നാളികേരത്തിൽ വെള്ളം എങ്ങനെയാണ് ഉണ്ടാവുന്നത് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
തേങ്ങയിലെ വെള്ളം യഥാർത്ഥത്തിൽ ഒരു ടിഷ്യൂ (കല) ആണ്. കേരവൃക്ഷത്തിന്റെ കായയിലെ Endosperm ആണ് ഈ ടിഷ്യൂ. നെല്ലിലെ അരിയും ഇതുപോലെ Endosperm ആണ്.സസ്യങ്ങളിൽ വിത്തുണ്ടാവുമ്പോൾ ആ വിത്തിലെ ബീജം വളരാൻ വേണ്ട ഭക്ഷണം Endosperm ആണ് നൽകുന്നത്. ഈ ടിഷ്യൂ ഉണ്ടാവുന്നത് ബീജസങ്കലനസമയത്ത് നടക്കുന്ന മറ്റൊരു ന്യൂക്ലിയസങ്കലനം മൂലമാണ്. തെങ്ങിൽ ഈ Endosperm കാണപ്പെടുന്നത് ദ്രവരൂപത്തിലാണ്. നെൽച്ചെടിയിലും Endosperm ഒരു ഘട്ടത്തിൽ ദ്രവരൂപത്തിലാണ്. അതിനെയാണ് നാം പാൽപ്രായം എന്ന് പറയുന്നത്.നാളികേരത്തിലെ ഈ ദ്രാവക Endosperm ൽ നിരവധി കോശമർമ്മങ്ങൾ (Nucleus) ഉണ്ടാവും. കോശസ്തരമോ, കോശദ്രവ്യമോ ഇല്ലാത്തവയാണ് ഈ കോശമർമ്മങ്ങൾ. ഇവക്ക് പുറമേ Mitochondria, Protein തുടങ്ങി സാധാരണകോശങ്ങളിൽ കണ്ടുവരാറുള്ള വസ്തുക്കളെല്ലാം ഈ ദ്രാവകത്തിൽ ഉണ്ട്.
മച്ചിങ്ങക്ക് ഏതാണ്ട് 150 mm നീളം വക്കുമ്പോൾ ഭ്രൂണസഞ്ചിയുടെ ഒരറ്റത്തായി ഈ സ്വതന്ത്ര ന്യൂക്ലിയസുകൾ അടിഞ്ഞുകൂടുന്നു. തുടർന്ന് ഇവ ജെല്ലി രൂപത്തിലാവുകയും ന്യൂക്ലിയസുകൾ വിഭജിക്കപ്പെടുകയും ചെയ്യുന്നു. പിന്നീട് കോശഭിത്തികൾ നിർമ്മിക്കപ്പെടുന്നു. ഇതാണ് തേങ്ങയിലെ കഴമ്പ് അഥവാ കാമ്പ് ആയിമാറുന്നത്. ബാക്കിയുള്ളത് ദ്രാവകമായിത്തന്നെ നിലനിൽക്കുന്നു. അതാണ് തേങ്ങാവെള്ളം.” തേങ്ങയിൽ വെള്ളം നിറക്കുന്നത് ഡിങ്കനാണ്” എന്ന ഡിങ്കമതവിശ്വാസം വെറും അന്ധവിശ്വാസം മാത്രമാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലൊ.