Praveen Kumar എഴുതുന്നു 

ഭൂമിയുടെ ഉത്പത്തിയെയും ജീവന്റെ ആവിർഭാവത്തെയും കുറിച്ച് പറയുമ്പോൾ പലവിധ സംശയങ്ങൾ ഉണ്ടാകാം. പരിണാമം നടക്കുവാണെങ്കിൽ ഇപ്പോൾ എന്താണ് ഒരു ജീവിയും പരിണാമത്തിന്റെ ഫലമായി മറ്റൊരു ജീവി ആയി മാറാത്തത് ഇതായിരുന്നു മിക്ക ആളുകളുടെയും സംശയം. എല്ലാവർക്കും മനസിലാവുന്ന രീതിയിൽ എല്ലാത്തിനുമുള്ള ഉത്തരം ആണ് ഈ പോസ്റ്റ്

പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷങ്ങളെ – ഒരൊറ്റ വർഷത്തെ, അതായത് കൃത്യം 365 ദിവസങ്ങളുടെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു. (ഒരു ബില്യൺ എന്നാൽ നൂറു കോടി)

ഉദാഹരണത്തിന്, ഡിസംബർ 31 അർദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടാകുന്നു. അടുത്ത വർഷം ഡിസംബർ 31 അർദ്ധരാത്രി – കൃത്യം 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിലേക്കുത്തുന്നു എന്നും സങ്കൽപ്പിക്കുക. അങ്ങനെ എങ്കിൽ ഈ ‘കോസ്മിക് കലണ്ടറിലെ’ ഒരു സെക്കന്റ് 438 വർഷങ്ങൾക്ക് സമമായിരിക്കും. ഒരു മണിക്കൂർ എന്നത് 15.8 ലക്ഷം വർഷങ്ങളും, ഒരു ദിവസമെന്നത് 3.78 കോടി വർഷങ്ങളും ആയിരിക്കും. ഇനി ഈ കലണ്ടറിലൂടെ ഒന്ന് സഞ്ചരിച്ച്, നമുക്കറിയാവുന്ന പ്രപഞ്ചത്തിൽ ഇത് വരെ നടന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം!.

Image result for evolutionഡിസംബർ 31 അർദ്ധരാത്രി കൃത്യം 12:00 മണി. ബിഗ് ബാംഗ് സംഭവിക്കുന്നു! ആദ്യത്തെ മൈക്രോ സെക്കന്റുകളും, സെക്കന്റുകളുമൊക്കെ പ്രപഞ്ചത്തിന്റെ അടിസ്ഥാന കണികകളുടെ രൂപീകരണമാണ്. നമുക്ക് താല്പര്യമുള്ള വിഷയങ്ങളൊന്നും ആദ്യത്തെ നാലഞ്ച് മാസത്തേക്ക് സംഭവിക്കുന്നില്ല! നമ്മുടെ ഗ്യാലക്സി ആയ മിൽക്കി വേ (ആകാശ ഗംഗ) ഉണ്ടാകുന്നത് മെയ് 15 ന് ആണ്. പിന്നെയും നീണ്ട കാത്തിരിപ്പ്! സൂര്യനും സൗരയൂഥവുമൊക്കെ ഒരു പാട് മാസങ്ങൾ കഴിഞ്ഞ് – കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 31 നാണ് ഉണ്ടാകുന്നത്! അതിനോടനുബന്ധിച്ചു തന്നെ ഭൂമിയും, ഇതര ഗ്രഹോപഗ്രഹങ്ങളും ഉണ്ടാകുന്നു. ഒരു വർഷത്തിൽ 8 മാസം അപ്പോഴേക്കും കടന്നു പോയി.

ഭൂമിയിലെ ജീവന്റെ ആദ്യ കണിക ഉണ്ടാകുന്നത് സെപ്തംബർ 21 നാണ്. പ്രോകാരിയോട്ട് എന്ന് വിളിക്കപ്പെടുന്ന അതീവലളിതമായ ഏകകോശജീവികൾ. ഫോട്ടോ സിന്തസിസ് എന്ന പ്രതിഭാസം ആരംഭിക്കുന്നത് ഒക്റ്റോബർ 28 ന്. വർഷത്തിലെ 10 മാസം കഴിയാറായിട്ടും, മനുഷ്യൻ പോയിട്ട് ബഹുകോശ ജീവികൾ പോലും ഭൂമിയിൽ ആവിർഭവിച്ചില്ല എന്നോർക്കണം!

പ്രോകാരിയോട്ട് ജീവികളിൽ ന്യൂക്ലിയസ് ഉണ്ടാകുന്നത് (അതായത് യൂകാരിയോട്ടുകൾ ആയി മാറുന്നത്) നവംബർ 9 ന് ആണ്. ഇതിനു മുമ്പ് തന്നെ, അതായത് കോശങ്ങളിൽ മർമങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ‘സെക്സ്’ ഉരുത്തിരിഞ്ഞിരുന്നു എന്നറിയാമോ? അത് സംഭവിച്ചത് നവംബർ 1 നാണ്!

ആദ്യത്തെ ബഹുകോശജീവികൾ പ്രത്യക്ഷപ്പെടുന്നത് ഡിസംബർ 5ന്. കടലിനടിത്തട്ടിൽ കാണപ്പെടുന്ന ലളിതമായ ജീവികൾ ഉണ്ടാകുന്നത് ഡിസംബർ 14നാണ്. സമാനകാലത്ത് തന്നെയാണ് ആർത്രോപോഡുകളുടെ ഉത്ഭവവും. ഡിസബർ 18ന് മത്സ്യങ്ങളും, ഉഭയജീവികളുടെ പൂർവികരും ഉണ്ടാകുന്നു.

Image result for evolutionഡിസംബർ 19 ന് കരയിൽ സസ്യങ്ങൾ ഉണ്ടാകുന്നു. ചെറുപ്രാണികളും, ഇന്നത്തെ ഇൻസെക്റ്റുകളുടെ പൂർവികരും ഉണ്ടാകുന്നത് ഡിസംബർ 21 നാണ്. ഡിസംബർ 22 ന് ആദ്യ ഉഭയജീവികൾ ഉണ്ടാകുന്നു. ഉരഗങ്ങൾ ഉണ്ടാകുന്നത് ഡിസംബർ 23 നും, സസ്തനികൾ ഉണ്ടാകുന്നത് ഡിസംബർ 26 നുമാണ്. ഒരു വർഷം കഴിയാൻ വെറും 5 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മനുഷ്യൻ എന്ന അതിവിശിഷ്ടനായ ജീവിയോ, എന്തിന്, അവനോട് വിദൂര സാദൃശ്യമുള്ള ഒരു പൂർവികനോ പോലും ഇത് വരെ ഉണ്ടായിട്ടില്ല!

ദിനോസറുകൾ ആവിർഭവിക്കുന്നത് കൃസ്തുമസിന്റെ അന്നാണ്!പക്ഷികൾ ഉണ്ടാകുന്നത് ഡിസംബർ 27 നും. നമുക്ക് പ്രിയങ്കരമായ പുഷ്പങ്ങൾ ചെടികളിൽ ഉണ്ടാകാൻ തുടങ്ങിയത് ഡിസംബർ 28 ഓടെ ആണ്. അഞ്ചു ദിവസം ഭൂമിയിലെ രാജാക്കന്മാരായിരുന്ന ദിനോസറുകൾ ഡിസംബർ 30 ഓടെ അരങ്ങൊഴിയുകയാണ്.

ഡിസംബർ 30 ന് സകല ഹോമിനിഡ് ഗ്രൂപ്പുകളുടേയും പിതാമഹൻ ആയ പ്രൈമേറ്റുകളുടെ ആദി രൂപങ്ങൾ ഉണ്ടാകുന്നു. കൂടുതൽ സസ്തനികൾ ഭൂമിയിൽ പരിണമിച്ചുണ്ടാകുന്നു.

ഡിസംബർ 31, 6:05 ന് Ape എന്ന് വിളിക്കാവുന്ന ഒരു ജീവി ഭൂമിയിൽ ഉണ്ടാകുന്നു. ഉച്ചയ്ക്ക് 2:24 ഓടെ ഇപ്പോഴത്തെ മനുഷ്യനും, ചിമ്പാൻസിയും, ഗൊറില്ലയും ഒക്കെ ഉൾപ്പെടുന്ന ‘ഹോമിനിഡ്’ ഗ്രൂപ്പിന്റെ പൊതു പൂർവികൻ ഉണ്ടാവുകയാണ്. മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോഴും മനുഷ്യൻ ചിത്രത്തിലില്ല എന്ന് ശ്രദ്ധിക്കുക!

രാത്രി 10:24 ന് മനുഷ്യ പൂർവികർ ആയ ഹോമോ എറക്ടസ് ഉണ്ടാകുന്നു. സമാന സമയത്ത് തന്നെ കല്ലു കൊണ്ടുള്ള ആയുധങ്ങളും കണ്ടു പിടിക്കപ്പെടുന്നു. 11:44 pm നാണ് തീയുടെ ഉപയോഗം മനുഷ്യ പൂർവികർ കണ്ടെത്തുന്നത്. ഒടുവിൽ, ഡിസംബർ 31 രാത്രി 11:52 pm ന്, മനുഷ്യൻ എന്ന് വിളിക്കാവുന്ന ഒരു ജീവി ആവിർഭവിക്കുകയാണ്! ഒരു വർഷത്തെ കലണ്ടർ അവസാനിക്കാൻ വെറും എട്ട് മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ 

(നോട്ട്: മുകളിലെ വാചകങ്ങളിലൊക്കെയും ‘ഉണ്ടാകുന്നു’ എന്ന് ഞാൻ പറഞ്ഞത് ജൈവവും അജൈവവുമായ പരിണാമത്തിലൂടെ ഉണ്ടാകുന്നു എന്ന് വായിക്കുക. അല്ലാതെ ആരെങ്കിലും ഇരുന്ന് ‘കുഴച്ചത്’ കൊണ്ടോ ‘ഊതിയത് കൊണ്ടോ അല്ല!)

ഒരു വർഷത്തെ പ്രപഞ്ച ചരിത്രത്തിൽ, മനുഷ്യന്റെ അറിയുന്നതും, എഴുതപ്പെട്ടതും, അല്ലാത്തതുമായ സകല ചരിത്രവും, നമുക്കറിയാവുന്ന പ്രശസ്തരും അപ്രശസ്തരും ആയ സകല മനുഷ്യരുടേയും കഥ ഈ എട്ട് മിനിറ്റിൽ ഒതുങ്ങുന്നു! സത്യത്തിൽ അങ്ങനെ പറയുന്നത് പോലും ശരിയല്ല. ഈ എട്ട് മിനിറ്റ് എന്ന് പറയുന്നത് യഥാർത്ഥ സ്കെയിലിൽ രണ്ട് ലക്ഷം വർഷങ്ങൾ ആണ്. മനുഷ്യന്റെ അറിയാവുന്ന ചരിത്രം ഏതാനും പതിനായിരം വർഷങ്ങളിൽ ഒതുങ്ങും!

സകല ദൈവ സങ്കൽപ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില നിമിഷങ്ങളിൽ ആണ്! എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടർ തീരാൻ വെറും 13 സെക്കന്റുകൾ ബാക്കി ഉള്ളപ്പോഴാണ്.

ആധുനിക ശാസ്ത്രത്തിന്റെ ആവിർഭാവവും, വ്യാവസായിക വിപ്ലവവും, അമേരിക്കൻ, ഫ്രെഞ്ച് തുടങ്ങി സകല വിപ്ലവങ്ങളും, സകല ലോഹമഹായുദ്ധങ്ങളും നടന്നത് അവസാനത്തെ ഒരു സെക്കന്റിനകത്താണ്!

കടപ്പാട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.