പശ്ചിമഘട്ടം നമുക്ക് തന്ന വരദാനമാണ് ഈന്ത് എന്ന ഒറ്റ തടിമരം

  0
  217

  രാമകൃഷ്ണൻ കുന്നോത്ത്

  പശ്ചിമഘട്ടം നമുക്ക് തന്ന വരദാനമാണ് ഈന്ത് എന്ന ഒറ്റ തടിമരം.

  ഒരു കാലത്ത് മലബാറിൽ വ്യാപകമായിരുന്ന ഈന്ത് ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുന്നു. പണ്ട് കാലത്ത് കല്യാണ വീടുകൾ അലങ്കരിക്കാൻ, മറ്റു പൊതുപരിപാടികൾക്കും ഈന്തിൻ പട്ട ( ഓല ) ഉപയോഗിച്ചിരുന്നു. ഈന്ത് ആൺ മരവും, പെൺമരവും ഉണ്ട്. പെൺ മരത്തിൽ ഫോട്ടോവിൽ കാണുന്നത് പോലെ കായ്കൾ ഉണ്ടാവും. ആൺ മരത്തിൽ നീണ്ട പൂവ് നീളത്തിൽ ഉണ്ടാവും. ഇതിന് വളരെ രൂക്ഷമായ ഗന്ധമാണ്. പയർചെടികളിലെ ചാഴിയെ നിയന്ത്രിക്കാൻ ഈ കായ തോട്ടത്തിൽ കെട്ടി തൂക്കിയാൽ വളരെ ഫലപ്രദമാണെന്ന് ഞാൻ കണ്ടത്തിയിട്ടുണ്ട്.

  ഈന്ത് – Prakruthiഎൻ്റെ വീട്ടിൽ ചെറിയ ഒരു മരമുണ്ട്. ഇതിലുണ്ടായ കായകൾ കണ്ടില്ലെ. ഇത് മൂപ്പെത്തുക കർക്കിടക മാസത്തിലാണെന്നതും, അത് കൊണ്ട് തന്നെ ഉണക്കി എടുക്കുക എന്നത് വളരെ ദുഷ്കരവുമാണ്. എങ്ങനെയാണ് ഈന്തിൻ കായ സംസ്കരിച്ച് എടുക്കുക എന്ന് നോക്കാം.പഴുത്ത് പാകമായ കായ കുറുകെ മുറിച്ച് വെയിലത്ത് ഇടുക. രണ്ട് ദിവസത്തെ വെയിൽ കൊണ്ട് പരിപ്പ് തോടിൽ നിന്നും ഇളകി വരും. തോട് ഒന്നിനും പറ്റില്ല. കളയുക മാത്രം. ഈ പരിപ്പ് ചെറുതായി മുറിച്ച് വീണ്ടും മൂന്ന് നാല് ദിവസത്തെ വെയിൽ കൊള്ളിച്ച് സൂക്ഷിച്ച് വെക്കാം. സാധാരണയായി ഒരു വർഷം സൂക്ഷിച്ച് വെച്ചാണ് ഞങ്ങൾ ഉപയോഗിക്കാറ്. അതാണ് ഗുണമെന്ന് പഴമക്കാർ പറയുന്നു.

  അറിയാം ആരും നടാതെ വളരുന്ന ഈന്ത് വിശേഷം | Cycas Circinalis| Queen Sago| Rare Treeഇത് പൊടിച്ച് നിരവധി പലഹാരങ്ങൾ ഉണ്ടാക്കാം ഈന്ത് കടലയുടെ കൂടെ ചേർത്ത് പുഴുങ്ങിയും ഉപയോഗിക്കും. കർക്കിടക ആരംഭത്തിൽ കാർഷിക മൂർത്തിയായ കലിയന് കൊടുക്കുന്ന മലബാറിലെ ചടങ്ങിന് ഈ പുഴുക്ക് നിർബന്ധമാണ്.ഈന്ത് പൊടിച്ച് കുഴച്ച് ചെറിയ ചെറിയ ഉരുളകളാക്കി ,ഏകദേശം ഗോട്ടിയുടെ വലുപ്പത്തിൽ ഉരുട്ടി വെള്ളത്തിലിട്ട് വേവിച്ച് ഊറ്റിയെടുത്ത് ആയത് കൊണ്ട് തേങ്ങാപാൽ ചേർത്ത് പായസം വെച്ചാൽ അതിൻ്റെ രുചി ഒന്നു വേറെ തന്നെ.ഇതിന്ന്, ഈന്തിൻ പിടി പായസം എന്ന് പണ്ട് കാലത്ത് പറയപ്പെടുന്നു.

  ഈന്ത് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണെന്ന് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ആയതിന് യാതൊരു വിധ ആധികാരികതയൊന്നും ഇല്ല.ഇതെല്ലാം വായിച്ച് കഴിയുമ്പോൾ ചില കൂട്ടുകാർക്കെല്ലാം, തൈ വേണം വിത്ത് വേണം എന്നല്ലാം ആഗ്രഹം കാണും. തൈയും, വിത്തും എത്ര വേണമെങ്കിലും തരാം പക്ഷെ നട്ട് പിടിപ്പിച്ച് മരമായി കായാവാൻ അര നൂറ്റാണ്ട് കാത്തിരിക്കണമെന്ന് മാത്രം.