സിനിമാ പോസ്റ്ററുകൾ
അറിവ് തേടുന്ന പാവം പ്രവാസി
മൊബൈൽഫോണിൽ സിനിമ ആസ്വദിച്ചിരുന്ന കൗമാരമായിരുന്നില്ല വർഷങ്ങൾക്ക് മുൻപ് . നാട്ടിൻപുറത്തെ കട വരാന്തകളിൽ ഒട്ടിക്കുന്ന പ്രിയതാരങ്ങളുടെ സിനിമാ പോസ്റ്ററുകൾ നോക്കി മണിക്കൂറുകളോളം നിന്ന് അഭിപ്രായങ്ങൾ പറയുന്നതായിരുന്നു പണ്ട്കാലം .ആ കാലത്ത് രാത്രി ആരും കാണാതെ ഇഷ്ടതാരങ്ങളുടെ പോസ്റ്റർ കീറിയെടുത്ത് വീട്ടിൽ കൊണ്ടുവന്ന് ഒട്ടിച്ചുവയ്ക്കുന്നവർ ധാരാളമുണ്ടായിരുന്നു.
സിനിമാ പോസ്റ്റര്‍ തയ്യാറാക്കല്‍ മാത്രമല്ല ഒട്ടിക്കലും കലയാണ് .പ്രധാന റോഡരികിലെ ചുമരിലും , കടവരാന്തയിലും പശതേച്ച് സിനിമാ പോസ്റ്ററൊട്ടിക്കുന്നത് പഴയ രീതിയായിരുന്നു.തിയേറ്റര്‍വളപ്പിലെ മൂലയില്‍ മൈദ തിളപ്പിച്ച് കുറുക്കി ഉണ്ടാക്കിയ പശ ബക്കറ്റില്‍ നിറച്ച് പോസ്റ്ററുമായി സൈക്കിളില്‍ ആളുകൾ നഗരങ്ങളിൽ എത്തും. ഓരോ സ്ഥലങ്ങളില്‍ ചുമരില്‍ പശതേച്ച് പോസ്റ്റര്‍ പതിക്കും.
പോസ്റ്റർ ഒട്ടിക്കാൻ ആൾ എത്തിയാൽ നാട്ടുകാരും കുട്ടികളും ചുറ്റും കൂടുന്ന കാലം. ഇഷ്ടതാരത്തിന്റെ സിനിമയാണെങ്കിൽ പോസ്റ്റർ ഒട്ടിക്കുന്ന ആൾക്ക് പാരിതോഷികം വരെ കൊടുക്കുന്നവരുണ്ട്.
ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു നാടന്‍ ചായക്കടകള്‍. പഫ്‌സും , ബോട്ടില്‍ വാട്ടറും , സ്‌നാക്‌സും നിറഞ്ഞ ബേക്കറികള്‍ക്ക് മുമ്പത്തെ കാലം. എല്ലാവരും ഒത്തുചേര്‍ന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്കും , കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ഒക്കെയുള്ള സ്ഥലം . അവിടെയായിരുന്നു സിനിമാ പോസ്റ്ററുകളുടെ മുഖ്യ സ്ഥാനം.
തിയറ്ററിൽ പുതിയ സിനിമ വരുന്ന വിവരം ഒരിക്കൽ ജനം അറിഞ്ഞിരുന്നത് സിനിമാ പോസ്റ്ററുകളിലൂടെയായിരുന്നു. കാലം മാറിയെങ്കിലും ചുമരുകളിൽ സിനിമാ പോസ്റ്റർ ഒട്ടിക്കുന്നതിന് മാറ്റമുണ്ടായില്ല. ഇന്ന് പല നഗരങ്ങളിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഈ ജോലി ചെയ്യുന്നത്.ഒരുരൂപയില്‍ തുടങ്ങിയ ജോലിയാണ്. ഇപ്പോള്‍ 800 രൂപയാണ് ദിവസക്കൂലി. വലിയ പോസ്റ്ററുകള്‍ ആറുഭാഗങ്ങളായിട്ടാണ് അച്ചടിച്ച് വരുന്നത്. ഇവ ചേര്‍ത്തുവെച്ച് നാലരികിലും , മധ്യത്തിലും പശതേച്ചാണ് ഒട്ടിക്കുന്നത്. അതൊരു കലയാണ്.നേരിയ വ്യത്യാസം വന്നാല്‍പോലും താരങ്ങളുടെ മുഖത്തിന് മാറ്റംവരും. ഇത് ഒഴിവാക്കാന്‍ സൂക്ഷ്മത വേണം. അല്ലെങ്കില്‍ ആരാധകര്‍ സഹിക്കില്ല .
സംസ്ഥാനത്തെ പൊതുസ്ഥലങ്ങൾ കയ്യേറി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സിനിമാ പോസ്റ്ററുകൾ, ബോർഡുകൾ മുതലായവ നീക്കം ചെയ്യാൻ നടപടി എടുത്തത് മുതൽ സിനിമാ പോസ്റ്ററുകൾ ഒട്ടിക്കുന്ന സ്ഥലങ്ങൾ കുറഞ്ഞു തുടങ്ങി .സംസ്ഥാനത്തെ വെയ്റ്റിംഗ് ഷെഡുകൾ, ബസ് സ്റ്റാൻ്റുകൾ, പൊതുനിരത്തിനഭിമുഖമായി സ്ഥാപിച്ചിട്ടുള്ള സർക്കാർ കെട്ടിടങ്ങൾ എന്നിവ കൈയ്യേറി അനധികൃതമായി സിനിമാ പോസ്റ്ററുകൾ പതിപ്പിക്കുന്നതിനെതിരെ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ പരാതികൾ നൽകാൻ തുടങ്ങി. സിനിമാശാലകളുടെ കോമ്പൗണ്ടുകളിലും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭ്യമാക്കി ഹോർഡിംഗുകൾ സ്ഥാപിക്കാമെന്നാണ് നിലവിലെ നിയമം.
💢 വാൽ കഷ്ണം💢
റനാറ്റോ കസാരോ… ചിലര്‍ക്കെങ്കിലും ഈ പേര് സുപരിചിതമായിരിക്കാം. ഒരുപക്ഷേ ലോകത്തെ അവസാനത്തെ സിനിമാ പോസ്റ്റര്‍ ചിത്രകാരന്‍. ആധുനിക സാങ്കേതിക വിദ്യ ലോകം കീഴടക്കുന്നതിന് മുമ്പ് സിനിമ പോസ്റ്ററുകളില്‍ വര്‍ണ വൈവിധ്യം തീര്‍ത്ത അനുഗ്രഹീത കലാകാരന്‍. സിനിമ പോസ്റ്ററുകളുടെ മൈക്കലഞ്ചലോ. സിനിമയുടെ ഉള്ളടക്കത്തെ മുഴുവന്‍ ചായങ്ങളിലാവാഹിച്ച് പോസ്റ്ററിലൂടെ സിനിമാ പ്രേമികളെ തിയറ്ററുകളിലേക്കാകര്‍ഷിക്കാന്‍ മിടുക്കനായിരുന്നു കസാരോ. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുകയറ്റമുണ്ടായിട്ടും ബാധിക്കാത്ത കലാകാരനാണ് കസാരോ .