സുജിത് കുമാർ സോഷ്യൽ മീഡിയയിൽ എഴുതിയത്

ഒരു ആണവ നിലയത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും വലിയ അപകടമാണ്‌ കോർ മെൽറ്റ് ഡൗൺ. അതായത് ന്യൂക്ലിയർ ഇന്ധനം കൂളന്റ് നഷ്ടമാകുന്ന അവസ്ഥയിൽ ഒരുകി അത് സ്ഥിതി ചെയ്യുന്ന ഇന്ധന അറയെയും അതിനു പുറത്തുള്ള കോൺക്രീറ്റിനെയുമൊക്കെ ഉന്നത ഊഷ്മാവിൽ ഉരുക്കി മണ്ണിലേക്ക് ഇറങ്ങി ഭൂഗർഭ ജലത്തെ വരെ മലിനമാക്കുന്ന തരം അപകടമാണ്‌ കോർ മെൽറ്റ് ഡൗൺ. ഇതിൽ അൽപ്പം കൂടി അതിശയോക്തി കലർത്തി അമേരിക്കയിലെ ഒരു ആണവ നിലയത്തിൽ ഇങ്ങനെ ഒരു കോർ മെൽറ്റ് ഡൗൺ ഉണ്ടായാൽ അത് ഭൂമി തുളച്ച് ഭൂമിയുടെ കേന്ദ്രത്തിലൂടെ മറുവശത്തുള്ള ചൈനയിൽ എത്തും എന്നൊരു സിദ്ധാന്തം ചൈനീസ് സിൻഡ്രോം എന്ന പേരിൽ ഒരു ലേഖനത്തിലൂടെ രാൽഫ് ലാപ്പ് എന്ന ആണവ ശാസ്ത്രജ്ഞൻ ആണ്‌ അവതരിപ്പിച്ചത് . എത്ര വലിയ കോർ മെൽറ്റ് ഡൗൺ ഉണ്ടായാലും ഭൂമിയുടെ കേന്ദ്രത്തിലൂടെ ന്യൂക്ലിയർ ഇന്ധനം മറുവശത്ത് ഒരിക്കലും എത്തില്ല എന്നറിയാമെങ്കിലും, ഭൂഗോളത്തിൽ അമേരിക്കയുടെ താഴെ അല്ല ചൈന വരുന്നത് എന്ന വസ്തുത നിലനിൽക്കെയും ചൈനീസ് സിൻഡ്രോം കോർ മെൽറ്റ് ഡൗൺ ആക്സിഡന്റിനെ സൂചിപ്പിക്കാൻ ന്യൂക്ലിയർ ഇൻഡസ്ട്രിയിൽ ഉപയോഗിക്കാൻ തുടങ്ങി. 1979 ൽ പുറത്തിറങ്ങിയ ദ ചൈന സിൻഡ്രോം എന്ന പേരിലെ ഹോളിവുഡ് ചലച്ചിത്രം പൊതുജനങ്ങൾക്കിടയിലും ചൈനീസ് സിൻഡ്രോം എന്ന പ്രയോഗത്തിനെ സുപരിചിതമാക്കി.

ചെർണോബിൽ HBO മിനി സീരീസ് കണ്ട് ആണവ വികിരണം ഏറ്റവർക്ക് കാണാൻ പറ്റിയ നല്ല ഒരു പഴയ സിനിമയാണ്‌ ചൈന സിൻഡ്രോം. ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. വെറും ഒരു ഫിക്ഷൻ ഫിലിം മാത്രമായിരുന്നില്ല ചൈന സിൻഡ്രോം. ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങളെ മുൻനിർത്തി വളരെ മനോഹരമായി നല്ല രീതിയിൽ ഗവേഷണമൊക്കെ നടത്തി നിർമ്മിക്കപ്പെട്ട ഒന്നായിരുന്നു ഇത്. ഈ സിനിമ ഇറങ്ങി രണ്ടാഴ്ച്ചകൾക്കുള്ളിൽ ആണ്‌ അമേരിക്കയെ നടുക്കിയ ത്രീ മൈൽ ഐലന്റിലെ ന്യൂക്ലിയർ പവർപ്ലാന്റിൽ അപകടം നടന്നത്. പൊതുവേ അമേരിക്കയിൽ ആണവ നിലയങ്ങളോട് എതിർപ്പുകൾ മുളപൊട്ടി വരുന്ന ഒരു കാലമായിരുന്നു അത്. ഈ സിനിമയുടെ വരവോടെയും അതിനെത്തുടർന്ന് ത്രീ മൈൽ അപകടവും കൂടി ആയപ്പോൾ ആണവ നിലയങ്ങൾക്കെതിരെയുള്ള കാമ്പൈനുകൾക്ക് ആക്കം കൂടി.

ചെർണോബിൽ എച് ബി ഓ സീരീസ് കണ്ടവർക്കും ചെർണോബിലിനെക്കുറിച്ച് കൂടുതൽ വായിച്ചിട്ടുള്ളവർക്കുമൊക്കെ RBMK റിയാക്റ്ററിൽ ഉള്ള ഗുരുതരമായ സുരക്ഷാ പഴുതുകളെക്കുറിച്ചും പ്രസ്തുത റിയാക്റ്ററിൽ ജോലി ചെയ്തിരുന്നവർ വരുത്തിയ ഗുരുതരമായ പിഴവുകളെക്കുറിച്ചുമൊക്കെ ഒരു ഏകദേശ ധാരണയെങ്കിലും ലഭിച്ചിട്ടുണ്ടാകും. ഇത് റഷ്യൻ ന്യൂക്ലിയർ ഇൻഡസ്ട്രിയെ മൊത്തും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമാണെങ്കിൽ മറുവശത്തത്ത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ന്യൂക്ലിയർ റിയാക്റ്ററുകളീലും പല തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായിരുന്നു. പക്ഷേ അവയൊക്കെ വലിയ അപകടങ്ങൾ ആയി മാറുന്നതിനു മുൻപേ തന്നെ ശ്രദ്ധയിൽ പെട്ടു എന്നതുകൊണ്ട് അധികം മനുഷ്യ ജീവനുകൾ അപകടത്തിൽ ആയില്ല.. ചൈന സിൻഡ്രോം എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ്‌ ത്രീ മൈൽ അപകടം ഉണ്ടായതെങ്കിലും സിനിമയുടെ യഥാർത്ഥ പ്രമേയം മുൻപ് 1970 ൽ ചിക്കാഗോയിലെ ദ്രെസ്ഡെൻ എന്ന ന്യൂക്ലിയർ പവർ പ്ലാന്റിൽ ഉണ്ടായ ഒരു അപകടത്തെ ആധാരമാക്കിയുള്ളതായിരുന്നു. റിയാക്റ്ററിലെ വെള്ളത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന മീറ്ററിന്റെ എവിടെയോ സൂചി തടഞ്ഞു നിന്നതിനെത്തുടർന്ന് അത് കണ്ട ഓപ്പറേറ്റർ ഓട്ടൊമാറ്റിക് സിസ്റ്റത്തിനെ മറി കടന്ന് കൂടുതൽ കൂടുതൽ വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകൾ പ്രവർത്തിപ്പിക്കുക വഴി റിയാക്റ്റർ പ്രഷർ സംവിധാനം തകരാറിലാവുകയും തുടർന്ന് സങ്കീർണ്ണമായ കുഴപ്പങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്തു. ഈ അപകടത്തിലും പ്രധാനമായും വില്ലൻ ആയത് ഉപകരണങ്ങളുടെ തകരാറുകളേക്കാൾ അടിയന്തിര സാഹചര്യങ്ങളിൽ സമചിത്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്ന മനുഷ്യ സഹജമായ പിഴവുകൾ തന്നെ ആയിരുന്നു. ത്രീ മൈൽ അപകടവും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല.

ത്രീ മൈൽ ന്യൂക്ലിയർ പവർ പ്ലാന്റിൽ ഉപയോഗിച്ചിരുന്നത് Pressurised Water Reactor (PWR) എന്ന സാങ്കേതിക വിദ്യയാണ്‌. അന്നുണ്ടായിരുന്നതും ഇപ്പോൾ നിലവിലുള്ളതുമായ ലോകത്തെ ഒട്ടുമിക്ക ന്യൂക്ലിയർ റിയാക്റ്ററുകളും ഈ സാങ്കേതിക വിദ്യ തന്നെയാണ്‌ ഉപയോഗിക്കുന്നത്. നമ്മുടെ തൊട്ടടുത്തുള്ള കൂടങ്കുളത്തും PWR ന്റെ തന്നെ റഷ്യൻ പതിപ്പായ VVER (Water Water Energetic Reactor) ആണ്‌ ഉപയോഗിക്കുന്നത്. രൂപകൽപ്പനാപരമായിത്തന്നെ ഇതര റിയാക്റ്ററുകളെ അപേക്ഷിച്ച് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന റിയാക്റ്ററുകൾ ആണ് PWR. ഇതര റിയാക്റ്ററുകളിൽ നിന്നും വ്യത്യസ്ഥമായി പരസ്റ്റ്പരം ഇടകലരാത്ത മൂന്നു വ്യത്യസ്ഥ കൂളിംഗ് സംവിധാനങ്ങൾ ആണ്‌ ഇവയുടെ എടുത്ത് പറയേണ്ട പ്രത്യേകത. മോഡറേറ്ററും കൂളന്റും ആയി സാധാരണ ജലം ആണ്‌ ഉപയോഗിക്കുന്നത്. റിയാക്റ്റർ കോറിൽ ഫിഷൻ നടക്കുമ്പോൾ ഉണ്ടാകുന്ന ചൂടിനെ ആഗിരണം ചെയ്യാനുള്ള പ്രൈമറി കൂളന്റ് ആയ ജലം തിളച്ച് ആവി ആകാത്ത രീതിയിൽ ഉന്നത മർദ്ദത്തിലാക്കുന്ന സംവിധാനം ഉള്ളതുകൊണ്ടാണ്‌ ഇതിനെ പ്രഷറൈസ്ഡ് വാട്ടർ റിയാക്റ്റർ എന്നു വിളിക്കുന്നത്. മർദ്ദവും തിളനിലയും തമ്മിലുള്ള ബന്ധം നമ്മൾ ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുണ്ടാകുമല്ലോ. അതായത് ജലം സാധാരണ അന്തരീക്ഷ മർദ്ദത്തിൽ തിളയ്ക്കുന്ന ഊഷ്മാവ് 100 ഡിഗ്രി സെന്റീഗ്രേഡ് ആണെങ്കിൽ ഈ മർദ്ദം കൂട്ടിയാൽ തിളനിലയും കൂടിക്കൊണ്ടിരിക്കും. PWR റിയാക്റ്ററുകളിൽ 300-400 ഡിഗ്രി വരെ വെള്ളത്തിന്റെ തിളനില ഉയർത്തുന്ന രീതിയിലുള്ള മർദ്ദ ക്രമീകരണം ആണ്‌ ഉണ്ടായിരിക്കുക. ഇത്തരത്തിൽ തിളയ്ക്കാതെ തന്നെ റിയാക്റ്ററിലെ ചൂടീനെ ആഗിരണം ചെയ്യുന്ന പ്രൈമറി കൂളന്റ് ആയ ജലം മറ്റൊരു ബോയ്‌‌ലറിലെ കുഴലുകളിലൂടെ കടന്ന് പോകുന്നു. ഈ ബോയ്‌‌ലറിൽ ആണ്‌ സെക്കന്ററി കൂളന്റ് ഉള്ളത്. സെക്കന്ററി കൂളന്റ് പ്രഷറൈസ്ഡ് അല്ലാത്തതിനാൽ വളരെ വേഗം തന്നെ പ്രൈമറി കൂളന്റ് പൈപ്പുകളിൽ നിന്നും ചൂടീനെ ആഗിരണം ചെയ്ത് തിളച്ച് നീരാവി ആകുന്നു. ഉന്നത മർദ്ദത്തിലുള്ള ഈ നീരാവി ആണ്‌ ടർബൈനുകളെ കറക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ടർബൈനിൽ നിന്നും പുറത്തു വരുന്ന ഇതേ നീരാവിയെ തണുപ്പിക്കാനായി മൂന്നാമതൊർ കൂളിംഗ് സിസ്റ്റം കൂടി ഉണ്ട്. നമ്മുടെ ഐസ് ഫാക്റ്ററികളിലും സെൻട്രലൈസ്ഡ് എയർക്കണ്ടീഷൻഡ് പ്ലാന്റുകളിലുമൊക്കെയുള്ളതുപോലെയുള്ള കൂളിംഗ് ടവറുകൾ തന്നെ ആണിത്.

കണ്ടൻസേഷൻ പൈപ്പുകൾക്ക് മുകളിലൂടെ തണുത്ത വെള്ളം പായിക്കുമ്പോൾ നീരാവി തിരിച്ച് ജലമായി മാറുന്നു. തെർമ്മൽ പവർപ്ലാന്റുകളിലും ന്യൂക്ലിയർ പവർ പ്ലാന്റുകളുടെയുമൊക്കെ ചിത്രങ്ങളിൽ മുകളിലൂടെ ആവി പറക്കുന്ന കൂറ്റൻ പുകക്കുഴലുകൾ പോലെ കാണുന്ന നിർമ്മിതികൾ ഈ പറഞ്ഞ കൂളിംഗ് ടവറുകൾ ആണ്‌. മൂന്നു കൂളിംഗ് സംവിധാനങ്ങളിലെ കൂളന്റുകളും ഒരു തരത്തിലും കൂടിക്കലരാത്തതിനാൽ PWR റിയാക്റ്ററുകളിൽ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ കൂളന്റുകളിൽ കലർന്നുള്ള അപകടങ്ങൾ ഒഴിവാക്കപ്പെടുന്നു. അടുത്ത പ്രധാനപ്പെട്ട സവിശേഷത കണ്ട്രോൾ റോഡുകൾ ആണ്‌. കണ്ട്രൊൾ റോഡുകൾ വൈദ്യുത കാന്തങ്ങളുടെ സഹായത്തോടെ ആണ്‌ പൊക്കി നിർത്തപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളാൽ റിയാക്റ്ററിലേക്കുള്ള പവർ നഷ്ടമായാൽ വൈദ്യുത കാന്തങ്ങളുടെ ശേഷി നഷ്ടപ്പെടുകയും പെട്ടന്ന് തന്നെ കണ്ട്രോൾ റോഡുകൾ റിയാക്റ്റർ കോറിലേക്ക് വീണ്‌ റിയാക്റ്റർ പ്രവർത്തനം പൂർണ്ണമായും നിർത്തിക്കുകയും ചെയ്യുന്നു. റിയാക്റ്ററിനകത്തെ വെള്ളം ഒരിക്കലും തിളയ്ക്കാത്തതിനാൽ നീരാവി മൂലം മറ്റ് RBMK ഉൾപ്പെടെയുള്ള മറ്റ് റിയാക്റ്ററുകളിൽ ഉണ്ടാകുന്ന അസ്ഥിരത PWR ൽ ഉണ്ടാകുന്നില്ല. ഇങ്ങനെ ധാരാളം പ്രത്യേകതകളും സുരക്ഷാ സംവിധാനങ്ങളുമൊക്കെ ഉണ്ടായിട്ടും ത്രീ മൈൽ ന്യൂക്ലിയർ പവർ പ്ലാന്റിൽ ചെറിയ ചെറിയ സുരക്ഷാ പഴുതുകളും ഓപ്പറേറ്റർമ്മാരാൽ ഉണ്ടായ ചില പിഴവുകളും ആ റിയാക്റ്റർ തന്നെ എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ട കൊർ മെൽറ്റ് ഡൗൺ എന്ന സ്ഥിതിവിശേഷത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചു. അതിനെക്കുറിച്ച് തുടർന്നെഴുതാം . Stay Tuned. എന്തായാലും ചൈന സിൻഡ്രോം കാണാൻ മറക്കേണ്ട. ചെർണോബിൽ കണ്ടവർ പ്രത്യേകിച്ചും. ഈ അപകടങ്ങളൊക്കെ ആണവ നിലയങ്ങൾക്ക് മാത്രം ബാധകമായതല്ല. എത്ര ചെറിയ യന്ത്രമായാലും സോഫ്റ്റ്‌‌വെയർ ആയാലും അവ രൂപകല്പന ചെയ്യുമ്പൊൾ “ മനുഷ്യന്റെ മണ്ടത്തരത്തിന് “ അതിരുകളില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ വലിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. Humans are the weakest link of security.

You May Also Like

ഇലക്ട്രിക് പോസ്റ്റുകളിലും, ട്രാന്‍സ്ഫോര്‍മറുകളിലും ചിലപ്പോൾ വൈദ്യുതി കടന്നു പോകുന്ന കമ്പികൾ യോജിപ്പിക്കുന്ന ഭാഗത്ത് ബ്രൗൺ നിറത്തിൽ ഒരു ഉപകരണം കാണാം, അതിന്റെ ഉപയോഗം എന്ത് ?

പോര്‍സലീന്‍ കൊണ്ടാണിവ നിര്‍മിച്ചിരിക്കുന്നത് . ഉയര്‍ന്ന അളവിലുള്ള വൈദ്യുതിയെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് ഇവക്കുണ്ട്. ഇന്‍സുലേറ്റര്‍ പലതരത്തിൽ ഉണ്ട്.

ഇനി ജപ്പാന്റെ ബഹിരാകാശ സോളാര്‍ സ്റ്റേഷനും..

ബഹിരാകശത്ത് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സൗരോര്‍ജ്ജോത്പാദനത്തിന് ജപ്പാന്‍ ബഹിരാകാശ ഏജന്‍സി ഒരുങ്ങുന്നത്.

[ശാസ്ത്ര ജാലകം] വെളിച്ചവും കാഴ്ചയും തമ്മില്‍

പ്രകാശവും കാഴ്ചയും തമ്മില്‍ ഉള്ള ബന്ധം എങ്ങനെ വിശദീകരിക്കാം?

ദീർഘദൂര കൺവെയർ ബെൽറ്റുകൾ

ദീർഘദൂര കൺവെയർ ബെൽറ്റുകൾ Sreekala Prasad മിക്കവാറും എല്ലാത്തരം വ്യവസായ ശാലകളിലും ചരക്കുകളും വസ്തുക്കളും ഒരിടത്ത്…