പിന്നാലെ ഓടിയ നായയെ സ്നേഹവും സഹാനുഭൂതിയും പഠിപ്പിച്ചത് ഏത് പ്രവാചകൻ ആണ് ?

150

കഴിഞ്ഞ ദിവസം ഒരു നായയെ ഒരാൾ വണ്ടിയിൽ കെട്ടി വലിച്ചു കൊണ്ട് പോയ വാർത്ത കണ്ടിരുന്നു. ( വീഡിയോ കാണാൻ മനസ്സ് വരാത്തത് കൊണ്ട് കാണാൻ നിന്നില്ല ). അയാൾക്ക് അതിനുള്ള പണിയും കിട്ടിയിട്ടുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. ഞാൻ പറയാൻ വന്നത് അതല്ല, ആ നായയെ കെട്ടി വലിച്ചപ്പോൾ പിന്നാലെ ഒരു നായ ഓടി എന്ന് കണ്ടു. പിന്നാലെ ഓടിയ നായയെ സ്നേഹം, സഹാനുഭൂതി, നീതി ബോധം ഇതൊക്കെ പഠിപ്പിച്ചത് ഏത് പ്രവാചകൻ ആണ്? ഏത് മതമാണ് ആ നായക്ക് നീതി ബോധം പകർന്ന് നൽകിയത്?

മത വിശ്വാസികൾ എപ്പോഴും വാദിക്കുന്ന ഒന്നാണ് മതമാണ് മനുഷ്യന്റെ ധാർമിക ബോധത്തിന് കാരണം എന്ന്. ഒരു വലിയ കളവാണത്. ഒരു നല്ല മനുഷ്യൻ ആവാൻ മതം വേണമെന്നില്ല. മതം ഉപേക്ഷിച്ചത് കൊണ്ട് മാത്രം ആരും വലിയ മുന്തിയ ധാർമ്മിക ബോധമുള്ളവരും ആവുന്നില്ല. സ്നേഹം, സഹാനുഭൂതി, നീതിബോധം ഇതൊന്നും നിങ്ങൾക്കില്ലെങ്കിൽ ഒരു സമൂഹ ജീവി എന്ന നിലയിൽ നിങ്ങൾ ഒരു പരാജയം ആണെന്ന് മാത്രം പറയാം, മത വിശ്വാസി ആണെങ്കിലും, ഇനി അല്ലെങ്കിലും.

No photo description available.കാർട്ടൂണിന് കടപ്പാട്

പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് അറിയിക്കുന്നു, ലൈസൻസ് റദ്ദാക്കിയെന്നും, വാഹനം പിടിച്ചെടുത്തു എന്നും ട്രാൻസ്‌പോർട്ട് വകുപ്പും അറിയിച്ചു.എറണാകുളം കുന്നുകര ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത് നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിക്കുന്നു. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് യൂസഫ് മൊഴി നൽകിയത്.  പരാതി പറഞ്ഞപ്പോൾ നമ്മളെക്കാൾ ആവേശം അപ്പീസർമാർക്കായിരുന്നു എന്നതിൽ അതിലേറെ സന്തോഷം. ഇനിയൊരു പട്ടിക്കും ഇങ്ങനെയുള്ള കുത്തിക്കഴപ്പ് ഉണ്ടാകരുത്.

ക്രൂരതയ്ക്ക് ഇരയായ ആ ജീവൻ, സുഖം പ്രാപിക്കുന്നു എന്ന് തൃപ്പൂണിത്ര ആശുപത്രിയിൽ നിന്നും അറിയുന്നു.വിഷയം ശ്രദ്ധയിൽപ്പെടുത്തിയവർക്കും, അധികാരികളുടെ കണ്ണ് തുറപ്പിച്ച സഹജീവി സ്നേഹികൾക്കും, പരാതികളുമായി പോലീസ് സ്റ്റേഷനുകളിൽ എത്തിയ സഹജീവി സ്നേഹികൾക്കും, അതിലെല്ലാമുപരി ഈ ദാരുണ സംഭവം കണ്ട ഉടനെ ദൃശ്യങ്ങൾ പകർത്തുക മാത്രമല്ല ആ ക്രൂരന്റെ വാഹനം തടഞ്ഞു നിർത്തി പട്ടി കുഞ്ഞിനെ രക്ഷിച്ച അഖിലിനും ദയ സംഘടനക്കും ഹൃദയംഗമമായ നന്ദി
പരാതികളിലെ മറ്റ് നടപടികളുമായി മുന്നോട്ട് പോകും

വളർത്തുനായയെ ഉപേക്ഷിക്കാനായി കാറിനു പിറകിൽ കെട്ടി വലിച്ചിഴച്ച ടാക്സി ഡ്രൈവറുടെ ലൈസൻസും, പെർമിറ്റും റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പ് ഉത്തരവിട്ടു. നോർത്ത് പറവൂർ ആർടി ഓഫിസ് പരിധിയിലുള്ള വാഹനമായിരുന്നു കൃത്യത്തിന് ഉപയോഗിച്ചത്. എറണാകുളം ആർടിഒയുടെ നിർദേശപ്രകാരം വെഹിക്കിൾ ഇൻസ്പെക്റ്ററുമാരായ ഷൈൻ എസ് ദേവ്, റംഷീദ് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തു. വാഹനം ദുരുപയോഗം ചെയ്തതിനാണ് ഡ്രൈവർക്കെതിരെ നടപടി.

**

ഡോ സൗമ്യ സരിൻ എഴുതിയ ഹൃദയഭേദകമായ കുറിപ്പ് കൂടി വായിക്കാം

വീട്ടിൽ ഒരു മൃഗത്തെ വളർത്തണോ വേണ്ടയോ എന്നതൊക്കെ ഓരോ ആളുകളുടെയും സൗകര്യമാണ്. ചിലർക്ക് വലിയ മൃഗസ്നേഹമായിരിക്കും. ചിലർക്കാണെങ്കിൽ വലിയ പേടിയും! ചിലർക്കാണെങ്കിൽ അറപ്പായിരിക്കും. അറപ്പും പേടിയും വെറുപ്പും ഒക്കെ ഉള്ളവർ ആ പണിക്ക് പോകില്ലായിരിക്കാം. അല്ലെങ്കിൽ പോകരുത്!എനിക്കും ഉണ്ട് മണ്ണാർക്കാട് വീട്ടിൽ ഒരാൾ. . ബോബോ. അവന് 9 വയസ്സായി. ലാബ്രഡോർ ആണ്. 32 ദിവസം പ്രായമായപ്പോൾ വാങ്ങിയതാണ് അവനെ. അന്ന് പാപ്പു ജനിച്ചിട്ടില്ല. ഞാനും സരിനും തിരുവനന്തപുരത്താണ് താമസം. വീട്ടിൽ ഓമനിക്കാൻ ഒരു മൃഗം വേണമെന്നൊരാഗ്രഹം. അപ്പൊ ഒരു നായ ആണല്ലോ നല്ലത്! ഒന്നും ആലോചിച്ചില്ല, നല്ല പെഡിഗ്രിയും ബ്രീഡുമൊക്കെ നോക്കി കുറെ പൈസ കൊടുത്തു ഒരു നായക്കുട്ടിയെ വാങ്ങി.

ആദ്യദിവസമൊക്കെ വലിയ കരച്ചിലും ബഹളവുമൊക്കെ ആയിരുന്നു. അമ്മയുടെ അടുത്ത് നിന്ന്‌ മാറ്റിയത് കൊണ്ടാകാം. അവൻ പെട്ടെന്ന് അനാഥനായെന്നു തോന്നിയിരിക്കാം! അപ്പൊ ഞങ്ങൾക്ക് അവനെ വിറ്റ ആളുകൾ ഒരു വിദ്യ പറഞ്ഞു തന്നു. അവന്റെ അമ്മയുടെ കൂട്ടിൽ ഇട്ടിരുന്ന ഒരു തുണിക്കഷ്ണം അവർ തന്നു. അതവന് കൊടുക്കാൻ പറഞ്ഞു. അവന്റെ അമ്മയുടെ മണം അതിൽ ഉണ്ടാകുമത്രേ. എന്തായാലും അത് കിട്ടിയതിനു ശേഷം അവന്റെ കരച്ചിൽ കുറഞ്ഞു. ആ തുണിക്കഷ്ണം ചേർത്തു പിടിച്ചു അവൻ സമാധാനമായി ഉറങ്ങി തുടങ്ങി.

ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കാര്യം മനസ്സിലായി വിചാരിച്ച പോലെ അത്ര എളുപ്പ പണി അല്ല. പുറത്തു കൊണ്ടു പോയി ടോയ്‌ലറ്റ് ട്രെയിനിങ് ചെയ്യണം, വീടിനുള്ളിൽ ഒപ്പിക്കുന്ന ഒന്നും രണ്ടുമൊക്കെ വൃത്തിയാക്കണം, കുളിപ്പിക്കണം, രോമം ചീകി വൃത്തിയാക്കണം, കൃത്യസമയത് കുത്തിവയ്‌പ്പുകൾ എടുക്കണം, ഇതൊക്കെ പോരാഞ്ഞു കുറുമ്പ് കൂടിയാൽ ഒരൊറ്റ ഓട്ടം ആണ്. ആ കോമ്പൗണ്ട് മുഴുവൻ ഞങ്ങളെ പത്തു വട്ടം ഓടിച്ചാലേ അവന്‌ സമാധാനാവൂ!

Image may contain: 2 people, dogആയിടക്കാണ് ഞാൻ ഗർഭിണി ആകുന്നത്. അവന്‌ ഏകദേശം 8 മാസമായിരുന്നു പ്രായം. വന്ന പോലെത്തെ നായ്ക്കുട്ടി അല്ല അപ്പോൾ. ആളൊരു ഒത്ത നായയായിരുന്നു. എങ്കിലും കുസൃതിക്ക് കുറവില്ല താനും. അവന്റെ വലിപ്പം അവനറിയില്ലല്ലോ. അതുകൊണ്ട് തന്നെ സ്നേഹപ്രകടനങ്ങൾ അതുപോലെ തുടരുന്നു. ഒരിക്കൽ അവന്റെ കൂടെ ഓടി ഞാൻ ഒരു വീഴ്ച വീണു. അതോടെ എന്റെ ഡോക്ടർ കട്ടായം പറഞ്ഞു, ” സൗമ്യ, നായയെ മാറ്റേണ്ടി വരും. വീഴ്ച മാത്രമല്ല പ്രശ്നം, ഇവയിൽ നിന്ന്‌ വരുന്ന ചില അണുബാധകൾ ഗർഭിണികൾക്ക് നല്ലതല്ല.”

ഞങ്ങൾ ധർമ്മസങ്കടത്തിലായി. അപ്പോഴാണ് എന്റെ അച്ഛൻ ഒരു പോംവഴി പറഞ്ഞത്. അച്ഛൻ വലിയ മൃഗസ്നേഹി ആണ്. ബോബോയെ അത്രക്കിഷ്ടമാണ്. ” ഞാൻ അവനെ നോക്കിക്കോളാം. മണ്ണാർക്കാട്ടേക്ക് കൊണ്ടു പോകാം.”
അങ്ങിനെ അവൻ തിരുവനന്തപുരത്തു നിന്ന്‌ മണ്ണാർക്കാടേക്കെത്തി. അന്ന് മുതൽ ഇന്നുവരെ വീട്ടിലെ ഒരംഗം ആണ്. അവനും എന്റെ അച്ഛനും തമ്മിലുള്ള ആത്മബന്ധം വലിയ ഒരു അതിശയമാണ്. അച്ഛന്റെ ബൈക്ക് വരുന്നത് എത്രയോ മുമ്പ് തന്നെ അവന്‌ മനസ്സിലാകും. ഗേറ്റിൽ ചെന്ന് കാത്തു നിൽക്കും. അച്ഛനെ രണ്ട് ദിവസം കാണാതെ ആയാൽ അവൻ ജലപാനം നിർത്തും. അഡ്മിറ്റ് വരെ ചെയ്യെണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. അതുകൊണ്ട് അച്ഛന് എങ്ങോട്ടും അധികം മാറി നില്ക്കാൻ പറ്റാറില്ല. അച്ഛന്റെ മൂഡ് മാറുന്നത് ആരെക്കാളും നന്നായി അവനറിയാം. അച്ഛൻ മൂഡ് ഓഫ് ആണെങ്കിൽ അടുത്ത് വന്നു അച്ഛനെ ചുറ്റി പറ്റി നിൽക്കും. അവന്റെ ഭാഷ അവന്റെ കണ്ണുകളിൽ കാണാം. അവനാൽ കഴിയുന്ന വിധം കാലിൽ നക്കിയും ഉരുമ്മിയുമൊക്കെ അവൻ പറയാൻ ശ്രമിക്കും ” സാരമില്ല ,പോട്ടെ! ” എന്ന്…
അച്ഛനോട് മാത്രല്ല, അവനോട് എല്ലാരോടും സ്നേഹമാണ്! ഒരിക്കൽ പാപ്പു നടന്നു തുടങ്ങിയ സമയമാണ്. അവനെ അഴിച്ചു വിട്ടിരിക്കുകയാണ്. അവളെ കണ്ട സന്തോഷത്തിൽ അവൻ ഓടി വന്നു. ആ കാറ്റു കൊണ്ട് തന്നെ അവൾ വീണുപോയി! ഉറക്കെ കരച്ചിലും തുടങ്ങി. അവൻ കരുതിയത് അവനെന്തോ തെറ്റ് ചെയ്തിട്ടാണ് അവൾ കരയുന്നതെന്നാണ്. കുറ്റബോധം കൊണ്ടുള്ള അവന്റെ മുഖം ഒന്ന് കാണണമായിരുന്നു. പിന്നെ കുറെ കാലം അവളുടെ അടുത്തേക്ക് നിർബന്ധിച്ചു കൊണ്ടു പോയാലും വരില്ലായിരുന്നു. പിന്നീട് പാപ്പു തന്നെ ആണ് അങ്ങോട്ട് പോയി അവനെ സമാധാനിപ്പിച്ചത്. അതുപോലെ എന്റെ അമ്മൂമ്മ ഒരിക്കൽ അടുക്കളയിൽ വീണു. ഞങ്ങളുടെ നിലവിളി ഉച്ചത്തിലായിപ്പോയി. അവൻ വീടിനുള്ളിലേക്ക് കയറാറില്ല. അമ്മൂമ്മ വീണത് അവൻ ജനലിലൂടെ കണ്ടിരുന്നു. കൂടെ ഞങ്ങളുടെ കരച്ചിലും. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ മൂപ്പർ അതാ അമ്മൂമ്മയുടെ കട്ടിലിന്റെ കാല്ഭാഗത് വന്നു നിൽക്കുകയാണ്. കാലിൽ പതുക്കെ നക്കികൊണ്ട്!
എന്റെ അച്ഛൻ പറയാറുണ്ട്, ” നോക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ ഒരു മൃഗത്തെ വളർത്താവൂ എന്ന്. അത് നമുക്ക് തരുന്ന സ്നേഹം തിരിച്ചു കൊടുക്കാൻ പറ്റുമെന്ന് ഉറപ്പ് വേണം. അതിന്റെ ആയുസ്സ് ഒടുങ്ങുന്നത് വരെ അതിനെ നോക്കുമെന്നും! അല്ലെങ്കിൽ അതിനോളം വലിയ ക്രൂരത ഇല്ല! ”

Image may contain: dogഒരു തോന്നലിൽ അവനെ വാങ്ങുമ്പോൾ ഇതൊന്നും ഞങ്ങൾ ആലോചിച്ചില്ല. അച്ഛനില്ലായിരുന്നെങ്കിൽ അവനെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നേനെ. ഇന്ന് അവനൊരു പനി വന്നാൽ ഞങ്ങളെ നോക്കിയതിനേക്കാൾ കാര്യമായാണ് അച്ഛൻ അവനെ നോക്കാറ്. തിരിച്ചു അവനും അങ്ങിനെ ആണ്. ഒരു കാര്യം എപ്പോഴും ആലോചിക്കുക, നമ്മുടെ അരുമ മൃഗങ്ങളെ അറിഞ്ഞു കൊണ്ട് നോവിക്കരുത്. അവർ നമ്മളെ അല്ല , മറിച്ചു നമ്മൾ അവരെ ആണ് തിരഞ്ഞെടുത്തത്. അവർ നമ്മുടെ ഉത്തരവാദിത്തമാണ്. അവരുടെ മരണം വരെ. കാരണം നിങ്ങളുടെ ലോകത് അവർ ഒന്നുമല്ലെങ്കിലും പോലും അവരുടെ ലോകം നിങ്ങൾ മാത്രമാണ്! മിണ്ടാപ്രാണികളാണ്, ചോദിക്കാൻ ആരും വരില്ല എന്ന അഹങ്കാരത്തിൽ പലതും ചെയ്യുമ്പോൾ ഒന്നോർക്കുക, കരുണ വറ്റാത്ത ഒരു കൂട്ടം ആളുകൾ ഇന്നും ഇവിടെ ജീവിച്ചിരിപ്പുണ്ട്. അവർ നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും!