കോവിഡ് 19 മഹാമാരിയെ മറികടക്കാനുള്ള സൂത്രവാക്യമെന്താണ് ?

0
156
കോവിഡ് 19 മഹാമാരിയെ മറികടക്കാനുള്ള സൂത്രവാക്യമെന്താണ്?
Test….Test….Test…. കോവിഡ് രോഗനിർണയ പരിശോധനകൾ !
“ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ്” – എന്ന് ലോകാരോഗ്യ സംഘടനാ മേധാവി ആവർത്തിച്ചു പത്ര സമ്മേളനത്തിൽ ആഹ്വാനിച്ചതു പലരും ശ്രദ്ധിച്ചു കാണും – രോഗനിർണ്ണയമാണ് പ്രധാനം എന്നാണു അദ്ദേഹം ഉദ്ദേശിച്ചത്.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം,
രോഗം ഉള്ള പരമാവധി ആൾക്കാരെയും കണ്ടെത്തി,
രോഗം ഇല്ലാത്ത വ്യക്തികളുമായി സമ്പർക്കത്തിൽ വരാതെ, ഐസൊലേറ്റ് ചെയ്തു നല്ല ചികിത്സ നൽകുക എന്നതാണ്.
ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങളോട് കോവിഡ് പ്രതിരോധത്തിനായി നിർദ്ദേശിച്ചതും, ആഗോളതലത്തിൽ കോവിഡ് നിയന്ത്രണത്തിൽ മുന്നേറിയ ഒട്ടുമിക്ക രാഷ്ട്രങ്ങളും പിന്തുടരുന്നതും ഈ രീതിയാണ്.
എന്തൊക്കെയാണ് കോവിഡ് 19 രോഗം നിർണ്ണയിക്കാനുള്ള പ്രധാന ലാബ് പരിശോധനകൾ ?
RT – PCR ടെസ്റ്റ് – (റിയൽ ടൈം റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റ്)
മനുഷ്യ സാമ്പിളുകളിൽ വൈറൽ ജനിതക വസ്തുവായ ആർ‌എൻ‌എയുടെ സാന്നിധ്യം കണ്ടെത്തുകയാണ് ഈ പരിശോധന ചെയ്യുന്നത്.
സാമ്പിളുകൾ :- സാധാരണ ഗതിയിൽ തൊണ്ടയുടെ ഉൾഭാഗത്തു നിന്നോ, മൂക്കിൻ്റെ ഉള്ളിൽ നിന്നോ ശേഖരിക്കുന്ന ശ്വസനനാള സ്രവങ്ങളാണ്.
നേർത്ത ജനിതക ഭാഗങ്ങളെ പോലും വർദ്ധിപ്പിച്ചെടുത്ത് വൈറസ് സാന്നിധ്യം ഉറപ്പുവരുത്താൻ ഇത്തരം പരിശോധനകൾക്ക് സാധിക്കും.
ഗുണങ്ങൾ എന്തൊക്കെ?
രോഗസ്ഥിരീകരണക്ഷമതയും, സൂക്ഷ്മതയും ഉള്ള വളരെ മികച്ച ഒരു ടെസ്റ്റിംഗ് രീതിയാണ് RT-PCR.
വൈറസ് ശരീരത്തിനകത്ത് കയറി ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പോസിറ്റീവ് റിസൾട്ട് നൽകാൻ ഈ ടെസ്റ്റിന് സാധിക്കും.
പലപ്പോഴും വൈറസ് ബാധ ഏറ്റ വ്യക്തി രോഗലക്ഷണങ്ങൾ കാണിക്കാതിരിക്കുന്ന തുടക്ക കാലയളവിൽ പോലും വൈറസ് സാന്നിധ്യം കണ്ടെത്താം.
RT-PCR ടെസ്റ്റ്ന്റെ അപര്യാപ്തതകൾ ?
സാമ്പിൾ ശേഖരണം ലളിതമല്ല.
ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങളും മൂക്കിൻറെ ഉൾഭാഗത്ത് നിന്നുള്ള സ്രവങ്ങളും ആണ്‌ പരിശോധനയ്ക്ക് ഏറ്റവും ഉചിതം. മൂക്കിനു മധ്യഭാഗത്തു നിന്നോ തൊണ്ടയിൽനിന്നോ സ്രവം എടുക്കാവുന്നതാണ്. എല്ലാ സ്രവങ്ങളും ഒരുമിച്ച് എടുക്കുന്നത് പരിശോധനയുടെ കൃത്യത വർദ്ധിപ്പിക്കുന്നു.
പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ വേണം.
സാമ്പിൾ എടുക്കുന്ന ആരോഗ്യപ്രവർത്തകർക്കും പ്രത്യേകതരം ലാബ് സംവിധാനങ്ങളിലും കൂടിയ സുരക്ഷാ നടപടികൾ അവശ്യം.
സ്രവങ്ങൾ പരിശോധനയ്ക്ക് എടുക്കുന്നത്, അയക്കുന്നത് ഒക്കെ ശരിയായ രീതിയിലല്ലെങ്കിൽ റിസൾട്ട് തെറ്റാനുള്ള സാധ്യത ഉണ്ട്.
രോഗത്തിൻറെ അവസാനഘട്ടത്തിൽ PCR നെഗറ്റീവ് ആയി മാറാം.
ചിലവേറിയതും സങ്കീണ്ണവുമായ പ്രക്രിയകൾ !
ടെസ്റ്റിന് ആവശ്യമായ ജനിതകപ്രോബുകൾ അമേരിക്കയിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്നത്, ചെലവ് കൂടാൻ അതും ഒരു കാരണം ആണ്.
ഒരേ സമയം ഒരുപാട് സാമ്പിളുകൾ പരിശോധിക്കാൻ നിലവിലെ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ട്.
ഇവ 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഉള്ള താപനിലയിൽ സൂക്ഷിച്ചു വേണം ലാബിൽ എത്തിക്കാൻ.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലാബിൽ എത്തുന്ന വിധത്തിൽ ക്രമീകരണമില്ലയെങ്കിൽ / വൈകിയാൽ റിസൾട്ട് തെറ്റായി നെഗറ്റീവാകാൻ സാധ്യതയുണ്ട്.
ഒരു ടെസ്റ്റ് പ്രക്രിയയ്ക്ക് 4 മുതൽ 10 മണിക്കൂർ സമയം വേണം, സാമ്പിൾ എടുത്തു ദൂരെയുള്ള ലാബിൽ എത്തിച്ചു മുൻഗണനാ ക്രമത്തിൽ പരിശോധനാ ഫലം ലഭ്യമാകാൻ അതിലേറെ സമയം എടുക്കും.
എല്ലാ സെന്ററുകളിലും ഇത്തരം സജ്ജീകരണങ്ങൾ എളുപ്പമല്ല.
120 ഗവ: ലാബുകളും, 49 പ്രൈവറ്റ് ലാബുകളും ആണ് നിലവിൽ ഇന്ത്യയിൽ ഈ ടെസ്റ്റ് നടത്താൻ അംഗീകാരം കിട്ടിയവ. ഇവയിൽ 12 ലാബുകൾ ആണ് കേരളത്തിൽ പരിശോധന നടത്തുന്നത്.
Serologic (Immune) testing (അഥവാ റാപ്പിഡ് ടെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ടെസ്റ്റ്) :
വൈറസുകൾ ശരീരത്തിൽ കടന്ന് കൂടുമ്പോൾ ശരീരം അതിനെതിരെ നിർമ്മിക്കുന്ന പ്രതിരോധ വസ്തുവായ ആന്റി ബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്.
പ്രത്യേകതകൾ എന്തൊക്കെ?
രക്ത പരിശോധനയാണ് ചെയ്യുന്നത്.
ഇതിൽതന്നെ റാപ്പിഡ് ടെസ്റ്റിൽ വിരൽ കുത്തി എടുത്ത രക്തത്തുള്ളികൾ മതിയാകും.
വൈറസിന്റെ പ്രോട്ടീൻ ഘടകങ്ങൾ ഉപയോഗിച്ചുകൊണ്ട് അനുരൂപമായ ആൻറിബോഡി സാന്നിധ്യം ശരീരത്തിലുണ്ട് എന്ന് തിരിച്ചറിയുകയാണ് ടെസ്റ്റ് ചെയ്യുന്നത്.
IgG & IgM എന്നിങ്ങനെ രണ്ടു തരം ആന്റി ബോഡികൾ ഓരോന്നായോ, സംയുക്തമായോ പരിശോധനാ വിധേയമാക്കുന്ന ടെസ്റ്റ് സംവിധാനങ്ങൾ ഉണ്ട്.
IgM ലക്ഷണം തുടങ്ങി മൂന്നു മുതൽ ഏഴു ദിവസങ്ങൾക്കുള്ളിൽ തന്നെ രക്തത്തിൽ സാന്നിധ്യം വരും രണ്ടാഴ്ചക്കുള്ളിൽ പരമാവധി ആവുകയും ചെയ്യും.
IgG ലക്ഷണം തുടങ്ങി. രണ്ടാഴ്ച ആകുമ്പോൾ തുടങ്ങിആറാഴ്ച യിൽ അധികം രക്തത്തിൽ നിലനിൽക്കുന്നു.
ചൈന, സിംഗപ്പൂർ, യു.എസ്.എ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നായി 12 കമ്പനികളുടെ കിറ്റുകൾ നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്
ഗുണങ്ങൾ
താരതമ്യേന ചെലവ് കുറവ്.
വേഗത്തിൽ റിസൾട്ട് – “റാപ്പിഡ് കാർഡ് ടെസ്റ്റ്”
– മിനിറ്റുകൾക്കുള്ളിൽ റിസൾട്ട് അറിയാം
ലളിതമായ പ്രക്രിയ.
സ്രവങ്ങൾ പരിശോധനയ്ക്ക് എടുക്കുമ്പോൾ ഉള്ളത് പോലുള്ള കൂടിയ വൈദഗ്ധ്യം വേണ്ട.
IgM കണ്ടെത്തിയാൽ അടുത്തകാലത്താണ് രോഗം ഉണ്ടായതെന്ന് അനുമാനിക്കാനും, IgG യുടെ മാത്രം സാന്നിധ്യം രോഗ ബാധ കുറെ നാൾ മുന്നേ ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാനും സഹായിക്കും.
വിവരശേഖരണത്തിനും, തുടർന്നുള്ളസ്ഥിതിവിവര കണക്കുകൾക്കും ഇവ സഹായകം ആവും.
പോരായ്മകൾ ?!
രോഗത്തിൻറെ ആദ്യഘട്ടങ്ങളിൽ റിസൾട്ട് നെഗറ്റീവ് ആകാം.
നിശ്ചിത കാലയളവ് (ലക്ഷണം തുടങ്ങി 3 മുതൽ 7 ദിവസം) കഴിഞ്ഞാലേ പോസിറ്റീവ് റിസൾട്ട് ലഭിക്കാനിടയുള്ളൂ.
രോഗബാധ ഉണ്ടായി എന്ന് മാത്രമാണ് കണ്ടെത്തുന്നത്.
വൈറസ്ബാധ ഭേദം ആയി രോഗം മാറിയാലും ഏതാനും കാലങ്ങൾ കൂടെ ആന്റിബോഡികൾ രക്തത്തിൽ കാണാൻ സാധ്യത ഉണ്ട്.
നിലവിലെ കോവിഡ് 19 പരിശോധനകളുടെ മറ്റു ചില പ്രസക്ത വിവരങ്ങൾ
ഇന്ത്യയിൽ – ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച് (ICMR), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് വൈറോളജി (NIV, Pune) എന്നീ സ്ഥാപനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആയി ചർച്ച ചെയ്താണ് നിലവിൽ കോവിഡ് സംബന്ധിയായ മാർഗനിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നത്.
ഇന്ത്യയിൽ ആരെയൊക്കെ ആണ് ടെസ്റ്റ് ചെയുന്നത്?
ICMR മാർഗനിർദേശ പ്രകാരം 5 വിഭാഗത്തിൽ പെട്ടവരെ.( നിർദ്ദേശങ്ങൾ കാലാനുശ്രുതമായി മാറിയേക്കാം)
1. 14 ദിവസങ്ങൾക്കുള്ളിൽ വിദേശയാത്ര നടത്തിയ രോഗലക്ഷണങ്ങൾ ഉള്ളവർ.
2. കോവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്തിയ രോഗലക്ഷണം ഉള്ളവർ.
3. രോഗലക്ഷണങ്ങൾ കാണിക്കുന്ന ആരോഗ്യപ്രവർത്തകർ.
4. പനിയോട് കൂടി തീവ്രമായ ശ്വാസസംബന്ധിയായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ.
5. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഉയർന്ന റിസ്ക് സമ്പർക്കം
ഉണ്ടായവർ (കൊണ്ടാക്ടിൽ വന്നതിന് ശേഷം ഒരാഴ്ചക്കും രണ്ടാഴ്ചക്കും ഇടയിൽ ഉള്ള സമയത്ത് ടെസ്റ്റ് ചെയുന്നു.)
രോഗപ്പകർച്ചയിലും രോഗ നിയന്ത്രണത്തിലും ടെസ്റ്റുകളുടെ പ്രസക്തി എന്താണ്?
ലോക്ക് ഡൌൺ പോലുള്ള നടപടി രോഗ വ്യാപനത്തിൻ്റെ വേഗം കുറയ്ക്കും എങ്കിലും, അത് കൊണ്ട് മാത്രം നമ്മൾക്ക് ഈ മഹാമാരിയുടെ ആഘാതം ഇല്ലാതാക്കാൻ കഴിഞ്ഞേക്കില്ല.
ലോക്ക് ഡൌൺ കൊണ്ട് ലഭ്യമായേക്കാവുന്ന നേരിയ അധിക സമയത്ത്, പരമാവധി ആൾക്കാരെ ടെസ്റ്റ് ചെയ്ത് കണ്ടു പിടിക്കുക എന്ന പ്രക്രിയ പരമ പ്രധാനമാണ്. അത് മാത്രം പോരാ ഈ സമയത്തു രോഗികളെ കണ്ടെത്തുമ്പോൾ വേണ്ടി വരുന്ന ചികിത്സാ സംവിധാനങ്ങൾ പരമാവധി സന്നദ്ധമാക്കി വെക്കണം.
ഒരൊറ്റ തന്ത്രം കൊണ്ട് മാത്രം കോവിഡിനെ പിടിച്ചു കെട്ടാനാവില്ല എന്നാണു വിദഗ്ധരുടെ അഭിപ്രായവും;
ലക്ഷണങ്ങൾ ഇല്ലാത്ത അവസ്ഥയിലും രോഗപ്പകർച്ച ഉള്ളതിനാൽ ടെസ്റ്റിങ്, ശാരീരിക അകലം പാലിക്കൽ, പ്രതിരോധ നടപടികൾ, രോഗം കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്ത് ചികിത്സ എന്നിവ ഒരുമിച്ചു പ്രയോഗിച്ചാണ് ദക്ഷിണ കൊറിയ പോലുള്ള രാജ്യം ലോക്ക് ഡൌൺ ഇല്ലാതെ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാക്കിയത്. ഓർക്കുക 140000 സാമ്പിളുകളാണ് ദക്ഷിണ കൊറിയ ഒരാഴ്ച പരിശോധന ചെയ്തിരുന്നത് , അതായത് ദിവസം 20000.
ടെസ്റ്റ് ചെയ്തു രോഗികളെ കണ്ടെത്തുന്നതിൽ ഇന്ത്യ ഇപ്പോൾ എവിടെ നിൽക്കുന്നു?
ടെസ്റ്റുകൾ വ്യാപകമായി തുടങ്ങാൻ താമസിച്ച രാജ്യങ്ങളിൽ ആണ് വൈറസിന് വ്യാപനം കൂടുതൽ സാധ്യമായത്.
ജനസംഘ്യാനുപാതം അനുസരിച് ഏറ്റവും കുറവ് ടെസ്റ്റുകൾ നടത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ആണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യയിൽ കേരളം ആണ് തമ്മിൽ ഭേദം, അത് കൊണ്ട് തന്നെയാണ് കേരളത്തിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത് എന്ന് അനുമാനിക്കാം. അത് ഗുണകരമായ ഒന്നായി വേണം വ്യാഖ്യാനിക്കാൻ.
പത്ത്‌ ലക്ഷം പേരിൽ വെറും 28 പേരെ മാത്രം ആണ് ഇന്ത്യ പരിശോധിക്കുന്നത്.
ഇതേ സമയം മറ്റു രാജ്യങ്ങൾ ,
UAE- 22000, USA- 5000 ത്തിനടുത്ത്, സിംഗപ്പൂർ-6800, ബ്രിട്ടൻ- 1800, സ്പെയിൻ -7600, സൗത്ത് ആഫ്രിക്ക -600, , റഷ്യ-1800, പോർച്ചുഗൽ-3700, ഇറ്റലി – 11000, ഇസ്രായേൽ- 4100, ഫ്രാൻസ്- 1500, ചൈന- 2800, പാകിസ്ഥാൻ -69, നേപ്പാൾ-35.
ഇന്തോനേഷ്യയും(24), ബംഗ്ലാദേശും(7) മാത്രമാണ് നിലവിൽ ടെസ്റ്റ് ചെയുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യക്ക് പുറകിൽ ഉള്ളത്.
പ്രത്യാശ്യ നൽകുന്ന ചില വാർത്തകൾ
മൂന്ന് ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്നുള്ള കിറ്റുകൾ ഐസിഎംആർ അംഗീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത 123 സർക്കാർ ലാബുകളിൽ rT PCR ടെസ്റ്റിനുള്ള പ്രൈമറുകൾ, പ്രോബുകൾ, മാസ്റ്റർ മിക്സ് എന്നിവ ഏജൻസി നൽകുമെന്ന് ഐസി‌എം‌ആർ വ്യക്തമാക്കി. ഇത് ചെലവ് കുറയ്ക്കും.
മിനാൽ ദഖാവേ ഭോസ്ലെ എന്ന വനിതയുടേത് പോലുള്ള തദ്ദേശീയ സംരംഭങ്ങൾ നൽകുന്ന പ്രചോദനം- 6 ആഴ്ച എന്ന റെക്കോർഡ് സമയത്തിൽ മൈ ലാബ് എന്ന കമ്പിനി ടെസ്റ്റ് സംവിധാനങ്ങൾ വികസിപ്പിച്ചു അംഗീകാരം നേടി.
രാജ്യത്ത് വൻതോതിൽ ഉൽപ്പാദിപ്പിക്കാവുന്ന രീതിയിൽ കിറ്റുകളും അതിന്റെ എല്ലാ ഘടകങ്ങളും ഇന്ത്യ വികസിപ്പിക്കേണ്ടതുണ്ട്. എങ്കിലും ഇതിന് കുറുക്കുവഴികൾ സ്വീകരിക്കാൻ കഴിയില്ല, അംഗീകരിക്കപ്പെടുന്നതിന് മുമ്പ് ഗുണനിലവാരം, കൃത്യത എന്നിവ നിലവിലുണ്ടെന്ന് ഉറപ്പാക്കണം.
വരും ദിവസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ അതൊക്കെ നടക്കും എന്നും നാം ഈ പോരാട്ടത്തിൽ കരുത്തോടെ മുന്നേറും എന്നും പ്രത്യാശിക്കാം.