ഫാസിസ്റ്റുകൾക്കെതിരെ പൊരുതാൻ ഡന്യൂട്ടയുടെ ഓർമ്മകൾ തന്നെ ധാരാളം

0
42
Harish Viswan
1985 ഏപ്രിൽ 13ന് സ്വീഡനിലെ വാക്സോയിലൂടെ ഒരു സംഘം നിയോ നാസികൾ മാർച്ച് ചെയ്തു. നഗരത്തിൽ ജനങ്ങളുണ്ടായിരുന്നെങ്കിലും ആരും അവർക്കെതിരെ പ്രതികരിക്കാൻ തയ്യാറായില്ല. പെട്ടെന്ന് ആ ജനക്കൂട്ടത്തിന് നടുവിൽ നിന്നൊരു സ്ത്രീ തൻ്റെ കയ്യിലെ ഹാൻ്റ് ബാഗ് ഉപയോഗിച്ച് തനിക്കേറ്റവും അടുത്ത് നിൽക്കുന്ന നിയോ നാസിയെ മർദിച്ചു. ഫോട്ടോ ജേണലിസ്റ്റായിരുന്ന ഹാൻസ് റൂണെസണിൻ്റെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യം ലോകത്താകമാനം പ്രചരിപ്പിക്കപ്പെട്ടു.
May be an image of 2 people, people standing and streetഡന്യൂട്ട ഡാനിയേൽസൺ എന്ന സ്ത്രീ ലോകത്തിന് മുന്നിൽ നാസികൾക്കെതിരായ പോരാട്ടത്തിൻ്റെ പ്രതീകമായി ഉയർന്നു. നഗരത്തിലെ കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ പ്രസംഗത്തിനെതിരെയായിരുന്നു നിയോ നാസി പാർടിയായ നോർഡിക് റീം പാർടി പ്രകടനം സംഘടിപ്പിച്ചത്. ഡന്യൂട്ടയുടെ നിയോ നാസികളോടുള്ള പ്രതികരണം കണ്ട നഗരത്തിലുണ്ടായിരുന്നവർ പ്രകടനത്തിലുണ്ടായിരുന്നവരെയെല്ലാം ആക്രമിക്കുകയും പ്രകടനം തന്നെ അവസാനിക്കുകയും ചെയ്തു,
പോളിഷ് ജ്യൂ കുടുംബത്തിൽ പിറന്ന ഡന്യൂട്ടയുടെ അമ്മ ഓഷ്വിറ്റ്സ് കോൺസണ്ട്രേഷൻ ക്യാമ്പിൽ നിന്ന് സോവിയറ്റ് യൂണിയൻ സൈന്യം മോചിപ്പിച്ച ആളായിരുന്നു. ഹാൻസ് റൂണെസണിൻ്റെ ചിത്രം പിന്നീട് സ്വീഡിഷ് ഫോട്ടോ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡന്യൂട്ട അന്ന് മർദ്ദിച്ച നിയോ നാസി പിന്നീട് ഗേ കൂടിയായ ജൂത വംശജനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.
May be an image of 1 person, outdoors and monumentഇന്ന് സ്വീഡനിൽ ഡന്യൂട്ടയുടെ രണ്ട് പ്രതിമകൾ നിലകൊള്ളുന്നുണ്ട്. നിയോ നാസികളെ മർദ്ദിക്കുന്ന അതേ രൂപത്തിലുള്ള രണ്ട് പ്രതിമകൾ. നാസികളോട്, ഫാസിസ്റ്റുകളോട് അവർ എങ്ങനെയെന്നറിയുന്ന ഒരു സാധാരണ സ്ത്രീ നടത്തിയ പ്രതിരോധം നിയോ നാസികളുടെ പ്രകടനം തന്നെ അവസാനിപ്പിച്ചുവെന്ന് നാം കാണണം. ഓരോ മനുഷ്യസ്നേഹിക്കും ഏതുകാലത്തും ഫാസിസ്റ്റുകൾക്കെതിരെ പൊരുതാൻ ഡന്യൂട്ടയുടെ ഓർമ്മകൾ ഊർജ്ജമാകുകതന്നെ ചെയ്യും.