ഇന്ത്യക്കുള്ള ഉത്തരമായിട്ടില്ല കേജ്രിവാൾ പക്ഷെ, പ്രതിരോധത്തിലേക്കുള്ള വഴികളിലേക്ക് ചില സൂചികകൾ അദ്ദേഹം എഴുതിവെച്ചിരിക്കുന്നു

173

ഷാനി പ്രഭാകർ

വെറുപ്പ് വിതക്കുന്ന ഒരു രാഷ്ട്രീയത്തിന് കിട്ടാവുന്ന ഏറ്റവും നല്ല തിരിച്ചടിയെന്താണ്, അതാണ് ദില്ലിയിലെ ജനത ബി ജെ പി ക്ക് നൽകിയ കനത്ത പരാജയം.എൺപത്തിയൊന്ന് ശതമാനത്തിലേറെ ഹിന്ദു വിഭാഗത്തിൽ പെടുന്ന ദില്ലിയിലെ വോട്ടർമാർ ബി ജെ പി യുടെ വിദ്വേഷ പ്രചാരണത്തിന് നൽകിയ പ്രതികരണം ജനാധിപത്യ ഇന്ത്യക്ക് പ്രത്യാശ നൽകുന്നതാണ്.എഴുപത്തിൽ അറുപത്തി മൂന്ന്. ഒരു സംശയവും ആരോപിക്കാനാവാത്ത ആധികാരിക വിജയം. ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് കെജ്‌രിവാൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ ശക്തമായ പ്രക്ഷോപങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന വേളയിൽ അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള ജനവിധിയാണ് ദില്ലിയിലേത്. ബി ജെ പി യുടെ സർവ്വ സജ്ജമായ സംഘടന സംവിധാനങ്ങളെയും മോദി ഭരണകൂടത്തിന്റെ സർവ്വ അധികാര പ്രലോഭനങ്ങളെയും അരവിന്ദ് കേജരിവാൾ ഒറ്റക്ക് നേരിട്ടു.സമീപകാല ഇന്ത്യ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കടുത്ത വർഗീയ പ്രചാരണം രാജ്യം അവിശ്വസനീയതയോടെ നോക്കിനിന്നു.

മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നേരിയ മറപോലും ഉപേക്ഷിച്ച് നേരിട്ട് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ വർഗീയ ധ്രൂപീകരണം നടത്തി ബി ജെ പി.പക്ഷെ ദില്ലി ജനത ബി ജെ പി യുടെ വർഗീയ കെണിയിൽ കുരുങ്ങിയില്ല.സൗജന്യങ്ങളുടെ രാഷ്ട്രീയ വിജയമെന്ന് കെജ്രിവാളിന്റെ മൂന്നാം വിജയത്തെ ചുരുക്കിക്കളയാനാവില്ല.വെള്ളമായാലും വൈദ്യുതിയായാലും സൗജന്യ യാത്രയായാലും വിദ്യാഭ്യാസ സൗകര്യങ്ങളായാലും ചികിത്സയായാലും ജനങ്ങളുടെ അവകാശങ്ങൾ മാത്രമാണ് നീതിയുക്തമായി വിതരണം ചെയ്തതെന്ന് കേജരിവാൾ കണക്ക് നിരത്തി വിശദീകരിച്ചിട്ടുണ്ട്.അത് ജന ജീവിതത്തെ ശരിയായ രീതിയിൽ സ്വാധീനിച്ചു എന്ന് തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കുന്നു.പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലകൊള്ളുന്നവരെല്ലാം രാജ്യവിരുദ്ധരാണ് എന്ന പ്രചരണവുമായാണ് ബി ജെ പി ദില്ലിയിൽ ഇറങ്ങിയത്.ഷഹീൻ ബാഗ് പാക്കിസ്ഥാനായി. സമരക്കാരെല്ലാം വേഷം കൊണ്ട് തിരിച്ചറിയേണ്ട രാജ്യ വിരുദ്ധരായി.ദില്ലിയിലെ വോട്ടർമാരിൽ കൃത്യം എൺപത്തിയൊന്ന് ശതമാനവും ഹിന്ദു വിഭാഗത്തിൽ പെടുന്നവാരാന് എന്ന അമിത ആത്മവിശ്വാസത്തിൽ വർഗീയ കാർഡുകൾ തലങ്ങും വിലങ്ങും വീശി.അതിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിദ് ഷായുടെ നേതൃത്വത്തിൽ ഇരുന്നൂറ് എം പി മാരെ ദില്ലിയിൽ അണിനിരത്തി.എഴുപതോളം കേന്ദ്ര മന്ത്രിമാരും പതിനൊന്ന് മുഖ്യമന്ത്രിമാരും ബി ജെ പി യുടെ നാടിളക്കിയുള്ള പ്രചാരണത്തിന് നേതൃത്വം നൽകി.പക്ഷെ അവരാരും ക്രിയാത്മക രാഷ്ട്രീയമല്ല സംസാരിച്ചത്.ഷാഹിൻ ബാഗിൽ വിതരണം ചെയ്യുന്ന ബിരിയാണി കഥകളിലും പൗരത്വ സമരത്തിനെതിരെ അപര വിദ്വെഷം പരത്തിയും വിജയം നേടാമെന്ന് ബി ജെ പി അന്ധമായി വിശ്വസിച്ചു.

രണ്ട് പൊതു തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ ഇന്ത്യൻ ജനത നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത് വർഗീയ ധ്രൂവീകരണം സ്വീകരിച്ചത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ച മോദി അമിദ് ഷാ രാഷ്ട്രീയ ശൈലിക്ക് നൽകാവുന്ന ഏറ്റവും കനത്ത പ്രഹരമാണ് ദില്ലി ജനത നൽകിയത്. കെജ്രിവാളിന്റെ ജയം ഇതുവരേക്കും ദില്ലിക്കും ആം ആദ്മി പാർട്ടിക്കും മാത്രം നേരിട്ട് പ്രയോജനപ്പെടുന്നതാണ്.ദില്ലിക്ക് പുറത്തുള്ള ഇന്ത്യ ഈ വിജയത്തിൽ നിന്ന് ചില പാഠങ്ങളെടുത്ത് അതിജീവനം ഇനിയും കണ്ടെത്തണം. ഇന്ത്യക്കുള്ള ഉത്തരമായിട്ടില്ല കേജ്രിവാൾ എന്ന് വ്യക്തം. പക്ഷെ.പ്രതിരോധത്തിലേക്കുള്ള വഴികളിലേക്ക് ചില സൂചികകൾ കേജരിവാൾ എഴുതിവെച്ചിരിക്കുന്നു.ഇന്ത്യയെ തിരിച്ച് പിടിക്കാൻ കഴിയും എന്ന സൂചികകൾ.