ഭാരതത്തിന്റെ യശസ്സുയർത്തിയ ധീരപുത്രൻ-ശ്രീ കേണൽ എം. കെ ഉണ്ണി നായർ

വള്ളുവനാടൻ ( സായിനാഥ്‌ മേനോൻ)

മനക്കമ്പാട്ട്‌ കേശവൻ ഉണ്ണി നായർ അഥവാ കേണൽ ശ്രീ എം. കെ ഉണ്ണി നായർ എന്ന വള്ളുവനാട്ടുകാരനെ, പാലക്കാട്ടുകാരനെ, മലയാളിയെ, ഭാരതീയനെ എത്ര മലയാളികൾക്ക്‌ അറിയാം എന്നെനിക്കറിയില്ലാ. പക്ഷെ ഇദ്ദേഹം ഇന്ത്യൻ ആർമ്മിക്കും,ഐക്യരാഷ്ട്ര സഭയ്ക്കും,സൗത്ത്‌ കൊറിയയ്ക്കും ധീരപുത്രനാണ്‌ . ഈ ധീരപുത്രന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

വള്ളുവനാടിന്റെ കിഴക്കൻ അതിരായ എടത്തറ സ്വരൂപത്തിലെ നാടുവാഴി കുടുംബമായ മനക്കമ്പാട്ട്‌ തറവാട്ടിൽ 1911 ഏപ്രിൽ 22ന്‌ ശ്രീ നാരായണമംഗലത്ത്‌ ശ്രീ ദാമോദരൻ നമ്പൂതിരിയുടെയും മനക്കമ്പാട്ട്‌ അമ്മുക്കുട്ടി വയങ്കര അമ്മയുടെയും മകനായി ജനിച്ച ശ്രീ കേശവൻ ഉണ്ണി നായർ അദ്ദേഹം ശ്രീ ദാമോദരൻ നമ്പൂതിരിയുടെയും മനക്കമ്പാട്ട്‌ അമ്മുക്കുട്ടി വയങ്കര അമ്മയുടെയും മകനായി ജനിച്ച ശ്രീ കേശവൻ ഉണ്ണി നായർ അദ്ദേഹം പ്രാഥമിക വിദ്യാസത്തിന്‌ ശേഷം മദ്രാസ്‌ ക്രിസ്ത്യൻ കോളേജിൽ നിന്ന് സാഹിത്യത്തിൽ ഓണേഴ്സ്‌ ബിരുദം നേടി . ഇംഗ്ലീഷ്‌ ഭാഷയിൽ പ്രാവിണ്യം നേടിയിരുന്ന ശ്രീ ഉണ്ണി നായർ മദ്രാസ്‌ ആസ്ഥാനമായുള്ള ഹാസ്യ വരികയായിരുന്ന മെറി മാഗസിനിൽ ലേഖകൻ ആയി ജോലി ആരംഭിച്ചു . പിന്നീട്‌ അദ്ദേഹം ദി മെയിൽ എന്ന പത്രത്തിൽ ലേഖകൻ ആയി ജോലി ചെയ്തു വന്നു . ആ സമയത്താണദ്ദേഹം തന്റെ നാടിനെ കുറിച്ചുള്ള മൈ മലബാർ എന്ന പുസ്തകം രചിച്ചത്‌.

An Extra ordinary gazette from India govt
An Extra ordinary gazette from India govt

കൊൽക്കത്തയിൽ സ്റ്റേറ്റ്സ്മാനിൽ ജോലി ചെയ്യുമ്പോഴാണ്‌ അദ്ദേഹം ഇന്ത്യൻ ആർമി റിസർവ് ഓഫ് ഓഫിസേഴ്‌സിൽ കമ്മിഷൻഡ് ഓഫിസറാകുന്നത്. സാഹസികത കൊണ്ടും കർമ്മകുശലത കൊണ്ടും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. യുദ്ധമുഖങ്ങളിൽ ചെന്ന് തടസ്സമേതുമില്ലാതെ കടന്നുചെന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ശേഖരിക്കുന്നതിനു വേണ്ടി സൈന്യം അദ്ദേഹത്തിനു കേണൽ പദവി നൽകി. ഇത്ര ചെറുപ്പത്തിൽ കേണൽ പദവി ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ്‌ ശ്രീ ഉണ്ണി നായർ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ മറാഠാ ലൈറ്റ്‌ ഇൻഫണ്ടറിയിൽ കമ്മിഷൻഡ് ഓഫിസറായി നിയമിതനായ അദ്ദേഹത്തെ ബർമയിലേക്ക് അയച്ചു. സാഹസികതയുടെ പര്യായമായ അദ്ദേഹം ബർമ്മയിൽ വച്ച്‌ പാരച്യൂട്ട്‌ ജമ്പിംഗ്‌‌ പ്രാക്ടീസ്‌ പോലുമില്ലാതെ പാരച്യൂട്ട്‌ ജമ്പ്‌ ചെയ്ത്‌ സൈനികരെ പോലും അമ്പരിപ്പിച്ചു. തന്റെ ജോലിയിൽ എത്രത്തോളം ആത്മാർത്ഥത അദ്ദേഹം പുലർത്തിയിരുന്നു എന്നതിന്‌ തെളിവാണിത്‌.

Letter from UN
Letter from UN

യുദ്ധഭൂമിയിൽ സൈനികർക്കൊപ്പം തന്നെ ചെന്ന് റിപ്പോർട്ട്‌ ചെയ്യാൻ അദ്ദേഹം നിപുണനായിരുന്നു . ഇന്ത്യൻ സൈന്യത്തിനൊപ്പം ആഫ്രിക്ക, ഇറ്റലി തുടങ്ങി അനവധി രാജ്യങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം ശ്രീ ഉണ്ണി നായർ ആംഡ്‌ ഫോഴ്സസ്‌ ഇൻഫർമ്മേഷൻ ഓഫീസർ ആയി നിയോഗിക്കപ്പെട്ടു. ജവഹർ ലാൽ നെഹ്രുവിന്റെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ശ്രീ ഉണ്ണി നായർ .യുദ്ധ മേഖലകളിലും കലാപഭൂമികളിലും നേരിട്ടെത്തി റിപ്പോർട്ട്‌ ചെയ്യാൻ ഉള്ള അദേഹത്തിന്റെ മിടുക്ക്‌ നെഹ്രുവിനെ അദ്ഭുതപ്പെടുത്തി . ജനറൽ കരിയപ്പയ്ക്കും, നെഹ്രുവിനും അദേഹം പ്രിയപ്പെട്ടവനായി മാറി . അദ്ദേഹത്തിന്റെ സേവനത്തിൽ സന്തുഷ്ടരായ ഇന്ത്യൻ സർക്കാർ ശ്രീ ഉണ്ണി നായരെ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസ്സിയിലേക്ക്‌ പബ്ലിക്ക്‌ ഇൻഫർമ്മേഷൻ ഓഫീസറായി അയയ്ച്ചു . അവിടെ അദ്ദേഹം തന്റെ പത്നിയോടും മകളോടും സുഖമായി ഇരിക്കുന്ന സമയത്താണ്‌ കൊറിയൻ യുദ്ധം തുടങ്ങുന്നത്‌.ഐക്യരാഷ്ട്ര സഭയുടെ ആവശ്യപ്രകാരം കൊറിയൻ യുദ്ധം റിപ്പോർട്ട്‌ ചെയ്യാൻ ആ ധീരൻ കൊറിയയിലേക്ക്‌ യാത്രയായി. രണ്ട്‌ വയസ്സുള്ള മകളെയും ഭാര്യയെയും വാഷിംഗ്ടണിൽ വിട്ടാണ്‌ , ഒരു പ്രത്യാഘതവും വകവയ്ക്കാതെ, സൈനികന്റെ മനസ്സുമായി അദ്ദേഹം ദക്ഷിണ കൊറിയയിൽ എത്തിയത്‌ .

കൊറിയയിലെ യുദ്ധമുഖത്ത്‌ നിന്ന് അദ്ദേഹം കൃത്യമായി വിവരങ്ങൾ അയയ്ച്ച്‌ കൊടുത്ത്‌ മേലധികാരികളുടെ പ്രശംസ നേടി . കൊറിയയിലെ തിയാഗു എന്ന സ്ഥലത്ത്‌ വച്ച്‌ നടന്ന ഒരു യുദ്ധനീക്കം റിപ്പോർട്ട്‌ ചെയ്യാൻ ആയി ചെന്ന ശ്രീ ഉണ്ണി നായരും മറ്റു രണ്ട്‌ മാധ്യമ പ്രവർത്തകരും ഒരു ജീപ്പിൽ സഞ്ചരിച്ച്‌ കൊണ്ടിരിക്കുമ്പോൾ മൈൻ പൊട്ടിത്തെറിച്ച്‌ എല്ലാവരും വീരചരമം പ്രാപിച്ചു. ബ്രിട്ടിഷ് മാധ്യമപ്രവർത്തകനായ ക്രിസ്റ്റഫർ ബക്ലി, ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനായ ഇയാൻ മോറിസൺ എന്നിവരാണ് ഉണ്ണിനായർക്കൊപ്പം വീരചരമം പ്രാപിച്ചത്‌.1950 ആഗസ്റ്റ്‌ 12 നു ആണ്‌ ഈ സംഭവം നടന്നത്‌ . മറ്റു രണ്ട്‌ മാധ്യമ പ്രവർത്തകർ ആ യുദ്ധമുഖത്തിലേക്ക്‌ പോകാൻ വഴിയറിയാതെ നിൽക്കുമ്പോൾ ഉണ്ണി നായർ ഞാൻ കൊണ്ടു പോകാം എന്ന് പറഞ്ഞ്‌ ധീരതയോടെ ഏറ്റെടുത്തതായിരുന്നു ഇത്‌ . പിറ്റേന്ന് അദേഹം തന്റെ മകളെയും ഭാര്യയെയും കാണാൻ വാഷിംഗ്ടണിലേക്ക്‌ പോകാൻ നിൽക്കുകയായിരുന്നു . പക്ഷെ അതൊന്നും അദ്ദേഹം കണക്കാക്കാതെയാണ്‌ ആ യുദ്ധഭൂമിയിലേക്ക്‌ ചെന്നത്‌. ആലോചിച്ചൂ ആ മഹാത്മാവിന്റെ ധീരതഅദ്ദേഹത്തിന്റെ മരണ വാർത്ത ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ്‌ കൊടുത്തിരുന്നത്‌ . കാരണം വെറും മുപ്പത്തി ഒമ്പതാം വയസ്സിനുള്ളിൽ അദേഹം അത്രത്തോളം ലോക ശ്രദ്ധ നേടിയിരുന്നു .1950 ആഗസ്റ്റ്‌ 12 ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ച്‌ ഒരു എക്സ്ട്രാ ഓർഡിനറി ഗസറ്റ്‌ തന്നെ പുറത്തിറക്കി .കറുത്ത ബോർഡറുള്ള പേജിലാണ്‌ ഈ ഗസറ്റ്‌ ശ്രീ നെഹ്രു പുറത്തിറക്കിയത്‌.

Letter from Sri . Nehru
Letter from Sri . Nehru

യുദ്ധം തുടർന്നതിനാൽ മൃതദേഹം നാട്ടിലേക്ക്‌ അയയ്ക്കാനായില്ലാ .സ്യൂസോംഗ്‌ ഗൂവിന്‌ അടുത്തായുള്ള ബോമിയോ ഡോങ്ങ്‌ മലനിരകളിൽ ആ ധീരന്റെ ഭൗതികശരീരം അടക്കം ചെയ്തു .ഉണ്ണിനായരുടെ സ്മരണാർഥം ദക്ഷിണകൊറിയൻ സർക്കാർ തിയാഗുവിലെ സ്യുസോങ് ഗൂവിൽ പച്ചപ്പുനിറഞ്ഞ ചെറുകുന്നിൽ ഒരുക്കിയിരിക്കുന്ന കുടീരം ദേശീയ സ്മാരകമാണ്..2003 ഇലാണ്‌ ഇവിടം ദേശീയ സ്മാരകമായി കൊറിയൻ സർക്കാർ പ്രഖ്യാപിച്ചത്‌.സ്മാരകത്തിൽ അദ്ദേഹത്തിന്റെ പേരും ചരിത്രവും ആലേഖനം ചെയ്ത സ്തൂപവും നമുക്ക്‌ കാണാം.ഈ സ്മാരകത്തിനും ദക്ഷിണ കൊറിയയും ഇന്ത്യയും ആയുള്ള ബന്ധത്തിനും ഈ സ്മാരകവും ശ്രീ ഉണ്ണി നായരും ഒരു കാരണം കൂടിയാണ്‌.ഈ സ്മാരകത്തിൽ എല്ലാ വർഷവും കൊറിയൻ സർക്കാർ സ്മരണാജ്ഞലി നടത്താറുമുണ്ട്‌. ഇന്നും പൊന്ന് പോലെ കാത്തു സംരക്ഷിക്കുന്നു അവർ ഈ സ്മാരകം. ശ്രീ ഉണ്ണി നായർക്ക്‌ വേണ്ടി എന്താണ്‌ നമ്മുടെ കേരളത്തിൽ ഉള്ളതെന്ന് എനിക്കറിയില്ലാ.ദക്ഷിണ കൊറിയൻ സർക്കാർ ശ്രീ ഉണ്ണി നായരെ വീരപുരുഷനായി ഇന്നും ആരാധിക്കുന്നു. അവിടുത്തെ മൂന്നാം ക്ലാസ്‌ വിദ്യാർത്ഥികൾക്ക്‌ പഠിക്കാൻ ഉള്ള വാർ ഹീറോസ്‌ എന്ന പാഠത്തിൽ ഇന്ത്യയിൽ നിന്ന് നമ്മുടെ സഹായിക്കാൻ വന്ന ഉണ്ണി നായർ എന്ന വ്യക്തിയെ കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌ . നോക്കൂ അദേഹത്തിന്റെ വില . അവിടുത്തെ കുട്ടികൾ വരെ അദേഹത്തെ പഠിക്കുന്നു. രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കുന്നു .ഒരു മലയാളിക്ക്‌ അവർ കൊടുക്കുന്ന പ്രാധാന്യം നോക്കൂ.

Unni nair memorial at South Korea
Unni nair memorial at South Korea

ഡോ . വിമല നായർ ആണ്‌ ശ്രീ ഉണ്ണിനായരുടെ പത്നി. ഒരേ ഒരു മകൾ ഡോ. പാർവ്വതി മോഹൻ . വിമലാനായരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തിരിക്കുന്നത്‌ കൊറിയയിലെ ഉണ്ണി നായർ സ്മാരകത്തിൽ തന്നെയാണ്‌ . തന്റെ പ്രിയതമന്റെ അരികിൽ പ്രിയതമ ഉറങ്ങുന്നു.തൃശൂരിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. വിമല നായരുടെ അന്ത്യാഭിലാഷം ആയിരുന്നു ഇത്. 94–ാം വയസ്സിൽ തൃശൂരിലാണ് വിമല നായർ അന്തരിച്ചത്. കൊറിയൻ യുദ്ധത്തിന്റെ 50- മത്‌ വാർഷികാചരണത്തിന്റെ ഭാഗമായി ശ്രീ ഉണ്ണി നായർ സ്മരണാർത്ഥമായി അമേരിക്കയിലെ ഇന്ത്യൻ എംബസ്സിയിൽ വച്ചു നടന്ന ചടങ്ങിയ ഡോ വിമല നായരും മകൾ ഡോ പാർവ്വതി മോഹനും ദക്ഷിണ കൊറിയൻ അധികൃതർക്കൊപ്പം പങ്കെടുത്തിരുന്നു

പ്രിയരെ ഇത്‌ നമ്മൾ അറിയേണ്ട ചരിത്രമാണ്‌ . നമ്മളിൽ ഒരാൾ ഭാരതത്തിന്റെ അഭിമാനമായി മറ്റൊരു രാജ്യത്ത്‌ നമ്മുടെ നാടിന്റെ പേര്‌ കൊടിക്കെട്ടി പാറിച്ചതിന്റെ ചരിത്രമാണ്‌ . ഇതെനിക്ക്‌ അഭ്രപാളികളിൽ വന്ന് കാണാൻ ആഗ്രഹമുണ്ട്‌ . കാരണം ഇതൊരു ധീരന്റെ കഥയാണ്‌ . മലയാളികൾക്ക്‌ അഭിമാനിക്കാം എന്നും ഈ ചരിത്ര കഥയോർത്ത്‌ . ജയ്‌ ഹിന്ദ്‌

ശ്രീ ഉണ്ണി നായരെ കുറിച്ചുള്ള വിവരങ്ങൾ എനിക്ക്‌ നൽകിയ മനക്കമ്പാട്ട്‌ കുടുംബാംഗങ്ങൾക്കും , കണ്ണമ്പ്ര നായർ വീട്ടിലെ നാരായണനുണ്ണി അങ്കിളിനോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു .

You May Also Like

8000 ഇന്ത്യൻ പുരുഷന്മാരുടെ വന്ധ്യംകരണത്തിന് കാരണക്കാരിയായ സ്ത്രീ

റുക്‌സാന സുൽത്താന. കിച്ചൻ ക്യാബിനറ്റ് എന്ന് കുപ്രസിദ്ധി നേടിയ അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ്‌ ഭരണത്തിലെ മുഖ്യഅംഗമായിരുന്ന സുന്ദരി. സഞ്ജയ്‌ ഗാന്ധിയുടെ വിശ്വസ്‌തയും സന്തത സഹചാരിയും

1920-ൽ ന്യുമോണിയ ബാധിച്ച് മരിച്ച റൊസാലിയ ലോംബാർഡോയുടെ കണ്ണുകൾ ഇന്നും അനങ്ങുകയാണ്

റൊസാലിയ ലോംബാർഡോ: സ്ലീപ്പിംഗ് ബ്യൂട്ടി മമ്മി ✍️ Sreekala Prasad 1920-ൽ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോൾ…

രണ്ടാം ലോക മഹായുദ്ധത്തിലെ ജാപ്പനീസ് ബലൂൺ ബോംബുകൾ

രണ്ടാം ലോക മഹായുദ്ധത്തിലെ ജാപ്പനീസ് ബലൂൺ ബോംബുകൾ The Japanese Balloon Bombs of World…

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം രണ്ടാം ലോക മഹായുദ്ധം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ…