ധർമ്മപുരാണത്തിൽ ഒ.വി.വിജയൻ ഇന്നത്തെ ഇന്ത്യയെ മുൻകൂട്ടി കണ്ടിരുന്നു

0
1453

ഒ.വി. വിജയൻ രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആണ് ധർമ്മപുരാണം. ധർമ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ബാലനാണ്. ഞെട്ടിപ്പിക്കുന്ന വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ്‌ ഈ രചനയിൽ വിജയൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഭരണകൂടമാണ് ഇതിവൃത്തമെന്ന സംശയത്തെ നോവലിസ്റ്റ് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും വായനയിൽ ഇന്നത്തെ പല കാര്യങ്ങളുമായും ചേർത്ത് വായിക്കാം. നോവലിസ്റ്റ് നിഷേധിച്ചാലും കാലം ആവശ്യപ്പെടുന്ന രീതിയിൽ തന്റെ രചന ന്നു എത്തി നിൽക്കുന്നെങ്കിൽ അദ്ദേഹത്തിന് അഭിമാനിക്കാം. 

ധര്‍മ്മപുരാണം തുടങ്ങുന്നത് ഇങ്ങനെയാണ്

“ധര്‍മ്മപുരിയില്‍, ശാന്തിഗ്രാമത്തില്‍ പ്രജാപതിക്ക് തൂറാന്‍ മുട്ടി.

പതിവുതെറ്റിയ സമയമായിരുന്നു അത്. അക്കാരണത്താല്‍ വിസര്‍ജ്ജനത്തെ വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍, അവിടെ ആ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച Image result for dharmapuranamമഹത്തുക്കള്‍ തെല്ലസ്വസ്ഥരായി. സമയം സായാഹ്നമാണ്, സൂര്യന്‍ താണിട്ടില്ല; നിരവധി വര്‍ഷങ്ങളായി മുടങ്ങാത്ത ആവര്‍ത്തനോത്സുകതയോടെ പുലര്‍ച്ചെയ്ക്കും അസ്തമയവേളയിലും തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്.

ആ മുഹൂര്‍ത്തത്തിലത്രയും പ്രക്ഷേപണശൃംഖലകളിലൂടെ ധര്‍മ്മപുരിയുടെ ദേശീയഗാനം കേട്ടുകൊണ്ട് പൗരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസം കൊണ്ടു. കുട്ടികള്‍ പോലും അത് കേള്‍ക്കേ രാഷ്ട്രത്തിന്റെ സിരാബന്ധങ്ങളില്‍ മുഴുകും. അവര്‍ അവരുടെ അമ്മമാരോട് പറയും: ‘അപ്പന്‍ തൂറ്റുന്നു.’

കണ്ണുതുടച്ചുകൊണ്ട് അമ്മമാര്‍ വിസര്‍ജ്ജന മൂര്‍ത്തിയെ ധ്യാനിച്ച് ഇങ്ങനെ പറയും: ‘അതെ, തൂറ്റുന്നു. കല്യാണസൗഗന്ധികത്തിന്റെ മണമുള്ള ആ കണ്ടികളെ ധ്യാനിക്കൂ മക്കളേ.’ അവയുടെ സാമിപ്യം തങ്ങളുടെ മക്കള്‍ക്കുണ്ടാകട്ടെ എന്ന് അമ്മമാര്‍ നേര്‍ന്നു. കാരണം, ധര്‍മ്മപുരിയില്‍ എന്തെങ്കിലുമായി തീര്‍ന്നിട്ടുള്ളവരൊക്കെ, വ്യവസായങ്ങളിലാകട്ടെ, രാഷ്ട്രീയത്തിലാകട്ടെ, അവരെല്ലാവരും തന്നെ ആ തീട്ടം തിന്നാണ് അവിടങ്ങളിലൊക്കെ പിടിച്ചുകയറിയത്.

Image result for dharmapuranamഅപാരശ്രമങ്ങളിലൂടെയും ദാസ്യകൗശലങ്ങളിലൂടെയും അവര്‍ വിസര്‍ജ്ജിത ദ്രവ്യത്തിന്റെ തരിമ്പുകള്‍ നേടിയെടുത്ത് അതില്‍ സത്തുക്കളുടെയും പഴങ്ങളുടെയും പരിപ്പുകളുടെയും അമൂല്യ സുഗന്ധങ്ങളും മാധുരികളും കലര്‍ത്തി, അതിനെ ഒട്ടധികം പ്രദര്‍ശനകതൂഹലത്തോടെ സേവിച്ചു. ഈ ഊണുകള്‍ കാണാന്‍ ധര്‍മ്മപുരിയിലെ പത്രപ്രതിനിധികള്‍ ക്ഷണിക്കപ്പെട്ടു.

തീട്ടംതിന്നുന്ന നേതാക്കന്മാരുടെ പടങ്ങള്‍ പത്രങ്ങളുടെ മുന്‍ദലങ്ങളില്‍ അച്ചടിച്ചുവന്നു. അങ്ങനെ അവര്‍ക്ക് പ്രജാപതിയുടെ പ്രീതിയും നാടിന്റെ സ്വാധീനശ്രേണികളില്‍ ഇടങ്ങളും കൈവന്നു. തീട്ടക്കണ്ടികളുരുട്ടി അയമോദകവും തിപ്പിലിയും മറ്റൗഷധങ്ങളും ചേര്‍ത്ത് അവര്‍ അവരുടെ മക്കള്‍ക്കും തിന്നാന്‍ കൊടുത്തു..”

=====

വിലയിരുത്തൽ

ധർമ്മപുരാണത്തിനുണ്ടായ വിമർശനങ്ങൾ മിക്കവയും അതിലെ വിസർജ്ജ്യ, രതി ബിംബങ്ങളുടെ ബാഹുല്യം പരിഗണിച്ചു. “ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം” എന്ന് കെ.പി. അപ്പൻ ഈ പശ്ചാത്തലത്തിൽ ഈ കൃതിയെ വിശേഷിപ്പിക്കുന്നു. പ്രതിക്ഷേധത്തിന്റെ ശിശുസഹജമായ മാർഗ്ഗങ്ങൾ സ്നേഹശൂന്യവും ജീർണ്ണവുമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ബോധപൂർ‌വമല്ലാതെ ഉപയോഗിക്കുകയാണ്‌ വിജയൻ ഈ കൃതിയിൽ ചെയ്തതെന്ന് അപ്പൻ കരുതി. അതിനാൽ “സരളവും ശിശുസഹജവുമായ പ്രതിക്ഷേധത്തിന്റെ ഭാഗമായ തീട്ടത്തെക്കുറിച്ചുള്ള സ്തോത്രങ്ങൾ സങ്കേതമെന്ന നിലയിലും മനോഭാവമെന്ന നിലയിലും ഈ നോവലിന്റെ കലയിൽ സ്വീകാര്യമാണെന്നും” അദ്ദേഹം വാദിച്ചു. എങ്കിലും ഈ നോവലിൽ കാണപ്പെടുന്ന ശവരതിയും മറ്റും നോവലിസ്റ്റിന്റെ സൗന്ദര്യമുള്ള ശിരസ്സിലെ പ്രതിരോധിക്കപ്പെട്ട ജീർണ്ണസ്വപ്നമായിരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. ധർമ്മപുരാണത്തെ “അഴുക്കിൽ ചാലിച്ച ഗീതാദുഃഖം” എന്ന് വിശേഷിപ്പിക്കുന്ന വി.രാജകൃഷ്ണൻ, അതിലെ വിസർജ്ജ്യദൃശ്യങ്ങളുടേയും, ലൈംഗികകല്പനകളുടേയും പെരുപ്പം പ്രമേയതലത്തിൽ മാത്രം വിശദീകരിക്കാവുന്നതല്ലെന്ന് കരുതി. വിജയന്റെ “ഉപബോധമനസ്സിൽ പരിഹരിക്കപ്പെടാതെ ബാക്കി കിടക്കുന്ന ഈഡിപ്പൽ സംഘർഷങ്ങളുമായും ആനൽ ഇറോട്ടിക്ക് വാസനകളുമായും മദ്ധ്യവയസ്സിലെ ലൈംഗികഭീതിയുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്‌ ഈ ഭാവബദ്ധതകൾ” എന്നു അദ്ദേഹം കരുതുന്നു. “അരം വരുത്തിയ തെറിപ്പാട്ടിൽ നിന്നു തുടങ്ങി കാരുണ്യത്തിന്റെ ആർദ്രസ്മിതം കാഴ്ചവച്ചവസാനിക്കുന്ന നോവൽ” എന്ന് ഈ കൃതിയെ വിശേഷിപ്പിക്കുന്നുമുണ്ട് ഈ വിമർശകൻ.

നോവലിലെ കഥയുടെ സ്ഥലകാല പശ്ചാത്തലങ്ങളും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ധർമ്മപുരാണം 1975-77 കാലഘട്ടത്തിൽ ഇന്ത്യയിൽ നടപ്പാക്കപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയുടെ കഥയാണെന്നും അതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യയിലെ ഭരണകൂടമാണെന്നുമുള്ള ധാരണയെ നോവലിസ്റ്റ് അതിനെഴുതിയ ആമുഖത്തിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നടത്തിയ തിരുത്തിയെഴുത്തലുകൾക്കു പുറമേ, കാലികമായ അടയാളങ്ങൾ കഴിവതും എടുത്തുകളയാനായി നാലാം പതിപ്പിൽ നോവൽ വീണ്ടും തിരുത്തിയെഴുതപ്പെട്ടു. എന്നാൽ മേലെഴുത്തുകൾക്കിടയിൽ മൂലകഥ മിക്കവാറും എല്ലാ സന്ദർഭങ്ങളിലും തെളിഞ്ഞുനിൽക്കുന്നതിനാൽ, സമകാലീനരാഷ്ട്രീയത്തിന്റെ അന്യാപദേശത്തെ കാലാതീതമായ ഒരു കഥയാക്കി മാറ്റാനുള്ള ശ്രമം ധർമ്മപുരാണത്തെ ഒരൊറ്റ നോവൽ എന്നതിനുപകരം അനേകം നോവലുകൾ എന്ന രൂപത്തിലാക്കുക മാത്രമാണ്‌ ചെയ്തതെന്ന് നിരൂപകനായ വി.സി.ശ്രീജൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. “ഇന്ത്യൻ രാഷ്ടീയത്തിലെ ഇന്ദിരായുഗത്തെക്കുറിച്ചുള്ള ഇളവില്ലാത്ത വിധിപ്രസ്താവമായ” ധർമ്മപുരാണത്തിൽ വിജയൻ ഉരിച്ചുകാട്ടുന്നത്, രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ ലിബറലിസത്തിന്റെ കപടാവരണമണിഞ്ഞ് രൂപപ്പെട്ട അർത്ഥഫാഷിസ്റ്റ് വ്യവസ്ഥിതിയുടെ വികൃതമാതൃകകളിൽ ഒന്നിനെയാണെന്ന് വി.രാജകൃഷ്ണൻ കരുതുന്നു. എന്നാൽ “ബീഭത്സമായ കാമരൂപങ്ങൾ കൊണ്ടു നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റേയും സ്ഥലത്തിന്റേയും ചെറിയ അതിരുകളിൽ തളച്ചിടാൻ സാധ്യമല്ല” കെ.പി. അപ്പന്റെ പക്ഷം.

കടപ്പാട് : വിക്കിപീഡിയ