ഇവയൊന്നും കേവലം കഥബുക്കുകൾ മാത്രമല്ല, ഒരു കാലത്തിന്റെ നിഷ്കളങ്ക മനസുകളുടെ ഹുദയത്തുടിപ്പുകൾ ആയിരുന്നു

412

എഴുതിയത് സൈന്‍ഷാ പി കെ.

എന്‍റെ ചെറുപ്പക്കാലത്ത് ബാല പ്രസിദ്ധീകരണങ്ങളായ ബാലരമ പൂമ്പാറ്റ,ബാലമംഗളം,മുത്തം,മുത്തശി,
ലാലുലീല, തത്തമ്മ,ബാലകേരളം, മലര്‍വാടി, പൂമ്പാറ്റ അമര്‍ ചിത്രകഥ, പൂന്തോപ്പ് ചിത്രകഥ,എസ് ടി ആര്‍ ചിത്രകഥ എന്നിവ ഞാന്‍ നന്നായി വായിച്ചിരുന്നു ! ബാലരമയും,പൂമ്പാറ്റയും കഥകള്‍ക്കു പുറമേ നല്ല വിജ്ഞാനങ്ങളും നിറച്ചിട്ടുള്ളവ ആയിരുന്നു. അന്നു അതൊക്കെ മാസികകളായിരുന്നു ഓരോ മാസങ്ങള്‍ വേഗം തീര്‍ന്നു കിട്ടാന്‍ അന്നു പ്രാര്‍ത്ഥിച്ചു ഞാന്‍ !

അത്രക്കും അവകളോട് ലഹരിയായ ഒരു കാലമായിരുന്നു അത്.പക്ഷെ ആ ലഹരി കാരണമായി പുത്തന്‍ അറിവുകള്‍ എനിക്കു അന്നു കിട്ടിയിരുന്നു. തെര്‍മോക്കോള്‍ എന്താണ്,ആമ്പര്‍സാന്‍റ് എന്താണ് തുടങ്ങി ഇന്നു നാം കേള്‍ക്കുന്ന, കാണുന്ന പല ഐറ്റം സാധനങ്ങളുടെയും പേരുകള്‍ ഞാന്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക്
മുമ്പേ പഠിച്ചു ! . ഞാന്‍ ബാലരമ വാങ്ങുമ്പോള്‍ ആത്മ സുഹൃത്ത് അജി പൂമ്പാറ്റ വാങ്ങും അവ വായിച്ചു ഞങ്ങള്‍ പരസ്പരം വായിക്കാന്‍ കൈമാറും !

താനൂര്‍ ദേവദാര്‍ ഹൈസ്കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ബസിനുള്ള കാശിന് ബാലരമ വാങ്ങി,സ്കൂള്‍ വിട്ടപ്പോള്‍ താനൂരിലേക്കുള്ള റെയില്‍വേക്ക് സമാന്തരമായ പാതയിലൂടെ കുഞ്ഞിളംകാലും
വെച്ചു നടന്നു.പിന്നീട് അവിടെ നിന്നും അഞ്ചു കിലോമീറ്ററുണ്ട് എന്‍റെ വീട്ടിലേക്ക് അതും ഞാന്‍ നടന്നു തീര്‍ത്തു 1989-1990 ഘട്ടത്തിലാണ് ഇത് ! അന്നു സ്കൂള്‍ രണ്ടു ബാച്ചായിട്ടായിരുന്നു ഉണ്ടായിരുന്നത് 12.45pm ന് തുടങ്ങുന്ന ഞങ്ങളുടെ ക്ളാസ് വിടുന്നത് 5-10pmന് ആയിരുന്നു

ബാലരമ വാങ്ങി ബസിന് കാശില്ലാതെ വന്നപ്പോള്‍ നടന്നു വന്ന ഞാന്‍ വീടണഞ്ഞത് എകദേശം രാത്രി 7 മണിയാറായിട്ടുണ്ടാകും, വീട്ടിലെത്താറായപ്പോള്‍ ജീപ്പുമെടുത്തു ബാപ്പ എന്നെ തെരഞ്ഞു വരുന്നു തല്ലു കിട്ടാത്തത് വല്ല്യ ഭാഗ്യം ! അതൊക്കെ ഒരു കാലം ! അതുപോലെ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ സഹപാഠിയുടെ കൈയില്‍നിന്നും ബാലമംഗളം, ഉച്ചക്ക് ഊണു കഴിച്ചു വരുമ്പോള്‍ തരാം എന്ന എഗ്രിമെന്‍റോടെ വാങ്ങിച്ചു വീട്ടില്‍ കൊണ്ടു പോയി വായിച്ചു 2.30 വരെയാണ് ലഞ്ചുബ്രേക് സമയം.പക്ഷെ ആ സമയമാവുമ്പോഴേക്കുമുണ്ടോ ബാലമംഗളം വായിച്ചു തീരുന്നു? എന്നാല്‍ ആ സമയം
കഴിഞ്ഞിട്ടും സ്കൂളില്‍ പോവാതിരുന്നാല്‍ വീട്ടുക്കാര്‍ കുത്തിനു പിടിക്കും !

എനിക്കാണെങ്കില്‍ അതു മുഴുവന്‍ വീട്ടിലിരുന്നു വായിക്കണം സ്കൂളിലെത്തി കഴിഞ്ഞാല്‍ സുഹൃത്ത് അതു വാങ്ങും പിന്നെ കിട്ടുകയില്ല ഞാനാകെ ധര്‍മ്മസങ്കടത്തിലായി ബാത്തു റൂം(കുളിമുറി) തന്നെ ശരണം !
ഞാന്‍ സ്കൂളില്‍ പോവുന്നു എന്നു പറഞ്ഞു ബാലമംഗളവുമായി ബാത്തുറൂമില്‍ കയറി കതകടച്ചു വായന തുടങ്ങി ! അന്നു എനിക്കു ഒരു പൂച്ചയുണ്ടായിരുന്നു വെള്ളയും കറുപ്പും നിറമുള്ള ഒരു മനോഹരന്‍ കുട്ടിപൂച്ച ! ലൈഫ്ബോയ് എവിടെയുണ്ട് അവിടെ ആരോഗ്യമുണ്ട് എന്നു പറയും പോലെ ഞാനെവിടെയുണ്ട് അവിടെ എന്‍റെ ഈ ‘മനോഹര’നും ഉണ്ടാവും ഞാന്‍ ബാത്തുറൂമില്‍ വായിക്കാന്‍ പോയപ്പോള്‍ ഇവനും എന്‍റെ ഒപ്പം വന്നു ബാത്തു റൂമിന്‍റെ പുറത്തു കിടന്നു

പൂച്ച ബാത്തുറൂം ചവിട്ടുപ്പടിയില്‍ കിടക്കുന്നത് കണ്ട വീട്ടുക്കാര്‍ക്ക് എന്‍റെ കാര്യത്തില്‍ ഉറച്ച സംശയം ഉണ്ടായി ഞാന്‍ സ്കൂളില്‍ പോവാതെ അവിടെയുണ്ടെന്ന് ! കാരണം അതിന്‍റെ സോളിഡ്എവിഡന്‍റാണ്
ഈ’മനോഹരന്‍ പൂച്ച ‘എന്നു വീട്ടുക്കാര്‍ക്കറിയാം. ഉമ്മ വന്നു എന്നെ വിളിച്ചു പിന്നെ വിളി ക്കേള്‍ക്കാതെ,വാതില്‍ തുറക്കാതെ ഇരിക്കാന്‍ യാതൊരു പഴുതുമില്ല ഞാന്‍ വാതില്‍ തുറന്നു ! ഞാന്‍ ബാലമംഗളവുമായി നില്‍ക്കുന്നത് അവര്‍ കണ്ടു കാര്യം ഗ്രഹിച്ച വീട്ടുക്കാര്‍ എന്നെ സ്ക്കൂളിലേക്ക് ആട്ടി പായിപ്പിച്ചു…..അപ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരുന്നു എങ്കിലും അപ്പോഴേക്കും ഒരു വിധം ചിത്രകഥകളല്ലാം ഞാന്‍ വായിച്ചു തീര്‍ത്തിരുന്നു..ന്നാലും…ന്‍റെ..പൂച്ചേ…, നിന്നോട് എനിക്കു എന്തിഷ്ടമാണ് എന്നറിയുമോ ?

ചോദിക്കൂ പറയാം,വിചിത്രവിശേഷങ്ങള്‍,  പദപ്രശ്നം,വിശ്വാസിക്കരുതേ,വിശ്വാസിച്ചാലും ഇല്ലെങ്കിലും. തുടങ്ങിയ പംക്തികള്‍ ബാലരമയില്‍ ഉണ്ടായിരുന്നു. മനോരമയുടെ ബാലപ്രസിദ്ധീകരമായിരുന്നു
ബാലരമ മൃഗാധിപത്യം വന്നാല്‍ എന്ന ഒരു പംക്തി ബാലരമയുടെ അവസാന താളില്‍ ഉണ്ടാവും !ഇന്നത്തെ മനുഷ്യരുടെ സ്ഥാനം മൃഗങ്ങള്‍ക്കു ലഭിച്ചാല്‍ അവരുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നു വായനക്കാര്‍ എഴുതി അയക്കുക അതായിരുന്നു ആ പംക്തി ! ഞാന്‍ ബാലരമ വായിക്കാന്‍ തുടങ്ങിയ കാലത്താണ് മായാവിയെന്ന കുട്ടിച്ചാത്തന്‍റെ കഥ ബാലരമയില്‍ വരുന്നത് ! ചിത്രകഥയായിരുന്നു അത് രാജു,രാധ എന്നീ രണ്ടു കുട്ടികള്‍,ഡാകിനി എന്ന ദുര്‍മന്ത്രവാദിനി തള്ളയില്‍ നിന്നും കുപ്പിയിലടക്കപ്പെട്ട മായാവിയെ രക്ഷപ്പെടുത്തി അവിടം മുതലാണ് ആ കഥയുടെ ആരംഭം. ഡാകിനി അമ്മൂമ്മയുടെ ശിങ്കിടിയാണ് ഒരു കറുമ്പന്‍ മൂങ്ങ ! ആ കഥ ഇറങ്ങിയ കാലത്ത് ഡാകിനി വളരെ സ്ട്രോങ്ങ് കഥാപാത്രമായിരുന്നു ഇന്നു ഡാകിനിയാകെ ചടച്ചു ചുളിഞ്ഞു ! പ്രായത്തിന്‍റെ ഫലമാകും.വിക്രമന്‍,മുത്തു എന്നിവരും വഴിക്കുവഴിയായി ആ കഥയില്‍ വന്നു.

പിന്നീടാണ് ലുട്ടാപ്പിയും അവന്‍റെ യജമാനനന്‍ കുട്ടൂസനും വരുന്നത് ലുട്ടാപ്പിയുടെ വരവ് ഒരു
ഒന്നൊന്നര വരവായിരുന്നു തീയില്‍ നിന്നും തീ തുപ്പി പ്രത്യക്ഷപ്പെടുന്ന അവന്‍ ഇപ്പോള്‍ മായാവിയെ വിഴുങ്ങും എന്നു കരുതി പോകും അത്രയും കടുപ്പം ! പക്ഷെ അവന്‍ പേടിത്തൊണ്ടനാണെന്നു
പിന്നീടാണ് മനസിലായത് ! ഒരു കുന്തം ആണ് അവന്‍റെ വാഹനം. അതിലാണ് അവന്‍ ഡ്രൈവറായി കുട്ടൂസനെയും ഡാകിനിയെയും മറ്റുള്ളവരെയും കൊണ്ടു പോവുക. അവന്‍റെ വാല്‍ അതിന്മേല്‍ ചുറ്റിയിട്ടുണ്ടാവും സീറ്റില്ലാതെ എങ്ങനെ അവര്‍ അതിന്മേല്‍ ഇരിക്കുന്നു ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്
ചന്തി വേദനിക്കില്ലേ ? അല്ല പിന്നെ ! അവന്‍റെ അമ്മാവനാണ് പുട്ടാലു പുട്ടാലുവിന് ലുട്ടാപ്പി കുട്ടിചെകുത്താനെ തീരെ കണ്ടുക്കൂടാ..പുട്ടാലുവിന്‍റെ ഓരോ സാധനങ്ങള്‍ ലുട്ടാപ്പി അടിച്ചെടുത്തു കുട്ടൂസന് നല്‍കും കുട്ടൂസനും സ്ട്രോങ്ങായിരുന്നു പിന്നെ ക്ഷയിച്ചു ! ശാസ്ത്രജ്ഞന്മാരായ ലൊട്ടുലൊടുക്കും ഗുലുഗുലുമാലും പിന്നെ വന്നവരാണ് എല്ലാം ദുഷ്ടകഥാപാത്രങ്ങള്‍ !മായവിയുടെ ഗദ പോലുള്ള വടി കൈക്കലാക്കാനാണ് എല്ലവരുടെയും ശ്രമം !

കാലിയ എന്ന നല്ല,എല്ലാവരയും ദുഷ്ടരില്‍ നിന്നും രക്ഷപ്പെടുത്തുന്ന കാക്കയുടെ കഥയും അബദ്ധത്തില്‍ കടുവയെ പിടിക്കുന്ന കണ്ണു കാണാത്ത,കൊമ്പന്‍ മീശയുള്ള ശിക്കാരി ശംഭുവും ആ കാലത്തു തന്നെയാണ് ബാലരമയില്‍ വന്നത്. ചമതകന്‍ എന്ന കുറുക്കനും ഡൂഡൂ എന്ന മുതലയുമാണ് കാലിയ എന്ന കഥയിലെ വില്ലന്‍സ് ! അന്നു ബാലരമയില്‍ ഞാന്‍ വായിച്ച നോവലുകളാണ് ജ്വാലമുഖി,രത്തന്‍ എന്ന, മാന്ത്രിക സാധനങ്ങള്‍ ഉപയോഗിച്ചു കോട്ട കൊത്തളങ്ങള്‍ ഉണ്ടാക്കുന്ന,ഒരു മൈനയുമായി നടക്കുന്ന യുവാവിന്‍റെ കഥ/ കാലു എന്ന മറ്റൊരു രാജക്കുമാരന്‍റെ കഥ (ഈ നോവലുകളുടെ – പേരു ഞാന്‍ മറന്നു പോയി) മത്സ്യക്കുമാരന്‍ എന്നിവ !

ഇതില്‍ ജ്വാലമുഖി എന്നെ വല്ലാതെ സ്വാധീനിച്ചു ഒരു കൊട്ടാരത്തില്‍ അവിടുത്തെ രാജക്കുമാരിയുടെ വിവാഹം നടക്കുംവേളയില്‍ അവിടെ ഒരു മന്ത്രവാദിയും കിങ്കരനും എത്തി ആ രാജക്കുമാരിയെ തനിക്കു
വിവാഹം കഴിച്ചു തരണമെന്നാവശ്യപ്പെട്ട മന്ത്രവാദിയുടെ ആവശ്യം നിരസിക്കപ്പെട്ടു അതോടെ ആ മന്ത്രവാദിയും കിങ്കരനും രണ്ടു കഴുകന്മാരായി മാറി അവര്‍ ആ പാവം രാജക്കുമാരിയെ ഒരു
പ്രാവാക്കി മാറ്റി ശിലാക്കൂടം എന്ന പര്‍വ്വതത്തിലെ ഇരുണ്ട ഗഹ്വരത്തിലേക്ക് അവളെ തട്ടി കൊണ്ടു പോയി
അതോടെ എന്‍റെ സമാധാനം കെട്ടു !

നോവലിസ്റ്റുകള്‍ക്ക് നോവലങ്ങ്….കുറുകുറാഎഴുത്യാ……..മതി ! ടെന്‍ഷനടിക്കുന്നതും ഉറക്കമില്ലാതെയാവുന്നതും എന്നെ പോലുള്ളവര്‍…..ആ പാവം രാജക്കുമാരി രക്ഷപ്പെടുമോ ? എന്‍റെ ടെന്‍ഷന്‍ അതായിരുന്നു !. അതോടൊപ്പം ആ മന്ത്രവാദിയോട് അസഹ്യമായ കോപവും എനിക്കുണ്ടായിസംഭവം ഇതു നോവലാണെന്നു എനിക്കറിയാം എങ്കിലും അതൊരു
യഥാര്‍ത്ഥ കഥ പോലെയാണ് ഞാന്‍ ഉള്‍ക്കൊണ്ടത് ഇളംമനസല്ലേ എനിക്കുള്ളത് അതാകാം അങ്ങനെ
വരുന്നത് ! ഒടുവില്‍ ജ്വാലമുഖി എന്ന മാന്ത്രിക രത്നത്തിന്‍റെ സഹായത്തോടെ ഒരു രാജക്കുമാരന്‍ ആ ശിലാകൂടാത്തിന്‍റെ ഉള്ള് അടിച്ചു നിരപ്പാക്കി മാന്ത്രികനേയും സഹപ്രവര്‍ത്തകരെയും നന്നായി പെരുമാറി രാജക്കുമാരിയെ രക്ഷപ്പെടുത്തി !

രാജക്കുമാരിയെ രക്ഷപ്പെടുത്തിയപ്പോഴാണ് എന്‍റെ ശ്വാസം നേരെ വീണത് ഇങ്ങനെയുണ്ടാവുമോ ഒരു മന്ത്രവാദി ! അവനെക്കെതിരെ സ്ത്രീപീഢനത്തിന് കേസ് കൊടുക്കണം അല്ല പിന്നെ ! ഹെമു,ഷേര്‍ഷാ തുടങ്ങിയവരുടെയും ചിത്രകഥകള്‍ ബാലരമയില്‍ വന്നിരുന്നു ? പിനോക്യോ(pinocchio)എന്ന മരപ്പാവയുടെയും ജെമിനിച്ചീവീടിന്‍റെയും കഥ(വാള്‍ട്ട് ഡിസ്നി)യും അതില്‍ ഞാന്‍ വായിച്ചു. സിന്‍ഡ്രല്ല,ഉറങ്ങുന്ന സുന്ദരി,ടോഡും കോപ്പറും തുടങ്ങിയവയും അന്നു വന്നു. മാഗിമുത്തശ്ശി എടുത്തു വളര്‍ത്തിയതാണ് ടോഡ് എന്ന കുറുക്കന്‍ കുഞ്ഞിനെ. അതിലുണ്ട് ഒരു ഡുംഡും മരംക്കൊത്തിയും
ഡിങ്കികിളിയുടെയും കഥ അത് നല്ല രസമാണ് ഒരു പുഴുവിനെ പിടിക്കാന്‍ പരതി നടന്ന ഡുഡും മരം കൊത്തിക്ക് ആ പുഴു നന്നായി പണി കൊടുത്തു തന്നെ പിടിക്കൂടാന്‍ അവള്‍ ഡുംഡും മരംക്കൊത്തിക്ക് ഒരു പഴുതും  നല്‍കിയില്ല അവസാനം അവള്‍ ഒരു ചിത്ര ശലഭമായി പാറുന്നത് കണ്ടു ഡുംഡും പ്ളിങ്ങായി !കഥ എഴുത്തുക്കാരന്‍റെ കഴിവ് സമ്മതിക്കണം ഇവിടെ തീര്‍ച്ച !

പൂമ്പാറ്റ പൈകോയുടെ പ്രസിദ്ധീകരണം ആയിരുന്നു കപീഷ് എന്ന നല്ലവനായ കുരങ്ങിന്‍റെതായിരുന്നു അതിലെ പ്രധാനപ്പെട്ട ഒരു ചിത്രകഥ ചിത്രകഥയുടെ പേരും കപീഷ് എന്നു തന്നെ ! യഥേഷ്ടം നീട്ടാന്‍ കഴിയുന്ന വാലിന്‍റെ ഉടമസ്ഥന്‍ ആയിരുന്നു കപീഷ് ആനന്തപൈയും മോഹന്‍ദാസും ആയിരുന്നു കപീഷിനെ നിയന്ത്രിച്ചത്. ബന്ദില എന്ന പിടിയാന,ബബൂച്ച എന്ന കരടി,പിന്‍റു എന്ന മാന്‍ മോട്ടു,ഖര്‍ണി എന്നീ മുയലുകള്‍,പഞ്ച എന്ന പരുന്ത് എന്നിവരാണ് കപീഷിന്‍റെ കൂട്ടുക്കാര്‍. സിഗാള്‍ എന്ന കുറുക്കന്‍,പീലു എന്ന കടുവ ദൊപ്പയ്യ എന്ന വേട്ടക്കാരന്‍ ഇവരൊക്കെ ഈ കഥയിലെ ദുഷ്ടകഥാപാത്രങ്ങള്‍ ആയിരുന്നു. എന്നാല്‍ വേട്ടക്കാരന്‍ ദൊപ്പയ്യയുടെ മരുമകള്‍ ഇള എന്ന പെണ്‍ക്കുട്ടി കപീഷിന്‍റെ സ്നേഹിതയായിരുന്നു

പിന്‍റുവിനെയും മോട്ടുവിനെയും പിടിക്കൂടുന്ന സിഗാള്‍,പീലു, ദോപ്പയ്യ എന്നിവരില്‍ നിന്നും
തന്ത്രപരമായി കപീഷ് അവരെ രക്ഷിച്ചു പഞ്ചയുടെ കാലില്‍ തൂങ്ങി കപീഷിനൊരു
പോക്കുണ്ട് കാണണം അത്.! ഒത്തിരി പ്രാവശ്യം ഞാനതു കണ്ടിട്ടുണ്ട്…നിങ്ങളത് കണ്ടിട്ടില്ലല്ലോ…..കൂൂൂൂയ് !രുക്കുവിന്‍റെ കൗശലം,അത്ഭുതവാനരന്മാര്‍.നാഗമല്ലിക,കോലത്തിരി, ചേതക്,ഭൂപതിക്കോട്ട,തുടങ്ങിയ ധാരാളം നോവലുകള്‍ പൂമ്പാറ്റയില്‍ വന്നിരുന്നു. അപ്പുക്കുട്ടന്‍,ഗോപി എന്നീ രണ്ടു കുസൃതി
പിള്ളേരെ ഡോ റാണ എന്നയാള്‍ രണ്ടു കുരങ്ങുകള്‍ ആക്കി മാറ്റുന്നതാണ് അത്ഭുത വാനരന്മാരിലെ ഇതിവൃത്തം.

പിന്നീട് അവരെ യഥാക്കോലത്തിലേക്കും മാറ്റി ആ പിള്ളേരെ കുരങ്ങന്മാരാക്കിയപ്പോള്‍ ആ ദുഷ്ടന്‍ റാണയോട് എനിക്കു തീര്‍ത്താല്‍ തീരാത്ത ദേഷ്യമുണ്ടായി ! പാവം പിള്ളേര്‍.എന്നാല്‍ അവരെ മനുഷ്യ
കോലത്തിലേക്ക് തിരിച്ചു കൊണ്ടുവന്നപ്പോള്‍ അവരുടെ ഒരു കുസൃതിയോ ഒന്നു കാണേണ്ടതു തന്നെ ! ഒരു ഒന്നൊന്നര കുസൃതി ! മാന്ത്രികതത്ത,കിരീടവകാശി,രണധീരന്‍, എച്ചമ്മാ നായിക് തുടങ്ങിയ തുടര്‍ചിത്രകഥകള്‍ പൂമ്പാറ്റയില്‍ വെളിച്ചം കണ്ടു. സുബ്രമണ്യഭാരതി തുടങ്ങി ധാരളം അമര്‍ ചിത്രകഥകളും മഹാഭാരതം ചിത്രകഥയും പൂമ്പാറ്റ പബ്ളിഷ് ചെയ്തു അത് പോലെ മാക്ബത്ത് , ഹാം
ലെറ്റ്,തുടങ്ങിയ ക്ളാസിക് കഥകള്‍ പൈകോ ഇറക്കി. അവയെല്ലാം ഞാന്‍ വളരെ ആര്‍ത്തിയോടെ വായിച്ചു മഹാഭാരതം വായിച്ച അവസരത്തില്‍ ഞാന്‍’അര്‍ജ്ജുനനായി’

ഇറയത്തു വെച്ച കുടയുടെ കമ്പി വലിച്ചൂരിയെടുത്തു അതും ചൂണ്ടനൂലും ഉപയോഗിച്ച വില്ലുണ്ടാക്കി, ഉമ്മ മൂലക്കല്‍ കുത്തനെ വെച്ച കുറ്റിച്ചൂല്‍ അടിച്ചു മാറ്റി ബ്ളേഡ് ഘടിപ്പിച്ച അമ്പുണ്ടാക്കി ഉമ്മ. നട്ടു നനച്ചുഉണ്ടാക്കിയ ഒത്തിരി ചേമ്പിന്‍ തലകളും സസ്യലതാദികളും, ബ്ളേഡസ്ത്രം’ഉപയോഗിച്ചു ഞാന്‍
കൊയ്തിട്ടു ആ കുസൃതിയുടെ പേരില്‍ തല്ലു കൊണ്ടത് എന്‍റെ സഹോദരന്‍സ് ആയിരുന്നു ഭാഗ്യം ഞമ്മളു രക്ഷപ്പെട്ടു ! ഒരിക്കല്‍ ഉന്നം തെറ്റി പാഞ്ഞ അമ്പു കൊണ്ടത് പെങ്ങളുടെ കണ്ണിനടുത്ത് ! ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല ! ആ കാലത്തു പൂമ്പാറ്റയില്‍ വന്ന ഒരു ചിത്രകഥയാണ് അന്യഗ്രഹ ജീവിയായ വിക്കി എന്ന കഥാപാത്രത്തിന്‍റെ കഥ ! പൊരിഞ്ഞ മഴയും കാറ്റും ഉള്ള സമയത്താണ് അവന്‍ പ്രത്യക്ഷപ്പെട്ടത് !

മംഗളം കുടുംബത്തില്‍ നിന്നാണ് ബാലമംഗളം വന്നത് ഡിങ്കന്‍ എന്ന ശക്തനായ എലിയുടെ ചിത്രകഥയാണ്. മെയിന്‍.അന്യഗ്രഹജീവികളാണ് ഡിങ്കനെ ശക്തിമാനാക്കിയത് അവന്‍റെ മാറത്തെ
നക്ഷത്രത്തിലാണ് ആ ശക്തി കുടിക്കൊള്ളുന്നത് അതു വരെ പങ്കില കാട്ടിലെ ഒരു സാദാ
എലിയായിരുന്നു ഡിങ്കന്‍ ! ഡിങ്കന്‍റെ നീക്കം മിന്നല്‍പിണര്‍ പോലെ ഡിങ്കന്‍ എതിരാളിക്കു ഒരു പോരാളി
തുടങ്ങിയ മുദ്രവാക്യങ്ങളാണ് ഡിങ്കനെ കുറിച്ചു ഓതേഴ്സ് പറയുന്നത്

കരിംകാടന്‍ കടുവ,പിംഗളന്‍,കേരകന്‍ തുടങ്ങിയവരാണ് ഡിങ്കന്‍റെ ശത്രുക്കള്‍ ! കുറേ മനുഷ്യക്കുട്ടികളാണ് ഡിങ്കന്‍റെ കൂട്ടുക്കാര്‍ മറ്റു ചില ചെറുജീവികളും.ഡിങ്കാ എന്ന വിളി കേട്ടാല്‍ ഏതു ബന്ധനവും തകര്‍ത്തു അവന്‍ വരും !

ചഞ്ചു എന്ന കൊക്കിന്‍റെ കഥ,ജംബോ എന്ന കാറിന്‍റെ കഥ എന്നിവയെല്ലാം ബാലമംഗളത്തിലുണ്ടായിരുന്നു പിന്നെ ശക്തിമരുന്നിലെ വൈദ്യര്‍,നമ്പോലന്‍, ഇമ്മിണിക്കോഴി എന്നിവരെയും മറക്കാന്‍ പറ്റില്ല ! കാദറിന്‍റെ ലോകം,സെയ്തിന്‍റെ പറക്കും പേടകം എന്നിവയും എന്‍റെ രസം പിടിച്ച വായനക്ക് വിധേയമായി !മലര്‍വാടിയില്‍ മികച്ചു നിന്നത് പൂച്ച പോലീസാണ് പോത്തന്‍ ഗുണ്ട,കാളമുതാലാളി ഐ ജി കടുവ എന്നിവര്‍ ആ ചിത്രകഥയിലെ കഥാപാത്രങ്ങളാണ് ! ലാലുലീലയും ധാരളം കഥകള്‍ പറഞ്ഞു തന്നു
മഹാവിഷ്ണുവിന്‍റെ അവതാരങ്ങളായ ദശാവതാരകഥകള്‍ ലാലുലീലയില്‍ വന്നു . മക്കു എന്ന കാറിന്‍റെ കഥ, പുകിലന്‍ എന്നിവയും ലാലുലീല പ്രസിദ്ധീകരിച്ചു.

പൂമ്പാറ്റയില്‍ വന്ന ഒരു വിധം കഥകളും അമര്‍ ചിത്രകഥകളും പിന്നീട് ബാലരമയിലേക്ക് വഴിമാറുന്നതും ഞാന്‍ കണ്ടു ! ബാലരമ ഇപ്പോഴും ഇറക്കി കൊണ്ടിരിക്കുന്ന ബാലരമ ഡൈജസ്റ്റ് തികച്ചും വിജ്ഞാനീയമാണ്. ഒരു വിഷയത്തെ സംബന്ധിച്ചു ഒരു ബുക്കില്‍ ഫുള്‍ ഉണ്ടാകും ഇരുപതില്‍ പരം വര്‍ഷമായി ബാലരമ ഡൈജസ്റ്റ് ഇറങ്ങാന്‍ തുടങ്ങിയിട്ട് ! അപ്പോ എന്തെല്ലാം അറിവുകള്‍ അതിന്‍റെ വായനക്കാര്‍ക്ക് കിട്ടിയിട്ടുണ്ടാകും…ന്‍റെമ്മോ ! അത് അഭിനന്ദാര്‍ഹം തന്നെ ! ഈ പ്രസിദ്ധീകരണങ്ങള്‍ കേവലം ഒരു കഥബുക്ക് എന്നു പറഞ്ഞു തള്ളുന്നത് ഭൂഷണമല്ല വിജ്ഞാനം വീണു പോയ മുത്താണ് അത് എവിടെ കണ്ടാലും പെറുക്കിയെടുക്കുക ആവശ്യമായത് ഉള്‍ക്കൊള്ളുക

എഴുത്ത് അല്‍പം ദീര്‍ഘിച്ചു പോയി ആ കഴിഞ്ഞ കാല ഓര്‍മ്മകള്‍ എഴുതാനുള്ള അതീവ താത്പര്യം അതാണ് ഇതു നീണ്ടു പോകാന്‍ കാരണം ക്ഷമിക്കണം.