ഇലക്ട്രിക് ചെയറിലെ മരണം

96

Ares Gautham

വര്‍ഷങ്ങളായി അമേരിക്കയിലെ പല സംസ്ഥാനങ്ങളുടെയും പ്രിയപ്പെട്ട ശിക്ഷാ രീതിയാണ് Electric Chair കൊണ്ടുള്ള വധശിക്ഷ.  ഉപയോഗം തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, അവസാനമായി 2013ലാണ് അമേരിക്കയില്‍ electric chair ഉപയോഗിച്ച് ഒരാളെ ശിക്ഷിക്കുന്നത്. തൂക്കിലേറ്റുന്നതിനും, തല വെട്ടുന്നതിനും, പുതുതായി വന്ന; മതിലില്‍ ചാരി വെടി വയ്ക്കുന്നതിനുമൊക്കെ ബദല്‍ എന്നതിലുപരി, എല്ലാ മേഖലകളിലും ശാസ്ത്രം കൈവരിച്ച പുരോഗതിയുടെ കൂടെ ചിഹ്നമായിട്ടാണ് ഇലെക്ട്രിക്ക് ചെയര്‍ അവതരിക്കപ്പെട്ടത്.

സാക്ഷാല്‍ തോമസ്‌ ആല്‍വാ എഡിസന്‍റെ ജോലിക്കാരനായ ഹാരോള്‍ഡ്‌ ബ്രൌണ്‍ കണ്ടുപിടിച്ച ചെയറില്‍ ഇരുത്തുന്നയാളെ, ആദ്യം തന്നെ തലയിലെയും, കാല്‍വെണ്ണയിലെയും രോമങ്ങള്‍ കളഞ്ഞ് റെഡിയാക്കും, അതിലൂടെയാണ് കരണ്ട് കയറ്റുക.ആദ്യം തന്നെ രണ്ടായിരം വാള്‍ട്ട് കരണ്ടാണ് കുറ്റവാളിയുടെ ശരീരത്തിലേക്ക് കടത്തിവിടുക. അത്രയും വൈദ്യുതി ഒരുമിച്ച് കയറുമ്പോള്‍, ഒട്ടും താമസിയാതെ ഹൃദയവും, തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും നിലച്ച് മസ്തിഷ്കമരണം സംഭവിക്കും. ശേഷം കുറഞ്ഞ വാള്‍ട്ട് കരണ്ട് കടത്തിവിട്ട് പടിപടിയായി ശരീരം ചൂടാക്കിയാണ് ആളെ കൊല്ലുന്നത്. നൂറ് ഡിഗ്രിയോളം ചൂടാകുന്ന ശരീരത്തിലെ ആന്തരികാവയവങ്ങള്‍ വെന്തുരുകി, ഒരുതരം ഭീതിജനകമായ ഒരു മരണമാണ് ഇലെക്ട്രിക് ചെയര്‍ സമ്മാനിക്കുക. കണ്ണുകള്‍ രണ്ടും ഉരുകി ഇല്ലാതാകും എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാം, എത്രത്തോളം ഭീകരമാണ് ആ അവസ്ഥയെന്ന്.

ഭാഗ്യത്തിന് തുടക്കം തന്നെ ബോധം പോകുന്നതിനാല്‍, ഭൂരിഭാഗം കുറ്റവാളികളും, ബാക്കി നടക്കുന്നത് അറിയാറില്ല. വേദനയുടെ വിവരം തലച്ചോറിലേക്ക് എത്തുന്നതിനും ഒരുപാട് മുന്‍പ് തന്നെ തലച്ചോറും, ഞരമ്പുകളും എല്ലാം താറുമാറായിക്കാണും. ചുരുക്കിപ്പറഞ്ഞാല്‍ പുറമേ നിന്ന് നോക്കുമ്പോള്‍ ഭയാനകമാണെങ്കിലും, തികച്ചും സുഖകരമായ മരണം. പക്ഷെ എപ്പോഴും അങ്ങനെ ഭാഗ്യം കടാക്ഷിക്കാറില്ല.
തുടക്കം മുതല്‍ക്കേ voltage കുറവാണെങ്കില്‍ ഒരുപാട് സമയമെടുത്തായിരിക്കും ആളുടെ ബോധം നഷ്ടപ്പെടുക. അതും ശരീരം നന്നായി ചൂടുപിടിച്ച്‌, ചിലപ്പോള്‍ സ്വന്തം ചോര തിളയ്ക്കുന്നത് പോലും തിരിച്ചറിയുന്നത് വരെയൊക്കെ ബോധം കാണും. പലപ്പോഴും അത് അധികൃതര്‍ അറിഞ്ഞ് ചെയ്യുന്നതും ആകും. പോലീസുകാരെ കൊന്ന cop killers, സീരിയല്‍ കില്ലേര്‍സ്, മറ്റെന്തെങ്കിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, ഇങ്ങനെയുള്ളവരുടെ ശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ പലരും ഒന്ന് കണ്ണടയ്ക്കാരുണ്ട്.എന്നാല്‍ ഇങ്ങിനെയുള്ള അവസ്ഥയിലും പതറാത്ത വീരന്മാരും ഉണ്ട്. പ്രേതങ്ങളെക്കാളും പേടിക്കണ്ട മനുഷ്യര്‍.

അതില്‍ ഒരാളുടെ വിശേഷം മാത്രം പറയാം, രണ്ട് കൊലകള്‍ നടത്തി കസേര ചോദിച്ച് വാങ്ങിയ ജെയിംസ് ഫ്രെഞ്ചിന്‍റെ കഥ. ഒരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്ന ഫ്രഞ്ചിന് ജീവിക്കാന്‍ യാതൊരു ആശയും ഇല്ലായിരുന്നു. ഒന്നിനോടും താല്പര്യം ഇല്ലാത്ത, പക്ഷെ എല്ലാം പോസിറ്റീവ് ആയിക്കാണുന്ന ഒരു തടവുകാരന്‍. അങ്ങിനെയാണ് വാര്‍ഡന്‍മാര്‍ അയാളെ വിശേഷിപ്പിച്ചത്. ആ കൊലയ്ക്ക് ശിക്ഷയായി അയാള്‍ പ്രതീക്ഷിച്ചിരുന്ന കസേര കിട്ടാതായപ്പോള്‍ അയാള്‍ ശരിക്കും നിരാശനായി. എങ്ങിനെയെങ്കിലും മരിക്കണം എന്ന് മാത്രമായിരുന്നു അയാളുടെ ചിന്ത.

ഫ്രഞ്ചിന് ആത്മഹത്യ ചെയ്യാന്‍ പേടിയായിരുന്നെന്നും, അല്ല അത് മടിയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അല്ലെങ്കിലും മുന്നും പിന്നും നോക്കാത്ത ഫ്രെഞ്ചിനെപ്പോലെ ഒരാള്‍ക്ക്, മരണശിക്ഷ ചോദിച്ച് വാങ്ങാന്‍ ഇത്രയധികം സാദ്ധ്യതകള്‍ ഉള്ളപ്പോള്‍ വെറുതെ എന്തിന് കഷ്ടപ്പെടണം?

അതിനുള്ള വഴിയൊക്കെ ഫ്രഞ്ചിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങിനെ ആരോടും വഴക്കിനോ, പ്രശ്നങ്ങള്‍ക്കോ പോകാത്ത അയാള്‍, ഒരു ദിവസം ആരും അറിയാതെ തന്‍റെ സഹതടവുകാരനെ അങ്ങ് തട്ടി. അതും യാതൊരു പ്രകോപനങ്ങളും ഇല്ലാതെ. കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒന്നും നിഷേധിക്കാന്‍ പോയില്ല. വക്കീലിനെ വയ്ക്കാഞ്ഞത് കണ്ട് സര്‍ക്കാര്‍ കൊടുത്ത വക്കീലിനോട് ഒരക്ഷരം പോലും മിണ്ടിയുമില്ല. ജീവന്‍ രക്ഷിക്കാനായി ഒരു ചെറുവിരല്‍ പോലും ഫ്രഞ്ച് അനക്കിയില്ലെന്നാണ് കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രത്തില്‍ പറഞ്ഞത്. തനിക്ക് വിധിച്ച മരണശിക്ഷയും കേട്ട്, അയാള്‍ സന്തോഷത്തോടെ കോടതിയില്‍ നിന്ന് തന്‍റെ സെല്ലിലേക്ക് മടങ്ങിയെത്തി.

ശിക്ഷ നടപ്പാക്കേണ്ട അന്ന് വളരെ പ്രസന്നനായാണ് ഫ്രഞ്ച് നടന്നത്. സ്വന്തം മൂക്കിന്‍ തുമ്പത്ത് വച്ച് ഒരു കൊല നടത്തിയ പ്രതി, ജീവന് വേണ്ടി കേഴുന്നത് കാണാന്‍ വന്ന ജയില്‍ ഒഫീഷ്യല്‍സിനെ മൊത്തം അമ്പരപ്പിച്ച് കൊണ്ട്, ഫ്രഞ്ച്, കൂളായി ആ കസേരയില്‍ കയറിയിരുന്നു.അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് executionar ചോദിച്ചപ്പോള്‍, പുഞ്ചിരിയോടെ ഫ്രഞ്ചിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.”പറയാനുള്ളതൊക്കെ ഞാന്‍ നേരത്തെ പറഞ്ഞതല്ലേ….”പക്ഷെ ശിക്ഷ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു ലേഖകന്‍ എഴുതിയതനുസരിച്ച് ഫ്രഞ്ച് പറഞ്ഞത് മറ്റൊന്നാണ്. തന്നെ ഫ്രൈ ചെയ്ത് കൊല്ലുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍, പുറത്ത് ലേഖകരുടെ ഒരു പട തന്നെയുണ്ടെന്നറിഞ്ഞ ഫ്രഞ്ച് പറഞ്ഞ അവസാന വാക്കുകള്‍ ഇപ്രകാരമാണ്.”നാളത്തെ പ്രധാന തലക്കെട്ടായിട്ട് ഇത് വന്നാല്‍ എങ്ങിനെയുണ്ടാകും: French Fries!!!”മരണപ്പെടുമ്പോള്‍ വെറും മുപ്പത് വയസ്സായിരുന്നു ഫ്രഞ്ചിന്‍റെ പ്രായം.