എത്യോപ്യയിലെ മുകളിൽ നിന്നും താഴേക്ക് പണിത പള്ളികൾ
എത്യോപ്യയിൽ ഒരു പള്ളിയുണ്ട്. ശില്പകലയിൽ ഒരു അത്ഭുത നിർമ്മിതിയായി ഇപ്പോഴും ലക്ഷക്കണക്കിനു ടൂറിസ്റ്റുകളെയും ചരിത്രാന്വേഷികളെയും തീർഥാടകരെയും ആകർഷിക്കുന്ന ഈ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാവ് ജെബർ ലാലിബെല നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. എട്ടാം പ്രാചീന ലോകാത്ഭുതം എന്നു വിശേഷിക്കപ്പെടുന്ന ഈ പള്ളി ഒരു കുരിശിന്റെ ആകൃതിയിൽ ഭൂമിക്കടിയിലെ ഒറ്റ അഗ്നിപർവതശിലയിലാണ് കൊത്തി നിർമ്മിക്കപ്പെട്ടിരിക്കുന്നത്…!
എത്യോപ്യയുടെ തലസ്ഥാന നഗരിയിൽ നിന്നും 640 കി മീ അകലെ ലാലിബെല എന്ന പുരാതന ഗ്രാമത്തിൽ നില കൊള്ളുന്ന പ്രസിദ്ധമായ 11 ഏകശിലാദേവാലയങ്ങളിൽ ഏറ്റവും പ്രശസ്തമാണ് ഈ ദേവാലയം. 25 മീറ്റർ സമചതുരത്തിൽ 30 മീറ്റർ ആഴത്തിൽ പാറ തുരന്നു നടുവിലുണ്ടായിരുന്ന വോൾക്കാനിക്ക് റോക്ക് ഒരു സ്തംഭം പോലെയാക്കി അതിനുള്ളിലുണ്ടായിരുന്ന പാറയും തുരന്നാണ് ഈ പള്ളി നിർമ്മിച്ചത്. ഏറ്റവും മുകളിൽ (മേൽക്കൂര) ഒന്നിനുള്ളിൽ ഒന്ന് എന്ന ക്രമത്തിൽ മൂന്നു കുരിശുകൾ കൊത്തി നിർമ്മിച്ചിരിക്കുന്നു.
ശില്പചാരുതയോടെ ഒറ്റ പാറയിൽ കൊത്തി നിർമ്മിക്കപ്പെട്ട ഈ പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് മൂന്നു വാതിലുകളും പല നിലകളിലായി 12 ജനലുകളും കൊത്തി നിർമ്മിച്ചിട്ടുണ്ട്. ജനലുകളിലും കുരിശും മറ്റു ചിഹ്നങ്ങളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.. പള്ളിയുടെ ഉൾഭാഗവും പുറംഭാഗവും പാറയിൽ കൊത്തിയൊരുക്കി സുന്ദരമാക്കിയിരിക്കുകയാണ്. ഭൂഗർഭത്തിലുള്ള ഈ പള്ളിയിലേക്കുള്ള പ്രവേശനം കിടങ്ങുകളും ഗുഹകളും വഴിയാണ്. പള്ളിയുടെ പുറത്ത് ഒരു മാമ്മോദീസകുളവും പുറം ഭിത്തികളിൽ വൈദികർക്കു താമസിക്കുവാനും ശവസംസ്ക്കാരം നടത്തുവാനുമുള്ള ഗുഹകളും ഒരുക്കിയിരിക്കുന്നു. ആധുനിക കാലത്തെ ആർക്കിടെക്ചർ, എഞ്ചിനീയറിംഗ് വിദഗ്ധർ അത്ഭുതത്തോടെയും ആദര വോടും കൂടി വീക്ഷിക്കുന്ന അത്ഭുതനിർമ്മാണമാണ് ഈ ദേവാലയം..
Blinkappan Shibu
