എന്ത് യുക്തിയാണ് ഇനിയും സമ്പൂർണ ലോക് ഡൌൺ തുടരുന്നതിൽ ഉള്ളത്?

  0
  301

  മനോജ്‌ ഉണ്ണിത്താൻ

  കഴിഞ്ഞ വ്യാഴാഴ്ച കവടിയാർ സിഗ്നലിൽ നിർത്തിയപ്പോഴാണ് ഒരു ഹിന്ദിക്കാരൻ വിൻഡോയിൽ തട്ടി ഫേസ് ടിഷ്യു വിൽക്കാൻ ശ്രമിച്ചത്. വേണ്ടെന്ന് ആംഗ്യം കാട്ടിയപ്പോൾ കൈകൂപ്പി കരയാൻ തുടങ്ങി. അറിയുന്ന മുറി ഹിന്ദിയിൽ ചോദിച്ചപ്പോൾ കൊടും പട്ടിണി ആണെന്നും, കോവിഡ് പേടിച്ചു ആരും ഒന്നും വാങ്ങുന്നില്ലെന്നും പറഞ്ഞു.

  രണ്ട് ബോക്സ് ടിഷ്യു വാങ്ങി ‘സബ് ടീക് ഹോഗ’ എന്നും പറഞ്ഞു പോന്നു.
  പൈപ്പിൻമൂട് നിന്ന് ഗോൾഫ് ലിങ്ക് തിരിയുന്നയിടത്ത് വെയ്റ്റിംഗ് ഷെഡിന്റെ പിറകിൽ ഒരു ചെറിയ തട്ട് നടത്തുന്ന ചേട്ടനുണ്ട്‌. കഴിഞ്ഞ ആഴ്ച ചായയും കട്ടനും മാത്രമായി രഹസ്യമായി തുറന്നിരുന്നു.

  “മൂന്ന് ആഴ്ച അടച്ചിട്ടു സാറേ. ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല. രണ്ടും കല്പിച്ചു തുറന്നതാണ്. പോലീസ് വന്നു. പട്ടിണി ആണെന്ന് പറഞ്ഞപ്പോൾ ആ സാറ് ഒന്നും പറഞ്ഞില്ല, ആൾ കൂടരുത് പരാതി വരരുത്’ എന്ന് മാത്രം പറഞ്ഞു”
  ഇന്നലെ വൈകിട്ട് നോക്കുമ്പോൾ വീണ്ടും അടഞ്ഞു കിടക്കുന്നു, ആ തട്ട്. കർശന നിയന്ത്രണം തിരികെ എത്തിയതിന്റെ ഫലം.

  No photo description available.പൂജപ്പുരയിലെ ടാക്സി ഡ്രൈവർ സുഹൃത്ത് കഴിഞ്ഞ ആഴ്ച വിളിച്ചത് എവിടെയെങ്കിലും ഒരു നൈറ്റ് വാച്ചർ പണി എങ്കിലും കിട്ടുമോ എന്ന് ചോദിച്ചാണ്. സിസി മുടങ്ങിയിട്ട് മൂന്നു മാസം ആയി. വണ്ടി അവർ കൊണ്ടുപോകും, കുടുംബം കഴിയണ്ടേ എന്നായിരുന്നു ചോദ്യം. ദിവസം മുഴുവൻ സ്റ്റാൻഡിൽ കിടന്നാലും 200 രൂപയുടെ ഓട്ടം പോലും കിട്ടുന്നില്ലെന്ന് പറയുന്നത് എന്റെ ഫ്ലാറ്റിനു മുന്നിലെ ഓട്ടോ ചേട്ടന്മാർ.
  മെയ് 8ന് ആണ് കേരളം അടച്ചിട്ടത്. ഇന്ന് ഒരു മാസം തികഞ്ഞു. ഇന്നലെ കൂടിയ റിവ്യു മീറ്റിങ്ങിൽ രണ്ടാഴ്ച കൂടേ അടച്ചെ പറ്റൂ എന്നാണ് ബെഹ്റ സാബ് പറഞ്ഞത്‌.
  TPR പത്തിനു താഴെ എത്തിയിട്ടേ തുറക്കാവൂ എന്നായിരുന്നു ഖോബ്രഗഡെ സാബിന്റെ വാദം. അവരെ കുറ്റം പറയുന്നതിൽ കാര്യം ഇല്ല. അവരുടെ ടാർഗറ്റ് എന്താണോ അത് അച്ചീവ് ചെയ്യാൻ ശ്രമിക്കുന്നതാണ് അവരുടെ പ്രൊഫഷണലിസം.

  ഏമാന്മാർ പറയുന്നത് കേട്ട് തലകുലുക്കാൻ എന്തിനാണ് ഒരു മന്ത്രിസഭ? എന്ത് യുക്തിയാണ് ഇനിയും സമ്പൂർണ ലോക് ഡൌൺ തുടരുന്നതിൽ ഉള്ളത്?

  500 രൂപയുടെ വ്യഞ്ജന കിറ്റ് കിട്ടുന്നത് കൊണ്ട് ഒരു കുടുംബത്തിന് ഒരു മാസം കഴിയാൻ പറ്റുമോ ?

  ഏപ്രിൽ 28 മുതൽ മെയ് 12 വരെ ആയിരുന്നു കേരളത്തിലെ അതിവ്യാപനം. അത് കഴിഞ്ഞു രോഗം കുറയുകയാണ്. ജൂൺ എത്തിയതോടെ കുറയുന്ന നിരക്ക് വീണ്ടും കൂടി. ഇനി അങ്ങോട്ട് അടച്ചാലും തുറന്നാലും ഇതാവും പാറ്റേൺ. വൈറൽ രോഗങ്ങളെ പറ്റി പഠിച്ചിട്ടുള്ള അറിവുള്ള ഡോക്ടർമാരൊക്കെ പറയുന്നതാണ്. അത് ഉൾക്കൊണ്ട് ഘട്ടം ഘട്ടമായി തുറന്ന് ജനങ്ങൾക്ക് ജീവിതം കൂടേ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുക എന്ന ഉത്തരവാദിത്തമാണ് സർക്കാരിന്റേത്. ഒരു ദിവസം നേരത്തെ എങ്കിൽ ഒരു ദിവസം നേരത്തെ സാധാരണ ജീവിതം തിരികെ കൊണ്ട് വരണം. നിയന്ത്രണങ്ങൾ ആൾകൂട്ടം ഒഴിവാക്കാൻ വേണ്ടി മാത്രമായി നിജപ്പെടുത്തണം.
  നമ്മുടെ ജാഗ്രതയ്ക്ക് ജീവന്റെ വില മാത്രം പോരാ, ജീവിതത്തിന്റെ വിലയും വേണം.

  കഴിഞ്ഞ കോവിഡിൽ ICU ൽ കയറിയ കച്ചവട സ്ഥാപനങ്ങൾ, ടാക്സികൾ, ബസ്സുകൾ, ദൈനം ദിന തൊഴിൽ ചെയ്തു ജീവിക്കുന്ന തൊഴിലാളികൾ എന്നിവർ കഷ്ടിച്ചു ഒന്നു കര കയറി വരികയായിരുന്നു. മൊബൈൽ കടകൾക്കും തുണിക്കടകൾക്കും ചെരുപ്പ്, ബാഗ് കടകൾക്കും ഒക്കെ പെരുന്നാൾ, സ്കൂൾ സീസൺ തുടങ്ങിയ പ്രധാനപ്പെട്ട അവസരങ്ങൾ നഷ്ടപെട്ടതോടെ കോടികളുടെ നഷ്ടം ഉണ്ടായി. ഹോട്ടലുകൾ തുറന്നെങ്കിലും ആളില്ലാത്തതിനാൽ കച്ചവടമില്ല. അവരുടെ പോയ കച്ചവടം അമസോണിനും ഫ്ലിപ് കാർട്ടിനും കിട്ടി.

  വ്യാപാര സ്ഥാപനങ്ങൾക്ക് മാസ വാടക കൊടുക്കണം. ജീവനക്കാർക്ക് ശമ്പളവും.
  എടുത്തു വച്ചിരിക്കുന്ന സ്റ്റോക്കിന് 45 മുതൽ 60 ദിവസത്തിനുള്ളിൽ ഡിസ്ട്രിബൂട്ടർക്ക് പേയ്‌മെന്റ് കൊടുക്കണം. Perishables ആയ പച്ചക്കറി,പഴങ്ങൾ, മീൻ എന്നിവയുടെ കാര്യം പറയുകയേ വേണ്ട. ആഴ്ചയിൽ രണ്ടു ദിവസം വർക്ക്‌ ചെയ്യിപ്പിച്ചു വാടകയും ശമ്പളവും കൊടുക്കാൻ കഴിയില്ല. പലരും ലോൺ എടുത്തിട്ടാണ് ബിസിനെസ്സ് തുടങ്ങുന്നത്. അതിനു emi അടയ്ക്കണം. ഇതു കൂടാതെ രണ്ടും മൂന്നും വട്ടം സ്വർണ്ണവും പണയം വച്ചിരിപ്പാണ്.

  IT ജീവനക്കാർ, സർക്കാർ ജീവനക്കാർ, പെൻഷൻ കാർ, ജീവിക്കാൻ നല്ല നീക്കിയിരുപ്പുള്ളവർ എന്നിവരെ സംബന്ധിച്ചു ജോലി ചെയ്യാതെ വീട്ടിൽ ഇരുന്ന് ഉല്ലസിച്ചു amazon prime, netflix, webinar ഒക്കെ കണ്ടു ഓൺലൈനായി ഷോപ്പിംഗ് നടത്തി ആനന്ദിക്കാൻ ഉള്ള സമയമാണ് ലോക്ക് ഡൌൺ.
  ലോക്ക് ഡൌണിനെ അനുകൂലിക്കുന്നവരുടെ ലിസ്റ്റ് എടുത്തു നോക്കൂ… ഈ വിഭാഗമാണ് അതിൽ മുഴുവനും.

  ഇന്ത്യയിലെ ഒന്നാം തരംഗം കെട്ടടങ്ങിയത് ലോക്ക് ഡൌൺ ഇല്ലാതെയാണ്. പീക്കിൽ എത്തിയതിനു ശേഷം സ്വാഭാവികമായി curve താഴേക്ക് വരികയായിരുന്നു. ഇപ്പോഴും ലോക്ക് ഡൌൺ കൊണ്ടാണ് കേസ് കുറഞ്ഞത് എന്നതിന് ഉറപ്പൊന്നും ഇല്ല. ICU ബെഡ്ഡുകളും മറ്റും നിറഞ്ഞു ഹെൽത്ത് സിസ്റ്റത്തിന്റെ capacity overflow ചെയ്യുമ്പോൾ കേസ് കുറയ്ക്കാൻ താൽക്കാലിക മായി ചെയ്യുന്ന ഒരു പാലമാണ് ലോക്ക് ഡൌൺ. ഇപ്പോഴത്തെ lock down അങ്ങനെ ചെയ്തതാണ്. (2020 ലെ ലോക്ക് down അനാവശ്യമായിരുന്നു)ആരോഗ്യ സംവിധാനത്തിന്റെ കപ്പാസിറ്റിക്ക് രോഗികളുടെ എണ്ണം ഉൾകൊള്ളാമെങ്കിൽ ലോക്ക് ഡൌൺ മാറ്റണം.

  29 % ൽ ഉള്ള കേസുകൾ 15 ൽ എത്തുമ്പോൾ lockdown കടുപ്പിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്ന രീതിയല്ല. 10, 15 എന്നൊക്കെയുള്ള നമ്പറുകൾ ദന്ത ഗോപുര വാസികൾക്ക് ego satisfy ചെയ്യാൻ ഉപകരിക്കും. സാധാരണ ജനത്തിന്റെ കാര്യം കട്ടപോക! ഇനി 16 ആം തീയതി 10.1% ആണെങ്കിൽ ലോക്‌ ഡൌൺ തുടരുമോ?