knowledge
ഇങ്ങനത്തെ ജിറാഫുകൾ പണ്ടുണ്ടായിരുന്നു, കുറുകിയ കഴുത്തും ഹെൽമറ്റ് തലയും

ജയേഷ് വിശ്വനാഥൻ കൃഷ്ണൻ
ഡിസ്കോകെറീസ് സിയേഴി എന്ന ചൈനീസ് ജിറാഫ്:
കുറിയ കഴുത്തും, ഹെൽമറ്റിട്ട തലയുമായൊരു ജീവി;
ആഫ്രിക്കയിലെ സാവന്ന പുൽമേടുകളിലെ തദ്ദേശ വാസികളായ, അപാരമായ രീതിയിൽ നീളമേറിയ കഴുത്തുള്ള ജിറാഫുകളെ നമുക്കേവർക്കും സുപരിചിതമായതിനാൽ, നീളമില്ലാത്ത കഴുത്തോടു കൂടിയ ഒരു ജിറാഫിനെ കുറിച്ച് നമുക്കാർക്കും ചിന്തിക്കാൻ പോലും പ്രയാസമാണ്. എന്നാൽ 1.7 കോടി വർഷങ്ങൾക്ക് മുമ്പ് അങ്ങിനെ ഒരു കൂട്ടം ജീവികൾ ചൈനയിൽ ജീവിച്ചിരുന്നു.
വടക്കുകിഴക്കേ ചൈനയിലെ സിൻജിയാങ് മേഖലയിലെ ജംഗാർ ബേസിനിൽ നിന്നും ലഭിച്ച ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ശാസ്ത്രജ്ഞർ, ഇന്നത്തെ കാലത്തെ ജിറാഫുകളുടെ വിദൂര ബന്ധു ആയിരുന്ന ഈ ചെറിയ കഴുത്തുള്ള ജിറാഫുകളെ തിരിച്ചറിഞ്ഞത്.
ഫോസിലുകളിൽ നിന്നും ലഭിച്ച വലുപ്പമേറിയ പല്ലുകളിൽ നടത്തിയ പഠനത്തിൻ്റെ പശ്ചാത്തലത്തിൽ, ഇവ പുൽമേടുകളിലും, കാടുകളിലും എല്ലാം ഒരു പോലെ മേഞ്ഞു നടന്നിരുന്നെന്നും, ഇവയ്ക്ക് കൃത്യമായ ഒരു വാസസ്ഥലം ഇല്ലായിരുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഡിസ്കോകെറീസ് സിയേഴി എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതുതായി കണ്ടെത്തിയ ഈ ആദിമകാല ജീവി ജിറാഫ് കുടുംബത്തിലെ അംഗമായിരുന്നെങ്കിലും, ഇവ വർത്തമാന കാല ജിറാഫുകളുടെ നേരിട്ടുള്ള പൂർവ്വീകനായിരുന്നില്ല. ഇവയ്ക്ക് ഉറച്ച കട്ടിയേറിയ തലയോട്ടിയും, അതിനു മുകളിലായി കാള, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ കൊമ്പുകൾക്ക് രൂപം കൊടുക്കുന്ന കെരാറ്റിൻ എന്ന വസ്തു ശക്തി പകരുന്ന ഹെൽമറ്റ് പോലൊരു ഉറച്ച സംരക്ഷണ കവചവും ഉണ്ടായിരുന്നു.
ഇന്നത്തെ കാലത്തെ ജിറാഫുകൾ പരസ്പരം പോരടിക്കുമ്പോൾ കഴുത്തുകൾ തമ്മിൽ തമ്മിൽ അടിക്കുകയാണ് (നെക്കിങ്) പതിവ്. എന്നാൽ ഇന്നത്തെ കാലത്തെ കാളകൾ പരസ്പരം പോരാടുന്നതു പോലെ തലകൾ തമ്മിൽ തമ്മിൽ അടിച്ചാണ് ഈ ആദിമകാല ചൈനീസ് ജിറാഫുകൾ പരസ്പരം പോരടിച്ചിരുന്നത്.
രോഷം തീർക്കാനായുള്ള ഇത്തരം പോരാട്ടങ്ങളിൽ ഏർപ്പെടുമ്പോൾ ഇവയുടെ തലച്ചോറിന് ക്ഷതം സംഭവിക്കാതിരിക്കാൻ ശക്തമായ ഹെൽമറ്റ് കവചങ്ങളാണ് തുണയാകുന്നത്. ഇണകളെ നേടാനായിട്ടായിരുന്നു ആൺ ജിറാഫുകൾ തമ്മിൽ ഇത്തരം പോരാട്ടങ്ങൾ നടത്തിയിരുന്നത്.
News Credit: Nicoletta Lanese / Live Science, 02 June 2022.
975 total views, 4 views today