കഴുതപ്പാൽ – ലിറ്ററിന്ന് വെറും ഏഴായിരം രൂപ…!!

സിദ്ദീഖ് പടപ്പിൽ

ഡാ കഴുതേ… അല്ലെങ്കിൽ ഡീ നിനക്ക്‌ കഴുതയുടെ ബുദ്ധിയാടീ ന്ന് പഴി കേൾക്കാത്തവരുണ്ടോ. കുഞ്ഞുനാൾ തൊട്ടേ അബന്ധങ്ങളുടെ മൃഗരൂപമായി പ്രതിഷ്ടിച്ച്‌ വെച്ച കഴുത ഇന്ന് പക്ഷേ, ‘വെറും’ കഴുതയല്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും… ലോകത്ത്‌ വെച്ച്‌ ഏറ്റവും വില കൂടിയ പാൽ കഴുതയുടെ പാലാണ്‌. മണ്ടനെന്ന് മ്മൾ വിളിച്ച്‌ ശീലിച്ച കഴുത ആളൊരു പുലിയാണെന്ന് മനസ്സിലായല്ലോ. മുംബൈയിൽ താമസിച്ചിരുന്ന കാലത്ത്‌‌, നാടോടികൾ കഴുതയെ വർണ്ണവസ്ത്രങ്ങൾ ധരിപ്പിച്ച്‌, ആനയിച്ച്‌ കൊണ്ട്‌ പോകുന്നത്‌ റോഡിലെ സ്ഥിരം കാഴ്ചയായിരുന്നു. ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ മേലെ നിലയിൽ ഒരു ഗുജറാത്തി കുടുംബമായിരുന്നു. അവിടെ ഒരു പ്രസവം നടന്നപ്പോൾ ആ വീട്ടിലും ഇത്തരം നാടോടിക്കൂട്ടങ്ങൾ കഴുതയെയും കൂട്ടി വന്നു. അന്ന് ആദ്യമായി ഇങ്ങനെ കണ്ടത്‌ കൊണ്ടാവണം കഴുതയ്‌ക്കെന്താ ഈ ബിൽഡിംഗിൽ കാര്യമെന്ന് ആ വീട്ടിലെ കാരണവൻ ചാച്ചയോട്‌ ചോദിച്ചു.

തും കോ നഹിൻ പതാ, മേ നാന ബൻഗയ ????
(നിനക്കറിയില്ലേ,,? ഞാൻ മുത്തശ്ശനായി)
വോ തോ പതാ ഹേ, ലേകിൻ ഗദേ കിസ്‌ ലിയെ?
(അതറിയാല്ലോ,, പക്ഷേ, കഴുത എന്തിനാന്ന് മനസ്സിലായില്ല)
അരേ ബുദ്ധു.. ഗദേ കി ദൂദ്‌ ബഹുത്‌ ഫൈദാ ഹേ, ബച്ചേ കൊ ദൂദ്‌ ദേനേ കേലിയെ ഗദ ആയാ.
( ടാ കഴുതേ ????‌,, കഴുതപാലിൽ കുറെ ഗുണങ്ങളുണ്ട്‌. കുട്ടിക്ക്‌ പാൽ കൊടുക്കാൻ വന്നതാണ്‌ കഴുത‌)

ങാ ഹാ .. ഇത്‌ കൊള്ളാല്ലോ. റീട്ടെയില് കച്ചോടത്തിന്ന് പാല്‌ വണ്ടി മൊത്തം വന്നതാണോ ????. കുട്ടിയുടെ ആദ്യ 6 മാസക്കാലം മുലപ്പാൽ മാത്രമേ‌ നൽകാവൂ എന്ന് വൈദ്യശാസ്ത്രം ഉത്ഘോഷിക്കുമ്പോഴാണ്‌ ഇവിടെ നവജാത ശിശുവിന്ന് ഒരു മൃഗത്തിന്റെ പാൽ കുടിപ്പിക്കുന്നത്‌. അതും കഴുതയുടെ.. വെറുതയല്ല ഇവറ്റകൾക്ക്‌ കഴുതയുടെ ബുദ്ധി എന്ന് അപ്പോൾ തോന്നി. ആ ചാച്ച പറഞ്ഞത്‌ വിശ്വാസമില്ലാത്തത്‌ കൊണ്ട്‌ അന്ന് കടയിൽ വന്ന സുഹൃത്തായ ഒരു ഭായ് യോട് കഴുതപ്പാലിനെ പറ്റി ചോദിച്ചു. കുട്ടിക്ക്‌ ഭാവിയിൽ അസുഖം വരാതിരിക്കാൻ കഴുതപ്പാൽ നല്ലതാണെന്നും രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള കഴിവ്‌ കഴുതപ്പാലിനുണ്ടെന്നും അയാൾ പറഞ്ഞു തന്നു. അപ്പറഞ്ഞതിലും വിശ്വാസമുണ്ടായിരുന്നില്ല. ഗൂഗ്‌ളിൽ തപ്പി നോക്കി ഉറപ്പിക്കാൻ അന്ന് മ്മടെ കൈയ്യ്‌ല്‌ ഐഫോണില്ലല്ലോ ????

ഈ അടുത്ത്‌ കണ്ട ഒരു വാർത്തയാണ്‌ മുകളിലൊട്ടിച്ചത്‌. ആന്ധ്രയിലെ വിശാഖപട്ടണത്തിൽ കഴുതപ്പാലിന്ന് ആവശ്യക്കാർ ഏറെയാത്രേ. ഒരു ലിറ്റർ പാലിന്ന് ആറായിരം രൂപ ഈടാക്കുന്നുവെന്നാണ്‌ അന്ന് (2016 ല്) ഒരു പ്രാദേശിക പത്രത്തിൽ വാർത്തയായി കണ്ടത്‌. പശുവിന്‌ പാൽ പോലെ ഒരു കഴുതയിൽ നിന്ന് കുറെയധികം പാലൊന്നും ലഭിക്കില്ല. കറവ കാലം തന്നെ ചുരുങ്ങിയ കാലമാണ്‌. ഒരു ദിവസം കൂടിയാൽ അര ലിറ്റർ മുതൽ എണ്ണൂറു മില്ലി വരെ മാത്രമേ പാൽ കിട്ടുള്ളൂ. 10 മില്ലി കഴുതപ്പാലിന്ന് 60 രൂപയോളം ഈടാക്കുന്നുവെന്നാണ്‌ പത്രം റിപ്പോർട്ട്‌ ചെയിതത്‌. ഒരു സാധാരണ കഴുതയ്‌ക്ക്‌ 30,000 മാർക്കറ്റ്‌ വിലയുണ്ടെന്നും റിപ്പോർട്ടിലുണ്ട്‌.

കഴുതപ്പാലിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് കഥകളൊരുപാടുണ്ട്. ഈജിപ്ത് സുന്ദരിയായ ക്ലിയോപാട്രയുടെ കത്തുന്ന സൗന്ദര്യത്തിന്റെ രഹസ്യം കഴുതപ്പാലാണത്രെ. അവർ തന്റെ കൊട്ടാരത്തിൽ 700 കറവയുള്ള കഴുതകളെ പരിപാലിച്ചിരുന്നെന്നും ഇവയുടെ പാലിലാണ്‌ ക്ലിയോപാട്ര ദിവസവും കുളിച്ചിരുന്നതെന്നും പറയപ്പെടുന്നു. കഴുതപ്പാലിന്റെ ഔഷധഗുണത്തെ പറ്റി പുരാതന കാലം തൊട്ടേ മനുഷ്യർ തിരിച്ചറിഞ്ഞിരുന്നു. പനിയ്ക്കും, കരള്‍ സംബന്ധിയായ രോഗങ്ങള്‍ക്കും, പകര്‍ച്ചവ്യാധികള്‍ക്കും, സന്ധിവേദനയ്ക്കും, വിഷഹാരിയായും, മൂക്കില്‍ നിന്നും രക്തം വരുന്നത് തടയാനും, ചര്‍മ്മത്തിന്റെ യൗവനം നിലനിര്‍ത്താനും കഴുതപ്പാല്‍ ഉപയോഗിക്കാമെന്ന് ഗ്രീക്ക് ഭിഷഗ്വരന്‍ ഹിപ്പോക്രാറ്റ് വളരെ പണ്ടുതന്നെ കണ്ടെത്തിയിരുന്നു.

സ്വതവേ ഗന്ധമില്ലാത്ത കഴുതപ്പാലിന് തിളപ്പിച്ച പശുവിന്‍പാലിന്റെ രുചിയാണുള്ളത്. കഴുതപ്പാലില്‍ ലാക്ടോസിന്റെ അളവ് കൂടുതലും അതേസമയം, കൊഴുപ്പ് തീരെ കുറവുമാണ്. വിറ്റാമിനുകളാല്‍ സമ്പന്നമായ കഴുതപ്പാലില്‍ ആന്റി- ബാകടീരിയലുകളുടെയും, ആന്റി- അലര്‍ജന്‍സിന്റെയും അളവ് വളരെ കൂടുതലാണ്. ഇത് മനുഷ്യന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും കരപ്പന്‍, ആസ്ത്മ മുതലായ അസുഖങ്ങളെ ഒരുപരിധിവരെ തടയാനും സഹായിക്കുമെന്ന് ആധുനിക ശാസ്ത്രം അടി വരയിടുന്നു. കഴുതപ്പാലില്‍ അടങ്ങിയിരിക്കുന്ന പോഷകവസ്തുക്കള്‍ ദേഹത്തുണ്ടാകുന്ന ചുളിവുകളും പാടുകളും അകറ്റാന്‍ സഹായിക്കുന്നുമെന്ന് പറയപ്പെടുന്നു. മാത്രമല്ല, ത്വക്കിന്റെ നിറവും മാര്‍ദ്ദവവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെ കൊണ്ട്‌ വില കൂടിയ സോപ്പ്‌ നിർമ്മാണത്തിലെ ഒരു പ്രധാന അസംകൃത വസ്തു കൂടിയാണ്‌ കഴുതപ്പാൽ. ഇപ്പോൾ മനസ്സിലായല്ലോ കഴുത വെറും കഴുതയല്ലാന്ന്

Leave a Reply
You May Also Like

“ആനയ്ക്ക് അവനെക്കാൾ ബുദ്ധിയുണ്ട്”

ഒരു ദേശീയ പാർക്കിലേക്കോ മൃഗശാലയിലേക്കോ ഒരു ടൂർ പോകുന്നത് പലർക്കും സ്വപ്നതുല്യമായ ഒരു രക്ഷപ്പെടലാണ്, എന്നാൽ…

‘ ധൃതരാഷ്ട്രാലിംഗനം ‘ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത്?

‘ ധൃതരാഷ്ട്രാലിംഗനം ‘ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത്? അറിവ് തേടുന്ന പാവം പ്രവാസി  സ്‌നേഹം…

ഇരുമ്പ് വെള്ളത്തിനോട് ചെയ്യുന്നത്

ഇരുമ്പ് വെള്ളത്തിനോട് ചെയ്യുന്നത്: Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് ) പണ്ട് സ്കൂൾ വിട്ട്‌…

ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​മി ഒ​രു നി​മി​ഷ​മൊ​ന്ന് നി​ശ്ച​ല​മാ​യാ​ൽ ?

ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​മി ഒ​രു നി​മി​ഷ​മൊ​ന്ന് നി​ശ്ച​ല​മാ​യാ​ൽ ? Vidya Vishwambharan ഭൂ​മ​ധ്യ​രേ​ഖ​യി​ൽ ഭൂ​മി​യു​ടെ ക​റ​ക്കം മ​ണി​ക്കൂ​റി​ൽ…