നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിർമ്മാതാവ് , ഒരു വർഷം എട്ട് ചിത്രങ്ങളുമായി ഡോ.മനോജ് ഗോവിന്ദൻ

പി.ആർ.ഒ- അയ്മനം സാജൻ

ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദൻ എന്ന ചലച്ചിത്രനിർമ്മാതാവ് !ഇതാ ഒരാൾ,ബദൽ സിനിമകളുടെ നിർമ്മാതാവ് എന്നു ചിലർ ഇദ്ദേഹത്തെക്കുറിച്ച് പറയും. പക്ഷേ നല്ല സിനിമകൾ സ്വപ്നം കാണുന്ന ആൾ എന്നു പറയാനാണ് ഡോക്ടർ മനോജ്‌ ഗോവിന്ദന് താല്പര്യം.ആരും ആർക്കും ബദലല്ല. എല്ലാവർക്കും അവരവരുടേതായ ഒരു സ്പേസ് ഉണ്ട്. നാം അതു കണ്ടെത്തണം. മനോജ് ഗോവിന്ദൻ പറയുന്നു.

നിശ്ചയദാർഡ്യം, കഠിനാദ്ധ്വാനം, നിരന്തരപരിശ്രമം, പിന്നെ തീവ്രമായ ആഗ്രഹം എന്നിവയുണ്ടെങ്കിൽ ജീവിതലക്ഷ്യം നേടാമെന്ന് തെളിയിച്ച അപൂർവ്വം ചിലരിൽ ഒരാൾ കൂടിയാണ് ഡോ.മനോജ് ഗോവിന്ദൻ. തൃശൂർ സ്വദേശി. ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്രരംഗത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ സിനിമാസ്നേഹി. ചലച്ചിത്ര രംഗത്ത് നൂതനവും വ്യത്യസ്തവുമായ തിരക്കഥകളുടെ സൂക്ഷ്മ തിരഞ്ഞെടുപ്പാണ് നിർമ്മാതാവും നടനുമായ ഇദ്ദേഹത്തിന്റെ കൈമുതൽ. ഉള്ളടക്കത്തിന്റെ ശക്തിയിൽ വിശ്വാസമായാൽ വ്യാഖ്യാനത്തിലാണ് ഊന്നൽ. പരമ്പരാഗത തിരക്കഥാകൃത്തുക്കളോ നടീ നടൻമാരോ സംവിധായകരോ വേണമെന്നില്ല. പ്രമേയത്തിൽ വിശ്വാസം ജനിച്ചാൽ അദ്ദേഹം പ്രൊജക്ടുമായി മുമ്പോട്ട് പോകും. സിനിമയുടെ ക്വാളിറ്റിയിൽ വിട്ടുവീഴ്ചക്കില്ല. ഈ ഒരു വർഷത്തിനുള്ളിൽ നിർമ്മിച്ച മൂന്നു സിനിമകൾ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകൾ ആണ് ഓരോന്നും. ഇതിൽ ‘അവൾ’ പ്രദർശനത്തിന് തയ്യാറായി. മൂകയായ വേലക്കാരിയുടെ ജീവിതമാണ് പ്രമേയം. സുരഭിയാണ് നായിക. വി.സാംബശിവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ‘കാഥികൻ’ ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിന് തയ്യാറെടുക്കുന്നു . ഉണ്ണിമുകുന്ദനും മുകേഷുമാണ് പ്രധാന വേഷത്തിൽ .മനോജ്‌ ഗോവിന്ദൻ ആണ് ഇതിലെ ബംഗാളി വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്.

ദേവാസുരത്തിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠൻ, മുല്ലശേരി രാജാഗോപാൽ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ.മുല്ലശ്ശേരി രാജാഗോപാലിന്റെ യഥാർത്ഥ ജീവിതാനുഭവങ്ങൾ സംഗീതത്തെ ആസ്പദമാക്കി ഡയറക്ടർ ജയരാജ്‌ ഒരുക്കിയ മെഹ്ഫിൽ അവസാനഘട്ട പണിയിലാണ്. ഉണ്ണി മുകുന്ദൻ, മുകേഷ്, രഞ്ജി പണിക്കർ,മനോജ് കെ ജയൻ, ആശാ ശരത്, മാളവിക, രമേശ്‌ നാരായണൻ, ജി വേണുഗോപാൽ, സിദ്ധാർഥ് മേനോൻ, തുടങ്ങിയ വൻ താര നിരയുണ്ട് . ഒരു പ്രധാന വേഷത്തിൽ മനോജ്‌ ഗോവിന്ദനും അഭിനയിക്കുന്നു.

പുതുമുഖ സംവിധായകന് തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ അവസരം കൊടുത്തു OTHERS എന്ന സിനിമയിൽ.ചലച്ചിത്ര താരവും മോഡലുമായ ശ്രീകാന്ത് ശ്രീധരനാണ് അതേഴ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു .ഒരു ട്രാൻസ് ജൻററിന്റെ രാത്രി യാത്രയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. തിരക്കഥയും സംഭാഷണവും ശ്രീകാന്തിന്റേതാണ്. പ്രശസ്ത ട്രാൻസ് വുമൺ ആയ റിയ ഇഷ പ്രധാന കഥാപാത്രം ചെയ്യുന്നു.കോഴിക്കോട് മുൻ ജില്ലാകളക്ടർ പ്രശാന്ത് ബ്രോ പ്രധാന വേഷമണിഞ്ഞിട്ടുണ്ട് ഈ സിനിമയിൽ.

ഗോപി കുറ്റിക്കോൽ എന്ന സംവിധായകൻ ചെയ്ത സിനിമ നബീക്ക നിർമ്മിച്ചതും ഡോക്ടർ മനോജ്‌ ആണ്. ചിത്രം അവസാനഘട്ട വർക്കിലാണ്. തുളുവിലും മലയാളത്തിലും നിർമ്മിക്കുന്ന ബീര എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഉടൻ തുടങ്ങും. NOBODY’ എന്ന ചിത്രത്തിലൂടെ ഏറ്റവും ഒടുവിൽ സംവിധാന രംഗത്തും കൈവെച്ചു മനോജ്‌ . ഒരു സൈക്കോ കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂരിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ചിത്രീകരണം. ലെന, രാഹുൽ മാധവ്, സന്തോഷ് കീഴാറ്റൂർ,കൈലാസ്, സുരേഷ് കൃഷ്ണ,ഇർഷാദ്, അമീർ നിയാസ് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം ബോളിവുഡ് നായിക അമിക ഷെയിലിന്റെ ഐറ്റം ഡാൻസ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. തിയോഫിൻ , അനിൽ വാസുദേവ് എന്നിവരാണ് കോ-ഡയറക്ടർമാർ.

അഭിനയിക്കാനുള്ള മോഹം കൊണ്ടാണ് സിനിമാ നിർമ്മാണമെന്നാണെങ്കിൽ തെറ്റി. എന്നെ ഒരു വേഷത്തിനും കാസ്റ്റ് ചെയ്യരുത് എന്ന് പറഞ്ഞാണ് ചർച്ചകൾ തുടങ്ങുക. ഡോ. മനോജ് ഗോവിന്ദൻ പറയുന്നു. തന്നെ കാസ്റ്റ് ചെയ്താൽ നിങ്ങളുടെ സിനിമാ സങ്കൽപ്പം തെറ്റിപോകും എന്ന് പറയാനുള്ള ജ്ഞാനമുണ്ട് ഈ നിർമ്മാതാവിന്.എന്നാൽ മിക്ക സംവിധായകരും ഇദ്ദേഹത്തെ തങ്ങളുടെ സിനിമകളിൽ അഭിനയിപ്പിച്ചു. എട്ട് സിനിമകളിലും ചെറുതും വലുതുമായി വ്യത്യസ്ത വേഷങ്ങൾ, സംവിധായകരുടെ തൃപ്തിയടയുവോളം ചെയ്തു. കഥാപാത്ര വിജയത്തിന് വേണ്ടി ഏത് പീഡനവും ,സ്വയം പീഡനവും സഹിക്കും. ബീരയിൽ യക്ഷഗാനവും കൊറഗജ്ജൻ തെയ്യവും കഠിനമായി പരിശീലിച്ച് ചെയ്തത് കണ്ടാൽ ആരും നമിച്ചുപോകും. ആറു മാസത്തെ പരിശീലനം കൊണ്ട് ചെയ്യുന്ന യക്ഷ ഗാനം വെറും രണ്ടു മണിക്കൂർ കൊണ്ടാണ് പഠിച്ചെടുത്തത്.

ഈ മനുഷ്യൻ വായിൽ സ്വർണകരണ്ടിയുമായി ജനിച്ചതല്ല. കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നാൾവഴികൾ നടന്നു തീർത്തതാണ് ബാല്യവും കൗമാരവും . പഠിക്കുമ്പോൾ പ്രഗത്ഭനാടകങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി കലോൽത്സവങ്ങളിൽ അംഗീകരിക്കപ്പെട്ട നടനായിട്ടുണ്ട്. സിനിമാ മോഹം തലക്കുപിടിച്ച് ഇന്നത്തെയും അന്നത്തെയും പ്രഗത്ഭ സംവിധായകരുടെ വീട്ടുപടിക്കൽ ഒരു ചാൻസിനായി കയറിയിറങ്ങിയിട്ടുണ്ട്. അവഗണനായിരുന്നു അന്തിമ ഫലം. ഒടുവിൽ സർക്കാർ സർവീസിൽ എഞ്ചിനിയറായി. പ്രത്യേക ഘട്ടത്തിൽ ലീവെടുത്ത് വിദേശത്തേക്ക്. അവിടെ ദുബായ് ഹോൾഡിങ് എന്ന അർദ്ധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ . പ്രവാസത്തിനിടയിലും സിനിമ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അടങ്ങാത്ത വികാരമായി അതു തുടിച്ചു. ഒടുവിൽ കഴിഞ്ഞ ജൂലൈമുതൽ ഇതുവരെയായി എട്ട് ചിത്രങ്ങൾ. അതേ സമയം ഒരൊറ്റ സെറ്റിലും ഒരു നിർമ്മാതാവിന്റെ തലയെടുപ്പോ ഗർവ്വോ ഇദ്ദേഹത്തിൽ കാണില്ല.ഇങ്ങിനെയൊരാൾ ഉണ്ടോ എന്ന് പോലും അറിയില്ല. പ്രൊഡ്യൂസർ എന്ന ഭാവമില്ലാതെ പ്രൊഡക്ഷൻ ബോയിയുടെ ജോലിയും ഇദ്ദേഹം ചെയ്യും.

ഇപ്പോൾ ഒട്ടേറെ സംവിധായകരും പുതുമുഖസംവിധായകരും തിരക്കഥാകൃത്തുക്കളും ഇദ്ദേഹത്തിന്റെ പിറകെയാണ് .തനിക്ക് അവസരം കിട്ടാതെ വന്ന കൗമാര യൗവ്വന നാളുകൾ ഓർക്കുന്നതുകൊണ്ടും ആ കഷ്ടപ്പാടുകൾ അറിയുന്നതും കൊണ്ടുമാകണം, കഴിവുണ്ടെങ്കിൽ ഏത് പുതുമുഖ നടീ നടൻമാരുമായാലും അഭിനയിപ്പിച്ചോളു എന്ന് സംവിധായകരോട് ഇദ്ദേഹം പറയുന്നത്. അഭിനയിക്കാൻ മാത്രമല്ല കല ,കോറിയോഗ്രഫി, കോസ്റ്റ്യൂസ്,മേക്ക് അപ്,ചായാഗ്രഹണം,തിരക്കഥ ,സംവിധാനം എല്ലാറ്റിനും അദ്ദേഹം പുതിയവരെ പരീക്ഷിക്കും. ജീവിതത്തിലും തൊഴിലിലും തികഞ്ഞ സത്യസന്ധത കാട്ടുന്ന അർപ്പണബോധമുള്ള ഈ കലാകാരൻ പറയുന്നത് ,എപ്പോഴും സിനിമ ഒരു ആഗ്രഹം ആയവർക്ക് ഒരു പ്രചോദനം ആണ്. “നമ്മളിലൂടെ ഒരാൾ രക്ഷപ്പെട്ട് പോകുന്നുണ്ടെങ്കിൽ പോയ്ക്കോട്ടെ” എന്നാണ് ഇദ്ദേഹം എപ്പോഴും പറയുക.നമുക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാം.

മികച്ച അഭിനേതാവെന്ന നിലയിലും, നിർമ്മാതാവ് എന്ന നിലയിലും, തലയെടുപ്പോടെ ഒരുപാട് അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ. ഭാര്യ രേഖ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥയാണ്. അഛൻ ഗോവിന്ദൻ, അമ്മ ശാന്ത. മകൾ സംയുക്ത ദുബായിൽ ആർക്കിടെക്റ്റാണ്. ഒരു മകൻ യശ്വന്ത്‌ മനോജ്‌ പ്ലസ് ടു വിദ്യാർത്ഥി.സിനിമയും, നല്ലൊരു കുടുംബ ജീവിതവുമായി ഡോ.മനോജ് ഗോവിന്ദൻ മുന്നോട്ട് പോകുന്നു.

 

Leave a Reply
You May Also Like

നേപ്പാളിൽ ലാലേട്ടന്റെ മുപ്പത്തിരണ്ടാം പിറന്നാളാഘോഷം (എന്റെ ആൽബം- 30)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

മോഹൻലാലിനെ തകർക്കാൻ സംഘടിത ശ്രമങ്ങൾ ഇല്ല എന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ഹരീഷ് പേരടി

മോളിവുഡ് നടൻ ഹരീഷ് പേരടി മോഹൻലാൽ നായകനായ ‘മലയ്ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ തൻ്റെ സമീപകാല…

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ ടീസർ

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ലെ ആദ്യ ടീസർ ! *ചിത്രം ഏപ്രിലിൽ…

ബൈബിൾ ഓവർ ഡോസായി, അതിൽ നിന്നും വളരാതെയും പോയി, പക്ഷെ ഒന്നുണ്ട് ഈ സിനിമക്ക് മൊത്തത്തിലൊരു ഭംഗിയുണ്ട്

ദേവ് മോഹൻ, വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം…