നിങ്ങൾ ഒരെണ്ണത്തിന് 10 രൂപയ്ക്ക് പിടിച്ചുകൊടുത്ത കുരങ്ങുകളെ നിങ്ങൾക്ക് 35രൂപയ്ക്കു അവർ വിറ്റാൽ എങ്ങനെയിരിക്കും ?

0
67

നിറയെ കുരങ്ങന്മാരുള്ള ഒരു ഗ്രാമത്തില്‍ ഒരപരിചിതന്‍ വന്നു പ്രഖ്യാപിക്കുന്നു “ഒരു കുരങ്ങനെ പിടിച്ചു തന്നാല്‍ പത്ത് രൂപ തരാം”. ഗ്രാമവാസികള്‍ ഒന്നടങ്കം കുരങ്ങന്മാരുടെ പിറകെയോടി. അവയെ പിടിച്ച് വിറ്റ് കാശാക്കി. വാനരന്മാരുടെ എണ്ണം കുറഞ്ഞു വന്നപ്പോള്‍ പര്‍ച്ചേസര്‍ തന്റെ ഓഫര്‍ അല്പം കൂട്ടി. കുരങ്ങൊന്നിന് ഇരുപത് രൂപയാക്കി. ഗ്രാമീണര്‍ അവശേഷിക്കുന്ന കുരങ്ങന്മാരെയും പിടിച്ച് കാശ് കീശയിലാക്കി. എവിടെയും കുരങ്ങമാരെ കാണാതായിത്തുടങ്ങിയപ്പോള്‍ മങ്കി മുതലാളി തന്റെ ഓഫര്‍ ഇരുപത്തഞ്ചു രൂപയാക്കി. അപൂര്‍വം ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം ഒന്നോ രണ്ടോ കുരങ്ങന്മാരെ പിടിക്കാന്‍ പറ്റി. മങ്കി മുതലാളിയുടെ കൂടുകളില്‍ അല്ലാതെ മരുന്നിന് പോലും ഒരു കുരങ്ങനെ പുറത്ത്‌ കാണാതായപ്പോള്‍ മുതലാളി ഓഫര്‍ അന്‍പത് രൂപയാക്കി ഉയര്‍ത്തി. ഒരത്യാവശ്യ കാര്യത്തിന് തനിക്ക് പോകേണ്ടതുണ്ടെന്നും തിരിച്ചു വന്നാലുടന്‍ അന്‍പത് രൂപയ്ക്കു കുരങ്ങുകളെ വാങ്ങുമെന്നും അത് വരെ തന്റെ അസിസ്റ്റന്റ്‌ കാര്യങ്ങള്‍ നോക്കുമെന്നും പറഞ്ഞ് ഒരു ദിവസം മങ്കി മുതലാളി പോയി.

മുതലാളി പോയതോടെ അസിസ്റ്റന്റ്‌ നാട്ടുകാരോട് പറഞ്ഞു. “ നോക്കൂ.. ഈ കൂടുകളില്‍ നിറയെ കുരങ്ങമാര്‍ ഉണ്ട്. കുരങ്ങൊന്നിന് മുപ്പത്തഞ്ച് രൂപ തന്നാല്‍ ഞാനിത് നിങ്ങള്ക്ക് തരാം. മുതലാളി വന്നാല്‍ നിങ്ങള്‍ക്കിവയെ അന്‍പത് രൂപയ്ക്കു വില്‍ക്കാം”. ചുളുവില്‍ പണം കിട്ടാനുള്ള മാര്‍ഗം തുറന്ന് കിട്ടിയ ഗ്രാമീണരില്‍ ചിലര്‍ വീടും പറമ്പും കുബേര്‍ കുഞ്ചിയും വരെ വിറ്റ് കുരങ്ങന്മാരെ വാങ്ങി. മുപ്പത്തഞ്ച് രൂപക്ക്‌ കുരങ്ങമാരെയെല്ലാം വിറ്റ് തീര്‍ന്നതോടെ അസിസ്റന്റ് തടിതപ്പി. മങ്കി മുതലാളി വരുന്നത് കാത്ത് കുരങ്ങന്മാരെ കൂടുകളിലാക്കി കാത്തിരുന്ന ഗ്രാമീണര്‍ വിഡ്ഢികളായി. തുടക്കത്തില്‍ കുരങ്ങമാരെ പിടിച്ച് കാശ് വാങ്ങി കീശയിലിട്ടവര്‍ക്ക് അത് കിട്ടി. കിട്ടിയ കാശ് ഇരട്ടിപ്പിക്കാന്‍ നോക്കിയവര്‍ വെട്ടിലായി. അഞ്ച് കാശിന് കൊള്ളാത്ത കുരങ്ങമാരെ മുപ്പത്തഞ്ച് രൂപ കൊടുത്ത് വാങ്ങേണ്ടി വന്ന ഗ്രാമീണരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു.

(ഒരു വര്ഷം മുഴുവൻ ജിയോ സൗജന്യമായി അൺലിമിറ്റഡ് കോളും ഡാറ്റയും നൽകി മറ്റ് മൊബൈൽ സേവന രംഗത്തെ കമ്പനികളെയെല്ലാം പൂട്ടിക്കുകയോ പ്രതിസന്ധിയിൽ ആക്കുകയൊ ചെയ്ത ശേഷം ഇനി തങ്ങളോട് മത്സരിക്കാൻ ആരും ഇല്ല എന്നുറപ്പാക്കിയ ശേഷം പെട്ടെന്ന് തന്നെ എല്ലാ സേവനങ്ങൾക്കും അമിത നിരക്ക് ഈടാക്കുകയും ചെയ്ത അനുഭവം ജിയോ കമ്പനിയോട് സാമ്യം തോന്നുന്നുവെങ്കിൽ കഥാകാരൻ ഉത്തരവാദിയല്ല 😄 ഇതേ അനുഭവം തന്നെയാണ് പുതിയ കർഷ നയത്തിലും ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യം അമിത നിരക്കിൽ കുത്തക കമ്പനികൾ കർഷകരിൽ നിന്നും വിളകൾ സ്വീകരിക്കുകയും അതോടെ അതുവരെയും താങ്ങു വില നൽകിയിരുന്ന മണ്ടികൾ പൂട്ടിപ്പോവുകയും ചെയ്യും.

മുഴുവൻ ഇന്ത്യക്കാർക്കും റേഷൻ നൽകുന്ന എഫ് സി ഐ അടക്കം ഈ മണ്ടികളിൽ നിന്നുമാണ് ധാന്യങ്ങൾ ശേഖരിക്കുന്നത് എന്നോർക്കണം. മണ്ടികൾ പൂട്ടുന്നതോടെ റേഷൻ സംവിധാനവും തകരാറിലാകും. പിന്നീട് കർഷകർക്ക് സമീപിക്കാവുന്ന ഏക അവലംബം അദാനി, റിലയൻസ് തുടങ്ങിയ മുതലാളികൾ മാത്രമാകും അപ്പോൾ അവർ ടെലികോം രംഗത്തെ അതെ ചതിപ്രയോഗം കര്ഷകരോടും ആവർത്തിക്കും. ഈ ചതി മനസ്സിലാക്കിയ കർഷകരാണ് ഇപ്പോൾ പ്രക്ഷോഭം നടത്തുന്നത്. നമ്മുടെ ഓരോരുത്തരുടെയും മനസ്സ് നമുക്ക് അന്നം നൽകുന്ന കര്ഷകരോടാവട്ടെ. ) ജയ് ജവാൻ – ജയ് കിസാൻ

(കടപ്പാട് )