ഞാൻ കുഴിയെടുത്ത്, എൻ്റെ ഉറ്റചങ്ങാതിയുടെ മൃതദേഹം അതിലേക്ക് തള്ളി, മണ്ണ് വലിച്ചിട്ടു

0
135

“ഞാൻ കുഴിയെടുത്ത്, എൻ്റെ ഉറ്റചങ്ങാതിയുടെ മൃതദേഹം അതിലേക്ക് തള്ളി, മണ്ണ് വലിച്ചിട്ടു. തീർച്ചയായും ഇങ്ങനൊരു യാത്ര അയപ്പല്ല അവൻ അർഹിച്ചത്.” – ഡോ. പ്രദീപ്.

ചെന്നൈയിലെ ന്യൂ ഹോപ് ഹോസ്പിറ്റലിൻ്റെ എം.ഡി. ആയിരുന്നു 55-കാരനായ ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലിസ്. ജീവിതകാലത്ത് നൂറുകണക്കിനാളുകൾക്ക് സഹായഹസ്തം നീട്ടിയ, മനുഷ്യത്വത്തിന് ആദ്യ പരിഗണന നൽകിയ ആളെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്ന ഡോ: സൈമൺ, തൻ്റെ ഏതോ രോഗിയിൽ നിന്ന് പകർന്നുകിട്ടിയ കോവിഡ് ബാധിച്ച് ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ, ഈ ഞായറാഴ്ച മരിച്ചു.

രാത്രി ഒൻപത് മണിയോടെ വിട്ടുകിട്ടിയ മൃതശരീരവുമായി, മറവ് ചെയ്യാൻ നിശ്ചയിച്ച ശ്മാശാനത്തിലേക്ക് നീങ്ങവേ, അവിടെയത് തടയാനായി നൂറിലേറെ വരുന്ന ആൾക്കൂട്ടം സംഘടിച്ചെന്ന വിവരം അറിയുന്നു. പ്രശ്നമൊഴിവാക്കാനായി അവർ മറ്റൊരു ശ്മാശാനത്തിലേക്ക് വെച്ചുപിടിക്കുന്നു. ഡോക്ടറുടെ ഭാര്യയും മകനും അടുത്ത ചില സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവരാണ് മൃതദേഹത്തെ അനുഗമിക്കുന്നത്. പക്ഷെ, അവിടെയും പരേതനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാത്തിരുന്നത് കല്ലുകളും വടികളും ആയിരുന്നു.

അവർ എത്തുമ്പോൾ ജെസിബി 6 അടി കുഴിയെടുത്തിട്ടുണ്ടായിരുന്നു. അപ്പോഴാണ് അൻപത്-അറുപത് പേർ വരുന്ന ആൾക്കൂട്ടം മരത്തടികൾ കൊണ്ട് അവരെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തത്. ബന്ധുമിത്രാദികൾക്കും കോർപറേഷൻ ജീവനക്കാർക്കും ജീവൻ രക്ഷിക്കാനായി ഓടിമറയുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ. അക്രമാസക്തരായ ആൾക്കൂട്ടം ആംബുലൻസ് ഡ്രൈവർമാരുടെ തലയ്ക്കടിക്കുകയും വണ്ടി കേടുവരുത്തുകയും ചെയ്തു.

സൈമണിൻ്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഡോ. പ്രദീപും, ഒപ്പം തലപൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്ന രണ്ട് ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് എങ്ങനെയോ മൃതദേഹം ആംബുലൻസിലേക്ക് തിരിച്ച് കേറ്റി അവിടെ നിന്ന് രക്ഷപ്പെടുന്നു. പരിക്കേറ്റ ഡ്രൈവർമാരെ ആശുപത്രിയിലാക്കുന്നു.

“പോലീസ് സഹായത്തോടെ ഏതാണ്ട് 11 മണിയോടെ ഞങ്ങൾ വീണ്ടും മൃതശരീരവുമായി ശ്മശാനത്തിലെത്തി. ചുരുങ്ങിയത് എട്ട് അടി കുഴിയെടുക്കണം. അവിടെയുണ്ടായിരുന്ന ഇൻസ്‌പെക്ടർ കുഴിയെടുക്കാൻ എനിക്കൊപ്പം സഹായിച്ചു. രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ അദ്ദേഹത്തിൻ്റെ ശരീരം എൻ്റെ കൈകളാൽ മണ്ണ് കുഴച്ച് സംസ്കരിച്ചു. അദ്ദേഹം ഡോക്ടർ ആയിരുന്നു, ഒരു ഹോസ്പിറ്റൽ എം.ഡി. ആയിരുന്നു, സർവ്വോപരി അങ്ങേയറ്റത്തെ മനുഷ്യസ്നേഹി ആയിരുന്നു. ഒരിക്കലും ഇങ്ങനൊരു അന്ത്യകർമ്മമല്ല അർഹിച്ചത്. ” – ഡോ. പ്രദീപ് പറഞ്ഞു.

പൂർണ്ണസത്യസന്ധതയോടെ ജോലി ചെയ്ത കഠിനാധ്വാനി എന്നാണ് മറ്റ് ഡോക്ടർമാർ സൈമണെ വിവരിക്കുന്നത്. എണ്ണമറ്റ ശസ്ത്രക്രിയകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ചെലവുകൾ വഹിക്കാൻ സാമ്പത്തികശേഷി ഇല്ലാത്ത ഒട്ടേറെ പേർക്ക് സൗജന്യമായി ചികിത്സ നൽകിയിരുന്നു.
“ജീവിതകാലത്ത് അങ്ങേയറ്റം മാനുഷികതയോടെ രോഗികളെ പരിചരിച്ച ഡോക്ടർ സൈമണ് മരണാനന്തരം ഏതൊരു വ്യക്തിയും അർഹിക്കുന്ന അടിസ്ഥാന പരിഗണന പോലും ലഭിച്ചില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ പോലും ഭാര്യക്കോ കൗമാരക്കാരനായ മകനോ സാധിച്ചില്ല. എന്തായിരുന്നു അദ്ദേഹത്തിൻ്റെ കുറ്റം? വൈറസ് വ്യാപകമായതിന് ശേഷം വീട്ടിൽത്തന്നെ ഇരിക്കാതെ സമൂഹത്തെ സേവിക്കൽ തുടർന്നു; സ്വന്തം ആരോഗ്യത്തെ ബന്ദിയാക്കി മറ്റുളളവരെ സഹായിച്ചു എന്ന ഒരേയൊരു തെറ്റാണ് അദ്ദേഹം ചെയ്തത്.” – ഇത് പറയുമ്പോൾ ഡോ. സൈമണിൻ്റെ ഉറ്റസുഹൃത്തും സഹപ്രവർത്തകനുമായ ഡോ: പ്രദീപ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

കേവലമായ കോവിഡ് ഭീതി എന്ന് ലഘൂകരിക്കേണ്ടവയല്ല ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ. എന്ത് ഭീതിയുടെ പേര് പറഞ്ഞാലും ഇത്തരം ആക്രമണങ്ങൾക്ക് മുതിരുന്നവർ യാതൊരു ദയാദാക്ഷിണ്യവും അർഹിക്കുന്നില്ല. കൊടും ക്രിമിനലുകൾ തന്നെയാണവർ. ലാത്തിയും വേണ്ടിവന്നാൽ ബുള്ളറ്റും പോലീസ് ചെലവഴിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്. അല്ലാതെ വിശന്നിട്ട്, കഴിക്കാൻ വല്ലതും വാങ്ങാൻ പുറത്തിറങ്ങുന്നവരുടെ നെഞ്ചത്തേക്കല്ല.