കഴിഞ്ഞ ലോക് ഡൗണിനും ഇനി വരാനിരിക്കുന്ന ലോക് ഡൗണിനും ഇടയിൽ എന്തു മാറ്റമാണ് ചികിത്സാ രംഗത്തു വന്നത്?

0
44

കഴിഞ്ഞ ലോക് ഡൗണിനും ഇനി വരാനിരിക്കുന്ന ലോക് ഡൗണിനും ഇടയിൽ എന്തു മാറ്റമാണ് ചികിത്സാ രംഗത്തു വന്നത്? എങ്ങിനെയാണ് നമ്മൾ പ്രതിരോധം തീർത്തുകൊണ്ടിരിക്കുന്നത് ?ഇനിയൊരു മെഗാ ലോക്ക് ഡൗൺ വന്നാലും ഇപ്രാവശ്യം കൗതുകവും അങ്കലാപ്പും നന്നായി കുറഞ്ഞിട്ടുണ്ട്.നമ്മൾ കളി പഠിച്ചവരാണ്.

ചിലവാക്കുകൾ- കൊറോണ.. വുഹാൻ.. ഇറ്റലി.. അമേരിക്ക ,സ്പെയിൻ .. എണ്ണിയെണ്ണിയിരുന്നപ്പോഴേക്കും കേരളത്തിലേക്ക്.. ഇന്ത്യയിലേക്ക്.. വായിൽ ക്കൊള്ളാത്ത പദങ്ങൾ.. സാനിറ്റൈസർ, ക്വാറൻൻ്റീൻ, പി പി ഇ, വിസ്ക്, ലോക് ഡൗൺ .. റിവേഴ്സ്..റോഡുകൾ മണ്ണിട്ടടക്കൽ.. മൃതശരീരങ്ങൾ തിരികെ അയക്കൽ. സ്പ്രിംഗ്ളർ.. വെബ്ബിനാർ.. സ്വർണ്ണം.. കറങ്ങിക്കറങ്ങി പിന്നേം നമ്മൾ തെങ്ങേ തന്നെ…ഈ സമയത്തൊക്കെ ആരോഗ്യ വകുപ്പ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു..നമുക്കു വേണമായിരുന്നു സമയം.സംവിധാനങ്ങൾ ഒരുക്കുവാൻ

അപ്പോൾ,
കഴിഞ്ഞ ലോക് ഡൗണിനും ഇനി വരാനിരിക്കുന്ന ലോക് ഡൗണിനും ഇടയിൽ എന്തു മാറ്റമാണ് ചികിത്സാ രംഗത്തു വന്നത്? എങ്ങിനെയാണ് നമ്മൾ പ്രതിരോധം തീർത്തുകൊണ്ടിരിക്കുന്നത് ?കോവിഡിനോടോപ്പമുള്ള യാത്ര വെറുതെ ഒന്ന് അയവിറക്കി നോക്കിക്കേ.ഒത്തിരി വിമർശനം ഉയരുന്നുണ്ടല്ലോ. ഈ ചെയ്തു കൂട്ടിയതൊക്കെ അബദ്ധമായോ?ഒരിക്കലുമില്ല.
*അന്ന് കോവിഡ് നേരിടാൻ ഇറങ്ങുമ്പോൾ എന്തുണ്ടായിരുന്നു കയ്യിൽ ?

ഹോസ്പിറ്റലുകളിൽ ppe , N95 മാസ്ക് , Sanitizer , വെന്റിലേറ്റർ,’ രോഗികൾക്കു വേണ്ട ബെഡ് തുടങ്ങിയവ അത്യാവശ്യത്തിനു പോലും ഉണ്ടായിരുന്നില്ല.ആകെ അറിയാവുന്ന ചികിത്സ ക്ലോറോക്വിൻ മാത്രം.മറ്റൊന്നും നമുക്കില്ല. നമുക്കറിയില്ല. ഓക്സിജൻ കൊടുത്തു നോക്കാം. അതിലും രക്ഷയില്ലെങ്കിൽ വെന്റിലേറ്റർ. അതും ഒഴിവുണ്ടെങ്കിൽ .ഇതൊക്കെ ചെയ്യാൻ ആളുകൾ വളരെ കുറവ്. ഇൻഫെക്ഷൻ കൺട്രോളിൽ അറിവുള്ളവർ,ICU വിന്റെ അടിസ്ഥാനതത്വങ്ങൾ അറിയുന്നവർ, സർവോപരി ധൈര്യം ഉള്ളവർ. ഇതൊക്കെ തികഞ്ഞ സ്റ്റാഫ്‌ എത്ര കാണും.

ഭയം. ആശുപത്രികളിൽ എവിടെയും ഭയം. സ്വാബ് എടുക്കാൻ ഭയം. രക്തം ടെസ്റ്റ്‌ ചെയ്യാൻ ഭയം. ട്യൂബ് ഇടാൻ ഭയം. ശവശരീരം കൈ കാര്യം ചെയ്യാൻ ഭയം. ഐസൊലേഷൻ വാർഡിൽ കയറിയ സ്റ്റാഫിനെ കണ്ടാൽ ഭയം.സർവ്വത്ര ഭയം.ഈയൊരു പശ്ചാത്തലത്തിലാണ് നമ്മുടെ കളി തുടങ്ങുന്നത്. ആ കളി പണ്ട് സൗദി അറേബ്യയും അർജന്റീനയും തമ്മിൽ ലോകകപ്പ് ഫുട്ബോൾ കളിച്ച പോലെ ആയിരുന്നു. കോച്ച് പറഞ്ഞു തന്ന ഐഡിയ, വലിയ സാമർഥ്യം ഒന്നും കാണിക്കേണ്ട, എല്ലാവരും കൂടി പെനാൽറ്റി ബോക്സിനു മുന്നിൽ കൂടിയങ്ങ് നിൽക്കുക, ഒറ്റ ഒരുത്തനെയും അകത്തേക്ക് വിടരുത്, മെസ്സിയുടെ കാലിൽ പന്ത് കിട്ടരുത്. 90 മിനുട്ട് കഴിഞ്ഞു ഒരു വിസിൽ കേൾക്കുന്ന വരെ.

കളി തുടങ്ങി. എല്ലാവരും കൂടി വട്ടം പിടിച്ചങ്ങ് നിന്ന്. കണ്ണിമ വെട്ടാതെ. കണ്ണു തെറ്റിയാൽ വൈറസ് കയറി ഗോൾ അടിക്കും എന്ന് ഉറപ്പായിരുന്നു. കോൺടാക്ട് ട്രേസിങ്, ക്വാറന്റൈൻ, ടെസ്റ്റ്‌, ഐസൊലേഷൻ…… മല പോലെ പുറപ്പെട്ടത് എലി പോലെ ശുഷ്കിച്ചു, അവർ ശുഷ്‌കിപ്പിച്ചു.അടുത്ത സ്റ്റെപ്പിൽ സർവ്വതും പൂട്ടി. സ്കൂളിൽ തുടങ്ങി പള്ളിയും അമ്പലവും അവസാനം കടകൾ വരെ. മലയും ഇല്ല എലിയും ഇല്ല എന്നായി. കോവിഡ് റൂമുകൾ കാലിയായി. ഐ സി യു വിൽ ബെഡ് മാത്രമായി. കോവിഡ് മാത്രമല്ല, ഒരു രോഗവും ഇല്ലെന്നായി. ആശുപത്രികൾ ആളൊഴിഞ്ഞ പൂരപ്പറമ്പുകളായി.

Ppe കിറ്റിന്റെ ദാരിദ്ര്യം മാറി, മുടി വെട്ടുമ്പോൾ ppe കിറ്റ് ധരിക്കുന്ന ആളെ വരെ കണ്ടു. N95 മാസ്ക് പെട്ടിക്കടയിൽ പോലും വില്പന തുടങ്ങി (ക്വാളിറ്റി കാര്യത്തിൽ നോ ഗാരന്റി). Sanitizer ഒഴുകാൻ തുടങ്ങി. കാരണം ഒന്നേയുള്ളു – സമയം കിട്ടി ലോക് ഡൗണിലൂടെ. കോവിഡ് ബെഡുകൾ കൂടി, ഐ സി യു ബെഡുകൾ എത്രയോ ഇരട്ടിയായി, വെന്റിലേറ്റർ എണ്ണവും കുത്തനെ കൂടി. കൂടുതൽ വിവരം വെച്ചു. ചികിൽസിക്കാൻ പല പല മരുന്നുകൾ വന്നു. പല മെഷീനിനുകൾ വന്നു. ഐസൊലേഷൻ വാർഡുകൾക്കുള്ളിൽ ലാബും സ്കാനിങ്ങും എക്സ് റേയും എല്ലാം പ്രത്യേകം വന്നു.ഡിപ്പാർട്മെന്റ് വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി എടുക്കാൻ ആളുകൾ നിരന്നു. മാനസിക രോഗവിഭാഗവും ചർമ രോഗവിഭാഗവും എല്ലാം കോവിഡ് ചികിത്സകരായി.ഭയം മാറി ധൈര്യം വന്നു. ഭാർഗവീ നിലയം ഇമേജിൽ നിന്നും ഐസൊലേഷൻ ഒരു വാർഡിലേക്ക് താഴ്ന്നു.

അപ്പോഴേക്കും ഡിഫെൻഡർമാർ ക്ഷീണിച്ചു. വമ്പൻ അടികൾ തടുത്ത് ഗോളിയുടെ പരിപ്പെടുത്തു.സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും ജോലി ഇല്ലാതായി. ചിലരൊക്കെ ജീവിക്കാൻ ബുദ്ധിമുട്ടി. ഗൾഫിലെ ബന്ധുക്കൾ വലിയ പ്രതിസന്ധിയിൽ ആയി. പരിചയം ഉള്ള ചിലർ അവിടെ മരിച്ചു. സാമ്പത്തികമായി പലരും ബുദ്ധിമുട്ടിലായി. കച്ചവടം ചെയ്യാതെ, കമ്പനികൾ തുറക്കാതെ, മണ്ണിൽ പണിയെടുക്കാൻ കഴിയാതെ, തെങ്ങിൽ കയറാൻ കഴിയാതെ, ചുമട് എടുക്കാതെ, ജീവിതം മുന്നോട്ട് പോകില്ലെന്നായി.അടച്ചു പൂട്ടൽ മാറി തുറക്കൽ നയം വന്നു. കേരളത്തിലേക്ക് നാനാ ഭാഗത്ത് നിന്നും ഒഴുക്ക് കൂടി. കച്ചവടം വീണ്ടും തുടങ്ങി. ജനങ്ങൾ ജോലി ചെയ്തു തുടങ്ങി. ജനങ്ങൾ ജീവിച്ചു തുടങ്ങി.

കേസുകൾ കൂടി. വീണ്ടും കൂടി. കുത്തനെ കൂടി. ഈ സമയം കൊണ്ട് തയ്യാറാക്കി വെച്ച കട്ടിലുകൾ അവർക്ക് കൊടുത്തു. രോഗികളുടെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള റൂമുകളും വാർഡുകളും, FLTC യിലും ആശുപത്രിയിലുമായി. ഇതു വരെ ഐ സി യു രോഗികളും മരണവും കൂടിയിട്ടില്ല. ഈ സ്പീഡിൽ വന്നാൽ നേരിടാൻ ഉള്ള കെല്പുണ്ട്. പക്ഷെ ഈ സ്പീഡിൽ തന്നെ വരണം. മുംബൈ, ദില്ലി, ബാംഗ്ലൂർ പോലെ പറ്റില്ല. അപ്പോൾ നമുക്ക് ഇങ്ങനെ തന്നെ പിടിക്കാം. വല്ലാതെ കൂടാൻ വിടേണ്ട. വല്ലാതെ കുറയ്ക്കുകയും വേണ്ട.ടീം വല്ലാതെ ക്ഷീണിക്കുമ്പോൾ ഫോർവേഡിനെ മാറ്റി ഡിഫൻഡറെ സബ്സ്ടിട്യൂറ്റ് ഇറക്കിയുള്ള കളിയാണ് ഇപ്പോൾ. നമ്മുടെ സൗകര്യങ്ങൾ നമുക്ക് അറിയാമല്ലോ. അതിനപ്പുറം രോഗം കയറുന്നു എന്ന് തോന്നുമ്പോൾ ഒന്ന് കൂടി മുറുക്കി.

നമ്മളെക്കാൾ വമ്പൻമാർ തോറ്റ കളിയാണ്. ഒരു സമനില പോലും വൻ വിജയം ആയിരിക്കും. എന്നിട്ടും തോറ്റെന്നിരിക്കട്ടേ, പോട്ടെന്നു വെച്ചേക്കാം, അല്ല പിന്നെ..*അപ്പോ,ഗെറ്റ് റെഡി.ഒന്നൂടി അടച്ചങ്ങ് തുറക്കുമ്പോൾ ദിവസം ആയിരം എന്നത് നൂറിലേക്കും പിന്നെ പത്തിലേക്കും എത്തും.നമുക്കൊറ്റ ലക്ഷ്യം മാത്രം ഹോസ്പിറ്റലുകൾ ഓവർ ലോഡാകാതെ മുന്നോട്ടു പോകണം.അതിന് ഇടക്കിടക്ക് പൂട്ടി തുറക്കണം. രോഗികളെ നമ്മുടെ സംവിധാനത്തിനുള്ളിൽ ഒതുക്കണം. ഒരൊറ്റ ജീവൻ പോലും നഷ്ടപ്പെടാതെ .