നിരപരാധികളെ തീവ്രവാദ ബന്ധം പറഞ്ഞ് കേസിൽ കുടുക്കുന്നതിൽ അഭിമാനിക്കാൻ പോന്ന ചരിത്രം ഡൽഹി സ്പെഷ്യൽ സെല്ലിന് ഉണ്ട്

101

Anandhu

ഡൽഹി പോലിസിന് ഇതൊന്നും പുതിയതല്ല .. കണ്ണിൽ പിടിക്കാത്ത ഒരുത്തനെ പിടിച്ച് കൊണ്ട് വരിക, അവനെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ പടയ്ച്ച് വിടുക .. ബടക്കാക്കി തനിക്കാക്കുക .1986 ൽ ആണ് രാജ്യത്തെ തീവ്രവാദവും അനുബന്ധ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനും കണ്ടുപിടിക്കുന്നതിനും ഡൽഹി പൊലിസ് സ്പെഷ്യൽ സെൽ നിലവിൽ വരുന്നത് .കുറ്റം പറയരുതല്ലോ, നിരപരാധികളെ തീവ്രവാദ ബന്ധം പറഞ്ഞ് കേസിൽ കുടുക്കുന്നതിൽ അഭിമാനിക്കാൻ പോന്ന ചരിത്രം സ്പെഷ്യൽ സെല്ലിന് ഉണ്ട്. 2006 മുതൽ 2011 വരെ സ്പെഷ്യൽ സെൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രങ്ങളിൽ 174 ൽ 119 എണ്ണവും കെട്ടിചമച്ചതിന്റെ പേരിൽ തള്ളി പോയെന്ന് അക്ടിവിസ്റ്റായ ഗോപാൽ പ്രസാദ് RTI വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാക്ഷ്യപ്പെടുത്തുന്നു .. 70% കള്ളക്കേസ്!

സ്പെഷ്യൽ സെല്ലിന്റെ ഇത്തരം നാടകങ്ങളുടെ പൂർണ്ണ ചിത്രം വെളിച്ചത്ത് കൊണ്ടുവരുന്നത് Gareth Porter എന്ന ജേണലിസ്റ്റും ജാമിയ മിലിയയിലെ ടീച്ചേർസ് സോളിഡാരിറ്റി അസോസിയേഷനുമാണ് . ജാമിയ ടീച്ചേർസ് അസോസിയേഷന്റെ ‘Framed, Damned, Acquitted’ എന്ന ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ 1992 മുതൽ 2008 വരെ ഉള്ള കേസുകളെ കുറിച്ചും അതിൽ 16 കേസുകളിൽ നടപ്പാക്കിയ ഒരേ കുറ്റം ചമയ്ക്കൽ രീതിയെ കുറിച്ചും വിശദീകരിക്കുന്നു .

2012 ൽ ഡൽഹിയിൽ ഇസ്രായേൽ എംബസിക്കു നേരെ നടന്ന സ്ഫോടനത്തിന് കാരണക്കാരായ ഇറാനിയൻ തീവ്രവാദികളെ അന്വേഷിക്കുന്ന കൂട്ടത്തിൽ തെളിവുകൾ ഒന്നും തന്നെ ഇല്ലാഞ്ഞിട്ടും മുൻധാരണയെന്നേ DD ന്യൂസിന് വേണ്ടി ഇറാഖ് യുദ്ധം എല്ലാം കവർ ചെയ്ത ജേണലിസ്റ്റ് സയദ് മുഹമ്മദ് അഹമദ് കസ്മിയെ സ്പെഷ്യൽ സെൽ ഫ്രേം ചെയ്യുന്നു. കസ്മിയെ വിചാരണ ചെയ്യുന്നതിനു മുന്നെ തന്നെ അദ്ദേഹം കുറ്റസമ്മതം നടത്തിയതായി മാധ്യമങ്ങൾ വഴി വാർത്ത ചോർത്തുന്നു .. ഇത് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ ബാധിക്കും എന്നത് തന്നെ കാര്യം . എന്നാൽ ഈ വാർത്ത ചോർത്തൽ നാടകം സ്പെഷ്യൽ സെല്ലിന്റെ സ്ഥിരം കലാപരിപാടികളിൽ ഒന്ന് മാത്രമെന്ന് ജാമിയ ടീച്ചേർസ് അസോ. അവരുടെ റിപ്പോർട്ടിൽ സമർത്ഥിക്കുന്നു. കസ്മിയുടെ വീട്ടിൽ ഉപയോഗിക്കാതെ ഇരുന്നിരുന്ന സ്കൂട്ടർ തൊട്ട് പൊലീസിനോട് പറഞ്ഞ ഓരോ വാക്കും എങ്ങനെ വൃത്തിയായി വളച്ചൊടിച്ചെന്ന് Gareth Porter ന്റെ റിപ്പോർട്ടിൽ കാണാം.

2006 ലെ സൽമാൻ ഖുർഷിദ് കോരി യുടെ കേസിലാണ് മറ്റൊരു പ്രസിദ്ധ നാടകീയത .. പൊലീസ് നടപടികൾക്ക് വിപരീതമായി കേസിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തുവകകൾ seizing ചെയ്യപ്പെടുന്നു, Seizing ചെയ്യുന്ന സ്ഥലത്തു നിന്നും തയ്യാറാക്കുന്ന Seizure memo യിലും FIR ലും ഒരേ കൈപ്പടയും മഷിയും . seizure വിറ്റ്നസ്സിനു പകരം കസ്റ്റഡിയിലെടുക്കുമ്പോൾ ജനക്കൂട്ടം ഉണ്ടായിരുന്നു എന്ന് പോലീസ് വാദം .. ഈ റിപ്പോർട്ട് തയ്യാറാക്കൽ മാതൃക 2006-07 ലെ മറ്റ് കേസുകളിലും പിന്തുടർന്നതായി JTSA ആക്ടിവിസ്റ്റ് മനീഷ സേഥി വിശദീകരിക്കുന്നു. 2005 ലെ മൊയ്നുദ്ദീൻ ദാർ ന്റെ കേസിലും സമാനമായ കള്ളത്തരങ്ങളും, കോടതി കേസ് തള്ളുന്നതും കാണാം. അങ്ങനെ ഒരുപാട് കേസുകൾ.. ഈ കേസിലെല്ലാം പ്രതി ചേർക്കപ്പെട്ടവർക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ചോദിക്കരുത് , കുറ്റാരോപിതൻ ഒരു സാധാരണക്കാരൻ ആണെങ്കിൽ പിന്നീട് എന്തെല്ലാം സംഭവിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ . വേണമെങ്കിൽ
ഈ കേസുകളെല്ലാം അന്വേഷിച്ച ഉദ്യോഗസ്ഥന്റെ പേരും അദ്ദേഹം വാങ്ങിക്കൂട്ടിയ മെഡലുകളുടെ എണ്ണവും പറയാം .. പക്ഷെ അത് അറിഞ്ഞാൽ നിങ്ങൾ എന്നെയും സംശയിച്ചേക്കാം! ഇനി ഞാൻ ആണോ കള്ളം പറയുന്നതെന്ന് കരുതും .. നാടകമേ ഉലകം.. അതുകൊണ്ട് വായ മൂടാം .

ഡൽഹി പൊലീസോ കേരളാ പൊലീസോ ആകട്ടെ നിരപരാധികൾക്ക് നീതി നിഷേധിക്കുന്നുണ്ടെങ്കിൽ നിങ്ങളാണ് യഥാർത്ഥ രാജ്യ ദ്രോഹികൾ .കേൾക്കുന്ന കഥകൾക്കും വാർത്തകൾക്കും മറ്റൊരു വശം കൂടി ഉണ്ടാകാമെന്ന് മാത്രം പറഞ്ഞ് വെയ്ക്കുന്നു .