ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ

  153

  ജേ എസ് അടൂർ

  ഗസ്റ്റ് ആർട്ടിസ്റ്റായി വന്നു സ്റ്റാറായ ശശി തരൂർ.

  ശശി തരൂരിനെ മറ്റുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് വിദ്യാഭ്യാസവും വിവരവും, ലോക പരിചയവും, പല ഭാഷകളിൽ ഒന്നാംതരമായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവും മാത്രമല്ല. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രം കഴിയുന്നയൊന്നാണ് പാർട്ടിക്ക് അപ്പുറം സാധാരണ മനുഷ്യരുടെ ഇടയിലുള്ള ജനപിന്തുണ.ശശി തരൂരിനെപ്പോലെ വളരെ ഹൈ സ്‌കില്ലുള്ള ഒരാൾക്ക് രാജ്യ സഭയിൽ കൂടെ പാർലിമെന്റിൽ എത്തുകയായിരുന്നു എളുപ്പം. പക്ഷേ അദ്ദേഹം ലോക്സഭ സീറ്റിന് പിടിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക്പോലും പിടിച്ചില്ല. ആദ്യപാരകൾ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ. പ്രതിപക്ഷ പാർട്ടികൾ ‘നൂലിൽ കെട്ടിയിറക്കിയ ‘ ആളിനെതീരെ കടന്നാക്രമിച്ചു. പക്ഷേ അദ്ദേഹത്തിന് ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെ, പാർട്ടിക്ക് അതീത മായി ചെറുപ്പക്കാരും സ്ത്രീകളും വോട്ടു ചെയ്തു. ആദ്യം തന്നെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ച ശശി തരൂർ തിരുവനന്തപുരത്തു ഏറ്റവും കൂടുതൽ സമയം എം പി എന്ന റിക്കാർഡുമിട്ടു .യു എന്നിൽ ഏറ്റവും മുകളിൽ എത്തിയ മലയാളി. ശശി തരൂരിനെ 2005 സെപ്റ്റംബർ മുതൽ മുതൽ അറിയാം.അന്ന് ഗ്ലോബൽ കോൾ ടു ആക്ഷൻ എഗന്സ്റ്റ്. പോവെർട്ടിയുടെ ചെയർപേഴ്സനായി യു എൻ ആസ്ഥാനത്തുള്ള പ്രത്യേകം സമ്മേളത്തിൽ പ്രസംഗിക്കുവാൻ പോയപ്പോഴാണ് പരിചയപ്പെട്ടത്. ആ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത് അന്ന് യു എൻ അണ്ടർസെക്രട്ടറി ജനറലായിരുന്ന ശശി തരൂരാണ്. അന്ന് തൊട്ട് അറിയാവുന്നയാൾ. ഇന്ത്യയിൽ ആദ്യമായി അദ്ദേഹത്തിന്റെ വലിയ പ്രൊഫൈൽ ദി വീക് ഇറക്കിയപ്പോൾ തന്നെ അന്ന് പലരോടും പറഞ്ഞു ശശി തരൂർ കരിയർ ഷിഫ്റ്റ്‌ ചെയ്യുമെന്ന്.

  അദ്ദേഹം സെക്രട്ടറി ജനറലായി മത്സരിക്കുമ്പോൾ തോറ്റു പോകുമെന്ന് അദ്ദേഹത്തിനും അന്താരാഷ്ട്ര കാര്യങ്ങളിൽ സാമാന്യ വിവരം ഉള്ളവർക്കെല്ലാം അറിയാമായിരുന്നു. കാരണം ചൈനയും അമേരിക്കയും ഒരു ഇന്ത്യക്കാരനെ യൂ എൻ എസ്ജിയാകാൻ സമ്മതിക്കില്ല.
  അന്ന് ഇന്ത്യൻ ഫോറിൻ സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു ‘തോൽക്കാൻ പോകുന്ന ഒരാൾക്ക് വേണ്ടി എന്തിനാണ് സർക്കാർ ഇത്രക്ക് പണം ചിലവഴിക്കുന്നത്?” അതാണ് ശശി തരൂർ. തോൽക്കുമെന്ന് അറിയുമായിരുന്നിട്ടു പോലും മൻമോഹൻ സിങ്ങിനെ കണ്ടു ഇന്ത്യക്കുള്ള നേട്ടത്തെ കുറിച്ച് പറഞ്ഞു ഫലിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ, സർക്കാർ ചിലവിൽ ലോകം ഒട്ടുക്ക് യാത്ര ചെയ്തു പല രാജ്യത്തെയും നേതാക്കളെ കണ്ടു. പക്ഷേ തോൽക്കും എന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം മത്സരിച്ചത് വേറൊരു കാര്യത്തിന് ആയിരുന്നു. അതു രാഷ്ട്രീയവും സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷ്ൻ ബാലപാഠവും അറിയാവുന്നവർക്ക് ആദ്യമേ മനസ്സിലായി. കാരണം ആ ഒരുമാസം കൊണ്ടു ശശി തരൂരിനെ കേരളത്തിലും ഇന്ത്യയിലും എല്ലാവരും അറിഞ്ഞു. കേരളത്തിൽ എല്ലാ മലയാള പത്രങ്ങളും അദ്ദേഹത്തിന്റെ പ്രൊഫൈലും, അതുപോലെ എല്ലാം വിവിരിച്ചു എഴുതി.നാഷണൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഡൽഹി സ്റ്റീഫൻ കണക്ഷൻ പ്രയോജനപ്പെടുത്തി. ഡൽഹി /മുംബൈ മീഡിയക്കാരെ എല്ലാം അദ്ദേഹം സുഹൃത്തുക്കളാക്കി.

  അന്ന് യു എൻ എസ് ജി മത്സരത്തോട് കൂടിയാണ് സാധാരണ മലയാളികൾ ശശി തരൂരിനെ അറിഞ്ഞത്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പരിഭാഷമലയാളത്തിൽ ഇറങ്ങിയത്. ശശി തരൂർ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയതിൽ അത്ഭുതം തോന്നിയില്ല. യു എന്നിൽ ഉള്ള പലരും അതു ചെയ്തതാണ് . ഇപ്പോൾ കേന്ദ്ര മന്ത്രി സഭയിലുള്ള ഹർദീപ് സിംഗ് പുരി ഇന്ത്യയുടെ യു എൻ പ്രതിനിധിയായിരുന്നു .ആദ്യ തിരെഞ്ഞെടുപ്പിൽ മലയാളം നല്ലതുപോലെ വശമില്ലായിരുന്ന ശശി തരൂർ തിരുവനന്തപുരത്തു നിന്ന് ജയിക്കുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. കാരണം പാർട്ടികുള്ളിലും വെളിയിലും എതിർപ്പ്. അന്ന് കേരളത്തിൽ എൽ ഡി എഫ് ഭരണത്തിൽ. എതിർ പാർട്ടികൾ ശശി തരൂരിന് എതിരെ വ്യാജ പ്രചരണമടക്കം ശക്തമായ ആക്രമണം. പക്ഷേ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു .അവിടെമുതലാണ് ശശി തരൂർ എന്ന രാഷ്ട്രീയ നേതാവിനെ പഠിക്കാൻ തുടങ്ങിയത്. ശശി തരൂർ എന്ന രാഷ്ട്രീയ നേതാവ് എല്ലാം തികഞ്ഞ നേതാക്കളോ മനുഷ്യരോ ഇല്ല. ഓരോ മനുഷ്യരും ഗുണ ദോഷ മിശ്രിതമാണ്. ന്യുന വശങ്ങളും മികച്ച വശങ്ങളുമുണ്ട് . പൊതുവെ ഓരോ മനുഷ്യരുടെയും ഗുണ മേന്മകളും പോസിറ്റീവ് കാര്യങ്ങളുമാണ് ഞാൻ നോക്കുന്നതും കാണുന്നതും. അതാണ് നേതൃത്വ ഗുണ വിശകലനത്തിലും നോക്കുന്നത് .ശശി തരൂരിന്റ ന്യൂനതകളെക്കാൾ വളരെ മുകളിലാണ് അദ്ദേഹത്തിന്റെ ഗുണമേന്മകളുടെ ഗ്രാഫ്. അതു കൊണ്ടാണ് അദ്ദേഹത്തിന് പാർട്ടിക്കപ്പുറം ബഹുജന സമ്മതി കൂടുതലുള്ളത്.
  എന്താണ് അദ്ദേഹത്തിന്റെ നേതൃത്വ ഗുണങ്ങൾ?

  1)കൃത്യമായി ലക്ഷ്യബോധത്തോടെ കരുക്കൾ നീക്കുന്ന ചതുരങ്ങക്കളിയിലുള്ള പ്രാവീണ്യം

  2)വളരെ നല്ല ഐ ക്യൂ ആയതിനാൽ പെട്ടെന്ന് കാര്യങ്ങൾ വായിച്ചും കണ്ടും കേട്ടും ഗ്രഹിക്കാനുള്ള പാടവം.

  3)രാഷ്ട്രീയം മാരത്തോൺ ആണെന്ന് അറിയാവുന്ന ഒരാൾ.

  4) സാമാന്യത്തിൽ അധികമുള്ള അതിജീവന ശേഷി (resilience ).കാരണം സുനന്ദ പുഷ്ക്കരുമായുള്ള ബന്ധവും വിവാഹവും അവരുടെ മരണവും എല്ലാം വലിയ വിവാദങ്ങൾ. ശശി തരൂർ ഇതോടെ തീരും എന്ന് പലരും വിധി എഴുതി. കാറ്റിലും ചുഴലിയിലും പിടിച്ചു നിൽക്കാൻ കഴിയുന്നവർക്കേ രാഷ്ട്രീയത്തിൽ പിടിച്ചു നില്ക്കാൻ പറ്റുള്ളൂ. അക്കാര്യത്തിൽ ശശി അതിശയിപ്പിച്ചു.
  അനുദിന പാരവെപ്പ് ശീല രാഷ്ട്രീയത്തിനു പുറത്തു നിന്ന് വന്ന ഒരാൾക്ക് അങ്ങനെ പിടിച്ചു നിൽക്കാൻ സാധിക്കില്ല. രാഷ്ട്രീയത്തിൽ പെട്ടെന്ന് വന്നു തിളങ്ങി മന്ത്രിയായി അസ്തമിച്ച കൊല്ലം എംപി യായ ഒരു മിടുക്കൻ ഐ എ എസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. ശശി തരൂർ 2014 ഇലെ പ്രതിസന്ധിയിൽപോലും ജയിച്ചത് പാർട്ടിക്ക് അപ്പുറവും അദ്ദേഹത്തിന് ജനപിന്തുണ ഉണ്ടായത് കൊണ്ടാണ്. സാധാരണ രാഷ്ട്രീയക്കാരൻ പോലും 2014ൽ തീർന്നു പോയേനെ. പക്ഷേ ശശി കോടുങ്കാറ്റിനെ അതിജീവിച്ചു.

  5) ശശി തരൂരിന് സൗന്ദര്യംവും ബുദ്ധിയും ഭാഷ ചാതുര്യവും, എഴുത്തുകാരൻ എന്ന ഇമേജും, തിരെഞ്ഞെടുത്ത കരിയറിൽ ഉന്നതങ്ങളിൽ എത്തിയതും, കോസ്മോപൊളിറ്റൻ എലീറ്റിസവും, മീഡിയ മാനേജുമെന്റ്, ഒരുമിപ്പിച്ചു സെലിബ്രിറ്റിയാകാൻ ശേഷിയുള്ള ഇന്ത്യയിലെ തന്നെ ചുരുക്കം പാർലമെന്ററിയൻമാരിൽ ഒരാളാണ്

  6)നല്ലതു പോലെ ഗവേഷണം ചെയ്തു പാർലിമെന്റിൽ ഭാഷ ചാരുതയോടെയും വാഗ് വിലാസത്തോടെയും അവതരിപ്പിച്ചു ഇന്ത്യയിലെ ഏറ്റവും നല്ല പാർലമെന്ററിയൻമാരിൽ ഒരാളാണ്.

  7) കേരളത്തിൽ വന്നപ്പോൾ മലയാളം പറയാൻ പാടുപെട്ടിരുന്ന ശശി തരൂർ ഇന്ന് മലയാളത്തിൽ നന്നായി പ്രസംഗിക്കും. ഇഗ്ളീഷിലും. ഹിന്ദിയിലും ബംഗാളിയിലും ഫ്രഞ്ചിലും പ്രസംഗിക്കുവാൻ കഴിവുള്ള ഏത്ര ഇന്ത്യക്കാരും മലയാളികളുമുണ്ട് ? എത്ര പാർലിമെന്ററിയൻമാരുണ്ട്? അതാണ് ശശി തരൂരിനെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കുന്നത്.
  അദ്ദേഹത്തിന്റ അത്രയും ലോക നിലവാരത്തിലുള്ള കമ്മ്യുണിക്കേഷൻ ഡെലിവറിയുള്ളവർ ചുരുക്കമാണ്

  8) വിജ്ഞാനം ആധികരതയാണ് (, Knowledge is power ). എന്നത് സമർത്ഥമായി ഉപയോഗിക്കുവാനുള്ള കഴിവ്. കൃത്യമായി വായിച്ചു ഗവേഷണം ചെയ്തു അവസരത്തിനൊത്തു കാര്യ കാരണ സഹിതം അവതരിപ്പിക്കും. ഇരുപത് പുസ്തകങ്ങൾ എഴുതുവാൻ ഭാഷ മാത്രം പോര.അച്ഛടക്കത്തോടെയും നിശ്ചയദാർഡ്യത്തോടെ ദിവസേന പതിവ് ജോലികൾക്ക് അപ്പുറം പത്തു മണിക്കൂർ പഠിച്ചു എഴുതുവാനുള്ള അസാധാരണ ശേഷിയും വേണം. മനു പിള്ളയെപ്പോലെ കഴിവുള്ള ഒരു പാട് ചെറുപ്പക്കാർ ഒരു പൈസ വങ്ങാതെ ഗവേഷണ സാഹിയികളായി നിൽക്കുന്നത് ശശി തരൂരിന്റ ഒരു റെക്കമെന്റഷൻ ലെറ്റർ ഉണ്ടെങ്കിൽ ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം കിട്ടും.
  ഫ്ലെച്ചർ സ്‌കൂളിൽ നിന്നും 23 വയസിൽ പി എച് ഡി നേടിയ ശശിയുടെ റിക്കാർഡ് ഇന്നും ആരും തിരുത്തിയിട്ടില്ല.

  9)കഴിഞ്ഞ പത്തു കൊല്ലമായി തിരുവനന്തപുരത്തു അദ്ദേഹം സ്ട്രാറ്റജിക് ഗ്രാസ്റൂട്സ് നെറ്റവർക്ക് ഉണ്ടാക്കി. ആരെങ്കിലും അദ്ദേഹത്തിന്റെ അഡ്രസ്സിൽ എഴുതുവാണെങ്കിൽ അതിന് മറുപടി കൊടുക്കുവാനുള്ള സംവിധാനം.

  10 )2009 ഇൽ ഏറ്റവും എതിർത്തവർ പോലും 2019 ഇൽ അദ്ദേഹത്തിന്നു വോട്ടു നൽകിയത് നേരിട്ട് അറിയാം. ഇതാണ് ശശി തരൂരിനെ വ്യത്യസ്ഥനാക്കിയത്.. 2009ലെ ശശി തരൂർ എന്ന കരിയർ ഷിഫ്റ്റ്‌ എം പി യിൽ നിന്ന് കേരളത്തിൽ പൊതു ജന സമ്മതി
  ഡോ ശശി തരൂർ തിരുവനന്തപുരത്തെ സാധാരണക്കാർക്കിടയിൽ ശശി അണ്ണനാകാൻ കഴിഞ്ഞു എന്നത് ജന സമ്മതിയുടെ അടയാളപ്പെടുത്തലും രാഷ്ട്രീയ മെയ് വഴക്കവും കൊണ്ടു കൂടിയാണ്

  11)സാധാരണ രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്ത ഇമേജിന് കാരണം ആർജ്ജവത്തോട് നിലപാട് എടുത്തു അതു പറഞ്ഞു ഫലിപ്പിക്കുവാനുള്ള ആർജവം.
  അത് കോവിഡ് കാലത്ത് കണ്ടതാണ്. അതിനു മുമ്പും. കോവിഡ് കാലത്തു കേരളത്തിലെ സാധാരണ ജനങ്ങളുടെ ഇടയിൽ മതിപ്പുണ്ടാക്കിയത് തരൂരാണ്.

  12) തികഞ്ഞ സെക്കുലർ ലിബറൽ ജനായത്തവാദിയാണ്. അതെസമയം അദ്ദേഹം മലയാളിയാണ് എന്നും, ഹിന്ദു മത വിശ്വാസിയാണ് എന്നും തുറന്നു പറയാനുള്ള ആർജവം.

  13) രാജ്യത്തെകുറിച്ചും സംസ്ഥാനത്തെകുറിച്ചും തിരുവനന്തപുരത്തെകുറിച്ചുമുള്ള വികസന കാഴ്ചപ്പാട്.

  14)കൊണ്ഗ്രെസ്സിനെകുറിച്ചും കൊണ്ഗ്രെസ്സ് ചരിത്രത്തെകുറിച്ചുമുള്ള അറിവ്.

  15) ശിങ്കിടി രാഷ്ട്രീയതിന്റെ വക്താവല്ല. ഏതെങ്കിലും രാഷ്ട്രീയ ഗോഡ് ഫാദറിന്റ കരുണ കടക്ഷത്തിൽ ശിങ്കിടി രാഷ്ട്രീയത്തിൽ കൂടിയോ, അല്ലങ്കിൽ കുടുംബ ബലത്തിലോ, അതുമല്ലെങ്കിൽ ജാതി -മത സ്പോൺസർഷിപ്പിലോ അവസര വാദ സാദാ രാഷ്ട്രീയം കളിക്കുന്നയാളല്ല തരൂർ എന്നതാണ് അദ്ദേഹത്തിന്റെ പൊതു ജന സമ്മതിക്കു ഒരു കാരണം.
  ഇന്ത്യയിൽ സോഷ്യൽ മീഡിയ ഏറ്റവും സജീവമായി ഉപയോഗിക്കുന്ന തരൂരിന് ഏറ്റവും കൂടുതൽ പിന്തുണയുള്ളത് ചെറുപ്പക്കാർക്ക് ഇടയിലാണ്. പാരമ്പര്യ വ്യവസ്ഥാപിത രാഷ്ട്രീയക്കാർക്ക് ഏറ്റവും കുറച്ചു പിന്തുണ ഉള്ളത് ചെറുപ്പക്കാരുടെ ഇടയിലാണ്
  ഗസ്റ്റ് ആർട്ടിസ്റ്റ് സ്റ്റാറായ കഥ.

  ശശി തരൂർ 2009ഇൽ ഗസ്റ്റ് ആർട്ടിസ്റ്റയാണ് കൊണ്ഗ്രെസ്സ് രാഷ്ട്രീയ നാടകത്തിൽ വന്നത്.
  എന്നാൽ 2020 ഇൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്. ഇന്ത്യയിലെ സ്റ്റാർ പാർലിമെന്ററിയൻ. കൊണ്ഗ്രെസ്സിനെ പ്രതിനിധികരിച്ചു ലോക് സഭയിൽ പ്രസംഗിച്ചു സ്റ്റാർ ആകാൻ ശേഷിയുള്ള എം പി. അതു കൊണ്ടാണ് കോൺഗ്രസിൽ ഭാരവാഹിത്വം ഒന്നും ഇല്ലെങ്കിലും ശശി തരൂരിന്റ ഓരോ ട്വീറ്റും ദേശീയ വാർത്തയാകുന്നത്. അതു കൊണ്ടാണ് അദ്ദേഹത്ത പ്രതിപക്ഷ നേതാവാക്കിയില്ലെങ്കിലും അദ്ദേഹം പ്രസംഗിക്കാൻ എണീൽക്കുമ്പോൾ പാർലിമെന്റും രാജ്യവും ചെവിയോർക്കുന്നത്

  അതു കൊണ്ടാണ് അദ്ദേഹത്തിന്റെ ഒക്സ്ഫോഡ് പ്രസംഗം ലോകമൊട്ടുക്കേ വൈറൽ ആയതു. അതു കൊണ്ടാണ് അയാളുടെ പുസ്തകങ്ങൾ ചൂട് അപ്പം പോലെ വിറ്റ് പോകുന്നത്. ഇപ്പോൾ സിനിമയിൽ സൂപ്പർ സ്റ്റാർ ആയിരുന്നവർ പലരും ഗസ്റ്റ് ആർട്ടിസ്റ്റായാണ് തുടങ്ങിയത്. പണ്ട് ഗസ്റ്റ് ആർട്ടിസ്റ്റായി സൌത്ത് ആഫ്രിക്കയിൽ നിന്ന് വന്ന ഒരു എം കെ ഗാന്ധിയെ പല കോൺഗ്രെസ്സ്കാരും മറന്നു കാണും. വേറെ ഒരു ഗസ്റ്റ് ആർട്ടിസ്റ്റ് ജനീവയിൽ നിന്ന് 1992 ഇൽ ഇന്ത്യയിലെ ധനകാര്യ മന്ത്രിയായി. കൊച്ചേരി രാമൻ നാരായണൻ എന്ന് പേരായ ഒരു ഗസ്റ്റ് ആർട്ടിസ്റ്റ് പണ്ട് ഒറ്റപ്പാലത്തു മത്സരിച്ചു. പലർക്കും ഇതൊന്നും ഓർമ്മകൾ കാണില്ല. . പാർലിമെന്റിൽ ഒരു പാട്‌ വർഷം ഉണ്ടായിരുന്നിട്ടും ഗസ്റ്റ് ആർട്ടിസ്റ് പോയിട്ട് സ്റ്റെപ്പിനി ആർട്ടിറ്റ് പോലും ആകാൻ ശേഷിയില്ലാത്ത ഒരുപാട് പേർ ഒരുപാട് കാലമായി പാർലിമെന്റിൽ ഉണ്ട്. അങ്ങനെയുള്ളവരെ ആ കാലം കഴിഞ്ഞാൽ ആരും ഓർക്കുക പോലും ഇല്ല.

  അടൂരിൽ എം പി ആയിരുന്ന കുഞ്ഞാമ്പുവിനെ ഇപ്പോഴുള്ള ചെറുപ്പക്കാരാരും ഓർക്കാൻ വഴിയില്ല. പക്ഷേ വി കെ കൃഷ്ണമേനോനെ ഓർക്കും .2050 ഇൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പി മാരെയും എം എൽ എ മാരെയും മന്ത്രിമാരെയും കേരളം ഓർക്കും.?
  ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും.

  ശശി തരൂരിനെ ആർക്കാണ് പേടി?

  ശശി തരൂരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന കൊണ്ഗ്രെസ്സിലെ പലരും തിരിച്ചറിയണ്ടത് ശശി തരൂർ കൊണ്ഗ്രെസ്സ് പാർട്ടിക്ക് മുതൽകൂട്ടാണ് എന്നതാണ്. ശശി തരൂർ 23 കൊണ്ഗ്രെസ്സ് നേതാക്കൾക്കൊപ്പം കത്ത് എഴുതിയത് അദ്ദേഹതിന്റെ രാഷ്ട്രീയ ജനായത്ത ബോധ്യങ്ങളിലുള്ള ആത്മധൈര്യം കൊണ്ടാണ്. അങ്ങനെ ആത്മധൈര്യത്തോടെ കാര്യങ്ങൾ പറയാൻ കാമ്പുള്ളവർ ഉണ്ടെങ്കിലേ മൂത്തശ്ശി പാർട്ടിക്ക് പുനർജനിയുള്ളൂ. അല്ലെങ്കിൽ പ്രയാധിക്യത്തിൽ കഥ കഴിയും. കൊണ്ഗ്രെസ്സ് പാർട്ടി ഇപ്പോൾ റിസേർവിൽ ഓടുന്ന പഴയ അമ്പാസിഡർ കാറുപോലെയാണ്. കൊണ്ഗ്രെസ്സിന്റെ പ്രതാപ കാലത്തു തൂവെള്ള ഖദറും തൂവെള്ള അംബാസിഡർ കാറും അധികാര ചിഹ്നങ്ങളായിരിന്നു. എഴുപത് /എൺപത് മോഡൽ അമ്പാസിഡർ കാർ ഏത് റോഡിലും ഓടുമായിരുന്നു . അന്ന് അംബാസിഡർ കാറിൽ കയറിപറ്റി റിസേർവിൽ ഓടുന്ന ആ വണ്ടിയിൽ ഇരുന്നു 21 നൂറ്റാണ്ടിൽ, എന്റെ എന്റെ ഉപ്പാപ്പക്കൊരു ആനയുണ്ടാർന്നു എന്ന് പറഞ്ഞത് കൊണ്ടു കാര്യമില്ല.

  അന്നുള്ള റോഡും വണ്ടിയും യാത്രക്കാരും മാറി . പക്ഷേ ഇപ്പോഴും പഴയ അബാസ്സിഡർ കാർ ഓടിക്കാൻ അറിയാവുന്നവർ ടൊയോട്ടയും ലൻസ്റോവറൂം നിസ്സാൻ ഓട്ടോമോറ്റിക്കും ഒക്കെ ഓടിക്കാൻ അറിയുന്നവനെ നോക്കി ‘അന്ത കാലത്തു ഡ്രൈവിംഗ് പഠിച്ച’ ഞങ്ങളുടെ അടുത്തു ‘ഇന്നലത്തെ തകരയിൽ ‘ വന്ന ഈ ചീള് ഡ്രൈവർ ആരെടെ “എന്ന് ചോദിക്കുന്നത് പോലെയാണ്.
  ഇന്ത്യ മാറി. ഇന്ത്യക്കാരും മാറി . കാലം മാറി. എല്ലാം മാറി.
  ചേലോർക്ക് ഭൂതകാല മഹിമ. ചെലോർക്ക് നിലനിൽപ്പ് രാഷ്ട്രീയം. ചേലോർക്ക് ശിങ്കിടി രാഷ്ട്രീയം. ചേലോർ ഭാവിയാണ്.

  ശശി തരൂരിന് പിന്തുണ ചെറുപ്പക്കാരിലാണ്. അതു തിരുവനന്തപുരത്തും കേരളത്തിലും മാത്രം അല്ല. പഴകിയ കൊണ്ഗ്രെസ്സ് കാർ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിക്കുന്നയാൾ ചെറുപ്പക്കാരുടെ സ്റ്റാർ ആയതു ആ പാർട്ടിയിലെ ഒട്ടകപക്ഷികൾ അറിയെണമെന്നില്ല . എല്ലാ പഴയ പാർട്ടിക്കാരും ഒന്നു ഓർക്കുക. ഇന്ന് വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളിലുള്ള സജീവ രാഷ്ട്രീയ പ്രവർത്തകർ എല്ലാം കൂടി കൂട്ടി ഗുണിച്ചു ഹരിച്ചു നോക്കിയാൽ ഒരു പഞ്ചായത്തിൽ ശരാശരി അറുപത് -എഴുപത് പേർ മാത്രം അതായത് മൂന്നര കൊടി ജനങ്ങൾ ഉള്ള കേരളത്തിൽ രാഷ്ട്രീയം പൂർണ സമയമോ ഭാഗീകമായോ ആയ പ്രധാന ഏർപ്പാട് ആക്കിയവർ ഒരു ലക്ഷത്തിൽ താഴെമാത്രം.

  വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ സജീവ അങ്ങങ്ങളും ‘ഷുവർ വോട്ടും കുറയുന്നു. അതിൽ തന്നെ കൊണ്ഗ്രെസ്സിന് ക്ഷീണം കൂടുതലാണ്. അതു കൊണ്ടു ഇനി വരുന്ന കാലം പാർട്ടിയുടെ പേരിൽ ആരെ നിർത്തിയാലും ജയിക്കാം എന്ന ധാരണ വേണ്ട. ഇത് കേരളത്തിൽ ആദ്യമായി തിരിച്ചറിഞ്ഞത് സി പി എം മാണ്.ഇനിയുള്ള കാലത്തു പൊതു ജന സമ്മതിയും ക്രെഡിബിലിറ്റിയും കഴിവുമുള്ളവർക്കായിരിക്കും ജയ സാധ്യത. രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറം കേരളത്തിൽ അടിസ്ഥാന തലത്തിലുള്ള രാഷ്ട്രീയ അടിയോഴുക്കുകൾ പല പഴയ നേതാക്കളും അറിയുന്നില്ല. അങ്ങനെയുള്ള കുഴാമറിച്ചിൽ സാഹചര്യത്തിൽ പൊതു ജന സമ്മതിയും കഴിവും കാര്യപ്രാപ്‍തിയുമുള്ള ശശി തരൂരിനെപോലെയുള്ള വരെ പുകച്ചു പുറത്തു ചാടിച്ചാൽ കോൺഗ്രെസ്സിനാണ് നഷ്ട്ടം.
  കേരളത്തിലും ഇന്ത്യയിലും കോൺഗ്രസിൽ പുനർജീവനും പുതുക്കുവും വരണമെങ്കിൽ പുതിയ തലമുറ നേതൃത്വം വരണം.  ആയിരത്തി തൊള്ളായിരത്തി എഴുപത് -എൺപത് മോഡൽ അമ്പാസിഡർ കാർ ഒരു കാലത്തു ഇന്ത്യയിലെ ഏറ്റവും നല്ല കാർ ആയിരുന്നു. ഇപ്പോൾ അതു കലഹരണപെട്ടുവെന്ന് തിരിച്ചറിയുക. ആ വണ്ടി കൊണ്ടു പോയാൽ വഴിയിൽ ബ്രേക്ക് ഡൌൺ ആകുമെന്ന് തിരിച്ചറിഞ്ഞാൽ പെരുവഴിയിൽ അലഞ്ഞു നടക്കേണ്ടി വരില്ല ചെവിയുള്ളവർ കേൾക്കെട്ടെ. കണ്ണുള്ളവർ കാണട്ടെ.
  പറഞ്ഞില്ല എന്നു വേണ്ട .


  ഡോക്ടർ അഗസ്റ്റസ് മോറീസ് ഈ വിഷയത്തെ കുറിച്ചെഴുതിയ പൊളിറ്റിക്കൽ സറ്റയർ കൂടി വായിക്കാം 

  Augustus Morris

   

  ഗസ്റ്റ് ആർട്ടിസ്റ്റ്

  ( 1 ) ആറാമ്പ്രാൻ സിനിമയുടെ ഷൂട്ടിങ് നടക്കുന്നു . നായകനോടൊപ്പം ഉണ്ണിമായ എന്ന് പേരുള്ള കോലോത്തെ നായിക , അടിച്ചു തളിക്കാരി ജാനു , പിഷാരടി – എഴുത്തച്ഛൻ – വർമ്മ – സോമൻ പിള്ള തുടങ്ങിയ സഹ കഥാപാത്രങ്ങൾ , കോവിലകം വാങ്ങിക്കഴിഞ്ഞതിനുശേഷം പിന്നവിടെ നിൽക്കാൻ പാടില്ലാത്ത ജെയിംസ് , പടിപ്പുരയ്ക്കിപ്പുറം കയറാത്ത ബാപ്പൂട്ടി തുടങ്ങിയവരൊക്കെ തിരക്കഥയിൽ സ്ഥാനപിടിച്ചു . അപ്പോഴാണ് ഹോളിവുഡിൽ നിന്നും സിനിമാറ്റൊഗ്രാഫി പഠിച്ച ഒരാൾ ഗസ്റ്റ് റോളെങ്കിലും കിട്ടുമോ എന്നറിയാൻ അവിടെ വന്നെത്തിയത് …

  ( 2 ) മേപ്പടിയാന്റെ ഭാഷാ ശൈലിയും , വാക്ചാതുരിയും , ശരീര സൗന്ദര്യവും ഒക്കെ ഒരു നായക നടന് വേണ്ട അളവിൽ ഉണ്ടായിരുന്നിട്ടും , ” സഹ ” സംവിധായക സ്ഥാനമേ കിട്ടിയുള്ളൂ . കാരണം ചത്താലും കട്ടിലൊഴിയാത്ത , കൃത്രിമ യൗവ്വനം കൈമുതലായുള്ള കിളവൻ താരരാജാക്കന്മാർ അരങ്ങു വാഴുമ്പോൾ ചെറുപ്പവും ബുദ്ധിശക്തിയും വിവരവും ഉള്ളവരെ ആ പരിസരത്ത് അടുപ്പിക്കില്ല …

  ( 3 ) ജഗന്നാഥനും കൊലപ്പുള്ളി അപ്ഫനുമായിട്ടുള്ള റോഡിൽ വച്ചുള്ള സീനാണ് ചിത്രീകരിക്കേണ്ടത് . ജീപ്പിൽ ഘടിപ്പിച്ച കാമറയുമായി ഷോട്ട് എടുക്കവേ ” സഹ ” സംവിധായകൻ പറഞ്ഞു , ” ഈ റോഡൊക്കെ എന്താ ഇങ്ങനെ ? മൊത്തം കുണ്ടും കുഴിയും ആണല്ലോ . കാമറ ഷേക്ക് ആകുന്നു , റോഡിൽ പൊടി പറക്കുന്നു . ഫ്രെയിം ക്ലിയറാകുന്നില്ല . അന്തർദേശീയ നിലവാരത്തിൽ റോഡ് പണിയാൻ എന്താണ് പ്രശ്നം ? ” . ബാക്കിയുള്ളവർ സഹ – യെ രൂക്ഷമായി ഒന്ന് നോക്കി . ഇവനെവിടെനിന്നും വന്നവനാടാ എന്ന ഭാവത്തിൽ .

  ( 4 ) ജഗന്നാഥൻ , വില്ലനെ എടുത്തിട്ടിടിക്കുന്നു , പൊക്കിയെടുത്തെറിയുന്നു . ധാരാവിയിലെ ചേരി ഒറ്റ രാത്രി കൊണ്ടൊഴിപ്പിച്ച ജഗന് , നൂറ്റമ്പതു കിലോ ഭാരമുള്ള വില്ലനെ മുകളിലേക്കെറിയുന്നത് പൂ പറിക്കുന്ന പോലെ നിസ്സാരമായ ഒന്നാണ് . പക്ഷെ ആ ഫ്രയിമിൽ നാലുപാടേക്കും പോകുന്ന വൈദ്യുത കമ്പികളും , ഇലക്ട്രിക് പോസ്റ്റും കയറിവന്നു . ” സഹ ” യ്ക്ക് അതത്ര ഇഷ്ടമായില്ല . ഇതൊക്കെ ഭൂഗർഭ കേബിളാക്കി മാറ്റിയിരുന്നെങ്കിൽ പ്രസരണ നഷ്ടം കുറയ്ക്കാമായിരുന്നു , കമ്പി പൊട്ടി വീണുള്ള മരണം ഒഴിവാക്കാമായിരുന്നു , ” കാറ്റടിച്ചാൽ കറന്റു പോകും – കറന്റടിച്ചാൽ കാറ്റ് പോകും ” – എന്ന നിലവിളി ഇല്ലാതാക്കാമായിരുന്നു . ബാക്കിയുള്ളവർ സഹ – യെ രൂക്ഷമായി വീണ്ടും ഒന്ന് നോക്കി . ഇവനെവിടെനിന്നും വന്നവനാടാ എന്ന ഭാവത്തിൽ .

  ( 5 ) സോമരസം പാനം ചെയ്യാൻ , കരിക്കിൻ വെള്ളമാണ് ബെസ്റ്റ് എന്ന് തെളിയിച്ച നീലകണ്ഠനെ മനസ്സിൽ ധ്യാനിച്ച് , സംവിധായകൻ അടുത്ത ഷോട്ടെടുക്കാൻ ജഗനോട് കഥാസന്ദർഭം വിവരിച്ചു . കരിക്കിൻവെള്ളം ഒഴിച്ചതിനു ശേഷം കരിക്ക് വലിച്ചെറിയുന്ന രംഗം കണ്ടപ്പോഴേക്കും ”സഹ ” ഇടപ്പെട്ടു . ഇതെന്തിനാണ് വലിച്ചെറിയുന്നത് ? മാലിന്യ സംസ്കരണ പെട്ടിയിൽ ഇടുന്നതായി കാണിച്ചുകൂടെ ? ബാക്കിയുള്ളവർ സഹ – യെ ഇരുത്തി ഒന്ന് നോക്കി . ഇവനെവിടെനിന്നും വന്നവനാടാ എന്ന ഭാവത്തിൽ .

  ( 6 ) കണിമംഗലത്തെ ഉത്സവം നടക്കാൻ തിരുവാഭരണം വിട്ടുകൊടുക്കണം എന്ന അഭ്യർത്ഥനയെ പുഛിച്ച് തള്ളി , അപ്‌ഫനും കൂട്ടാളികളും തിരിഞ്ഞു നടക്കുന്ന രംഗമാണ് അടുത്തത് . ഇതൊരു ട്രസ്റ്റിന്റെ തീരുമാനമാണെന്നും , അതിലെ അംഗങ്ങൾ താനും , ചെറിയച്ഛനും , സുഭദ്രയും ആണെന്ന ഡയലോഗ് കേട്ടപ്പോൾ ” സഹ ” ചാടി വീണു . ഇത് ജനാധിപത്യ മര്യാദയല്ല , ഒരു ജനാധിപത്യ രാജ്യത്തിലെ സിനിമയിൽ ഇങ്ങനൊരു രംഗം പാടില്ല എന്ന് പറഞ്ഞു . ബാക്കിയുള്ളവർ ”സഹ ” – യെ കടുപ്പിച്ച് ഒന്ന് നോക്കി . ഇവനെവിടെനിന്നും വന്നവനാടാ എന്ന ഭാവത്തിൽ .

  ( 7 ) അങ്ങനെ ഓരോ രംഗത്തിലും തന്റേതായ അഭിപ്രായം പറഞ്ഞ ”സഹ ”യോട് ബാക്കിയുള്ളവർ പറഞ്ഞു , എടോ താൻ വെറും ഗസ്റ്റ് സഹായിയാണ് , വെറുമൊരു സംവിധാന സഹായി . ഞങ്ങൾ കുറെ വർഷങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവർ ഇവിടെയുണ്ട് . താൻ മര്യാദയ്ക്ക് മിണ്ടാതിരുന്നോണം . മിണ്ടാതിരുന്നാൽ തനിക്ക് കൊള്ളാം .

  NB – മലയാള സിനിമയിൽ മാറ്റം കൊണ്ടുവരാൻ തുനിഞ്ഞിറങ്ങിയ ” സഹ ” എന്ത് ചെയ്യും ? ഷൂട്ടിങ് സ്ഥലത്ത് ഒരു പിടി പച്ച മണ്ണ് വാരിയിട്ട് അയാൾ യാത്ര തുടർന്നു … സഫറോം കി സിന്ദഗീ ജോ കഫി ഖതം ഹോ ജാത്തി ഹെയിം ..