Satheesh Kumar
ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ദിനരാത്രങ്ങൾ റിലീസ് ചെയ്തിട്ട് നാളെ (21.01.1988) 35 വർഷം. വമ്പൻ ഹൈപ്പിൽ, താര ബാഹുല്യത്തോടെ റിലീസായ ഈ ചിത്രം തീയറ്ററുകളിൽ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. മലയാള സിനിമാ ലോകത്തെ അമ്പരപ്പെടുത്തിയ പരാജയം കൂടിയായിരുന്നു ഇത്.
നക്സലിസത്തിലേക്ക് ഈയാം പാറ്റകളേ പോലെ ആകൃഷ്ടരായി ജീവിതം ഹോമിക്കേണ്ടി വന്ന അരവിന്ദൻ എന്ന ചെറുപ്പക്കാരന്റെയും അയാൾക്ക് ചുറ്റുമുള്ളവരുടെയും ജീവിതങ്ങളെ പറഞ്ഞ് പോകുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ” വസന്തത്തിന്റെ ഇടി മുഴക്കങ്ങൾ ” വെറും മരീചികയാണെന്ന വൈകി വന്ന തിരിച്ചറിവിൽ ; കൈവിട്ട് പോയ ജീവിതം തിരിച്ച് പിടിക്കാനുള്ള അരവിന്ദന്റെ അവസാന ശ്രമങ്ങൾ എന്ത് കൊണ്ടോ പ്രേക്ഷകർക്ക് ഉൾക്കൊള്ളാനായില്ല. കേന്ദ്ര കഥാപാത്രമായ അരവിന്ദനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു .
മലയാള വാണിജ്യ സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ന്യൂ ഡൽഹി എന്ന മെഗാ ഹിറ്റിന് ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ ചിത്രീകരണ വേളയിൽ തന്നെ സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ദിനരാത്രങ്ങൾക്ക് കഴിഞ്ഞു. പക്ഷേ, ആ പ്രതീക്ഷക്ക് വിരുദ്ധമായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം. താൻ എഴുതിയ തിരക്കഥകളിൽ തനിക്കേറ്റവും സംതൃപ്തി നൽകിയ ചിത്രം എന്നാണ് ദിനരാത്രങ്ങളെക്കുറിച്ച് തിരക്കഥ എഴുതിയ ഡെന്നീസ് ജോസഫ് പിൽക്കാലത്ത് വിലയിരുത്തിയിട്ടുള്ളത്.
ചിത്രത്തിന്റെ ദയനീയ പരാജയം തന്നെ ശരിക്കും ഉലച്ചതായി ഡെന്നീസ് കൂട്ടിച്ചേർത്തു. ഈ ചിത്രത്തിന്റെ പ്രിവ്യൂ ഷോ പലവട്ടം കണ്ട ടി.ദാമോദരൻ ഡെന്നീസിനെ അകമഴിഞ്ഞ് പ്രശംസിക്കുകയും പ്രസ്തുത പ്രമേയ പശ്ചാത്തലം ഡെന്നീസിനേക്കാൾ വ്യക്തമായിട്ടറിയുവന്നയാൾ എന്ന നിലയിൽ തനിക്കിത് പോലെ ഒരു രചന നിർവ്വഹിക്കാനായില്ലല്ലോ എന്ന അസൂയയും സൗഹൃദ രൂപേണ പങ്ക് വക്കുകയുമുണ്ടായി. ഒരു പക്ഷേ ദിനരാത്രങ്ങൾ, ഐ.വി.ശശി – ടി.ദാമോദരൻ ചിത്രമായിരുന്നു എങ്കിൽ ചരിത്രം മറ്റൊന്നായേനെ. ജോഷി – ഡെന്നീസ് ജോസഫ് ടീമിൽ നിന്നും ഇത്തരം പ്രമേയങ്ങൾ അക്കാലത്തെ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വസ്തുത .