നദിയിൽ ഇറക്കിയ യാത്രാവിമാനം

തോമസ് ചാലാമനമേൽ

പല അതിവിദഗ്ദരായ പൈലറ്റുമാർക്കും വിമാനം പറത്തുമ്പോൾ കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്ന ചരിത്രമുള്ളപ്പോൾ, തൻ്റെ അതിസാഹസീകമായ ഒരു പ്രവർത്തിവഴി വ്യോമയാന ചരിത്രത്തിൽ അദ്വിതീയമായ ഇടം നേടിയ ഒരു പൈലറ്റിൻ്റെ കഥയാണിത്.

നൂറ്റിഅമ്പത്തഞ്ചു യാത്രക്കാരുമായി പറന്നുയർന്ന ഒരു വിമാനത്തിൻ്റെ രണ്ട് എൻജിനുകളും ആകാശത്തുവച്ചു പ്രവർത്തനം നിലച്ചാൽ ഒരു പൈലറ്റിന് എന്തു ചെയ്യാനാകും, അതും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു വലിയ നഗരത്തിനു മുകളിൽ വച്ചാണെങ്കിലോ..? ആ വിമാനത്തിലെയും താഴെ തിങ്ങിപ്പാർക്കുന്ന ജനങ്ങളുടെയും ജീവൻ രക്ഷിക്കാൻ ആ പൈലറ്റിനു മുന്നിലുള്ളത് വളരെ ചെറിയ സാധ്യതകൾ മാത്രമാണ്.
യൂ. എസ്. എയർവെയ്‌സ് പൈലറ്റ് ആയിരുന്ന ക്യാപ്റ്റൻ ചെസ്‌ലി സുല്ലൻബർഗറിന് 2009 ജനുവരി 15 മറ്റെല്ലാ ദിവസങ്ങളെയും പോലെ വളരെ സാധാരണ ദിവസമായിരുന്നു. പതിവുപോലെ അന്നും ന്യുയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിൽ നിന്നും നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്കുള്ള ഫ്ലൈറ്റ് 1549 പറത്തുന്നത് അദ്ദേഹമാണ്. 155 യാത്രക്കാരാണ് വിമാനത്തിലുള്ളത്. വിമാനം ലഗാർഡിയ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നിരിക്കുന്നു. കോക്പിറ്റിൽ ക്യാപ്റ്റൻ സുള്ളൻബർഗിനൊപ്പം ഫസ്റ്റ് ഓഫീസർ ആയി ജെഫ്‌റി ഗെയിൽസും കൂടെയുണ്ട്.

വിമാനം ഏതാണ്ട് രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തിലേക്ക് പറന്നുയർന്നപ്പോഴാണ് തങ്ങളുടെ വൈമാനീക ജീവിതത്തിൽ അതുവരെ ഉണ്ടാകാത്ത വലിയൊരു പ്രതിസന്ധിയിലേക്ക് അവർ ചെന്ന് പെട്ടത്. കാനഡ ഗീസ് എന്നറിയപ്പെടുന്ന ദേശാടനക്കിളികളുടെ ഒരു വലിയ കൂട്ടം വിമാനത്തിൻ്റെ മുന്നിൽ വന്നു പെട്ടിരിക്കുന്നു. അവർക്കു വിമാനത്തിൻ്റെ ഗതി മാറ്റാൻ സമയം കിട്ടുന്നതിനു മുൻപു തന്നെ അവ കൂട്ടത്തോടെ വിമാനത്തിൻ്റെ മുന്നിലെ ഗ്ലാസ്സിലേക്ക് ഇടിച്ചുകയറി.

കാനഡ ഗീസ് എന്നറിയപ്പെടുന്ന വാത്തകൾ മൂന്ന് മുതൽ നാലര കിലോഗ്രാം വരെ ഭാരം വരുന്നവയാണ്. ചിറകു വിടർത്തിയാൽ ഏതാണ്ട് 6 അടി വരെ അവയ്ക്കു വീതി ഉണ്ടാകും. വിമാനത്തിൻ്റെ ഒട്ടു മിക്ക ഭാഗങ്ങളിലും അവ കൂട്ടത്തോടെ വന്ന് ഇടിക്കുകയാണ്…വിമാനത്തിൻ്റെ രണ്ട് എഞ്ചിനുകളുടെ ഉള്ളിലേക്കും അവ ഇടിച്ചു കയറിയിരിക്കുന്നു. പെട്ടെന്ന് ഒരു വലിയ ശബ്ദം അവർ കേട്ടു. വിമാനം പറത്തുന്ന ഒരു സമയത്തും കേൾക്കാത്ത ശക്തമായ സ്വരം…എൻജിൻ തകർന്നതിൻ്റെ ശബ്ദമാണത്…വിമാനം ശക്തമായി കുലുങ്ങുന്നുണ്ട്. മാംസം കരിഞ്ഞതിൻ്റെ മണം എൻജിനിൽ നിന്നു വരുന്നു. പെട്ടെന്ന് എൻജിനുകളുടെ കുതിപ്പ് കുറഞ്ഞത് അവർക്കനുഭവപ്പെട്ടു. വിമാനം താഴോട്ടു വീഴുകയാണ്. അമേരിക്കൻ എയർ ഫോഴ്സിൽ ഫൈറ്റർ പൈലറ്റായും, അമേരിക്കൻ എയർ വെയ്‌സിൽ പൈലറ്റായും വർഷങ്ങളോളം സേവനം ചെയ്തിട്ടുള്ള ക്യാപ്റ്റൻ ചെസ്‌ലി സുല്ലൻബർഗറിനെ സംബന്ധിച്ചിടത്തോളം താൻ അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമായി മനസ്സിലേക്ക് വന്നു. നാല്പത്തിരണ്ടു വർഷത്തിലേറെ പൈലറ്റായി ജോലി പരിചയമുള്ള ഇരുപതിനായിരം മണിക്കൂറിലേറെ വിമാനം പറത്തിയിട്ടുള്ള അദ്ദേഹത്തിന് രണ്ടു എൻജിനുകളും നിലച്ചു താഴോട്ടുവീണുകൊണ്ടിരിക്കുന്ന ഒരു വിമാനത്തെ എങ്ങനെ സുരക്ഷിതമായി ഇറക്കണം എന്ന് ഒരു നിമിഷം ആലോചിക്കേണ്ടി വന്നു.

അടുത്തുള്ള വിമാനത്താവളങ്ങളിൽ ഒന്നും ഇറങ്ങാൻ ആവില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം തൻ്റെ യാത്രക്കാരുടെയും, ജനങ്ങൾ തിങ്ങിനിറഞ്ഞു താമസിക്കുന്ന ന്യൂ യോർക്ക് നഗരത്തിൻ്റെയും ചിത്രങ്ങൾ മനസ്സിലേക്ക് കൊണ്ടുവന്നു. .സാധാരണ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ പോകുന്നതിനേക്കാൾ വേഗതയിലാണ് രണ്ടു എൻജിനുകളും നിലച്ച വിമാനം താഴേക്കു വീണുകൊണ്ടിരിക്കുന്നത്. വിമാനത്തെ നിയന്ത്രിക്കാൻ വളരെ കുറച്ചു മാർഗ്ഗങ്ങളെ ഉള്ളൂ. മുന്നിൽ ആകെയുള്ള സുരക്ഷിതമായ സ്ഥലം ശാന്തമായി ഒഴുകുന്ന ഹഡ്‌സൻ നദി മാത്രമാണ്. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം നിർണ്ണായകമായ ആ തീരുമാനം എടുക്കുന്നു. വിമാനം ഹഡ്‌സൺ നദിയിൽ ഇറക്കുക.

എയർ ബസ് നിർമ്മിച്ച എ 320 ശ്രേണിയിൽപ്പെട്ട സാമാന്യം വലുപ്പമുള്ള വിമാനം വെറുതെ വെള്ളത്തിലേക്ക് ഇറക്കുക എന്നതല്ല ഇവിടെ വെല്ലുവിളി, മറിച്ചു, എങ്ങനെ ഒരു റൺ വേയിൽ വിമാനം ഇറക്കുന്നുവോ അതേ കൃത്യതയോടെ വിമാനം ഇവിടെയും ഇറക്കേണ്ടതുണ്ട്. രണ്ടു ചിറകുകളും ഒരേ ലെവലിൽ ആയിരിക്കണം. വിമാനം ചെരിഞ്ഞു ഒരു ചിറകെങ്ങാൻ ആദ്യം വെള്ളത്തിൽ മുട്ടിയാൽ വിമാനം അതോടെ തകരും. പക്ഷെ, തൻ്റെ നീണ്ട കാലത്തെ അനുഭവസമ്പത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത ആത്മധൈര്യം കൈമുതലാക്കിയ അദ്ദേഹം പക്ഷികൾ വന്നിടിച്ചു രണ്ടു എൻജിനുകളും നിലച്ച ആ വിമാനം കേവലം മൂന്നു മിനിറ്റുകൾക്കുള്ളിൽ ഹഡ്‌സൻ നദിയിൽ സുരക്ഷിതമായി ഇറക്കി. 155 യാത്രക്കാരെയും തൻ്റെ സഹപ്രവർത്തകരെയും സുരക്ഷിതമായി ബോട്ടുകളിലേക്കു മാറ്റിയതിനു ശേഷമാണ് കാപ്റ്റൻ ചെസ്ലി സുള്ളൻബർഗർ വെള്ളം കയറിക്കൊണ്ടിരുന്ന ആ വിമാനത്തിൻ്റെ കോക്പിറ്റിൽ നിന്നും പുറത്തു വന്നത്,
മിറക്കിൾ ഓൺ ദി ഹഡ്‌സൻ എന്ന പേരിൽ പ്രസിദ്ധമായ ഈ സംഭവമാണ് 2016 -ൽ പുറത്തിറങ്ങിയ ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത സുള്ളി എന്ന ഹോളിവുഡ് സിനിമയുടെ പ്രമേയം. ഹഡ്‌സൺ നദിയിൽ നിന്ന് പിന്നീട് വീണ്ടെടുത്ത ആ വിമാനം നോർത്ത് കരോലിനയിലെ ഷാർലറ്റ് വിമാനത്താവളത്തിന് അടുത്തുള്ള കരോലിനാസ് ഏവിയേഷൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

You May Also Like

കടലിനോട് ചേർന്ന കായൽ തീരങ്ങളിൽ പ്രതൃക്ഷപ്പെടുന്ന തണുത്ത വെളിച്ചം എന്ന പ്രതിഭാസം എന്താണ് ?

കടലിനോട് ചേർന്ന കായൽ തീരങ്ങളിൽ പ്രതൃക്ഷപ്പെടുന്ന തണുത്ത വെളിച്ചം എന്ന പ്രതിഭാസം എന്താണ് ? അറിവ്…

പട്യാല നെക്ലേസിന്റെ കഥ

പട്യാല നെക്ലേസ് Patiala Necklace Sreekala Prasad ബ്രിട്ടീഷ് ഇന്ത്യയിലെ പട്യാല എന്ന നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു…

400 ഡിഗ്രി ചൂടിൽ ഇരുമ്പിന്റെ പടച്ചട്ട അണിഞ്ഞ ജീവികൾ സമുദ്രത്തിലെ അഗ്നിപർവ്വതങ്ങളിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ

Suresh Nellanickal ???????????????????????????????? ???????????????????? ശുക്രനിൽ ജീവൻ ഉണ്ടാകാം എന്ന് ശാസ്ത്രലോകം സംശയം പ്രകടിപ്പിച്ചപ്പോൾ ????????????…

അവിയൽ ഉണ്ടായതെങ്ങനെ ? ​കുറെ കഥകള്‍ ഉണ്ട്

അറിവ് തേടുന്ന പാവം പ്രവാസി എല്ലാം ഒരു അവിയല്‍ പോലെ ആയി എന്ന് തമാശയ്ക്കെങ്കിലും നമ്മള്‍…