മലയാള സിനിമാ മേഖലയിലെ മികച്ച സംവിധായകരിൽ ഒരാളായ ഹരിഹരൻ 🎭

Saji Abhiramam

50 വർഷത്തിലേറെ കാലമായി മലയാള സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച…. മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്ത സംവിധായക പ്രതിഭയാണ്.

കോഴിക്കോട് പള്ളിപ്പുറം സ്വദേശിയായ ഹരിഹരൻ സ്കൂൾ അധ്യാപകനും ശാസ്ത്രീയ സംഗീതജ്ഞനുമായ എൻ. മാധവൻ നമ്പീശൻെറയും പാർവതി ബ്രാഹ്മണിയമ്മയുടെയും മകനാണ്. മാവേലിക്കര രവിവർമ്മ പെയിൻറിംഗ് സ്കൂൾ, കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ചിത്രരചനയിൽ പരിശീലനം നേടി.കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. തുടർന്ന് ചിത്രകലാ അധ്യാപകനായി താമരശ്ശേരി, കോഴിക്കോട് തളി സ്കൂളിലും ജോലി ചെയ്തു. കോഴിക്കോട്ടെ നാടക പ്രവർത്തകരുമായുള്ള അടുപ്പം ഹരിഹരനിലെ കലാകാരനെ വളർത്തി. തുടർന്ന് കെ. ടി മുഹമ്മദിന്റെ കൂടിക്കാഴ്‌ചകൾ. കറവറ്റപശു, ചുവന്ന ഘടികാരം, താക്കോലുകൾ, ഉറങ്ങാൻ വൈകിയ രാത്രികൾ തുടങ്ങിയ നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം കിട്ടി. അങ്ങനെ തിക്കോടിയൻ, കുഞ്ഞാണ്ടി, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു, ടി.ദാമോദരൻ, ആഹ്വാൻ സെബാസ്റ്റ്യൻ തുടങ്ങിയവരുമായി സൗഹൃദമായി. കെ. ടിയുടെ വെള്ളപ്പൊക്കം എന്ന നാടകത്തിലും വാസു പ്രദീപിന്റെ നാടകങ്ങളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. അക്കാലത്തു നടൻ ബഹദൂറിന്റെ നാടകങ്ങൾ വടക്കൻ ജില്ലകളിൽ കളിക്കാനുള്ള ഏജൻസി നൽകിയിരുന്നത്കോഴിക്കോട് രാധ തിയറ്ററിനടുത്ത് ടൈലറിങ്‌ ഷോപ്പ് നടത്തിയിരുന്ന വി എം പുരുഷുവിനായിരുന്നു.

ഒരു ദിവസം ടൈലറിങ്‌ ഷോപ്പിൽ എത്തിയപ്പോൾ നടൻ ബഹദൂർ ഉണ്ടായിരുന്നു. അഭിനയക്കമ്പത്തെക്കുറിച്ച് പുരുഷു ബഹദൂറിനോട് സൂചിപ്പിച്ചു. നാടകത്തിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഇരിങ്ങാലക്കുടയിലേക്ക്‌ ചെല്ലാൻ ബഹദൂർ പറഞ്ഞു. അങ്ങനെ ബഹദൂറിന്റെ കൊടുങ്ങല്ലൂർ നാഷണൽ തിയറ്റേഴ്സിന്റെ മാണിക്യക്കൊട്ടാരം, അടിയന്തരാവസ്ഥ, വല്ലാത്ത പഹയൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ആ സമയത്ത് ഓടയിൽനിന്ന് എന്ന സിനിമയുടെ അമ്പതാം ദിവസം ആഘോഷിക്കാൻ സംവിധായകൻ കെ എസ് സേതുമാധവൻ കോഴിക്കോട്ടെത്തി. കെ ടിയാണ്‌ സേതുമാധവനെ‌ പരിചയപ്പെടുത്തിത്തന്നത്‌. സിനിമാ മോഹമുണ്ടെന്നറിയിച്ചപ്പോൾ മദിരാശിയിലേക്ക്‌ ക്ഷണം. 1965 ൽ ചിത്രകലാ അധ്യാപക ജോലി രാജിവച്ച് മദിരാശിയിലേക്ക്‌ വണ്ടി കയറി. സേതുമാധവനെ വീട്ടിൽ പോയി കണ്ടെങ്കിലും അവസരമൊന്നും നൽകാൻ അന്ന് സേതുമാധവന് കഴിഞ്ഞില്ല. നാട്ടിലേക്ക് മടങ്ങണമെന്ന്‌ ചിന്തിച്ചപ്പോഴാണ്‌ സ്വാമീസിൽ ബഹദൂർ എത്തുന്നത്‌. നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ കുറച്ചുദിവസം കഴിഞ്ഞ് പോകാമെന്നായി ബഹദൂർ. മാണിക്യക്കൊട്ടാരം കലാലയ സിനിമയാക്കാൻ തീരുമാനിച്ച സമയം. തിരക്കഥ എഴുതുന്ന വി എം ഇബ്രാഹിമിനെ കുറച്ചു ദിവസം സഹായിക്കാൻ ബഹദൂർ നിർദേശിച്ചു. രാഗിണി എന്ന സിനിമ സംവിധാനം ചെയ്യുമ്പോൾ സംവിധായകൻ പി ബി ഉണ്ണിയെ സഹായിക്കാനും ബഹദൂർ വഴി അവസരം ലഭിച്ചു.

പിന്നീട് മാണിക്യക്കൊട്ടാരത്തിന്റെ ഛായാഗ്രാഹകൻ രാജഗോപാലിന്റെ അസിസ്റ്റന്റായി. പിന്നെ സത്യൻ നായകനായ എം.എസ്‌. മണിയുടെ തളിരുകളുടെയും അസിസ്റ്റന്റായി. സത്യൻ വഴിയാണ്‌ എം.കൃഷ്‌ണൻ നായർ, സി.ബി. ശ്രീധർ, എസ്. എസ്. രാജ്, എ.ബി. രാജ് തുടങ്ങിയ സംവിധായകരെ പരിചയപ്പെടുന്നത്‌. മുപ്പതോളം സിനിമകളിൽ സഹസംവിധായകനായി. വിമലാ ഫിലിംസിലെ മാത്യുവാണ്‌ സ്വതന്ത്ര സംവിധായകനാകാൻ പ്രേരിപ്പിച്ചത്‌. രേഖാ സിനി ആർട്സ് രൂപീകരിച്ച് ഡോ. ബാലകൃഷ്‌ണനെ കണ്ട് കഥ വാങ്ങി. ലേഡീസ് ഹോസ്റ്റൽ എന്ന സിനിമയിലൂടെ ഹരിശ്രീ കുറിച്ചു. ചിത്രം വൻ വിജയമായി. പ്രേംനസീറിനെ കോമഡി രംഗങ്ങളിൽ അഭിനയിപ്പിച്ച് വിജയിപ്പിച്ച ചിത്രം കൂടിയായിരുന്നു. തുടർന്ന്‌ ലൗ മാരേജ്, തെമ്മാടി വേലപ്പൻ, ബാബുമോൻ, അയലത്തെ സുന്ദരി, കോളേജ് ഗേൾ, ഭൂമീദേവി പുഷ്‌പിണിയായി, രാജഹംസം, തപസ്വിനി, കന്യാദാനം, ഇവനെന്റെ പ്രിയപുത്രൻ, കുടുംബം നമുക്ക് ശ്രീകോവിൽ, സുജാത, യാഗാശ്വം, തോൽക്കാൻ എനിക്ക്‌ മനസ്സില്ല, ശരപഞ്ചരം, അടിമക്കച്ചവടം, ലാവ, എവിടെയോ ഒരു ശത്രു, പൂച്ചസന്യാസി, മുത്തുച്ചിപ്പികൾ, വളർത്തുമൃഗങ്ങൾ, പൂമഠത്തെപെണ്ണ്, അനുരാഗക്കോടതി, വെള്ളം, വരന്മാരെ ആവശ്യമുണ്ട്, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരു വടക്കൻ വീരഗാഥ ഒളിയമ്പുകൾ, മയൂഖം, സർഗം, പ്രേംപൂജാരി, പരിണയം, പഴശ്ശിരാജാ തുടങ്ങി 50 ൽ പ്പരം ചിത്രങ്ങൾ സംവിധാനം ചെയ്തു. ഹരിഹരൻ സംവിധാനം ചെയ്‌ത പഞ്ചമിയിലാണ് ജയൻ ആദ്യമായി ശ്രദ്ധേയമായ വേഷം ചെയ്‌തത്‌. പഞ്ചമിയിൽ കാട്ടാനയുടെ ചവിട്ടേറ്റു മരിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജയൻ അഭിനയിച്ചു തുടർന്ന്‌ ശരപഞ്ജരത്തിലൂടെ മലയാള സിനിമയിലെ സൂപ്പർ താരമായി. തുടർന്ന് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനിടയിൽ ഹെലികോപ്ടർ അപകടത്തിൽ ജയൻ മരിക്കുന്നത്‌.

‘നഖക്ഷതങ്ങൾ’, ‘സർഗം’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഗായത്രി സിനിമാ കമ്പനിയുടെ ഉടമസ്ഥ ഹരിഹരന്റെ പത്നി ഭവാനിയമ്മയാണ്. തൻ്റെ സിനിമകളിൽ എപ്പോഴും മികച്ച ഗാനങ്ങൾ അദ്ദേഹം ഉൾപ്പെടുത്താറുണ്ട്. ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ ഗാനരചനയും സംഗീത സംവിധാനം നിർവഹിച്ചു. മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരൻ ആയിരുന്നു.1988 ൽ സംവിധാനം ചെയ്ത ‘ഒരു വടക്കൻ വീരഗാഥ’ 4 ദേശീയ അവാർഡുകളും 6 സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കി. ‘സർഗം’ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1992 ലെ ദേശീയ അവാർഡും മികച്ച സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ 3 സംസ്ഥാന പുരസ്കാരങ്ങളും നേടി. ‘പരിണയം’ 1995 ലെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ 4 ദേശീയ അവാർഡുകളും 4 സംസ്ഥാന അവാർഡുകളും നേടി. ‘കേരളവർമ്മ പഴശ്ശിരാജ’ 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ 4 ദേശീയ അവാർഡുകളും മികച്ച സംവിധായകനുൾപ്പെടെയുള്ള 8 സംസ്ഥാന അവാർഡുകളും നേടി. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പരമോന്നത ചലച്ചിത്ര പുരസ്കാരമായ 2019 ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം നൽകി. കുഞ്ചൻ നമ്പ്യാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയുടെ ആലോചനയിലാണ്.

You May Also Like

ഷെയ്നെയും ഭാസിയെയും എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥത്തിൽ വൃത്തികെട്ടവൻ പെപ്പെ എന്ന ആന്റണി വർഗീസ് ആണെന്ന് ജൂഡ്

അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. നടൻ ആന്റണി വർഗീസിന്റെ…

രശ്മികക്കൊപ്പം ഇനി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് രശ്മികളുടെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ഋഷഭ് ഷെട്ടി, കാരണം ഇതാണ്

നടിയും മോഡലുമാണ് രശ്മിക മന്ദാന .പ്രധാനമായും താരം കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും ആണ് അഭിനയം…

നീതു സിംഗ്: കൃപയുടെയും ഗ്ലാമറിൻ്റെയും ബോളിവുഡ് മാന്ത്രികതയുടെയും അതുല്യമായ കഥ

നീതു സിംഗ്: കൃപയുടെയും ഗ്ലാമറിൻ്റെയും ബോളിവുഡ് മാന്ത്രികതയുടെയും അതുല്യമായ കഥ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ ആഴത്തിൽ…

മോൺസ്റ്ററിനെ കുറിച്ച് ആരും ചർച്ച ചെയ്യരുതെന്ന് വൈശാഖ് , അങ്ങനെ പറയാൻ കാരണമുണ്ട്

വൈശാഖ്-മോഹൻലാൽ ടീമിന്റെ, ഉടൻ റിലീസ് ആകാൻ പോകുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷമാണ്…