Nishadh Bala
ചെമ്മീൻ സിനിമയെക്കുറിച്ച് നമ്മൾ അറിയേണ്ടതായ ചില കാര്യങ്ങൾ…!
നിർമ്മാണം & ബഡ്ജറ്റ്:
(1966 മേയ് 6 ന് പുറത്തിറങ്ങിയ മാതൃഭൂമിയിൽ വന്ന വാർത്തയിലേയ്ക്ക് ഒന്ന് കണ്ണോടിക്കാം നമ്മൾക്ക്…!)
65 ലെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ദേശീയ അവാർഡ് 1966 മെയ് 5-ാം തീയതിയാണ് പ്രഖ്യാപിക്കുന്നത്. മുഖ്യ വാർത്താമാധ്യമങ്ങളിലൊന്നും ഈ വാർത്ത ഒന്നാം പേജിൽ ഇടംകണ്ടില്ല. എഴുപതുകളിലാണ് ദേശീയ സംസ്ഥാന അവാർഡ് പ്രഖ്യാപനങ്ങൾ മാധ്യമങ്ങൾക്ക് ഒന്നാം പേജിൽ മുഖ്യ ഇനമായി മാറാൻ തുടങ്ങുന്നത്.മെയ് 6ന് മാതൃഭൂമിയുടെ മൂന്നാം പേജിൽ തകഴിയുമായി മാതൃഭൂമി ലേഖകൻ നടത്തിയ അഭിമുഖത്തോടെയാണ് മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഈ അംഗീകാരം പ്രസിദ്ധീകരിക്കുന്നത്.
‘ചെമ്മീനിന് ലഭിച്ച ബഹുമതി മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടമെന്ന് തകഴി’ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. സുദീർഘമായ അഭിമുഖത്തോടൊപ്പം ഈ സിനിമയുടെ നിർമാണത്തെ സംബന്ധിച്ച വിവര ങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ ഇതിനകം മറ്റു ലോകഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടതും സാഹിത്യ അക്കാദമി അവാർഡ് നൽകപ്പെട്ടതുമായ ചെമ്മീൻ എന്ന കഥ ചലച്ചിത്രമായി സംവിധാനം ചെയ്തത് ഇതിനകം ചലച്ചിത്ര സംവിധാനത്തിൽ പ്രസിദ്ധിയാർജിച്ച രാമു കാര്യാട്ടാണ്.
ബാബുവാണ് ഈ പടത്തിന്റെ നിർമാതാവ്. ഇദം പ്രഥമമായിട്ടാണ് ഒരു തെക്കേ ഇന്ത്യൻ ഫിലിം ഒരു സ്വർണമെഡലിന് അർഹതയുള്ളതായി തിരഞ്ഞെടുക്ക പ്പെടുന്നത് 14 കൊല്ലം മുൻപ് ഈ അവാർഡുകൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതു വരെ ഒരു തെക്കേ ഇന്ത്യൻ പടത്തിനും ഈ സ്വർണമെഡൽ കിട്ടിയിട്ടുമില്ല. പ്രസിഡണ്ടിന്റെ സ്വർണമെഡലും ഇപതിനായിരം ഉറുപ്പികയും മെയ് 25-ാം തീയതി കൂടുന്ന ഒരു പ്രത്യേക ചടങ്ങിൽ ന്യൂദൽഹിയിൽ വെച്ച് സമ്മാനിക്കുകയെന്നറിയുന്നു. ഇതുവരെ ഔദ്യോഗികമായി റിലീസ് ചെയ്യാത്ത ഈ പടം ഇതിനക പല സിനിമാ വിമർശകരും മറ്റും കണ്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റില്ലേക്ക് തിരഞ്ഞെടുക്കപ്പെടാൻ വേണ്ടി ക്ഷണിക്കപ്പെട്ടുകഴിഞ്ഞു. ഈ സിനിമ കണ്ട എല്ലാവരുടെയും മുക്തകണ്ഠ പ്രശംസയ്ക്ക് ഇത് വിധേയമായിട്ടുണ്ടെന്ന് പ്രത്യേക പറയേണ്ടതുണ്ട്.
ഓണത്തിന് ഇത് ഔദ്യോഗികമായി റിലീസ് ചെയ്യും. എട്ടിൽച്ചില്വാനം ലക്ഷം ഉറുപ്പിക ചെലവ് ചെയ്ത് നിർമിച്ച ഈ പടം കേരളത്തിലെ മുക്കുവരുടെ ജീവിതത്തിനെ തികച്ചും പ്രതിഫലിപ്പിക്കുന്നുണ്ട്. സാധാരണ വിദേശനാണ്യം നേടാൻ കഴിയുന്ന ചിത്രങ്ങൾക്കേ കളർ ഫിലിം ഉണ്ടാക്കുവാനുള്ള സമ്മതം കൊടുക്കൂ. ചെമ്മീനി’ന് അങ്ങനെ സാധ്യതയുണ്ടോ എന്ന് അധികൃതർ സംശയിച്ചു.ഈ കാര്യത്തിൽ യാതൊരു വിധ സംശയവുമില്ലാത്ത ഡയറക്ടർ രാമുവും ചെമ്മീനി’ന് അങ്ങനെ സാധ്യതയുണ്ടോ എന്ന് അധി രാമുവും പ്രൊഡ്യൂസർ ബാബുവും അധികൃതന്മാർക്ക് ഇറക്കുമതി ചെയ്തതിന്റെ 125 ശതമാനം സമ്പാദിക്കുമെന്ന് ഉറപ്പുകൊടുത്ത ശേഷമാണ് സമ്മതം കിട്ടിയത്. സംവിധായകന്റെയും നിർമാതാവിന്റെയും വിശ്വാസം തികച്ചും ശരിയായിരുന്നു.
ചില കൗതുകങ്ങൾ…
1. വയലാറിനെ ആയിരുന്നില്ല രാമു പാട്ടെഴുതാൻ മനസ്സിൽ കണ്ടത്. അത് ഓ.എൻ.വി ആയിരുന്നു.
രാമു കാര്യാട്ട് ഓ.എൻ.വിക്ക് അയച്ച കത്തുകൾ കണ്ടാൽ അത് മനസ്സിലാക്കാം.(ചിത്രങ്ങൾ നോക്കുക)
രാമു ഒ എൻ വി ക്ക് രണ്ടു പ്രാവശ്യം കത്തെഴുതിയിരുന്നു, എന്നാൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിപ്പിക്കുകയായിരുന്നു .ഒ എൻ വി ക്ക് അവധിയെടുക്കാൻ കഴിയാത്തതിനാൽ അത് നടന്നില്ല.( ബോംബെയിലേക്ക് പോയി വേണമായിരുന്നു ഇതിനായി)
2. ജനത്തെ നിയന്ത്രിക്കാൻ റിലീസ് കേന്ദ്രങ്ങളിൽ പോലീസ് വന്ന ആദ്യ മലയാള സിനിമ ഇതാവും എന്ന് എം. ജയരാജ് തൻ്റെ മലയാള സിനിമ പിന്നിട്ട വഴികൾ എന്ന പുസ്തകത്തിൽ പറയുന്നു.
3. ചെമ്മീൻ റിലീസായ വർഷം ജൂലൈ 23 ന് പത്രങ്ങളിൽ ആദ്യത്തെ പേപ്പർ പരസ്യം പ്രത്യക്ഷപ്പെടുന്നു. ആഗസ്റ്റ് 1 മുതൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിലീസിന് മൂന്നാഴ്ച മുമ്പെങ്കിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നത് മോളിവുഡിൽ ഇത് ആദ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ചെമ്മീൻ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായം തന്നെ
കടപ്പാട് – വിവരങ്ങൾ ; ചിത്രങ്ങൾ
സ്വരൂപ് കൈമൾ
അനുബന്ധം *ചെമ്മീൻ സിനിമയുടെ കമ്പോസിംഗ് റെക്കോർഡിംഗ്, റീ റെക്കോർഡിംഗ് ഒക്കെ നടന്നത് മദ്രാസ്സിലായിരുന്നു. ആദ്യമായി പല സിറ്റിയിലും രണ്ടു തിയേറ്ററുകളിൽ റിലീസ് ചെയ്തു .ഒരുപാട് ഷൂട്ട് ചെയ്തു വച്ചിരുന്നു. എഡിറ്റ് ചെയ്തു ഇന്ന് കാണുന്ന സിനിമ ആക്കിയത് ഹൃഷികേശ് മുക്കർജി.