എന്തു കൊണ്ടാണ് ഉറങ്ങുമ്പോൾ സ്വപ്‌നങ്ങൾ കാണുന്നത്?എന്താണ് സ്വപ്നത്തിൽ സംഭവിക്കുന്നത്? മൃഗങ്ങളും ,അന്ധരും സ്വപ്നം കാണാറുണ്ടോ? അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ ? മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നവും ദിവാസ്വപ്നം എന്താണ്?⭐

????ഉറക്കമൊഴിച്ചുള്ള എല്ലാ വിശ്രമങ്ങൾക്കും ചിന്താപരമായ തലച്ചോറിന്റെ പങ്കാളിത്തം ആവശ്യമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള ബോധം ആവശ്യമാണ്. അതുകൊണ്ട് തന്നെ ഉറക്കത്തെ തലച്ചോറിന്റെ വിശ്രമം എന്ന് വിളിക്കാം. തലച്ചോറിന് ജോലികളെല്ലാം പൂർണ്ണമായി നിർത്തിവെച്ച് അങ്ങനെ വിശ്രമിക്കാൻ പറ്റില്ല. നമ്മുടെ ശ്വസനക്രിയ പോലെ ചില പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്.
വിശ്രമസമയത്ത് തലച്ചോർ ചില മെയിന്റനൻസ് വർക്കുകൾ ചെയ്യുകയാണ്. കമ്പ്യൂട്ടർ കുറേ നേരം ഓൺ ചെയ്തുവെച്ച് ഒന്നും പ്രവർത്തിപ്പിക്കാതെ നമ്മൾ മാറിനിന്നാൽ ആന്റിവൈറസ് പതുക്കെ സ്കാൻ ചെയ്യാൻ തുടങ്ങുന്നതുപോലെ. ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്ന നിരവധി നല്ലതും ചീത്തയുമായ ഓർമ്മകൾ, വിഷമങ്ങൾ, ഭയങ്ങൾ, മറ്റ് വികാരങ്ങൾ, ചിന്തകൾ ഒക്കെ നിറഞ്ഞ് മനസ്സ് കലുഷിതമായിരിക്കും. നമ്മുടെ വിഷമങ്ങൾ എന്തായാലും ഒരു ഉറക്കം കഴിയുമ്പോൾ ചെറിയൊരു ആശ്വാസം നമുക്ക് തോന്നുന്നത് ഉറക്കത്തിന്റെ സമയത്ത് നമ്മുടെ ഓർമ്മകളിൽ നടത്തുന്ന ഈ ‘അടുക്കിപ്പെറുക്കൽ’ കാരണമാണ്.

ഉറക്കത്തിന്റെ സമയത്ത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം അതിവേഗത്തിലായിരിക്കും. കാരണം കാഴ്ച, കേൾവി തുടങ്ങിയ തലച്ചോറിന്റെ ഒരുപാട് ജോലികൾ ഓഫ് ചെയ്ത സമയമാണ്. നമ്മൾ കണ്ട സ്വപ്നത്തിൽ മണിക്കൂറുകളോ, ദിവസങ്ങളോ ഒക്കെ നമ്മൾ അനുഭവിച്ചിരിക്കാം. പക്ഷേ സമയം നോക്കിയാൽ ചിലപ്പോൾ നമ്മൾ ഉറങ്ങാൻ കിടന്നിട്ട് ഏതാനും മിനിറ്റുകളേ ആയിട്ടുള്ളൂ എന്ന് മനസ്സിലാകും. ആ മിനിറ്റുകളിൽ ഏതാനും സെക്കൻഡുകൾ കൊണ്ടാണ് ഈ അനുഭവം നമുക്ക് ഉണ്ടായിരിക്കുക. അതായത്, ഒരു സെക്കൻഡ് സ്വപ്നത്തിൽ നമ്മൾ അനുഭവിക്കുന്നത് ഏകദേശം ആറ് മണിക്കൂർ ദൈർഘ്യമുള്ള സ്വപ്നമാണ്. ഒരു ഉറക്കത്തിൽ ഇതുപോലുള്ള നിരവധി സ്വപ്നങ്ങൾ നമുക്ക് ഉണ്ടാകാം. എഴുന്നേറ്റ് കഴിഞ്ഞാൽ ഓർക്കുന്നത് അതിൽ ഒന്നോ രണ്ടോ മാത്രമായിരിക്കും.

നമ്മുടെ തലച്ചോറിന്റെ ചിന്താപരമായ നിരവധി ഫയലുകൾ അടുക്കിപ്പെറുക്കി വൃത്തിയാക്കി വെക്കുമ്പോൾ നമ്മുടെ ഉറക്കം അത്ര ആഴത്തിലുള്ളതല്ലെങ്കിൽ ചിന്തകളുടെ ചില കോമ്പിനേഷനുകൾ വെച്ച് കണക്ട് ചെയ്യാൻ തലച്ചോർ ശ്രമിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്ന് ഉണർന്നാൽ ഏതാണ് ശരിക്കും സംഭവിച്ചതെന്ന് ഏതാനും സെക്കൻഡുകൾ നമുക്ക് പിടികിട്ടില്ല. ഉണർന്ന് ചുറ്റുമുള്ള യഥാർത്ഥ ദൃശ്യങ്ങൾ നമുക്ക് കിട്ടുമ്പോഴാണ് ഉറക്കത്തിന്റെ സമയത്ത് നടന്ന ഓർമ്മകൾ തമ്മിലുള്ള കണക്ഷൻ തെറ്റാണെന്ന് തിരിച്ചറിയുന്നത്. അടുക്കിപ്പെറുക്കുന്നു എന്ന് ആലങ്കാരികമായി പറയാമെങ്കിലും ഒരുപാട് ന്യൂറോണുകളുടെ പ്രവർത്തനമാണിത്.

ഗ്രീക്കുകാര്‍ക്ക് സ്വപ്‌നത്തിന് ഒരു ദൈവമുണ്ട് -മോര്‍ഫിയസ്. ചിറകുള്ള ദൈവം. ഹിപ്‌നോസ് എന്നു പേരുള്ള ഉറക്കത്തിന്റെ ദൈവത്തിന്റെ മകന്‍. മോര്‍ഫിയസിന്റെ കൈകളില്‍ കിടക്കുന്നവര്‍ നന്നായി ഉറങ്ങും, നന്നായി സ്വപ്‌നം കാണും എന്നു വിശ്വാസം.ദൈവമോ, ബാഹ്യമായ ഏതെങ്കിലും ശക്തിയോ മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ സ്വപ്‌നങ്ങളെ ഉപയോഗിക്കുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. അങ്ങനെയാണ് സ്വപ്‌നങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന രീതിയില്‍ ചര്‍ച്ചകള്‍ വന്നത്. ആറ്റമിഡോറസ് എന്നു പറയുന്നയാള്‍ എ.ഡി. 2-ാം നൂറ്റാണ്ടില്‍ അലക്‌സാണ്ടറുടെയൊക്കെ സ്വപ്‌നങ്ങളെ വ്യാഖ്യാനിച്ചിരുന്നതായി സിഗ്മണ്ട് ഫ്രോയ്ഡ് തന്നെ ‘Interpretation of Dreams’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. സാഹിത്യ രചനകളിലും കാണാം ഇത്തരം സ്വപ്‌നവ്യാഖ്യാനങ്ങള്‍.

സ്വപ്നം വളരെ സങ്കീര്‍ണ്ണമായൊരു മാനസികപ്രവര്‍ത്തനമാണ്. അതിന് മതിഭ്രമത്തിന്റെ ഒരു സ്വഭാവമുണ്ട്. ഇല്ലാത്തത് കാണുന്നതാണത് -Hallucination. ഉള്ളത് കണ്ട് വേറെ ചെറുതായി കാണുന്നതിനെ Illusion എന്നും ഇല്ലാത്ത ചിന്തകളെ നമ്മള്‍ ഉണ്ടെന്നു വിശ്വസിക്കുന്നതിനെ Delusion എന്നും പറയും. സ്വപ്‌നത്തില്‍ നേരിട്ടുള്ളൊരു വിഷയമല്ല നമ്മള്‍ കാണുന്നത്.സ്വപ്‌നങ്ങള്‍ പലവിധത്തിലുള്ള സൃഷ്ടിപരമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. പല പ്രശസ്ത സാഹിത്യകാരന്മാര്‍ക്കും തങ്ങളുടെ രചനയ്ക്കുള്ള കനല്‍ ലഭിച്ചത് സ്വപ്‌നങ്ങളില്‍ നിന്നാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാനൊരു ചിത്രത്തെ സ്വപ്‌നം കാണും, എന്നിട്ട് ആ സ്വപ്നത്തെ ഞാന്‍ ചിത്രമാക്കും’ എന്നാണ് വിഖ്യാതനായ വിന്‍സെന്റ് വാന്‍ഗോഗ് പറഞ്ഞിട്ടുള്ളത്. അകിരോ കുറസോവയുടെ കുട്ടിക്കാലത്തെ സ്വപ്‌നങ്ങളാണ് പില്‍ക്കാലത്ത് ‘Dreams’ എന്ന പ്രശസ്ത സിനിമയായി മാറിയത്.

സ്വപ്‌നത്തിന് നിയന്ത്രണങ്ങളില്ല. ഒരാള്‍ക്ക് എന്തൊക്കെ സങ്കല്പിക്കാന്‍ സാധിക്കുമോ അതെല്ലാം സ്വപ്‌നത്തിലും കാണാം. സ്വപ്‌നം കാഴ്ചയുടെ മായാലോകമാണ്. അതിന് പരിധിയില്ല. ഉണര്‍ന്നിരുന്ന് സങ്കല്പിക്കുന്ന കാഴ്ചകളെക്കാള്‍ വ്യക്തമായിരിക്കും സ്വപ്‌നക്കാഴ്ചകള്‍. മറ്റുള്ളവര്‍ സംസാരിക്കുന്നതും അവര്‍ തൊടുന്നതുമെല്ലാം സ്വപ്‌നത്തില്‍ അനുഭവിക്കാം. മണം, നാറ്റം ഇവയെല്ലാം സ്വപ്‌നത്തിലുമുണ്ട്. എന്നാല്‍, പ്രധാന വശം കാഴ്ചയാണെന്നു മാത്രം. കാഴ്ചയില്ലാത്ത വ്യക്തിയുടെ സ്വപ്‌നങ്ങളില്‍ ദൃശ്യങ്ങള്‍ക്കാകില്ല, മറ്റു വികാരങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം.സ്വപ്‌നം യഥാസമയമാണ് ഓടുന്നത്. സ്വപ്‌നത്തില്‍ 10 മിനിറ്റാണ് സംഭവങ്ങള്‍ക്ക് ദൈര്‍ഘ്യമെങ്കില്‍ യഥാര്‍ത്ഥത്തിലും അത് 10 മിനിറ്റ് തന്നെയായിരിക്കും. അക്കാര്യത്തില്‍ ബോധാവസ്ഥയും സ്വപ്‌നവും തമ്മില്‍ സാമ്യമുണ്ട്. സ്വപ്‌നത്തില്‍ വികാരങ്ങള്‍ യഥാതഥമായി അനുഭവപ്പെടും. സന്തോഷിക്കുകയും , സങ്കടപ്പെടുകയും , ഭയക്കുകയുമൊക്കെ ചെയ്യുന്നത് അതിനാലാണ്. വികാരങ്ങള്‍ താങ്ങാനാവാതെ പോകുമ്പോഴാണ് ചിലര്‍ ഞെട്ടി ഉണരുന്നത്.

സ്വപ്‌നത്തിലെ കാര്യങ്ങള്‍ എന്തുകൊണ്ടു സംഭവിക്കുന്നു എന്നു നമുക്ക് മനസ്സിലാക്കാന്‍ പറ്റില്ല. സ്വപ്നത്തെ നിയന്ത്രിക്കാന്‍ -ഇങ്ങനെ സ്വപ്‌നം കാണുന്നത് ശരിയല്ല എന്നപോലെ -സാധിക്കില്ല. ഒരു ഒഴുക്കാണ് സ്വപ്നം. അവിടെ ഓര്‍മ്മ വളരെ കുറവായിരിക്കും. സ്വപ്‌നത്തില്‍ കണ്ട കാര്യങ്ങള്‍ ഉണര്‍ന്നാല്‍ മാത്രമേ നമ്മള്‍ ഓര്‍ക്കാറുള്ളൂ. ഓര്‍ക്കുന്നില്ല എന്നതിനാല്‍ സ്വപ്‌നം കാണുന്നില്ല എന്നു പറയാനാവില്ല.രാവിലെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമോ എന്ന ചിന്ത വന്നത് അവ മാത്രം ഓര്‍മ്മയില്‍ നില്‍ക്കുന്നു എന്നതിനാലാവാം. രാത്രിയില്‍ പല ഘട്ടങ്ങളില്‍ ഒന്നിലേറെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍, രാവിലെയോടടുപ്പിച്ച് കാണുന്ന സ്വപ്‌നങ്ങളേ ഓര്‍ത്തിരിക്കാറുള്ളൂ. ഉണരുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഭാഗം ഓര്‍ക്കുന്നു എന്നേയുള്ളൂ.

ഉറക്കത്തിന് 2 തലങ്ങളുണ്ട്. ഇത് മാറി മാറി വന്നുകൊണ്ടിരിക്കും.

⚡ഉറക്കം തുടങ്ങുമ്പോള്‍ കണ്ണിലെ കൃഷ്ണമണികളുടെ ചലനം കുറഞ്ഞ Non Rapid Eye Movement -NREM sleep ആയിരിക്കും. അതിനു ശേഷം ⚡കൃഷ്ണമണികള്‍ക്ക് ചലനവേഗമുള്ള Rapid Eye Movement -REM sleep വരും. കുറച്ചു സമയത്തിനു ശേഷം NREM, വീണ്ടും REM -ഇങ്ങനെ ഒരു ചക്രം പോലെ ഉറക്കം ആവര്‍ത്തിക്കും.
ഉറക്കത്തിന്റെ ഓരോ ഘട്ടത്തിനും ഓരോ ചുമതലയുണ്ട്. ഉറക്കത്തിന്റെ തുടക്കത്തില്‍ NREM sleep ദൈര്‍ഘ്യമേറിയതും REM sleep ദൈര്‍ഘ്യം കുറഞ്ഞതുമായിരിക്കും. ക്രമേണ NREM sleep ദൈര്‍ഘ്യം കുറഞ്ഞുവരികയും REM sleep ദൈര്‍ഘ്യം കൂടുകയും ചെയ്യും. രാവിലെ ആകുമ്പോവേക്കും NREM sleep വളരെ ചെറുതും REM sleep വളരെ നീളമുള്ളതുമാകും.ഉറക്ക ചക്രത്തിൽ ഓരോ 90 മിനിറ്റ് കൂടുമ്പോഴാണ് REM സ്റ്റേജ് ഉണ്ടാകുന്നത്.

REM sleepല്‍ ഉള്ള ഒരാളെ വിളിച്ചുണര്‍ത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് പേശികള്‍ക്ക് ഒട്ടും ബലമുണ്ടാവില്ല, സ്വപ്‌നങ്ങള്‍ കാണും. പേശികളുടെ ബലക്ഷയം ഒരു തരത്തില്‍ സംരക്ഷണമാണ്. സ്വപ്‌നം കാണുന്നതെല്ലാം ശരീരം പ്രവര്‍ത്തിച്ചാലോ? അപകടത്തില്‍പ്പെടും. അതൊഴിവാക്കാന്‍ ശരീരത്തിന്റെ പ്രതിരോധമാണ് ബലക്ഷയം. REM sleep ഘട്ടത്തില്‍ മാത്രമാണ് സ്വപ്‌നങ്ങളുണ്ടാവുന്നത് എന്നായിരുന്നു അടുത്ത കാലം വരെയുള്ള വിശ്വാസം. എന്നാല്‍, ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം NREM sleep ഘട്ടത്തിലും സ്വപ്‌നമുണ്ട്.

REM sleepന് തകരാര്‍ സംഭവിക്കാം. പാര്‍കിന്‍സോണിസം പോലുള്ള അവസ്ഥകള്‍ REM sleepന് തകരാര്‍ സംഭവിച്ച അവസ്ഥകളാണ്. ഇത്തരം ഘട്ടങ്ങളില്‍ REM sleepല്‍ നമ്മള്‍ സ്വപ്‌നങ്ങള്‍ പ്രവര്‍ത്തിക്കും. പാര്‍ക്കിന്‍സണ്‍സ് രോഗം വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അവസ്ഥയാണ് REM sleep disorder. സ്വപ്‌നങ്ങളില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് രോഗലക്ഷണമാണ്. ഉറക്കത്തില്‍ നടക്കുന്നതും , ഉച്ചത്തില്‍ സംസാരിക്കുന്നതുമെല്ലാം NREM sleep തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്.

സ്വപ്‌നം പോലെയാണ് ദിവാസ്വപ്നം. ചെറിയൊരു മയക്കത്തില്‍ ദിവാസ്വപ്‌നം കാണാം. എന്നാല്‍, നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന, താല്പര്യമുള്ളതൊക്കെ കാണാന്‍ പറ്റുന്ന സ്വപ്‌നമുണ്ട് -സ്വപ്‌നമെന്ന് അറിയാവുന്ന സ്വപ്നം. Lucid Dreaming എന്നു പറയും. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ.സ്വപ്‌നങ്ങള്‍ക്ക് പലതരം വ്യാഖ്യാനങ്ങളുണ്ട്. സിഗ്മണ്ട് ഫ്രോയ്ഡിന്റേതാണ് ഏറ്റവും പ്രശസ്തം. ആഗ്രഹങ്ങള്‍ വേഷം മാറി വരുന്നതാണ് സ്വപ്‌നങ്ങള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. സ്വപ്‌നം ആഗ്രഹസഫലീകരണമൊന്നുമല്ല, മറിച്ച് തലച്ചോറിന്റെ വികാസത്തിന്റെ പ്രതിഫലനമാണ് എന്ന് ഡേവിഡ് ഫോക്‌സ് പറഞ്ഞു. മനഃശാസ്ത്രപരമായും , ശാരീരികമായും ഒട്ടേറെ വ്യാഖ്യാനങ്ങള്‍ പിന്നീട് വന്നു. തലച്ചോറിന്റെ മുന്‍ഭാഗമാണ് സ്വപ്‌നങ്ങള്‍ക്കു കാരണമെന്ന് ഏറ്റവും പുതിയ പഠനം പറയുന്നത്.

സ്വപ്‌നങ്ങള്‍ക്ക് കാവ്യാത്മകമായ അര്‍ത്ഥം കൂടിയുണ്ടെന്നാണ് ഫ്രോയ്ഡിന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളായ എറിക് ഫ്രോമിന്റെ പക്ഷം. ഫ്രോയ്ഡിന്റെ സ്വപ്‌നവ്യാഖ്യാനങ്ങളില്‍ കാണുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ദൂഷ്യങ്ങളാണെന്നും ഫ്രോം പറഞ്ഞുവെച്ചു. സത്യം കണ്ടുപിടിക്കാനുള്ള ഫ്രോയ്ഡിന്റെ വഴികള്‍ പുതിയ അജ്ഞതകള്‍ക്കു വഴിവെച്ചുവെന്ന് Activation Synthesis Hypothesis എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ജോണ്‍ അലന്‍ ഹോബ്‌സണും വിമര്‍ശിക്കുന്നു.
സ്വപ്‌നത്തെ 2 രീതിയില്‍ വ്യാഖ്യാനിച്ചു കാണാറുണ്ട്. ഒന്ന് ചിഹ്നങ്ങളുടെ രൂപത്തില്‍ കണ്ട് വ്യാഖ്യാനിക്കുന്നതാണ്. രണ്ട് സ്വപ്‌നങ്ങളെ ഡീകോഡ് ചെയ്യുകയെന്നു പറയും. ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് ഉദാഹരണമായി ഈജിപ്തില്‍ പ്രചാരമുള്ള കഥ പറയാം. അവിടത്തെ ഫറോവ ആദ്യം 7 കൊഴുത്ത കാളകളും , പിന്നാലെ 7 മെലിഞ്ഞ കാളകളും പോകുന്നത് സ്വപ്‌നം കണ്ടു. അതിന്റെ വ്യാഖ്യാനം വന്നത് 7 വര്‍ഷം സമൃദ്ധിയും അതിനു ശേഷമുള്ള 7 വര്‍ഷം ക്ഷാമവുമായിരിക്കും എന്നാണ്.

സ്വപ്നത്തെ പൂര്‍ണ്ണമായി അവലോകനം ചെയ്ത് അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്ന രീതിയാണ് ഈജിപ്തിലെ കഥയിലെ ഉദാഹരണത്തില്‍ കണ്ടത്. ഇതിനു വിപരീതമായി സ്വപ്നത്തെ വിവിധ ഭാഗങ്ങളായി വിഭജിച്ച ശേഷം അതിലെ ഓരോ ഭാഗത്തിനും വെവ്വേറെ വ്യാഖ്യാനം ചമയ്ക്കുന്നതാണ് ഡീകോഡിങ്. സ്വപ്‌നവ്യാഖ്യാനത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം ചിഹ്നങ്ങളും മതപരവും സാംസ്‌കാരികപരമായുമൊക്കെ നമുക്ക് ചിരപരിചിതമായവ തന്നെയാണ്. തീര്‍ത്തും വ്യക്തിപരമായ ചിഹ്നങ്ങളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്.

തലച്ചോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ ഭാഗത്ത് രക്തയോട്ടം കൂടും. ഓക്‌സിജന്റെയും , ഗ്ലൂക്കോസിന്റെയുമൊക്കെ ആവശ്യം കൂടുന്നതിനാലാണിത്. ഇത് നിര്‍ണ്ണയിച്ച് മാനസിക രോഗാവസ്ഥകളും മറ്റും പഠിക്കുന്നതിന് Functional MRA പരിശോധന നടത്താറുണ്ട്. സ്വപ്‌ന പഠനത്തിനും ഇത് സഹായകരമാണ്. മനുഷ്യന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ മുന്‍ഭാഗമാണ്. എന്നാല്‍, സ്വപ്‌നത്തിന്റെ സമയത്ത് മുന്‍ഭാഗത്ത് കാര്യമായ പ്രവര്‍ത്തനമില്ല. അതുകൊണ്ടാണ് സ്വപ്‌നത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പറ്റാത്തത്.ഉറക്കം എന്നത് പൂര്‍ണ്ണമായ അബോധാവസ്ഥയല്ല. ഉറങ്ങുമ്പോള്‍ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു പറയാനാവില്ല. ആ സമയത്തും തലച്ചോര്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് FMRA പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. അതാണ് നമ്മള്‍ സ്വപ്‌നം കാണുന്ന മേഖലകള്‍. തലച്ചോറിന് 2 സ്വപ്‌നകേന്ദ്രങ്ങളുണ്ട്.

⚡Parieto-occipital junction എന്നും
⚡Frontal area എന്നും പറയുന്ന മേഖലകള്‍. Parieto-occipital ആണ് മായക്കാഴ്ചകള്‍ സൃഷ്ടിക്കുന്നത്. Frontalന്റെ കടമ സ്വപ്‌നത്തിനുള്ളിലെ ചിന്തകളെ ഉണര്‍ത്തുക എന്നതാണ്.

സ്വപ്‌നവേളയില്‍ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന മേഖലകള്‍ സജീവമായി നില്‍ക്കുന്നതു കാണാം. സന്തോഷവും , സങ്കടവും , ഭയവുമെല്ലാം ഉണ്ടാവുന്നത് അതിനാലാണ്. തലച്ചോറിന്റെ മുകള്‍ഭാഗത്ത് മായക്കാഴ്ചകള്‍ക്കു കാരണമാവുന്ന മേഖലകളും സജീവം തന്നെ. സ്വപ്‌നം തീരെ കാണാത്ത അവസ്ഥ വളരെ കുറവാണ്. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തിന് തകരാറുണ്ടെങ്കിലാണ് സ്വപ്‌നം നമ്മളില്‍ നിന്ന് ദൂരെപ്പോകുക. പ്രായമേറി വരുന്തോറും സ്വപ്‌നങ്ങള്‍ നഷ്ടപ്പെടും. സ്വപ്‌നം കാണാറില്ല എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അത് കാണാത്തതുകൊണ്ടാവില്ല, മറിച്ച് ഓര്‍ക്കാത്തതിനാലാവും.
4 വയസ്സിനു മുകളിലാണ് ഒരു മനുഷ്യന്റെ സ്വപ്‌നയാത്രകള്‍ തുടങ്ങുക എന്നതാണ് പഠനങ്ങൾ പറയുന്നത്. എന്നാല്‍ ഒന്നര വയസ്സുള്ള കുട്ടികളും ഉറക്കത്തില്‍ ചിരിക്കുകയും , കരയുകയുമൊക്കെ ചെയ്യാറുണ്ട്. സ്വാഭാവികമായും സ്വപ്‌നം കാണുന്നതായിക്കൂടെ എന്ന ചോദ്യം നമുക്ക് ഉണ്ടാവാം. സ്വപ്‌നങ്ങള്‍ കാണുന്നുണ്ടാവാമെങ്കിലും അത് സങ്കീര്‍ണ്ണമാവില്ല എന്ന് വിശദീകരിക്കുന്നുണ്ട്.

കഥകള്‍ പറയാനും , കാഴ്ചകള്‍ തിരിച്ചറിയാനുമുള്ള കഴിവ് നേടുന്നതനുസരിച്ചാണ് സ്വപ്‌നങ്ങള്‍ വരുന്നത്. 4 വയസ്സിനു താഴെ എന്തായാലും അതു സംഭവിക്കാന്‍ സാദ്ധ്യതയില്ല. ഗര്‍ഭപാത്രത്തില്‍ ചിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ കാണാറുണ്ട്. അതും സ്വപ്‌നം കാണുന്നതാവാം. തലച്ചോറിന്റെ വികാസത്തിന് അനുഗണമായാണ് സ്വപ്‌നത്തിന്റെ വരവ് .

സ്വപ്നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.

⚡എല്ലാ സ്വപ്നങ്ങളും നിറമുളതല്ല . ഒരു വലിയ ശതമാനം ആളുകൾ നിറങ്ങളുള്ള സ്വപ്നങ്ങൾ കാണുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നങ്ങൾ കാണുന്ന 12% ആളുകൾ ഉണ്ടെന്ന് പഠനം തെളിയിക്കുന്നു.
⚡ സ്വപ്നങ്ങൾക്കും ലിംഗഭേദം ഉണ്ട് .ശാസ്ത്രജ്ഞൻ പറയുന്നത് പുരുഷന്മാരും , സ്ത്രീകളും വ്യത്യസ്തരീതിയിലാണ് സ്വപ്നം കാണുന്നത് എന്നാണ്. പുരുഷന്മാർ കൂടുതൽ ശാരീരിക പ്രവർത്തനങ്ങളും ,ആയുധങ്ങളും ഉള്ള ഉള്ളടക്കമാണ് സ്വപ്നം കാണുന്നത്. എന്നാൽ സ്ത്രീകളുടെ സ്വപ്നങ്ങൾ ദീർഘമായതും , സംഭാഷണങ്ങളും , കഥാപാത്രങ്ങളും അധികം അടങ്ങിയതുമാണ്.
⚡ മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ ഉറക്ക ചക്രത്തിലും ആർ ഇയ്എം ഘട്ടങ്ങളുണ്ട്.
⚡നിങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കാൻ കഴിയും . ലൂസിഡ് സ്ലീപ്പ് എന്നാൽ ഉറങ്ങുമ്പോഴും സ്വപ്നം കാണുന്നുണ്ടെന്ന് മനസ്സിലാകുന്ന ഒരു അവസ്ഥയാണ്. ഇത് ബോധാവസ്ഥയുടെയും ആർ ഇയ്എം ഉറക്കത്തിന്‍റെയും സംയോജിത അവസ്ഥയാണ്.
⚡സ്വപ്നങ്ങൾക്ക് ആയുസ്സില്ല . നിങ്ങൾ കാണുന്ന സ്വപ്നങ്ങളിൽ 90% മറന്നു പോകും. ഓർമ്മയിൽ ഉണ്ടെങ്കിൽ പോലും മണിക്കൂറുകൾ മാത്രമായിരിക്കും അതിന് ആയുസ്സ്.
⚡ സ്വപ്നത്തിൽ നമുക്ക് വായിക്കാൻ കഴിയില്ല
⚡സ്വപ്നത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടുത്തങ്ങളുമുണ്ട്. അതിൽ ചില ഉദാഹരണങ്ങളാണ് ഗൂഗിളിനുള്ള ആശയം, ഡിഎൻഎ ഡബിൾ ഹെലിക്സ് സ്പൈറൽ ഫോം തുടങ്ങിയവ.
⚡അന്ധർക്കും സ്വപ്നം കാണാം . കണ്ണ് കാണാത്തവർക്കുമുണ്ട് സ്വപ്നം കാണാനുള്ള കഴിവ്. പക്ഷേ സ്വപ്നം കാണുന്നത് അവരുടെ സ്പർശനത്തിൽ നിന്നോ , ശബ്ദത്തിൽ നിന്നോ , മണത്തിൽ നിന്നോ ലഭിക്കുന്ന അനുഭവങ്ങൾ വഴിയായിരിക്കും.
⚡ നിങ്ങൾക്ക് പരിചയമുള്ള മുഖമായിരിക്കും സ്വപ്നത്തിൽ പതിയുന്നത്. എന്നാൽ അവരെ നിങ്ങൾ ഓർത്തിരിക്കണം എന്നില്ല. എന്നാൽ തലച്ചോറിൽ അവരുടെ മുഖങ്ങൾ പതിഞ്ഞിരിക്കും. പിന്നീട് അവരെ കാണുമ്പോൾ എവിടെയോ അടുത്തു കണ്ടതുപോലെ അനുഭവപ്പെടും.
⚡ സാധാരണ സ്വപ്നങ്ങളേക്കാൾ ദുസ്വപ്നങ്ങൾ ആയിരിക്കും കൂടുതൽ നമ്മൾ കാണുക. സ്വപ്നം കാണുമ്പോൾ ഏറ്റവും കൂടുതൽ ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വികാരങ്ങൾ കോപം, സങ്കടം, ഭയം എന്നിവയാണ്.
സ്വപ്‌നങ്ങള്‍ കാണുന്നത് വളരെ ആരോഗ്യകരമായ ഒരു കാര്യമാണ് എന്ന് മനസ്സിലാക്കുക.നല്ല മനസ്സുള്ളവര്‍ക്ക് നല്ല സ്വപ്‌നങ്ങള്‍ കാണാം .നിങ്ങള്‍ നല്ല മനസ്സുള്ള നല്ല മനുഷ്യരാണോ എന്ന്
സ്വപ്‌നം വിലയിരുത്തി സ്വയം തീരുമാനിക്കാം.

Leave a Reply
You May Also Like

ഒരു ക്യു ആർ കോഡ് ഉണ്ടാക്കുന്നതെങ്ങനെ ?

പത്രങ്ങളിലും, മാസികകളിലും, ചുമരുകളിലും, പരസ്യങ്ങളിലും നമുക്കിവനെ കാണാം.കറുത്ത വരകളുള്ള സാധാരണ ബാർ കോഡുകൾ ഏവർക്കും പരിചിതമാണ്

മനുഷ്യനെ ചന്ദ്രനിൽ വരെ എത്തിച്ചതും സാക്ഷാൽ മണ്ണെണ്ണ തന്നെ, വായിക്കാം റോക്കറ്റിന്റെ ചരിത്രം

Basheer Pengattiri ഫ്രഞ്ച് സാഹിത്യ കാരനായ ഷൂൾ വേൺ (Jules Verne :1828-1905) അറിയപ്പെടുന്നത് സയൻസ്…

237 മില്യൻ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മുതലയെ പോലെ തോന്നിക്കുന്ന ഉരഗത്തിന്റെ ഫോസിൽ ബ്രസീലിൽ നിന്നും നിന്നും കണ്ടെത്തി

ഈ കണ്ടെത്തലിനെ അപൂര്‍വ്വത്തിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കുന്നു

എന്താണ് പ്രിവിലേജ്ഡ് വിൽപത്രം ?

സൈനികൻ അയാൾ യുദ്ധമുഖത്തോ, വിദേശത്തൊ മറ്റോ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് എഴുതുന്നതാണ് പ്രിവിലേജ്ഡ് വിൽപത്രം