ഡോക്ടർ ശ്യാം പ്രസാദിനെ ഇന്നു ലോകം അറിയുന്നത് സെറിബ്രൽ പാൾസി വന്നയാൾ എന്ന നിലയിലല്ല

125

രജിത് ലീല രവീന്ദ്രൻ

“ഞങ്ങളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് ശ്യാം. കൈക്കുഞ്ഞായിരുന്നപ്പോൾ സെറിബ്രൽ പാൾസി വന്നതാണ്. ഞങ്ങൾ എവിടെ പോയാലും മൂത്ത കുട്ടി ആയ ഇവൻ തന്നെയായിരിക്കും എന്നും മുന്നിൽ നടക്കുക, ആരിൽ നിന്നും, ഒന്നിൽ നിന്നും ഞങ്ങളവനെ മാറ്റി നിർത്തിയിട്ടില്ല. ആളുകളുടെ തുറിച്ചു നോട്ടവും, കമെന്റുകളും ബാധിക്കാത്ത രീതിയിൽ അവനു മുന്നോട്ട് പോകാൻ പറ്റുന്നത് ഇതുകൊണ്ടായിരിക്കും. അവന്റെ അച്ഛൻ കണക്ക് മാഷായിരുന്നു, എപ്പോഴും ആള് പറയും ‘എവെരി പ്രോബ്ലം ഹാസ് എ സൊല്യൂഷൻ'” ശ്യാമിന്റെ അമ്മ ഉഷ ടീച്ചർ സംതൃപ്തിയോടെ, നിറഞ്ഞ ചിരിയോടെയാണ് പറഞ്ഞു നിർത്തിയത്.

പ്രഭാകരൻ മാഷിന്റെയും, ഉഷ ടീച്ചറുടെയും മൂത്ത മകൻ ഡോക്ടർ ശ്യാം പ്രസാദിനെ ഇന്നു ലോകം അറിയുന്നത് സെറിബ്രൽ പാൾസി വന്നയാൾ എന്ന നിലയിലല്ല. കേരളത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളാണ് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ശ്യാം.

ഞങ്ങൾ ഒരേ കോളേജിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ അദ്ധ്യാപകർ പലപ്പോഴും കാണുമ്പോൾ പറഞ്ഞിരുന്നത് അവർ അവരുടെ ജീവിതത്തിൽ കണ്ട ഏറ്റവും ബുദ്ധിമാനായ കുട്ടിയാണ് ശ്യാം എന്നാണ്. ശാരീരിക അവശതകൾ നില നിന്നപ്പോഴും ബുദ്ധിപരമായ ഔന്നത്യം പുലർത്താൻ ശ്യാമിനായി. ശ്യാമിന്റെ പ്രതിഭയെ മനസ്സിലാക്കാനും കൂടെ നിൽക്കാനും മാതാപിതാക്കൾക്കും, അധ്യാപകർക്കുമായി എന്നതെടുത്തു പറയണം. എം എ ഇക്കണോമിക്സിൽ സർവകലാശാലയിലെ ഒന്നാം റാങ്ക്, സി ഡി എസ് ൽ നിന്നും ജെ എൻ യു വിന്റെ എം ഫിലും ഡോക്ടറേറ്റ് ബിരുദവും, മുംബൈയിലെ പ്രശസ്തമായ ഐ ജി ഐ ഡി ആറിൽ നിന്നുള്ള പോസ്റ്റ്‌ ഡോക്ടറൽ ബിരുദം , അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങൾ,ശ്യാം നേടിയ നേട്ടങ്ങൾ തിളക്കമാർന്നതാണ്, മറ്റുള്ളവർക്ക് ആവർത്തിക്കാൻ പ്രയാസമുള്ളതാണ്. സഹതാപമോ, പ്രത്യേക പരിഗണനയോ അല്ല ശാരീരിക ബുദ്ധിമുട്ടിന്റെ പേരിൽ മാറ്റി നിർത്തപ്പെടാതെയിരിക്കുകയും , തുല്യമായ അവസരങ്ങൾ നൽകുകയും ചെയ്യുക എന്നതിന് എപ്പോൾ സംസാരിക്കുമ്പോളും ശ്യാം ഊന്നൽ നൽകാറുണ്ട്.

ഞാൻ പഠിപ്പിച്ച കുട്ടികൾ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. ശ്യാം എന്ന അദ്ധ്യാപകനെക്കുറിച്ചു അവർ നിറയെ പറയാറുണ്ട്. കൺസെപ്റ്റുകൾ കുട്ടികൾക്ക് മനസ്സിലാകാൻ വളരെ ലളിതമായി തന്റെ ഇഷ്ട കായിക വിനോദമായ ക്രിക്കറ്റിൽ നിന്നും, ഇഷ്ട മേഖലയായ രാഷ്ട്രീയത്തിൽ നിന്നുമുള്ള ഉദാഹരണങ്ങൾ പറഞ്ഞു കൊണ്ടുള്ള ക്ലാസുകളെ പറ്റി, കുട്ടികളുടെ സംശയങ്ങൾ തീർത്തു എന്നുറപ്പ് വരുത്തി മാത്രം ക്ലാസ്സ്‌ മുറി വിട്ടുപോകുന്ന അദ്ധ്യാപകനെ പറ്റി. ഇന്ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ഇക്കണോമിക്സ് വിദ്യാർത്ഥികൾക്കായി നടത്തിയ ഇൻഡക്ഷൻ പ്രോഗ്രാമിൽ ശ്യാം “ലേണിങ് സ്റ്റാറ്റിസ്റ്റിക്സ് ഫോർ ഇക്കണോമിക്സ്” എന്ന വിഷയത്തിൽ സംസാരിച്ചപ്പോൾ ഞാനുമോർത്തു എത്ര ലളിതമായി ഒന്നാം വർഷ ഡിഗ്രി കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ എത്ര മനോഹരമായാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതെന്ന്.

‘ നെവർ സെ ഡൈ ആറ്റിട്യൂടും’, നിരന്തര പരിശ്രമവും ഒരാളെ എങ്ങനെയാണ് മികച്ചതാക്കുന്നതെന്ന് നേരിട്ട് കണ്ട ഒരു മണിക്കൂറായിരുന്നു ഇന്നു വൈകിട്ടത്തേത്. അവസരം നൽകുകയായിരുന്നുവെങ്കിൽ, സമൂഹം മുൻധാരണകളോടെ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു പാട് മനുഷ്യ ജീവിതങ്ങൾക്ക് ചരമക്കുറിപ്പ് എഴുതിയ നമുക്ക് മുന്നിൽ പാഠമായി ശ്യാമുണ്ട്. എത്രയോ ശ്യാമുമാരെയാണ് നാം മാറ്റി നിർത്തിയും, മുറിയിൽ അടച്ചിട്ടും മുന്നിലേക്ക് വരാൻ സമ്മതിക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് എന്ന ഓർമപ്പെടുത്തൽ ചുറ്റിലും കടന്നു വരുന്നുണ്ട്.

പ്രിയപ്പെട്ട ശ്യാം, ഉയരങ്ങളിലേക്കും വിജയങ്ങളിലേക്കുമുള്ള യാത്ര തുടരൂ, എത്രയെത്ര ജീവിതങ്ങളെയാണ് നിങ്ങൾ പോലുമറിയാതെ നിങ്ങൾ പ്രചോദിപ്പിക്കുന്നതെന്നോ, ഈ ലോകത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നതെന്നോ.