ഏഷ്യയിലെ ഏറ്റവും വലിയ ചേരി

📌 കടപ്പാട്: എം.പി. നാരായണപിള്ള
തയ്യാറാക്കിയത് : അറിവ് തേടുന്ന പാവം പ്രവാസി

മുംബൈ അധോലോക സിനിമകളിലെ ഡയലോഗുകളിൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് ധാരാവി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി .ധാരാവി എന്നാൽ വെറുമൊരു പേരല്ല, സങ്കല്പിക്കാൻ കഴിയാത്ത ജീവിതത്തി ന്റെ നേരനുഭവമാണ്. മുംബൈയിൽ വന്നെത്തുന്നവരിലധികവും ഈ മഹാനഗരം ചുറ്റിക്കറങ്ങിക്കാണാൻ കൊതിക്കുന്നവരാണ്. നഗരത്തിന്റെ പ്രത്യേകതകൾ കണ്ടുനടക്കുമ്പോൾ ചെറുപ്പക്കാരിൽ പലരും കാണാൻ കൊതിക്കുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ടെങ്കിലും ഒരാളുപോലും കാണാൻ ഒരിക്കലും ആഗ്രഹം പ്രകടിപ്പിക്കാത്ത സ്ഥലമാണ് ചേരിപ്രദേശമായ ധാരാവി. മനുഷ്യ ജീവിതത്തിന്റെ അപാരത, നമ്മെ ഞെട്ടിക്കും വിധം രക്തവും മാംസവും പൂണ്ട് ആ വലിയ ചേരിയിൽ നരകത്തിന്റെ രാക്ഷസീയത അടർത്തിയിട്ടു കിടക്കുന്നു. ആ ജീവിതം കാണാൻ വല്ലാത്ത മനോധൈര്യം വേണം. കാരണം അത് നമ്മൾ സങ്കല്പിക്കുന്നതിനും അപ്പുറമുള്ളതാണ്.

മെയിൻ റോഡിൽനിന്ന് അകത്തേക്കു കടക്കുമ്പോൾ കൊഴുത്ത ചെളി തളം കെട്ടിക്കിടക്കുന്ന വഴിത്താരകൾ നിറഞ്ഞതാണ് ധാരാവി. മാഹിമിനും ബാന്ദ്രയ്ക്കും ഇടയിൽ വെട്ടിയ ആടുമാടുകളുടെ തോൽ പുഴുങ്ങി ഉണക്കുന്നിടമാണ്. പച്ചത്തോലിൽ പറ്റി പ്പിടിച്ചിരിക്കുന്ന മാംസത്തിന്റെയും , രക്ത ത്തിന്റെയും അവശിഷ്ടങ്ങൾ പുഴുങ്ങിയുണ ക്കുമ്പോൾ അതിൽ നിന്ന് വാർത്തിക്കളയുന്ന വെള്ളത്തിന്റെയും മണം ഏതൊരു മനുഷ്യന്റെ യും ശ്വസനേന്ദ്രിയങ്ങളെ വിറപ്പിക്കുന്നതാണ്. ഒരാളോടും ഈ നാറ്റത്തിന്റെ അനുഭവം വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ല. തോല് പുഴുങ്ങിയുണക്കിയിട്ട് പോളീഷ് ചെയ്യുന്ന ഇടങ്ങളുടെ ഓരംപറ്റിയ ചതുപ്പുകളിൽനിന്ന് ഒരു ചെറിയ പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു.

ചോരയും തവിട്ടും ചേർന്ന വർണമാണ് ഒഴുക്കിന്. ആ നിറത്തിന്റെ ശാശ്വത സത്യത്തിൽ നിന്ന് അതിയായ ദുർഗന്ധം ഒഴുകിപ്പരക്കുക യാണ്. ഈ ഒഴുക്ക് മാഹിം സ്റ്റേഷനും ബാന്ദ്രയ്ക്കുമിടയിൽ ചെറിയൊരു കറുത്തു കുറുകിയ നദിയായി രൂപാന്തരപ്പെട്ട് പടിഞ്ഞാറൻ കടലിൽ പതിക്കുന്നു. ഈ നാറ്റപ്പുഴയുടെ തീരത്താണ് തുകലിൽത്തീർത്ത ലോകോത്തര സാധനങ്ങൾ നിർമിക്കുന്നത്. ഈ നാറ്റം കടന്നുപോയാൽ പഞ്ചനക്ഷത്ര വ്യാപാര കേന്ദ്രങ്ങളിൽ അത് ഡോളറുകൾ വിളയി ക്കുന്നു. അവിടെവെച്ച് അത് ധാരാവിയെ മറക്കുന്നു.
നമ്മൾ പുറമേനിന്നുകാണുന്ന ലോകമല്ല ധാരാവി. ചതുപ്പുനിലങ്ങളുടെ ഓരങ്ങളിൽ കെട്ടിയൊരുക്കിയ ചെറിയചെറിയ മുറികൾ ഓരോന്നും അകത്തേക്ക് തുറക്കുന്ന രാവണൻ കോട്ടയാണ്. ചെറിയചെറിയ ഒറ്റമുറികൾ എല്ലാം തന്നെ നമുക്ക് സങ്കല്പിക്കാൻപറ്റാത്ത രീതിയിലുള്ള വ്യവസായശാലകളാണ്. ലക്ഷങ്ങളും , കോടികളും മറിയുന്ന വൻ വ്യവസായകേന്ദ്രങ്ങൾ. നിർമിതികൾക്ക് ഇവിടെ പരിമിതികളില്ല. നാനാവിധ സാധനസാമഗ്രികൾ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. വേണമെങ്കിൽ അമേരിക്കൻ ഡോളർവരെ ഉത്പാദിപ്പിച്ചു കളയും. മുറികളുടെ വലുപ്പം ചെറുതാണന്നുവച്ച് ഉത്പാദനവലുപ്പം ചെറുതാവുന്നില്ല. പതിനയ്യായിരത്തിനുമേൽ ഒറ്റമുറി ഫാക്ടറികളുണ്ടെന്ന് കണക്കാക്കുന്നു ഇവിടെ.

ഖോളി അഥവാ മുക്കുവരുടെ പ്രദേശമായിരുന്ന ഈ ചെറുദ്വീപിൽ ഗുജറാത്തിൽനിന്നുവന്നവരും കൊങ്കൺ പ്രദേശത്തുനിന്നുവന്നവരു മായിരുന്നു ആദ്യം തമ്പടിച്ചത്. ഗുജറാത്തിൽ നിന്നുവന്നവർ കളിമൺപാത്രങ്ങൾ ഉണ്ടാക്കുന്നവരായിരുന്നു. തെക്കുനിന്നുവന്ന മുസ്ലിങ്ങൾ തുകൽവ്യാപാരത്തിലും , ഉത്തർപ്രദേശിൽനിന്ന് കുടിയേറിയവർ തുണിത്തരങ്ങളിൽ എംബ്രോയിഡറി ചെയ്യുന്ന വ്യാപാരങ്ങളിലും ഏർപ്പെടുന്നവരായിരുന്നു. തമിഴ് കുടിയേറ്റക്കാർ പലഹാരങ്ങളുടെ വ്യാപാരങ്ങൾ തുടങ്ങി. അത് തെക്കേ ഇന്ത്യക്കാരുടെ കേന്ദ്രമായിരുന്ന മാട്ടുംഗയിലൂടെ വൻ വ്യവസായപ്പഴുതുകൾ തുറന്നു.കൈയൂക്കുള്ളവർ അവിടെ അവരുടെ സ്വന്തം സാമ്രാജ്യങ്ങൾ സ്ഥാപിച്ചെടുത്തു. തുടർന്ന് നിരവധി ചാരായം വാറ്റുകേന്ദ്രങ്ങളുണ്ടായി. ടയർ ട്യൂബുകളിൽ അത് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ സുലഭമായി എത്തിച്ചു തുടങ്ങി. ഒരു എത്തുംപിടിയും കിട്ടാത്തത്ര വൻ കച്ചവടമായി അത് പരിണമിച്ചു. പോലീസിനു പിടിക്കാൻ കഴിയാത്ത ദുർഘടമായ ഇടങ്ങളിലായിരുന്നു അത് സ്ഥാപിച്ചിരുന്നത്. കഷ്ടം മറ്റൊന്നല്ല, പോലീസിന് ഉള്ളിൽപ്പോയി പിടിക്കാനുള്ള ശങ്ക അതായിരുന്നു. വിറ്റ് വിഹിതം അനുതാപപൂർവം ചാരായ നിർമാതാക്കൾ പോലീസിന് എത്തിക്കാൻ തുടങ്ങിയതോടെ ആ വ്യാപാരം കുതിച്ചുയർന്നു. താമസംവിനാ വിദേശമദ്യത്തിന്റെയും തനിപ്പകർപ്പുകളുണ്ടായിത്തുടങ്ങി. പോരാ, സ്കോട്ട്ലൻഡിൽ ഉണ്ടാക്കുന്ന മദ്യങ്ങളുടെയും പകർപ്പുകൾ ഇവിടെ നിന്നുംപുറത്തിറങ്ങി.
മറ്റൊരു തകർപ്പൻ മേഖല ലൈംഗികത്തൊഴി ലിടങ്ങളായിരുന്നു. ചുറ്റും നാറ്റവും , അഴുക്കും നിറഞ്ഞുനിന്നെങ്കിലും എല്ലാ നിലകളുടെയും മാംസവിൽപ്പന അവിടെ തിമിർത്താടി. നക്ഷത്ര സൗകര്യമുള്ള എണ്ണിയാലൊടുങ്ങാത്ത സ്വകാര്യകേന്ദ്രങ്ങൾ അവിടെ തുറന്നു പ്രവർത്തിച്ചു. കാറിൽ എത്തിയാൽ അഴുക്കുനിറഞ്ഞ ചതുപ്പിൽ നാലുപേർ പല്ലക്കിലെടുത്ത് കേന്ദ്രത്തിലെത്തിക്കുന്ന സംവിധാനങ്ങളും കസ്റ്റമറിന്റെ കീശയുടെ ബലംപോലെ ഉണ്ടായി. മാർക്കറ്റിലെ ഉടഞ്ഞ ശരീരങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ഈ കേന്ദ്രങ്ങളിൽ വിടർന്നുനിന്ന യൗവനയു ക്തകൾ. ചായംതേക്കാത്ത ചുണ്ടുകളും , ഉടയാത്ത ശരീരവടിവുകളും നിലനിർത്തിയ അവർ പുകൾപെറ്റവരായി. വൻകിട സേട്ടുമാർ രാത്രിയുടെമറവിൽ ധാരാവിയിൽ വന്നിറങ്ങി ഇവരെ തേടി.

മാംസവ്യാപാരം പലവിധമായിരുന്നു. സേട്ടുമാർക്ക് പലവിധ താത്പര്യങ്ങളും. വിചിത്രമായ കാമകേളികളിൽ ഏർപ്പെടാൻ തന്നെ എത്തുന്ന ധാരാളം പേരുണ്ടായിരുന്നു. അതിലൊന്ന്, ട്രാൻസ്ജെൻഡേഴ്സുമായി സമ്പർക്കം ആഗ്രഹിക്കുന്ന പ്രായംമൂത്ത സേട്ടുമാരായിരുന്നു. ഇതിനൊരു പറുദീസയായിരുന്നു ഇവിടം. ഒറ്റനോട്ടത്തിൽ മനസ്സിലാവാത്ത അപൂർവസുന്ദരികളായ ട്രാൻസ്ജെൻഡേഴ്സ് നൂറുകണക്കിന് ഇവിടെ നിലനിന്നിരുന്നു. എത്ര പൈസകൊടുത്തും അവരെ പ്രാപിക്കാൻ ഭ്രാന്തുപിടിച്ചുനടക്കുന്ന നിരവധി കോടീശ്വരന്മാരും. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും വടക്ക് മേവാടിൽനിന്നും എത്തിയ ട്രാൻസ്ജെൻഡേഴ്സ് മാർക്കറ്റിൽ വളരെ വിലപിടിപ്പുള്ളവരായിരുന്നു. അവർക്കു വേണ്ടി എന്തും കൊടുക്കാൻ തയ്യാറായി നിന്നതോ അൻപതും അറുപതും കഴിഞ്ഞ കോടീശ്വരന്മാരും.

മദ്രാസികളുടെ വറവുപുരകൾ ധാരാളം ഇവിടെ ഉണ്ട്. അതായത് എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ നിർമിക്കുന്ന സ്ഥലം. പപ്പടവ്യവസായവുമുണ്ട്. പപ്പടം തടിപ്പലകക ളിൽ ഉണ്ടാക്കാൻ വെച്ചിരിക്കുന്നതിനു മുമ്പിലൂടെ ഒഴുകുന്ന കറുത്ത ചാലുകളിൽനിന്ന് ഈച്ചകൾ ആർത്ത് പപ്പടങ്ങളിൽ പറ്റിക്കളി ക്കുന്നു. ഇഡ്ഡലിയുടെയും , ഉഴുന്നുവടയുടെയും ചെറിയ ഫാക്ടറികളും കാണാം. രണ്ടുമൂന്നു അലൂമിനിയം ഇഡ്ഡലി ചെമ്പുകളിൽ ഇഡ്ഡലി പുഴുങ്ങും. രണ്ടുതട്ടുകളിൽ നൂറ് ഇഡ്ഡലികൾ പുഴുങ്ങിക്കിട്ടും. നഗരത്തിന്റെ നാനാഭാഗങ്ങ ളിലും ഈ ഇഡ്ഡലികൾ വിൽക്കപ്പെടുന്നു. ഹോട്ടലുകളിലേക്കും ഇതിന്റെ സപ്ലേ ഉണ്ട്. വലുപ്പംകൂടിയ ഇഡ്ഡലികളാണ് ഹോട്ടലുകളിലേക്ക് കൊടുക്കുന്നത്.ചതുപ്പിൽ വട്ടത്തിൽ പാകിയൊരുക്കിയ തിട്ടകളിലും ഒറ്റമുറി ഫാക്ടറിയിലും ഇഡ്ഡലിയും ഉഴുന്നു വടകളും കുമിഞ്ഞുകൂടുന്നു.

ഏകദേശം പത്തുലക്ഷത്തോളംപേർ ചെറിയ ചെറിയ കുടുസുമുറികളിൽ താമസിച്ചു കൊണ്ടാണ് ഇവിടെ ജീവിതത്തോട് മല്ലിടുന്നത്. സർക്കാർ ഉദ്യോഗസ്ഥരും , മുനിസിപ്പാലിറ്റി ജോലിക്കാരുമൊക്കെ ഇവിടെ ജീവിതം നയിക്കുന്നുണ്ട് . ഇത്രയും പ്രയാസംനിറഞ്ഞ പരിതഃസ്ഥിതികൾ തരണംചെയ്തും ഇവിടെ ജീവിതം അർപ്പിക്കുന്ന മനുഷ്യർക്ക് ധാരാവിയിൽ ഒരു കിടപ്പാടം തരമാക്കാൻ, നരിമാൻപോയന്റിൽ ഒരു വീട് തരമാക്കുന്ന പ്രയാസം നേരിടേണ്ടിവരുന്നു.അത്യാവശ്യം ഉപയോഗിക്കാനുള്ള കക്കൂസുകൾ എണ്ണത്തിൽ ഗണ്യമായി കുറവായതുകൊണ്ട് ഏഴരവെളുപ്പിനേ പോയിരുന്നു പ്രകൃതിയെ മലിനമാക്കുന്നവരാണ് ഭൂരിപക്ഷവും. മിത്തി നദിയിലേക്ക് ചെന്നുചേരുന്ന വീതിയേറിയ തോടിനു കരയിലൊക്കെ അടുത്തടുത്ത് പണിഞ്ഞ കുടിലുകളാണ്. പാത്രം കഴുകുന്നതും , തുണി അലക്കുന്നതും ഈ തോടിന്റെ തിട്ടിൽ ഇരുന്നാണ്. ചെറിയ മുറികളിൽ ഉറങ്ങാൻ രണ്ടും മൂന്നും തട്ടുകളുള്ള ബെർത്ത് ശരിയാക്കിവെച്ചിരിക്കുന്നു. ഒരുപാട് സ്ഥലങ്ങളിൽ കുടിവെള്ളപ്രശ്നം ഉണ്ടെങ്കിലും സമീപത്തുകൂടിയുള്ള പൈപ്പ് ലൈൻ പൊട്ടിച്ച് വെള്ളം സംഭരിക്കുന്നുണ്ട്. എല്ലാ മാസവും ഇതിന്റെ തമ്പുരാന്മാർക്ക് കൃത്യമായി കൈക്കൂലി കൊടുക്കണം.

പകൽ കക്കൂസുകളിൽ പോകാൻ ദൂരമുള്ളതിനാൽ പാർസൽ സർവീസാണ് മലവിസർജനത്തിനു സ്വീകരിക്കുന്ന ഒരു മാർഗം. പാർസൽ സർവീസ് എന്നാൽ മുറിക്കകത്ത് ന്യൂസ് പേപ്പർ വിരിച്ച് അതിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കക്കൂസിൽ ഇരുന്നിട്ട് അത് മടക്കിക്കെട്ടി ഈ നാറുന്ന വെള്ളമൊഴുകുന്ന തോട്ടിലേക്കെറി യുന്നു. സംഗതി ക്ലീൻ. ഇതാണ് പാർസൽ സർവീസ്. കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ഈ നാറുന്ന തോടിന്റെ അതിരിൽ ഇരുന്ന് അപ്പിയിടാം.
എന്തിനാണ് ഇത്ര കഷ്ടതയിലും ആളുകൾ ധാരാവിയെ പ്രാപിക്കുന്നത്? ഇത്രയും സുരക്ഷിതമായ ഒരു അധോലോകം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്നത് സംശയമാണ്. ബ്രസീലിൽ, ന്യൂയോർക്കിൽ, ഹോങ് കോങ്ങിൽ ഒക്കെയും ഇതിനെക്കാൾ വലിയ ചേരിപ്രദേശങ്ങളുണ്ടെങ്കിലും ധാരാവിപോലെ സുരക്ഷിതമായ ഒരിടം ഭൂമിയിൽ മറ്റൊരിടത്തും ഉണ്ടാവില്ല. കണ്ടൽക്കാടുകളുടെ അവസാനം ഒറ്റപ്പെട്ടുനിൽക്കുന്ന ചതുപ്പുനിലങ്ങളുടെ മുകളിൽ അദ്ഭുതകരമായി പടുത്തുയർത്തിയ ഒരു നിഗൂഢ താവളമാണിത്.

പ്രയാസം നേരിടാതെ ഉള്ളറകളിലേക്ക് കടക്കാനാവാത്ത ഒരു രഹസ്യഭൂമി. പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. അത് നല്ലപോലെ ധാരാവിക്ക് പ്രതിരോധം തീർത്തിരിക്കുന്നു. സാധാരണ മനുഷ്യരെ ഒരിക്കലും പ്രലോഭിപ്പിക്കാത്ത ജീവിത സാഹചര്യങ്ങളായിട്ടുപോലും ഇവിടെ തമ്പടിച്ച മനുഷ്യരെ അത് ഒരിക്കലും അലട്ടുന്നില്ല. സാധാരണ ജനങ്ങൾ നേരിടുന്ന സാമൂഹിക വ്യവസ്ഥിതികളൊന്നും ഈ പ്രദേശ ജീവിതത്തിനു നേരിടേണ്ടി വരുന്നില്ല.മദ്രാസികളുടെ ഒരുകാലത്തെ കാണപ്പെട്ട ദൈവമായിരുന്ന ഒരു ഗുണ്ടാത്തലവന്റെ ഇലക്ട്രിസിറ്റി ബിൽ ഏകദേശം രണ്ടുലക്ഷം രൂപ കടന്നപ്പോൾ ഫ്യൂസൂരാൻ വന്നവനെ കൈകാര്യം ചെയ്തിട്ട് ഗുണ്ടാത്തലവൻ ഓഫീസിലേക്ക് ഒരു സന്ദേശം കൊടുത്തുവിട്ടു. ആരാണ് ഫ്യൂസൂരാൻ വരുന്നവൻ അവന്റെയും ഓഫീസറുടെയും കൈകൾ വെട്ടി മിത്തി നദിയിൽ എറിയുമെന്നതായിരുന്നു ആ സന്ദേശം. ഒരാളും പിന്നെ ഫ്യൂസൂരാൻ വന്നില്ല.

ഇവിടെ പുഴുക്കളെപ്പോലെ ജീവിക്കുന്ന മനുഷ്യർക്ക് ആണ്ടിലൊരിക്കൽ കൈവരുന്ന സുദിനങ്ങളായിരുന്നു ഭാദ്രപദ മാസത്തിലെ ഗണേശ ചതുർഥി. ആ പത്തോ പതിനൊന്നോ ദിവസം ധാരാവിയും പരിസരങ്ങളും നിറഞ്ഞാടുന്ന ദിവസങ്ങളാണ്. പ്രിയപ്പെട്ട സിനിമാതാരങ്ങളൊക്കെയും ഇതിൽ പങ്കെടുക്കാറുണ്ട്. ഗുണ്ടാത്തലവൻ വിളിച്ചാൽ ധാരാവിയിൽ എത്താത്ത താരങ്ങളില്ല തന്നെ. ഗുണ്ടാത്തലവന്മാരുടെ ധർമം കൊണ്ടാടാൻ ഈ ഗണേശ ചതുർഥി നീക്കിവെച്ചിരിക്കുന്നു. ഇഷ്ട ആഹാരവും , വസ്ത്രവും , പണക്കിഴിയും ഇവിടത്തെ പ്രജകൾക്ക് സമ്മാനമായി ആ ദിവസങ്ങളിൽ നൽകപ്പെടുന്നു. ഇവിടെ ധർമവും അധർമവും കൊള്ളയും കൊലയുമൊക്കെ സമ്മിശ്രമായി കെട്ടു പിണഞ്ഞുകിടക്കുകയാണ്. ഒരാളെ വകവരുത്തിയാൽ ആ കേസിനൊരു തുമ്പില്ലാതാക്കാൻ ധാരാവിയിൽ ഗുണ്ടാത്തലവന്മാരുടെ അധീനതയിലുള്ളൊരു കോട്ടയുണ്ടു എന്ന് പറയപ്പെടുന്നു. ബോഡി അതിൽ തള്ളിയാൽ കഴിയുന്നു, ആ കേസ്. ദൈവം കേസന്വേഷണത്തിന് നേരിട്ടിറങ്ങി വന്നാലും തെളിയിക്കാനാവാത്ത ഇരുട്ടിലായിരിക്കും പിന്നെ അത്.

തെമ്മാടിപ്പിള്ളാരെ കർശനമായി തിരഞ്ഞെടുത്തു പോക്കറ്റടി പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടായിരുന്നു . സയൻ, ദാദർ എന്നീ സ്റ്റേഷനുകളായിരുന്നു ഇവർ ആദ്യം പരിശീലിക്കുന്ന വേദി. വടക്കേ ഇന്ത്യയിൽ നിന്നുവന്ന ഒരാളായിരുന്നു ഈ പോക്കറ്റടി സംഘത്തെ നയിച്ചിരുന്നത്. പോക്കറ്റടിച്ചു കിട്ടുന്ന തുകയുടെ കമ്മിഷനും ഒരു മാസ ശമ്പളവും അയാൾ ഇവർക്ക് കൊടുത്തിരുന്നു.ധാരാവിയുടെ മറ്റൊരു സവിശേഷത അവിടത്തെ സൗഹാർദമാണ്. കോടിക്കണക്കിനു കാശിന്റെ വ്യവസായങ്ങൾ നടക്കുമ്പോഴും അവിടെ ഒരു തൊഴിലാളി പ്രശ്നമോ മുതലാളിപ്രശ്നമോ ഉണ്ടാവുന്നില്ല. എത്രയോ മഹാമാരികൾ വന്നിട്ടും ധാരാവി അസ്തമിക്കുന്നില്ല. അതൊരു വല്ലാത്ത മനുഷ്യബലം തന്നെയാണ്. സ്വാതന്ത്ര്യം കിട്ടി എത്രയോ പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. ധാരാവിയെ വികസിപ്പിക്കാൻ ഒരു ഭരണകൂടവും മനസ്സുവച്ചിട്ടില്ല എന്നതാണ് സത്യം. ഈ കഴിഞ്ഞവർഷങ്ങളിൽ ചേരി പൊളിച്ചുമാറ്റി ഫ്ളാറ്റുകൾ നിർമിച്ച് കുറച്ച് ജനങ്ങൾക്ക് കൈമാറിയെങ്കിലും, കിട്ടിയ ഫ്ളാറ്റുകൾ വാടകയ്ക്കുകൊടുത്തിട്ട് വീണ്ടും ആ ചതുപ്പിൽ ത്തന്നെ പോയവരുടെ കഥയാണ് കേൾക്കാനാ വുന്നത്.

ധാരാവിയുടെ വടക്കൻ അതിർത്തിയിലാണ് ബാലാസാഹബ് താക്കറെയുടെ കുടുംബം താമസിക്കുന്നത്. ബാന്ദ്ര ഈസ്റ്റിലെ കലാനഗർ എന്ന പ്രദേശത്ത്. കിഴക്കുവശം സമ്പന്നരുടെ യും പഴയ സിനിമാതാരങ്ങളുടെ യും പാലി ഹിൽ എന്ന പ്രദേശമാണ്. അതിനും തെക്ക് മാഹിം പ്രദേശത്തിന് അടുത്താണ് പ്രശസ്തമായ ശിവാജി പാർക്ക്. ധാരാവി അദ്ഭുതങ്ങളുടെ ഒരു മാന്ത്രികഭൂമിയാണ്, അതിനുള്ളിൽക്കഴിയുന്ന ജനതയും.
മഴ താണ്ഡവമാടുന്ന സമയത്ത് ധാരാവി ഭയാനകമാകും. കലങ്ങിമറിഞ്ഞുവരുന്ന വെള്ളത്തിന് നിറം മാറും. കൊഴുത്ത കറുപ്പുനിറം ഇളം ഓറഞ്ചായിരിക്കും. പെട്രോളിന്റെയും , ഡീസലിന്റെയും കലർപ്പ് വെള്ളത്തിന്റെ ഒഴുക്കിൽപ്പോലും തിരിച്ചറിയാം. മലവും , ചെളിയും കുറെ ഒലിച്ചു പോയിരി ക്കുന്നു. പൊതുവേയുള്ള ധാരാവിയുടെ കടുത്തനാറ്റം മഴ കൊണ്ടുപോകും. തുകൽ അഴുകുന്ന മണം മഴക്കാറ്റിലില്ല.
മുട്ടൊപ്പം വെള്ളത്തിൽ നീന്തി വേണം ഈ സമയം അകത്തേക്ക് കടക്കാൻ.മിക്കയിടത്തും മൂന്നു കിടക്കകളുള്ള ബർത്ത് സൂക്ഷിച്ചിട്ടുണ്ട്. അതിലെ താഴത്തെ രണ്ടും ഇളക്കിമാറ്റി മുകളിലുള്ള ബർത്തിൽ എല്ലാവരും കിടക്കും. ഉത്തരത്തിൽ കയറുകെട്ടി കനത്ത തുണി കൊണ്ടു തീർക്കുന്ന തൊട്ടിലുകളിൽ കുട്ടികളും. തീർന്നു മഴപ്രശ്നം. മനുഷ്യവിസർജ്യം ഒഴുകി വരുന്നത് മാത്രം തടയാനാവില്ല. അത് സഹിക്കുക.

 

You May Also Like

തലയോടു പിളർന്നവരുടെ നിലവിളി കേട്ടാണ് എൺപതുകളിലെ കംബോഡിയ സൂര്യോദയം കണ്ടിരുന്നത്

ഏഷ്യയിലെ ഹിറ്റ്‌ലർ എന്നറിയപ്പെട്ടിരുന്ന ഏകാധിപതി ആര് ? അറിവ് തേടുന്ന പാവം പ്രവാസി തനിക്ക് ഇഷ്ടമല്ലാത്ത…

തലച്ചോറ് ഇല്ലാത്ത 8 ജീവികൾ

ബോധമുള്ള ജീവികളായ മനുഷ്യർക്ക് തലച്ചോറില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പ്രയാസമാണ്. നമ്മെ സംബന്ധിച്ചിടത്തോളം, മസ്തിഷ്കം നിർണായകമാണ്, അത്‌കൊണ്ടാണ്…

വധു ആദ്യരാത്രിയിൽ പാലുമായി വരുന്നത് ഏന്തിനാണ് ? ആദ്യരാത്രിയിൽ പാൽ കുടിക്കുന്നത് എന്തിന് ?

സിനിമയിലും , നോവലിലും സ്ഥിരം കാണുന്ന കാഴ്ചയാണ് വധു ആദ്യരാത്രിയിൽ പാലുമായി വരുന്നത് .ആദ്യരാത്രിയിൽ പാൽ…

ആ ഉൽക്ക ഒരു 30 സെക്കൻഡ് കഴിഞ്ഞാണ് ഇടിച്ചതെങ്കിൽ ദിനോസറുകൾ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിയുന്നു

Anoop Nair   ജിബിൻ: മാഷേ, ഇന്നലെ പത്രത്തിൽ ഞാൻ ഈ ആസ്റ്ററോയ്ഡുകളെ കുറിച്ചു വായിച്ചു. പക്ഷെ…