വർഗീയ സിദ്ധാന്തം മെനഞ്ഞ ഹിറ്റ്ലറുടെ കൺമുന്നിൽ ജർമനിയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണ്ണം നേടിത്തന്ന ധ്യാൻചന്ദ്

0
392

Wilfred Raj David എഴുതുന്നു 

നെഞ്ച് വിരിച്ച് ധ്യാൻ ചന്ദ്

ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ് ഇന്ത്യക്ക് മൂന്ന് ഒളിമ്പിക്‌സ് സ്വർണ്ണമെഡലുകൾ നേടിത്തന്നിട്ടുണ്ട്. അതിൽ എന്തുകൊണ്ടും മധുരതരമായതാണ് 1936ലെ ബർലിൻ ഒളിമ്പിക്‌സിൽ നേടിയ സ്വർണം. ഒളിമ്പിക്‌സിൽ ഹോക്കി ഒരു മത്സര ഇനമാക്കിയശേഷം നടന്ന ആദ്യ രണ്ടു തവണയും സ്വർണം നേടിയ ഇന്ത്യ ഹാട്രിക് സ്വർണം നേടിയ വർഷം മാത്രമല്ല, വർഗീയ മേധാവിത്വ സിദ്ധാന്തം മെനഞ്ഞ ഹിറ്റ്ലറുടെ കൺമുന്നിൽ ജർമനിയെ ഫൈനലിൽ തോൽപ്പിച്ച് വിജയനൃത്തമാടിയ ഇന്ത്യക്കാർ അദ്ദേഹത്തെ ശരിക്കും ഞെട്ടിക്കുകയായിരുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒന്നാന്തരം ‘തഗ് ലൈഫ്’.

Wilfred Raj David

ഇരുപതാം വയസ്സിൽ ഇന്ത്യൻ ആർമിക്ക് വേണ്ടി കളിച്ചു തുടങ്ങിയ ധ്യാൻ ചന്ദ് എന്ന അലഹബാദുകാരൻ ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെടാത്ത ഹോക്കി സൂപ്പർ താരമായി വളർന്നു കഴിഞ്ഞിരുന്നു. 1932ൽ സ്വർണം നേടിയ ടീമിലെ അംഗമായിരുന്ന അനുജൻ രൂപ് സിംഹും ബർലിനിൽ കളിക്കാൻ ഉണ്ടായിരുന്നു.

ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങിൽ തന്നെ ഇന്ത്യൻ കളിക്കാർ ഹിറ്റ്ലറെ ‘ഞെട്ടിച്ചു’.
ബർലിൻ ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങ് ഹിറ്റ്ലർ എന്ന സ്വപ്രേമിയുടെ (egotistic) ആഢംബര പ്രദർശനമാക്കി മാറ്റാൻ ശ്രമം നടന്നു. മാർച്ച് പാസ്റ്റിൽ പങ്കെടുത്ത കായിക താരങ്ങൾ, ഹിറ്റ്ലറോടുള്ള വിധേയത്വം പ്രഖ്യാപിക്കാൻ വേണമെങ്കിൽ ഒരു മൈൽ കൂടുതൽ പോകാനും തയ്യാറായിരുന്നു. മുഖ്യാതിഥിയുടെ മുന്നിൽ ആദരസൂചകമായി തങ്ങളുടെ പതാക അൽപ്പം ചരിക്കുന്നതാണ് ഒളിമ്പിക്‌സ് മര്യാദ. എന്നാൽ മിക്ക കായിക താരങ്ങളും കുപ്രസിദ്ധമായ ‘നാസി സല്യൂട്ടിലൂടെ’ ഹിറ്റലറെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. ചില രാജ്യക്കാർ ഏതാണ്ട് സമാനമായ ‘ഒളിമ്പിക് സല്യൂട്ട്’ നൽകി. ചൈനയും യൂ. എസ്. ഏയും പോലുള്ള രാജ്യങ്ങളിലെ കളിക്കാർ തൊപ്പി നെഞ്ചോട് ചേർത്ത് (hats-on-heart) ആദരവ് പ്രകടിപ്പിച്ചു. എന്നാൽ മുഖ്യമായും ഹോക്കി കളിക്കാരടങ്ങിയ ചെറിയ ഇന്ത്യൻ സംഘം ഹിറ്റ്ലറുടെ നേർക്ക് കൊടി മാത്രം ചായ്ച്ച് കടന്നു പോയി. ചെറുതും വലുതാകുന്ന സന്ദർഭങ്ങളിലൊന്ന്!

Image result for dhyan chand hockey playerസ്പോർട്സിൽ ഹിറ്റ്ലറുടെ ‘ആര്യൻ മേധാവിത്ത’ സിദ്ധാന്തത്തിന് ഏറ്റവും വലിയ വെല്ലുവിളി ‘കറുത്ത വർഗ്ഗക്കാരായ’ കളിക്കാരായിരുന്നു. അതുകൊണ്ട് ജെസെ ഓവൻസിനെപ്പൊലെയുള്ള കളിക്കാരെ ഹിറ്റ്‌ലർ നോട്ടമിട്ടു. ഓവൻസിനെ ലോംഗ് ജമ്പിൽ ‘ഞെട്ടിക്കാൻ’ ഹിറ്റ്‌ലർ രഹസ്യമായി ഒരുക്കിയ വജ്രായുധമായിരുന്നു ലസ് ലോംഗ് (Luz Long) എന്ന ഉയരക്കാരൻ. എന്നാൽ ഹിറ്റ്ലറുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഓവൻസ് സ്വർണം നേടി. ഹിറ്റലറുടെ മുഖത്തേറ്റ അടിയായിരുന്നു അത്. ലോംഗിൻ്റെ മാന്യമായ വ്യക്തിത്വത്തെപ്പറ്റി ഓവൻസ് പറഞ്ഞറിഞ്ഞ ലോകം അദ്ദേഹത്തെയും ആദരിച്ചു.

ബർലിൻ ഒളിമ്പിക്‌സിൽ ഏറ്റവുമധികം സ്വർണം നേടി ആര്യൻ മേധാവിത്തം തെളിയിക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ പദ്ധതി. ആതിഥേയരെന്ന നിലയിൽ കാണികളുടെ പിന്തുണ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുതലെടുത്ത് ഇത് നേടാമെന്ന് അദ്ദേഹം കണക്കുകൂട്ടി. അതിനായി അദ്ദേഹം ‘ചൂണ്ടിവച്ച’ ഇനങ്ങളിലൊന്നായിരുന്നു ഹോക്കി. ‘അശുദ്ധ ആര്യന്മാർ’ എന്ന് ഹിറ്റ്ലർ കരുതിയ ഇന്ത്യക്കാരെ തോൽപ്പിക്കാൻ വേണ്ട പരിശീലനം രഹസ്യമായി ഹിറ്റ്ലർ ജർമ്മൻ ടീമിന് ഏർപ്പെടുത്തിയിരുന്നു.

Image result for dhyan chand hockey playerഹിറ്റ്ലറുടെ പദ്ധതി കൃത്യമായി ‘വർക്ക് ഔട്ട്’ ആയി. ഹോക്കിയിൽ ഇന്ത്യ – ജർമ്മനി ഫൈനൽ. ജർമ്മനി സ്വർണം നേടുന്ന ‘ചരിത്ര മുഹൂർത്തത്തിന്’ സാക്ഷ്യം വഹിക്കാൻ ഹിറ്റ്ലറും ഗീബൽസും ഉൾപ്പെട്ട ‘ഹൈ പ്രൊഫൈൽ’ ജർമ്മൻ സംഘം പവലിയനിൽ.

എതിരാളികളെ എണ്ണം പഠിപ്പിക്കാനെന്നവണ്ണം ഗോളടിച്ച് രസിക്കുന്നത് പതിവാക്കിയ ഇന്ത്യൻ ടീമിനെ ഇത്തവണ ജർമ്മനി കൂച്ചുവിലങ്ങിട്ടു.ആദ്യ പകുതിയിൽ ഇന്ത്യ അടിച്ചത് ഒരേയൊരു ഗോൾ. ധ്യാൻ ചന്ദിനെ ‘ടാക്ക്ൾ’ ചെയ്യാൻ ശ്രമിച്ച ഒരു ജർമ്മൻ കളിക്കാരൻ്റെ സ്റ്റിക്ക് അദ്ദേഹത്തിന്റെ മുഖത്തുകൊണ്ടു. ചോര തുപ്പിയ ധ്യാനിൻ്റെ ഒരു പല്ലും ഇളകിവീണു. അതൊന്നും വകവെക്കാതെ അദ്ദേഹം കളി തുടർന്നു.

Related imageരണ്ടാം പകുതിയിൽ ഇന്ത്യൻ കളിക്കാർ നഗ്നപാദരായാണ് കളിക്കാനിറങ്ങിയത്. നരകത്തിൻ്റെ വാതിലുകൾ തുറന്ന് പ്രളയം തങ്ങളെ വിഴുങ്ങാൻ വരുന്നതുപോലെയുള്ള അനുഭവമായിരുന്നു, ജർമ്മൻ കളിക്കാർക്കും ആരാധകർക്കും. എണ്ണുന്ന ജോലി ജർമ്മനിക്കാരെ ഏൽപ്പിച്ച ഇന്ത്യ ഏഴ് ഗോളുകൾ കൂടെ നേടി. ധ്യാനിൻ്റെ ഹാട്രിക്കിന് ഒരൊന്നൊന്നര പവൻ തിളക്കമുണ്ടായിരുന്നു.

ജർമ്മനി ഒരു ഗോൾ തിരിച്ചടിച്ചു; ആ ഒളിമ്പിക്‌സിൽ ഇന്ത്യ വഴങ്ങിയ ഒരേയൊരു ഗോൾ!

കളി തിരുംമുമ്പേ തന്നെ ഹിറ്റ്ലർ വിശ്രമമുറിയിലേക്ക് പിൻവാങ്ങിയിരുന്നു. എന്നാൽ സ്വർണമെഡൽ നൽകുന്ന ജോലി ബാക്കിയുണ്ടായിരുന്നതിനാൽ കളി തീർന്നപ്പോൾ അദ്ദേഹം മടങ്ങി വന്നു. ധ്യാൻ ചന്ദിൻ്റെ കഴുത്തിൽ മെഡലണിയിച്ച് ഹസ്തദാനം ചെയ്തിട്ട് തന്നെ വിശ്രമമുറിയിൽ വന്ന് കാണാൻ ഹിറ്റ്ലർ ആവശ്യപ്പെട്ടു.

പിന്നീട് വിശ്രമമുറിയിലെത്തിയ ധ്യാനിനോട്
ഹിറ്റ്ലർ ചോദിച്ചു;
“ഇന്ത്യൻ ആർമിയിൽ എന്താണ് താങ്കളുടെ റാങ്ക്?”
“ലാൻസ് നായ്‌ക്”.
ഇന്ത്യൻ ആർമിയിലെ ഏറ്റവും ചെറിയ രണ്ടാം റാങ്കാണ് ലാൻസ് നായ്‌ക്. ഇന്ത്യാക്കാരാണെങ്കിൽ എത്ര കഴിവുള്ളവർക്കും വലിയ റാങ്കുകളിൽ കയറിപ്പറ്റാൻ കഴിഞ്ഞിരുന്നില്ല. (സ്വാതന്ത്ര്യാനന്തരം അതിവേഗം പ്രൊമോഷൻ നേടിയ ധ്യാൻ ചന്ദ് 1956ൽ മേജർ റാങ്കിൽ റിട്ടയർ ചെയ്തു).

ഒരു നിമിഷം ആലോചിച്ചിട്ട് ഹിറ്റ്ലർ പറഞ്ഞു,
“ജർമ്മനിക്ക് വേണ്ടി കളിക്കുകയാണെങ്കിൽ ഞാൻ താങ്കൾക്ക് ഒരു സീനിയർ കമ്മീഷൻഡ് ഓഫീസറുടെ റാങ്ക് തരാം”.

ദ്വിഭാഷിയിൽ നിന്നും കാര്യം മനസ്സിലാക്കിയ ധ്യാൻ മറ്റൊന്നും ആലോചിക്കാതെ എന്നാൽ ഭവ്യതയോടെ മറുപടി പറഞ്ഞു, “നോ’.

തൻ്റെ മാതാപിതാക്കൾ ഇന്ത്യാക്കാരാണെന്നും അവർക്ക് ജർമ്മനിയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവില്ലെന്നും ധ്യാൻ പറഞ്ഞത് ഹിറ്റ്ലർ ശരിയായിത്തന്നെ മനസ്സിലാക്കി.

‘You are doubtlessly aware that I am a common man, and then a soldier. It has been my training from my very childhood to avoid limelight and publicity. I have chosen a profession where I have been taught to be a soldier, and nothing beyond that” എന്നാണ് ധ്യാൻ ചന്ദ് തൻ്റെ ആത്മകഥയായ ‘Goal’ൽ പറയുന്നത്.