക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാനും,ചിന്തിക്കാനും വക നല്‍കുന്നവ.ദി കിഡ്,മോഡേന്‍ ടൈംസ്‌, ദി ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍,സര്‍ക്കസ്,ഗോള്‍ഡ്‌ റഷ്,സിറ്റി ലൈറ്റ്സ് ഉള്‍പ്പെടെ നാല്‍പ്പതിനു മേല്‍ സിനിമകള്‍.ഓരോ സിനിമയും “നിശബ്ദ ചിത്ര”കലയുടെ ശക്തി കൊണ്ട് അതി ഗംഭീരമാക്കുവാന്‍ ചാപ്ലിന് കഴിഞ്ഞു.വിശപ്പ്‌,ദാരിദ്ര്യം ഇവയൊക്കെ തന്നെയായിരുന്നു മിക്ക സിനിമകളിലെയും പ്രമേയങ്ങള്‍. എന്നാല്‍ വ്യക്തമായ രാഷ്ട്രീയം വെളിവാക്കുന്ന സിനിമകളും ചാപ്ലിന്റെതായി ഉണ്ട്.ഈ സിനിമകളെ – [രമേയം എന്ത് തന്നെയായാലും -തീക്ഷ്ണതയോടെയും,വ്യത്യസ്തതയോടെയും അവതരിപ്പിച്ചതിലാണ് ചാപ്ലിന്റെ ധിഷണ.മോഡേന്‍ ടൈംസ്‌ എന്ന ചിത്രത്തിലൂടെ ആധുനിക കാലവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന രണ്ടു വിലക്ഷണരുടെ കഥ പറഞ്ഞു ചാപ്ലിന്‍.അത് പോലെ തന്നെ “പരിഹസിക്കപ്പെടെണ്ടവനാണ് ഹിറ്റ്ലര്‍ ” എന്ന തന്‍റെ പ്രഖ്യാപനത്തിന് മാറ്റ് കൂട്ടുന്ന പോലെയാണ് ചാപ്ലിന്‍ ദി ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍ ഒരുക്കിയത്.

റിച്ചാര്‍ഡ് മെറി മാന്‍ ചാപ്ലിനുമായുള്ള ഒര് അഭിമുഖത്തില്‍ ഇങ്ങനെ ആരാഞ്ഞു. “താങ്കളുടെ രചനയെയും കലയെയും കുറിച്ചല്ലാതെ മറ്റൊന്നുമല്ല ഈ അഭിമുഖം.താങ്കളുടെ ആവിഷ്കാര രീതിയെക്കുറിച്ച് ചില സൂചനകള്‍ അറിയാന്‍ ആഗ്രഹമുണ്ട് ” എത്രത്തോളം ധൈഷണികവും ശക്തവുമായിരുന്നു ഈ ചോദ്യത്തിനോട് ഉള്ള ചാപ്ലിന്റെ കാഴ്ചപ്പാട് എന്നത് ചാപ്ലിന്റെ മറുപടിയില്‍ നമുക്ക് കാണാം.അത് ഇങ്ങനെ യായിരുന്നു. ” എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം ഞാന്‍ ചെയ്യുന്നു. കൂടുതല്‍ മെച്ചപ്പെട്ടത് ചെയ്യാനാവുമെങ്കില്‍ ഞാനത് ചെയ്തിരിക്കും” ഈ നിശ്ചയധാര്‍ഡ്യമല്ലേ പലപ്പോഴും നമുക്ക് ഇല്ലാതെ പോകുന്നത് എന്നു ഇത്തരുണത്തില്‍ പറയാതെ വയ്യ . ചാപ്ലിന്‍ നാല് വിവാഹങ്ങള്‍ കഴിച്ചു.ജീവിതത്തില്‍ എത്രമാത്രം ദുഃഖം അനുഭവിച്ചുവോ അത്രത്തോളം ജീവിത സുഖങ്ങളും ചാപ്ലിന്‍ നേടി.എങ്കിലും ഈ ലോകവും അതിന്റെ സുഖ ഭോഗങ്ങളും നശ്വരമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ചാപ്ലിന്റെ ആത്മകഥയിലെ ഈ വരികള്‍ . ” അങ്ങനെ ഞാന്‍ എന്‍റെ ഒഡീസ്സി അവസാനിപ്പിക്കട്ടെ. സമയവും,സാഹചര്യങ്ങളും എന്നെ അനുഗ്രഹിച്ചിട്ടുന്ടെന്നു ഞാന്‍ തിരിച്ചറിയുന്നു.ലോകം എന്നെ വാത്സല്യത്തോടെ ലാളിച്ചിട്ടുണ്ട്,സ്നേഹിച്ചിട്ടുണ്ട്,വെറുത്തിട്ടുണ്ട്,ലോകം ഏറ്റവും ശ്രേഷ്ട്ടമായത് കൂടുതല്‍ തന്നു,ഏറ്റവും ഹീനമായത് അല്പം മാത്രം തന്നു.”

1977 ലെ ഒര് ക്രിസ്തുമസ് ദിനത്തില്‍ ചാര്‍ളീ ചാപ്ലിന്‍ അഥവാ ചിരിയുടെ പുണ്യവാളന്‍ ഈ ലോകം വിട്ടു,രംഗബോധമില്ലാത്ത കോമാളിയുടെ പാത പിന്തുടര്‍ന്നു.

വാല്‍ക്കഷണം – ഓസ്ക്കാര്‍ ജേതാവും പ്രമുഖനടിയുമായ സോഫിയ ലോറെന് ഒര് ഫോണ്‍ കോള്‍ വന്നു . ” നിങ്ങള്ക്ക് ഒര് ഫോണ്‍ ഉണ്ട് മിസ്സ്‌ ലോറെന്‍. മിസ്റ്റര്‍ ചാപ്ലിന്‍ ആണ് വിളിക്കുന്നത്‌ . ” ചാര്‍ളി ചാപ്ലിന്‍ എന്നെ വിളിക്കുകയോ? എന്‍റെ ബാല്യകാലത്തില്‍ നിന്നുള്ള ചിരിയുടെ പുണ്യവാളന്‍ ?..എനിക്ക് അദ്ദേഹം ദിവ്യ പുരുഷന്‍ ആയിരുന്നു.