ഇത് നല്ല കളി, ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യാക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും ?

370

(എൻ എസ്‌ മാധവൻ 1990 ൽ എഴുതിയ മുംബൈയ്‌ എന്ന കഥയിൽ നിന്ന്)

“നിങ്ങളുടെ നാടെവിടെയാണു?”
മുംബൈയിലെ നിത്യവരുമാനക്കാരനായ അസീസ് എന്ന ചെറുപ്പക്കാരൻ റേഷൻകാർഡ് ആവശ്യത്തിനായി സപ്ലൈ ഓഫീസിൽ ചെന്നതാണു.
പ്രമീള ഗോഖലെ എന്ന ചിത്പവൻ ബ്രാഹ്മിൺ സപ്ലൈ ഓഫീസർ അസീസിനോട് നാടന്വേഷിയ്ക്കുന്നു.
“പാങ്ങ്” – അസീസ്‌ പറഞ്ഞു.
“അങ്ങനെയൊരു സ്ഥലമുണ്ടോ? പാങ്ങ് ഭൂപടത്തിൽ എവിടെയാണു?”
പ്രമീള ഭൂപടം നിവർത്തി ചോദിച്ചപ്പോൾ അസീസ്‌ വിയർത്തു. അയാൾക്കത്‌ കാണിച്ചുകൊടുക്കാനാവുന്നില്ല.
“ഓഹ്‌, അപ്പോൾ അങ്ങനൊരു സ്ഥലമില്ല” പ്രമീള ഉറപ്പിച്ച്‌ പറഞ്ഞു.
“ശരി, 1970ൽ നിങ്ങൾ ഭാരതത്തിൽ ഉണ്ടായിരുന്നോ?” അടുത്ത ചോദ്യം.
“മാഡം ഞാനന്ന് ജനിച്ചിട്ടില്ല”
“അന്ന് ഉണ്ടായിരുന്നോ ഇല്ലയോ?”.
“ഇല്ല” – അസീസ്‌ പറഞ്ഞു.
“അതായത്‌ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനു മുൻപ് അസീസ് ഭാരതത്തിൽ ഇല്ല!” – പ്രമീള ഗോഖലെ റിപ്പോർട്ടിൽ എഴുതി.
”ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യാക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?”-
അസീസിന്റെ ശബ്ദം ഉയര്‍ന്നു. പെട്ടന്ന് അരവാതിലിന്റെ അപ്പുറത്ത് നിന്ന് അസംഖ്യം കാലുകള്‍ ശബ്ദിക്കുന്നത് അസീസ് കേട്ടു. പ്രമീളയുടെ മുറിയുടെ ജനലില്‍ കൂട്ടം കൂടി കുറേപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിലൂടെ അരിശം ഒരു കാര്‍മേഘത്തെ പോലെ കടന്നുപോകുന്നതും അസീസ് കണ്ടു.
”ഞാനെന്റെ പേരു പറയും. അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീള ഗോഖലെ. മഹാരാഷ്ട്ര ഹിന്ദു. ചിത്പവന്‍ ബ്രാഹ്മണന്‍; മനസിലായായോ?”
ഇത് പറയുമ്പോഴും പ്രമീള കാമുകിയെ പോലെ സ്വകാര്യം പറയുകയായിരുന്നു. അവരുടെ ഉയര്‍ത്താത്ത ശബ്ദം അസീസിനെ പേടിപ്പിച്ചു.