മൗസി’ന് ആ പേരുകിട്ടിയ രസകരമായ സംഭവം !‍

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

കൈപ്പത്തിക്കുള്ളിൽ പമ്മിയിരിക്കും. നീണ്ട വാലുകൊണ്ട് കംപ്യൂട്ടറിൽ ബന്ധിപ്പിച്ചാൽ മുന്നിലെ സ്ക്രീനിന്റെ പ്രതലത്തിലൂടെ നാലുപാടും ഓടിനടക്കും. ഇടയ്ക്ക് ഒരിടത്ത് അനങ്ങാതിരുന്നു കണ്ണുചിമ്മും. തലയിലൊന്നമർത്തിയാൽ ശബ്ദമുണ്ടാക്കും… ഈ കുഞ്ഞൻ ചുണ്ടെലിയുടെ സഹായമില്ലാതെ കംപ്യൂട്ടറിനോടൊരു കാര്യം മിണ്ടുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. കലിഫോർണിയയിലെ സ്റ്റാൻഫഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ(എസ്ആർഐ) ഗവേഷകനായിരുന്ന ഡഗ്ലസ് സി.

ഏംഗൽബർട്ടാണ് മൗസിന്റെ പിതാവ്. വലിയ ഗവേഷണശാലകളിൽനിന്നിറങ്ങി സാധാരണക്കാരന്റെ വിരൽതുമ്പിലേക്കു വിവരങ്ങളെത്തിക്കാൻ കംപ്യൂട്ടറിനു കഴിയുമെന്നു ശാസ്ത്രജ്ഞർപോലും ചിന്തിക്കാതിരുന്ന കാലം. ഓരോ നിർദേശവും കമാൻഡുകളായി കീബോർഡ് വഴി നൽകുന്നതിനു പകരം, കംപ്യൂട്ടറുമായി ആശയവിനിമയത്തിന് ലളിതമായ ഒരു സംവിധാനം വേണമെന്ന ചിന്തയാണ് ഡഗ്ലസിനെ മൗസിന്റെ സൃഷ്ടിയിലെത്തിച്ചത്. ലളിതമായിരുന്നു ‘ഡഗ്ലസ് മൗസി’ന്റെ രൂപം. തടിയിൽകൊത്തിയെടുത്ത പെട്ടി, ചലനം എളുപ്പമാക്കുംവിധം അതിൽ ഘടിപ്പിച്ച ഒരു ചക്രം. അതിനെ നീണ്ട കേബിള്‍വഴി കംപ്യൂട്ടറിലേക്കു ബന്ധിപ്പിച്ചു.

ചുണ്ടെലിരൂപത്തിലുള്ള പെട്ടിയും, എലിവാലുപോലെ നീണ്ട കേബിളും കണ്ട സഹപ്രവർത്തകരിലൊരാളാണ് ‘മൗസ്’ എന്നു പേരുനൽകിയത്. 1964ലാണ് ഡഗ്ലസ് ഈ പ്രോട്ടോടൈപ്പിനു രൂപംകൊടുത്തത്. 4 കൊല്ലം കഴിഞ്ഞ് സാൻഫ്രാൻസിസ്കോയിൽ നടന്ന കോൺഫറൻസിൽ ‍അദ്ദേഹം കണ്ടെത്തൽ അവതരിപ്പിച്ചു. പക്ഷേ, അന്ന് ആരും അതത്ര കാര്യമായെടുത്തില്ല. മൗസ് ഉപയോഗിച്ചു തുടങ്ങാൻ മാത്രം കംപ്യൂട്ടർ സാങ്കേതികവിദ്യ വളർന്നുതുടങ്ങിയിരുന്നില്ല.

20 വർഷത്തോളം ‘മാളത്തി’ലിരുന്നശേഷം, എൺപതുകളുടെ തുടക്കത്തിൽ ആപ്പിളിന്റെ കൈകളിലെത്തിയതോടെ മൗസ്, കംപ്യൂട്ടറിനൊപ്പം അനിവാര്യ ഉപകരണമായി ലോകമെങ്ങും സ്വീകരിക്കപ്പെട്ടു. ഡഗ്ലസ് ജോലിചെയ്തിരുന്ന സ്റ്റാൻഫഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മൗസിന്റെ പേറ്റന്റ് ആപ്പിളിനു കൈമാറിയത് വെറും 40,000 ഡോളറിന്. 1984ൽ ആപ്പിൾ മക്കിന്റോഷ് കംപ്യൂട്ടറുകൾ പുറത്തിറങ്ങിയതോടെ ചുണ്ടെലിക്കുഞ്ഞന്റെ കാലം തെളിഞ്ഞു. 2013 ജൂലൈ രണ്ടിന്, 88-ാം വയസ്സിൽ ഡഗ്ലസ് അന്തരിച്ചു. ഏംഗൽബർട്ട് തടിയിൽ നിർമിച്ച ആദ്യ മൗസിൽ രണ്ടു ലോഹച്ചക്രങ്ങളും ഒരു ബട്ടനുമാണ് ഉണ്ടായിരുന്നത്. X,Y ദിശകളില്‍ മൗസ് പോയിന്ററിനെ ചലിപ്പിക്കാൻ ലോഹച്ചക്രങ്ങൾ സഹായിച്ചു.

വിവിധ തരം മൗസുകൾ.

????1972 – ബോൾ മൗസ്:
ബിൽ ഇംഗ്ലണ്ട് രൂപംനൽകിയ ബോൾ മൗസിൽ ചക്രങ്ങൾക്കു പകരം ബോൾ. എല്ലാ ദിശകളിലേക്കും മൗസ് പോയിന്ററിനെ ചലിപ്പിച്ചു. ഇടത്– വലത് ദിശകളിലേക്കും മുൻ–പിൻ ദിശകളിലേക്കും ചലിക്കാൻ സഹായിക്കുന്ന രണ്ടു റോളറുകളായിരുന്നു പ്രത്യേകത.
????1976 – ഒപ്റ്റിക്കൽ മൗസ്:
ബോളിനു പകരം എൽഇഡി ഉപയോഗിച്ചു.
????1991 – വയർലെസ് മൗസ്:
ബ്ലൂടുത്ത്–വൈഫൈ തുടങ്ങിയ സങ്കേതങ്ങളിലൂടെ റേഡിയോ തരംഗങ്ങളുപയോഗിച്ചു ഡേറ്റ കൈമാറി. ഒരു റേഡിയോ ട്രാൻസ്മിറ്ററും, റേഡിയോ റിസീവറുമാണു പ്രധാന ഭാഗങ്ങൾ.
????1998 – ലേസർ മൗസ്:
എൽഇഡിക്കു പകരം ഇൻഫ്രാറെഡ് ലേസർ ഡയോഡുകൾ ഉപയോഗിച്ചു.

Leave a Reply
You May Also Like

ലോക കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണികൾ ഒഴുകിയെത്തിയ കായികോൽസവം നടന്നത് എവിടെയാണ് ?

ലോക ചാംപ്യൻഷിപ്പ് റെസ്‍ലിങ്ങും (ഡബ്ലിയുസിഡബ്ലിയു), ന്യൂ ജപ്പാൻ പ്രൊ–റസ്‍ലിങ്ങും (എൻജെപി ഡബ്ലിയു) സംയുക്തമായി സംഘടിപ്പിച്ച ഗുസ്തി മൽസരങ്ങൾ കാണാനാണ് ഇത്രയധികം കാണികൾ മേയ് ഡേ സ്റ്റേഡിയത്തിലേക്ക് അന്ന് ഇരച്ചുകയറിയത്.

കണ്ണാടിയുടെ നിറം എന്താണ് ?

നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്ന ഉത്തരം കണ്ണാടിക്ക് നിറമില്ല എന്നതായിരിയ്ക്കും .കണ്ണാടിക്കു മുമ്പിൽ ഏതു നിറം കാണിച്ചാലൂം അത് പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നു

മഴ പെയ്യുമ്പോള്‍ മനോഹര സംഗീതം പൊഴിക്കുന്ന ബഹുനില കെട്ടിടം എവിടെ ആണ് ?

ഡ്രെസ്ഡനിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ സഞ്ചാരികളെ അത്ഭുതപ്പെടു ത്താറുണ്ട് ഈ മഴ സംഗീത കെട്ടിടം

ഇസ്രയേലിലെ ബങ്കറും സുരക്ഷാ മുറികളും

ഇസ്രയേലിലെ ബങ്കറും, സുരക്ഷാ മുറികളും അറിവ് തേടുന്ന പാവം പ്രവാസി ഇസ്രയേലിൽ ഭൂരിപക്ഷം വീടുകളോടും ചേർന്ന്…