ചാരത്തിൽ നിന്ന് ഉയർന്നുപറന്ന “ധബാരി ക്യുരുവി”

Shyam Zorba (സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് )

ലോകസിനിമയുടെ ചരിത്രത്തിലേക്ക് ഒരു മലയാള സിനിമ കടന്ന് വരുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഒഫീഷ്യൽ സെലക്ഷൻ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ ഒഫീഷ്യൽ സെലക്ഷൻ, URF ലോക റെക്കോർഡ് ഇങ്ങനെ ചരിത്രത്തിലേക്ക് പറന്നടുത്തുകൊണ്ടിരിക്കുകയാണ് ധബാരി ക്യുരുവി. ധബാരി ക്യുരുവി എന്നാൽ അച്ഛൻ ആരെന്നറിയാത്ത പക്ഷി എന്നർത്ഥം. അട്ടപ്പാടി ജനങ്ങളുടെ ഇടയിൽ വായ്മൊഴിയായി പകർന്നു വന്ന ഒരു നാടോടി കഥ, ആ കഥയാണ് ധബാരി ക്യുരുവി എന്ന പേരിലേക്ക് വഴി തുറക്കുന്നത്. ആ പേരിലൂടെ വലിയ രാഷ്ട്രീയ സാമൂഹിക പ്രശ്നത്തിലേക്ക്, അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ അതിജീവനത്തിലേക്ക് കൂടെ വഴി തെളിയിക്കുന്നു.

സ്മിത സൈലേഷ്, കുപ്പുസ്വാമി മരുതൻ, കെ ബി ഹരി, ലിജോ പാണാടൻ എന്നിവർ ഒരുക്കിയ തിരക്കഥ മലയാളത്തിന്റെ പ്രിയ സംവിധായകൻ, മലയാള സിനിമയുടെ നെയ്ത്തുകാരൻ ശ്രീ പ്രിയനന്ദൻ സംവിധാനം ചെയ്തിരിക്കുന്നു. സംവിധാനത്തിനു പുറമെ തിരകഥയിലും പ്രിയനന്ദൻ ഭാഗം ആണ്.
ധബാരി ക്യുരുവി കാണേണ്ട, കാണപ്പെടേണ്ട, ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമ തന്നെയാണ്. ഒരുപക്ഷെ സിനിമയുടെ ഭാഷ പ്രേക്ഷകന് എത്രമാത്രം പരിചിതമാണ് എന്ന് അറിയില്ല. ഇരുള ഭാഷയിൽ ആണ് സിനിമ പൂർണ്ണമായും തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട്‌ ജില്ലയിലെ ആദിവാസി ഗ്രാമം ആയ അട്ടപ്പാടിയെ പറ്റി കേൾക്കാത്തവരോ അറിയാത്തവരോ കാണില്ല. അട്ടപ്പാടി ജനങ്ങളുടെ പ്രാദേശിക ഭാഷകളിൽ ഒന്നാണ് ഇരുള. യാത്രയ്ക്ക്, സമാധാനത്തോടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ അട്ടപ്പാടി തേടി പോകുന്ന ഒരുപാട് യാത്രികർ ഉണ്ട്. പക്ഷെ ആ കാണുന്നതോ കേൾക്കുന്നതോ ഒന്നുമല്ല അട്ടപ്പാടി. പലപ്പോഴും പലതും ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വരുന്ന ഒരു വലിയ ജനവിഭാഗം ഉള്ള മണ്ണ് കൂടിയാണ് അട്ടപ്പാടി.

സിനിമയിലേക്ക് വരാം, സമൂഹത്തിന്റെ മുഖ്യധാരയിൽ ഇല്ലാതെ അടിച്ചമർത്തപ്പെട്ട മനുഷ്യരെ ചേർത്ത് നിർത്തി അവരുടെ തന്നെ കഥ പറയുകയാണ് ധബാരി ക്യുരുവി. അവരുടെ ഉള്ളിലും കലയുണ്ട് എന്ന വിളിച്ചുപറയൽ കൂടിയാണ് ഇത്. ലോകസിനിമ ചരിത്രത്തിൽ പൂർണ്ണമായും ആദിവാസികൾ മാത്രം അഭിനയിക്കുന്ന സിനിമ. അവർ തന്നെ പറയുന്ന അവരുടെ അതിജീവനത്തിന്റെ കഥ. സ്വപ്നത്തിന്റെ ചിറക് നെയ്ത് അതിജീവനത്തിന്റെ, പ്രതീക്ഷയുടെ ആകാശം തേടി പറക്കുന്ന പെൺജീവിതങ്ങളുടെ കഥ.
ഗോത്ര വർഗ്ഗ സംസ്കൃതിയിൽ ഗർഭിണിയാകുന്ന പെൺകുട്ടി അമ്മയാവുക, പ്രസവിക്കുക എന്നതിനപ്പുറത്തു മറ്റൊരു തിരഞ്ഞെടുപ്പില്ല.. ഗോത്രവർഗ്ഗവിഭാഗങ്ങൾക്കിടയിൽ അവിവാഹിത അമ്മമാരുടെ എണ്ണം കൂടുന്നതിന്റെ ഒരു കാരണം ഇതാണ്.. ഈ സംസ്കൃതിശീലത്തെ മറി കടന്ന് സ്വന്തം സ്വപ്നത്തെ നേടാൻ ഒരു പെൺകുട്ടിയും അവളുടെ കൂട്ടുകാരിയും ചേർന്ന് നടത്തുന്ന അതിജീവനശ്രമങ്ങളുടേതാണ് ധബാരി ക്യുരുവി എന്ന സിനിമ. സ്വന്തം ജീവിതത്തിന് മേലുള്ള തീരുമാനങ്ങളുടെ സമ്പൂർണ അധികാരം തന്റെതാണെന്ന തിരിച്ചറിവിലേക്കാണ് ഈ സിനിമ ഓരോ പെൺകുട്ടിയെയും കൈ പിടിച്ചുയർത്തുന്നത്… ജീവിതത്തിലുണ്ടാകുന്ന അവിചാരിത പ്രതിസന്ധികളിൽ തകർന്നു വീഴാതെ അതിജീവിച്ചു പറന്നുയരുന്ന പെൺപക്ഷിയുടെ ജീവിതമാകുന്നു ധബാരി ക്യുരുവി എന്ന സിനിമ.

ധബാരി ക്യുരുവി ഒരു രാഷ്ട്രീയമാണ്. ഈ സിനിമ കാണുക എന്നത് ഒരു രാഷ്ട്രീയപ്രവർത്തനമാണ്. മണ്ണിന്റെ മണം അറിയുന്ന മനുഷ്യന്റെ ഉള്ളറിയുന്ന സിനിമ. മുഖ്യധാരകൾ അടിച്ചമർത്തുമ്പോഴും ഞങ്ങടെ ഉള്ളിലെ കലയും മനുഷ്യനും ഇനിയും ഉയരത്തിൽ പറക്കും എന്നുള്ള പ്രഖ്യാപനം ആണ്. സംവിധായകൻ തന്നെ പറഞ്ഞു വെച്ചത് പോലെ ഇത് അവരുടെ “രക്തത്തിന്റെയും വിയർപ്പിന്റെയും ആത്മബലിയാണ്”. ഒരുകൂട്ടം മനുഷ്യരുടെ, പച്ചയായ മനുഷ്യരുടെ സിനിമ.

സിനിമയിൽ അഭിനയിച്ച മനുഷ്യരൊന്നും അഭിനേതാക്കൾ ആയിരുന്നില്ല, അതിൽ ബഹുഭൂരിപക്ഷം മനുഷ്യരും അന്നേവരെ ഒരു സിനിമ പോലും കണ്ടിട്ട് പോലും ഇല്ലായിരുന്നു. പകലന്തിയോളം പണിക്ക് പോയി കുടുംബം പോറ്റുന്ന സാധാരണക്കാരായ മനുഷ്യർ ആയിരുന്നു. പക്ഷെ അവരുടെ ജീവിതം പറയാൻ അവർക്ക് അഭിനയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു ആ കലയും അവരുടെ ജീവിതവും. ഓരോ അഭിനേതാവിൽ നിന്നും അസാമാന്യ പ്രകടനങ്ങൾ കാണാൻ കഴിയും, ഭാവ പ്രകടനങ്ങൾ പ്രേക്ഷകരെ പോലും വികാരപരമായ അവസ്ഥയിലേക്ക് കൊണ്ടുപോയേക്കാം. അതൊരിക്കലും പരിശീലനം നേടിയ ഒരു അഭിനേതാവ് ആയി നിന്നുകൊണ്ട് അവർ കാഴ്ച്ച വെക്കുന്ന പ്രകടനങ്ങൾ കൊണ്ടല്ല. സ്വന്തം ജീവിതം പറയുന്ന മനുഷ്യന്റെ സ്വഭാവികമായി വരുന്ന വികാരങ്ങളിലേക്ക് ആണ് നമ്മെ അവർ തളച്ചിടുന്നത്. പറക്കമുറ്റാത്ത പ്രായത്തിൽ ജീവിതം തളച്ചിടപ്പെടുന്ന നിവൃത്തികേടിന്റെ ഭാരം പേറി പറക്കാൻ പറ്റാത്ത പെണ്മക്കളുടെ കഥയാണ്. അവിടെ നിന്നും പറന്നുയരാൻ ശ്രമിക്കുന്ന പാപ്പാത്തിയുടെ കഥയാണ്. അവളെപോലെയുള്ള അനേകം പെണ്മക്കളുടെ കഥ.

പൂർണ്ണമായും അട്ടപ്പാടിയുടെ സൗന്ദര്യവും സാംസ്കാരികതയും തുളുമ്പുന്ന പാട്ടുകൾ ഈ സിനിമയിൽ കേൾക്കാം. നായിക നടി ആയ മീനാക്ഷി തന്നെ പാടിയ രണ്ട് പാട്ടുകൾ ഉൾപ്പെടെ മൊത്തം മൂന്ന് മനോഹര ഗാനങ്ങൾ. ഈണമൊരുക്കിയിരിക്കുന്നത് പി. കെ. സുനിൽകുമാർ ആണ്. സംവിധായകൻ പ്രിയനന്ദൻ മനസ്സിൽ പകർത്തിയ ചിത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് മകൻ അശ്വഘോഷൻ തന്നെ ആണ്. അച്ഛന്റെ സംവിധാനത്തിൽ മകന്റെ ക്യാമറ കൂടുതൽ മിഴിവോടെ കണ്ണ് തുറക്കുന്നു.
സിനിമ ജനുവരി 5 ന് സിനിമ തിയേറ്ററുകളിൽ എത്തി. വലിയൊരു തിയേറ്റർ റിലീസ് ആയിരുന്നില്ല, വളരെ ചുരുക്കം തിയേറ്ററുകളിൽ മാത്രം. നിലവിൽ കുറച്ച് തിയേറ്ററുകളിൽ കളിക്കുന്നുണ്ട്, തുടർന്ന് പുതിയ തിയേറ്ററുകളിൽ റിലീസുമുണ്ട്. ഈ സിനിമ നിങ്ങൾ കാണണം, സംസാരിക്കണം, നിങ്ങളെ ചിന്തിപ്പിക്കാൻ ഉള്ള പലതും ഉണ്ട് ധബാരി ക്യുരുവിയിൽ. പ്രത്യേകാധികാരങ്ങളോ വിശേഷവകാശങ്ങളോ ഇല്ലാത്ത “An Unprivileged Life”.

You May Also Like

2025 ഓടെ ഷാരൂഖിയോ സൽമാനെയോ നായകനാക്കി ഒരു ചിത്രം താൻ എന്തായാലും ചെയ്തിരിക്കുമെന്ന് ഒമർ ലുലു

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്തത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം…

വൈലൻറ് ആകുന്ന മലയാളി യുവത്വം ; കാരണം സിനിമയും സീരീസും എന്ന് പറഞ്ഞാൽ തെറ്റാകുമോ…?

വൈലൻറ് ആകുന്ന മലയാളി യുവത്വം ; കാരണം സിനിമയും സീരീസും എന്ന് പറഞ്ഞാൽ തെറ്റാകുമോ…? B…

വിജയ് ദേവെരകൊണ്ടയുടെ അച്ഛനായി മോഹൻലാൽ, പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’

നന്ദകിഷോർ സംവിധാനം ചെയുന്ന ആക്ഷന് പ്രാധാന്യമുള്ള പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മോഹൻലാലും വിജയ് ദേവെരകൊണ്ടയുമാണ്…

വിനീത് വാസുദേവൻ സംവിധാനം ചെയ്ത “പൂവൻ” ഒഫീഷ്യൽ ട്രെയിലർ

വിനീത് വാസുദേവൻ സംവിധാനം ചെയ്ത “പൂവൻ” ഒഫീഷ്യൽ ട്രെയിലർ. ജനുവരി 20 റിലീസ് .ആന്റണി വർഗീസ്,…