ധനുഷ്കോടി എന്ന പ്രേതനഗരം

Sreekala Prasad

1964 ഡിസംബർ 22 രാത്രി പത്തുമണിക്ക് മദ്രാസ് എഗ്മൂറിൽ നിന്ന് മധുര-രാമേശ്വരം വഴിയുള്ള പാസഞ്ചർ ട്രെയിൻ അവസാന സ്റ്റേഷനായ ധനുഷ്കോടിയിലേക്ക് എത്തുകയാണ്… കനത്ത മഴ, കൊടുംങ്കാറ്റ്… അവസാനത്തെ സിഗ്നൽ കാത്ത് ട്രെയിൻ കുറേനേരം നിർത്തിയിട്ടു. അര മണിക്കൂർ കാത്തിട്ടും സിഗ്നൽ കിട്ടിയില്ല. വാർത്താ വിനിമയ ബന്ധങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. എതിരേ വേറെ ട്രെയിനൊന്നും വരാനില്ലാത്ത ധൈര്യത്തിൽ എൻജിൻ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. എന്നാൽ നിത്യതയുടെ അവസാന സ്റ്റോപ്പിലേക്കാണ് തങ്ങളുടെ യാത്ര എന്ന് എൻജിൻ ഡ്രൈവറോ നൂറ്റിപതിനഞ്ചോളം വരുന്ന യാത്രക്കാരോ അറിഞ്ഞിരുന്നില്ല. കൂറ്റൻ തിരമാലകളും കൊടുങ്കാറ്റും ധനുഷ്കോടി എന്ന പട്ടണത്തെ കടലിന്റെ അഗാധതയിലേക്കു കൊണ്ടുപോയി.

        ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്കിന് നടുവിൽ പാമ്പൻ എന്ന് വിളിക്കപ്പെടുന്ന ഒരു ചെറിയ നീളമേറിയ ദ്വീപ് ഉണ്ട്, ഇത് ഇന്ത്യൻ ഉപദ്വീപുമായി 2 കിലോമീറ്റർ നീളവും നൂറ് വർഷം പഴക്കമുള്ള ഒരു റെയിൽവേ പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നു. , വൻകരയുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണി ഈ പാമ്പൻ പാലം. ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഒന്നായി കണക്കാക്കപ്പെടുന്നു ഇതിലൂടെയുള്ള യാത്ര. ഇവിടെ കാറ്റ് വളരെ ശക്തമാണ്, പാലം കടക്കുമ്പോൾ ട്രെയിനുകൾ ഇഴഞ്ഞു നീങ്ങുന്നു,

ദ്വീപിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ദ്വീപിന്റെ വടക്ക് പടിഞ്ഞാറൻ അറ്റത്ത് ഇന്ത്യൻ വൻകരയോട് അടുത്തുള്ള രണ്ട് പട്ടണങ്ങളിലാണ് താമസിക്കുന്നത് – പാമ്പൻ, രാമേശ്വരം . പാമ്പൻ ദ്വീപിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള ധനുഷ്‌കോടി പട്ടണം 600-ലധികം വീടുകളും സ്‌കൂളുകളും പള്ളികളും ആശുപത്രികളും ഒരു റെയിൽവേ സ്റ്റേഷനും ഉള്ള ജനസംഖ്യയിലും ഒരു കാലത്ത് അഭിവൃദ്ധി പ്രാപിച്ച ഒരു വ്യാപാര നഗരമായിരുന്നു.ശ്രീലങ്കയിലെ മാന്നാർ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധനുഷ്‌കോടി, യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ കൊണ്ടുപോകുന്ന പതിവ് ഫെറി സർവീസുകളുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു നിർണായക ബന്ധമായിരുന്നു.

ധനുഷ്കോടി ഇന്ന് അത് അറിയപ്പെടുന്നത് പ്രേതനഗരം( Ghost town )എന്നാണ്. അമ്പത്തേഴ് വർഷങ്ങൾക്ക് മുമ്പ്, ഒരു ഭീകരമായ ചുഴലിക്കാറ്റ് ധനുഷ്കോടിയെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കി.
ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം പറയുന്നത്. (സംസ്കൃതത്തിൽ സേതു എന്ന വാക്ക് പാത, പാലം എന്നാണ്) , സീതാ ദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും രാമഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

1964 ഡിസംബർ 17 ന് തെക്കൻ ആൻഡമാൻ കടലിൽ ഒരു നിമ്നമർദ്ദം രൂപംകൊള്ളുകയും ഡിസംബർ 19 ന്, അതൊരു ഉഗ്രപ്രതാപിയായ ചുഴലിക്കൊടുങ്കാറ്റായി മാറുകയും ചെയ്തു. 1964 ഡിസംബർ 21 ന് അതു പടിഞ്ഞാറേയ്ക്കു ദിശ മാറി, 400 മുതൽ 550 കിലോമീറ്റർ വരെ വേഗതയാർജ്ജിക്കുകയും ചെയ്തു. ഡിസംബർ 22 ന് അതു ശ്രീലങ്കയിലെ വാവുനിയ കടക്കുകയും 1964 ഡിസംബർ 22 – 23 വരെ അർദ്ധരാത്രിയിൽ ധനുഷ്കോടിയിൽ ആഞ്ഞടിക്കുകയും ചെയ്തു. ആ ദിവസത്തെ കാറ്റിന്റെ ചലനവേഗത മണിക്കൂറിൽ 280 കിലോമീറ്ററും തിരമാലകൾ 7 മീറ്റർ ഉയരത്തിലുമായിരുന്നു.

പട്ടണത്തിലുണ്ടായിരുന്ന ഏകദേശം 1,800 പേർ മരണമടയുകയും സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു. പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ചെയ്തു. വളരെ ദുർബലമായ സ്ഥലത്താണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്. ഒരു വശത്ത് ബംഗാൾ ഉൾക്കടലും മറുവശത്ത് ഇന്ത്യൻ മഹാസമുദ്രവും ഉള്ളതിനാൽ, ഈ ദ്വീപിൽ ഇടയ്ക്കിടെ കൊടുങ്കാറ്റിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിനുശേഷം, ഇന്ത്യൻ സർക്കാർ ഈ പട്ടണം മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്ന് പ്രഖ്യാപിച്ചു, അതിജീവിച്ചവരെ രാമേശ്വരത്തേക്കും മറ്റിടങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഈ പ്രദേശം ജീവിതയോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ ധനുഷ്കോടിയെ ഒരു പ്രേതനഗരമായി (Ghost town) പ്രഖ്യാപിക്കുകയും ചെയ്തു.

വർഷങ്ങളായി നിരവധി മത്സ്യത്തൊഴിലാളികൾ ധനുഷ്‌കോടിയിലേക്ക് മടങ്ങുകയും നശിച്ച നഗരം അവരുടെ വീടാക്കാൻ ശ്രമിക്കുകയും ചെയ്തു. താൽക്കാലിക വൈക്കോൽ വീടുകളിൽ താമസിക്കുന്ന ഇവർക്ക് വെള്ളമോ വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഇല്ല. മറ്റെവിടെയെങ്കിലും അവരുടെ ജീവിതം പുനർനിർമ്മിക്കാൻ സർക്കാർ അവരെ പ്രേരിപ്പിക്കുന്നു,2017-ൽ ധനുഷ്‌കോടിയെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റോഡ് നിർമ്മിച്ചു പ്രേതനഗരത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. നിമിഷങ്ങൾ കൊണ്ട് കടലാഴങ്ങളിലേക്ക് മറഞ്ഞ ഒരു കൂട്ടം ജനത ഇവിടെ ജീവിച്ചിരുന്നു എന്ന് ഓർമ്മിപ്പിക്കുന്ന, ബാക്കി ശേഷിപ്പിച്ച അവശിഷ്ടങ്ങള്‍ പ്രേതങ്ങളെപ്പോലെ തലയുയർത്തി നിൽക്കുന്ന ശ്മശാനഭൂമിയാണ് ഇന്ന് ധനുഷ്‌ക്കോടി.

Pic courtesy

You May Also Like

ഗവേഷകർക്കു മുന്നിൽ ഇന്നും ഒരു വിസ്മയമായി നിൽക്കുന്ന ഉപകരണമാണ് ആൻറ്റിക്കത്തെറ മെക്കാനിസം

ആൻറ്റിക്കത്തെറ മെക്കാനിസം തോമസ് ചാലാമനമേൽ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) രണ്ടായിരം വർഷങ്ങൾക്കു മുൻപ് അനലോഗ്…

ഐഫോൺ ലൈഫ്-സേവിംഗ് സാറ്റലൈറ്റ് ഫീച്ചർ അടുത്ത വർഷം കൂടുതൽ രാജ്യങ്ങളിൽ ലോഞ്ച് ചെയ്യുന്നു

ആളുകളെ കണ്ടെത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായിക്കുന്ന ആപ്പിളിന്റെ ഐഫോൺ സാറ്റലൈറ്റ് ഫീച്ചർ അടുത്ത വർഷം ലോകമെമ്പാടുമുള്ള…

“പര്യവേക്ഷണം ചെയ്യാൻ ചന്ദ്രനിൽ പോയവർ ‘സമാധാനത്തോടെ വിശ്രമിക്കാൻ’ ചന്ദ്രനിൽ തങ്ങുമെന്ന് വിധി നിശ്ചയിച്ചു”, അപ്പോളോ 11 ദൗത്യം പരാജയമായാൽ മാധ്യമങ്ങൾക്കു കൊടുക്കാനിരുന്ന വാർത്ത

ചന്ദ്രകാന്തം (ചന്ദ്രനെക്കുറിച്ച് ചില കൗതുക വാർത്തകൾ) സാബു ജോസ് അപ്പോളോ 11 ദൗത്യം പരാജയമായാൽ മാധ്യമങ്ങൾക്കു…

ഒരു ക്രൂയിസ് ഷിപ്പ് നീറ്റിലിറക്കുന്ന ദിവസം മുതൽ പിന്നെയത് പൊളിച്ചു വിൽക്കുന്നതു വരെ അതിന്റെ എൻജിൻ ഓഫ് ചെയ്യാറില്ല

പ്രധാനമായും വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ആഡംബര സമൃദ്ധമായ വലിയ കപ്പലുകൾ ആണ് ഇവ. . മെയിൽ…